Movie prime

വൈവിധ്യത്തിലെ ഐക്യം കണക്കിലെടുക്കാത്ത ദേശീയതാ സങ്കല്‍പങ്ങള്‍ അവഹേളനപരമെന്ന് ടോണി ജോസഫ്

തിരുവനന്തപുരം: വൈവിധ്യത്തിലെ ഐക്യം കണക്കിലെടുക്കാത്ത ഇന്ത്യന് ദേശീയതയെക്കുറിച്ചുള്ള ഏതു സങ്കൽപ്പവും അവഹേളനപരമാണെന്നും അത് ലോകം കണ്ട ഏറ്റവും വലിയ നാഗരികതകളിലൊന്നിനെയാണ് അവഹേളിക്കുന്നതെന്നും എഴുത്തുകാരനും ഗവേഷകനുമായ ടോണി ജോസഫ് അഭിപ്രായപ്പെട്ടു. ആരാണ് ഇന്ത്യക്കാർ, അവർ എവിടെ നിന്നു വരുന്നു എന്ന വിഷയത്തിൽ പതിനാലാമത് പിന്റോ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ലോകമെമ്പാടുമുള്ള മനുഷ്യവംശങ്ങളെ രൂപപ്പെടുത്തിയ കൂട്ട കുടിയേറ്റങ്ങൾ പുരാതന ഡിഎൻഎ ഉപയോഗിച്ച് ഇപ്പോൾ കണ്ടെത്താനാകും. ഇത് ലോകമെമ്പാടുമുള്ള ചരിത്രാതീത കാലത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. More
 
വൈവിധ്യത്തിലെ ഐക്യം കണക്കിലെടുക്കാത്ത ദേശീയതാ സങ്കല്‍പങ്ങള്‍ അവഹേളനപരമെന്ന് ടോണി ജോസഫ്

തിരുവനന്തപുരം: വൈവിധ്യത്തിലെ ഐക്യം കണക്കിലെടുക്കാത്ത ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള ഏതു സങ്കൽപ്പവും അവഹേളനപരമാണെന്നും അത് ലോകം കണ്ട ഏറ്റവും വലിയ നാഗരികതകളിലൊന്നിനെയാണ് അവഹേളിക്കുന്നതെന്നും എഴുത്തുകാരനും ഗവേഷകനുമായ ടോണി ജോസഫ് അഭിപ്രായപ്പെട്ടു. ആരാണ് ഇന്ത്യക്കാർ, അവർ എവിടെ നിന്നു വരുന്നു എന്ന വിഷയത്തിൽ പതിനാലാമത് പിന്റോ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ‌ലോകമെമ്പാടുമുള്ള മനുഷ്യവംശങ്ങളെ രൂപപ്പെടുത്തിയ കൂട്ട കുടിയേറ്റങ്ങൾ പുരാതന ഡിഎൻഎ ഉപയോഗിച്ച് ഇപ്പോൾ കണ്ടെത്താനാകും. ഇത് ലോകമെമ്പാടുമുള്ള ചരിത്രാതീത കാലത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. എഴുപതിനായിരം വർഷം മുൻപ് ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളെ കോളനികളാക്കി മാറ്റിയതിന് ജനിതക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ആഫ്രിക്കൻ ഇതര വംശപരമ്പരകളെല്ലാം ഇവരോട് കടപ്പെട്ടിരിക്കുകയാണ്.ഏതാണ്ട് അറുപത്തയ്യായിരം വർഷം മുൻപ് ഇന്ത്യയിലെത്തിയ ഇവരാണ് ഇന്നത്തെ ഇന്ത്യാക്കാരുടെ പൂർവ്വികരെന്നും അതിനുശേഷമാണ് മറ്റെല്ലാ തരത്തിലുമുള്ള കുടിയേറ്റങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കപ്പലുകളിൽ സമുദ്രങ്ങൾ കടന്നെത്തിയ കുടിയേറ്റങ്ങൾ നാലാം ഘട്ടത്തിൽ സംഭവിച്ചതാണ്. ഇന്ത്യയിലെ ജനസംഖ്യാശാസ്ത്രം സൂചിപ്പിക്കുന്നത് ഇത്തരത്തിലുള്ള നാലാം കുടിയേറ്റം ഇവിടെ യാതൊരു അടയാളവും അവശേഷിപ്പിച്ചില്ലെന്നാണ്. ഇന്ത്യയിലെ അന്നത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഈ കുടിയേറ്റക്കാർ വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ജനിതക പൈതൃകത്തിൽ അവർക്ക് യാതൊരു സ്ഥാനവും ലഭിച്ചിട്ടില്ല. ഇന്ത്യൻ നാഗരികത വേദസംസ്‌കാരത്തിന്റെ പര്യായമാണെന്നും ആര്യന്മാരാണ് ഇവിടേക്കെത്തിയ ആദ്യ കുടിയേറ്റക്കാരെന്നുമുള്ള വാദങ്ങൾ തെറ്റാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഹാരപ്പൻ നാഗരികത ഉൾപ്പെടെയുള്ളവ അതിനും വളരെക്കാലം മുൻപേ ഇവിടെ ഉടലെടുത്തുകഴിഞ്ഞിരുന്നു. സംസ്‌കൃത ഭാഷയിൽ ഉപയോഗിക്കുന്ന പല വ്യഞ്ജനാക്ഷരങ്ങളും ദ്രവീഡിയൻ ഭാഷകളിലുള്ളവയാണ്. അതുകൊണ്ടുതന്നെ, സംസ്‌കൃതത്തിനു മുൻപേ ഇവിടെ ഭാഷ നിലനിന്നിരുന്നുവെന്നതിന് വേറെ തെളിവുകൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പിഎസ് സി അംഗം ആർ. പാർവതി ദേവി അധ്യക്ഷത വഹിച്ചു. റീജ്യണൽ ക്യാൻസർ സെന്റർ സൂപ്രണ്ട് ഡോ. എ. സജീദ് പിന്റോ അനുസ്മരണം നടത്തി. പിന്റോ രചിച്ച കവിത ശാന്തൻ ആലപിച്ചു. ഡോ. ഷാജി പാലങ്ങാടൻ, ഡോ. ജി. സജീഷ്, എം.എല്‍.ജോണി, ഡോ. എസ്.എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.