ചലന പരിമിതിയുള്ള മുഴുവന്‍ പേര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം 

തിരുവനന്തപുരം: സംസ്ഥാനത്ത് ചലന പരിമിതിയുള്ള 2.63 ലക്ഷം പേര്‍ക്കും മുച്ചക്ര വാഹനം, വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സഹായ ഉപകരങ്ങള്‍ ലഭ്യമാക്കി സഞ്ചാര സ്വാതന്ത്യം ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

ഇവരുടെ യാത്ര സുഗമമാക്കുന്നതിനാണ് സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുഖേന ‘ശുഭയാത്ര’ പദ്ധതി നടപ്പിലാക്കി വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും കോര്‍പറേഷന്‍, ക്ഷേമ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതോടൊപ്പം എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും മതിയായ സഹായം ഉറപ്പ് വരുത്തും. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുഖാന്തിരം ചലനപരിമിതി നേരിടുന്നവര്‍ക്കുള്ള മുച്ചക്ര വാഹന വിതരണവും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് കൈമാറല്‍ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മുച്ചക്ര വാഹന വിതരണത്തിന് ബിവറേജസ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ട് വഴി നിലവില്‍ നല്‍കിയ ഒരു കോടി രൂപക്കു പുറമേ 50 ലക്ഷം രൂപ കൂടി അധികമായി നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തൊഴില്‍, നൈപുണ്യം, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

ഹസ്തദാനം പദ്ധതിയിലൂടെ 29 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. 12 വയസ് വരെ ഗുരുതര ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് 20,000 രൂപയാണ് ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യുന്നത്.

വികലാംഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ടവതരിപ്പിച്ചു. കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ എം.ഡി. സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസ്. മുഖ്യ പ്രഭാഷണം നടത്തി. നിഷ് ഡയറക്ടര്‍ ഡോ. കെ.ജി. സതീഷ് കുമാര്‍, കോര്‍പറേഷന്‍ മുന്‍ ഡയറക്ടര്‍ കൊറ്റാമം വിമല്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.ജി. സജന്‍ കൃതജ്ഞത പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രതിഷേധം: തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു 

എത്ര മനുഷ്യരുടെ ചോരയിൽ ചവിട്ടിയാകും നമ്മൾ …!