in

ദുരന്തനിവാരണത്തിൽ സാങ്കേതിക സഹായവുമായി ഐ.ടി വകുപ്പ്

കൊച്ചി: മഴക്കെടുതിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം ദുരന്ത ബാധിതരുടെ വിവര ശേഖരണവും സാധന സാമഗ്രികൾ വിതരണം ചെയ്യുന്ന സപ്ലൈ ചെയിനുകളുടെ ഏകോപനവുമാണ് ഐടി മിഷൻ നിറവേറ്റി വരുന്നത്. keralarescue.in എന്ന വെബ്സൈറ്റിലൂടെ വോളണ്ടിയർമാർക്ക് രജിസ്റ്റർ ചെയ്യുവാനും ഏകോപന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും സാധിക്കും.

രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതു മുതലുള്ള എല്ലാ വോളണ്ടിയർമാർക്കും വിവര ശേഖരണത്തിനും സാധനങ്ങളുടെ വിതരണ പ്രവർത്തനങ്ങളിലും പങ്കാളികളാകാവുന്നതാണ്. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള വോളണ്ടിയർമാർക്ക് ബൾക്ക് എസ്.എം.എസുകൾ നൽകിയാണ് തുടർന്നുള്ള പ്രവർത്തനങ്ങളെ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നത്.

അടിസ്ഥാന വിവര ശേഖരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ www.volunteers.rebuild.kerala.gov.in എന്ന പോർട്ടലിൽ പ്രത്യേകം രജിസ്റ്റർ ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ച മാസ്റ്റർ ട്രെയിനർമാരാണ് വോളണ്ടിയർമാർക്ക് പരിശീലനം നല്കുക.

വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പ്രവർത്തനങ്ങളിലൂടെയാണ് സപ്ലൈ ചെയിനിന്റെ ഏകോപനം. ഹെൽപ്പ് ഡെസ്ക്, സ്റ്റോക്ക് മാനേജ്മെന്റ് എന്നീ പ്രവർത്തനങ്ങളാണ് ആദ്യഘട്ടം.

സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. വിതരണ കേന്ദ്രങ്ങളിൽ സാധനങ്ങളുടെ ലഭ്യത അനുസരിച്ച് ഈ അപേക്ഷകൾ പരിഗണിക്കും. സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും അപേക്ഷകൾ നൽകാവുന്നതാണ്.

ആവശ്യമുള്ള വസ്തുക്കൾ, എത്തിക്കേണ്ട സ്ഥലം, ഓർഡർ ചെയ്യുന്ന തീയതി, ലഭ്യമാകേണ്ട വസ്തുക്കളെ സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവ അപേക്ഷയിൽ നൽകണം. ലഭ്യമാകുന്ന അപേക്ഷകൾക്കനുസരിച്ച് സാധനങ്ങൾ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് സ്റ്റോക്ക് മാനേജ്മെന്റ് സംവിധാനം.

റീബിൽഡ് കേരള മൊബൈൽ ആപ്പ് വഴി ഓൺലൈനായി വിവരങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനമുണ്ട്. വോളണ്ടിയർമാർക്ക് അനുവദിക്കുന്ന ജില്ലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യാതൊരു കാരണവശാലും മാറ്റാൻ സാധിക്കില്ല.

നാശനഷ്ടം സംഭവിച്ച വീടിന്റെ ഉടമസ്ഥന്റെ വിവരങ്ങൾ, ഫോട്ടോകൾ, വീടിന്റെ സ്ഥാനം എന്നിവ ഈ ആപ്പിലൂടെ നൽകാം. മൊബൈൽ ആപ്പ് വഴി ശേഖരിച്ച വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിശോധിച്ച് സെക്രട്ടറി അംഗീകരിക്കണം.

സുലേഖ ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ പരിശോധിക്കുന്നവർക്ക് യൂസർ നെയിമും പാസ്‌വേഡും ലഭിക്കുന്നത്. വിവര ശേഖരണത്തിനായി ഇതുവരെ 650 ഓളം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കാനുള്ള വെബ്സൈറ്റാണ് keralarescue.in. സംഭാവന നൽകൽ, ജില്ലകളിലെ ആവശ്യങ്ങൾ, വോളണ്ടിയർ രജിസ്ട്രേഷൻ ,സഹായം ആവശ്യമുള്ള സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും, വിവിധ വകുപ്പുകളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നുമുള്ള അറിയിപ്പുകൾ, സ്വകാര്യ റിലീഫ് ആൻഡ് കളക്ഷൻ സെന്ററുകൾ, ഇതുവരെ ലഭിച്ചിട്ടുള്ള അപേക്ഷകൾ എന്നീ വിവരങ്ങൾ ഈ വെബ്സൈറ്റിൽ നിന്നും ലഭിക്കും. ഓരോ പ്രവർത്തനങ്ങളും ചെയ്യേണ്ട വിധവും നൽകിയിട്ടുണ്ട്.

45723 പേരാണ് വിവിധ ജില്ലകളിൽ നിന്നായി ആവശ്യങ്ങൾ അറിയിച്ച് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എറണാകുളം ജില്ലയിൽ മാത്രം ശുചീകരണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ക്യാമ്പുകളിലേക്കുള്ള പാചകം, പ്ലംബിംഗ് ഇലക്ട്രിക്കൽ ജോലികൾ, ആരോഗ്യ പ്രവർത്തനങ്ങൾ, ബോട്ട് സർവ്വീസുകൾ, വാഹന സൗകര്യം തുടങ്ങിയ സേവനങ്ങൾക്കായി 7829 വോളണ്ടിയർമാരാണ് രജിസ്റ്റർ ചെയ്തത്.

വോളണ്ടിയർമാർ ആവശ്യമുള്ള ജില്ലകൾക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ വെബ്സൈറ്റിലൂടെ സാധ്യമാണ്.

– മീനു 

Leave a Reply

Your email address will not be published. Required fields are marked *

കയറ്റിറക്ക് ജോലികൾ സ്വയം ഏറ്റെടുത്ത് കണയന്നൂര്‍ താലൂക്ക് ആഫീസ് ജീവനക്കാര്‍

ഉൾനാടൻ ജല ഗതാഗത വികസനത്തിനായി 80.37 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി