in , ,

സ്വവസതികളിലെ പരിശോധനയ്ക്ക് ഫീസ്; നഗരസഭയുടെ നീക്കത്തിനെതിരെ ഡോക്ടർമാർ

തിരുവനന്തപുരം: ഡോക്ടർമാർ ( doctors ) തങ്ങളുടെ വസതിയിൽ വച്ച് രോഗികളെ പരിശോധിക്കുന്നത് വ്യാപാരമായി കണക്കാക്കി ട്രേഡ് ലൈസൻസ് ഫീസ് ഈടാക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുവാൻ ഡോക്ടർമാരുടെ സംഘടനകളായ കെജിഎംഒഎയും ഐഎംഎയും തീരുമാനിച്ചു.

ഒരു സാമൂഹിക സേവനം എന്ന നിലയിലാണ് ഡോക്ടർമാർ വീടുകളിൽ വൈദ്യ പരിശോധന നടത്തുന്നതെന്നും രോഗികളായി എത്തുന്നവരെ ചികിത്സിക്കാതെ തിരിച്ചയക്കുന്നതിലുള്ള ബുദ്ധിമുട്ടും അധാർമികതയും കണക്കിലെടുത്താണ് ഡോക്ടർമാർ വീടുകളിൽ വൈദ്യ പരിശോധനയ്ക്ക് മുതിരുന്നതെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.

പരിചയക്കാരെയും അയൽക്കാരെയും ബന്ധുക്കളെയുമൊക്കെ പ്രതിഫലേച്ഛ കൂടാതെയാണ് ഡോക്ടർമാർ തങ്ങളുടെ വീടുകളിൽ പരിശോധിക്കുന്നതെന്നും കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ലഭ്യമാകുന്നതിനാൽ പാവപ്പെട്ട പല രോഗികൾക്കും ഇത് ഏറെ പ്രയോജനപ്രദമാണെന്നും സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

കേരള സർക്കാരും സ്വകാര്യ വൈദ്യ പരിശോധന സേവനമായി അംഗീകരിച്ചിട്ടുണ്ടെന്നും 2018-ലെ ക്ലിനിക്കൽ സ്ഥാപനങ്ങൾ ആക്ട് അനുസരിച്ച് ഡോക്ടർമാർ വീടുകളിൽ ചെയ്യുന്ന വൈദ്യ പരിശോധനയെ ക്ലിനിക്കൽ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും കെജിഎംഒഎയും ഐഎംഎയും വ്യക്തമാക്കി.

കൂടാതെ ഡോക്ടർമാർ വീടുകളിൽ ചെയ്യുന്ന വൈദ്യ പരിശോധനയെ കൺസൾട്ടേഷൻ സേവനമായി നിർവ്വചിച്ചിട്ടുണ്ടെന്നും തങ്ങളുടെ വീടുകളിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ഡോക്ടർമാർ നൽകുന്ന ഈ സേവനത്തെ വ്യാപാരമായി ചിത്രീകരിക്കുന്നത് തീർത്തും അപക്വമായ നടപടിയാണെന്നും സംഘടനകൾ ആരോപിച്ചു. സുപ്രീം കോടതിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളതായി ഭാരവാഹികൾ ഓർമ്മിപ്പിച്ചു.

2011 ഏപ്രിൽ 28-ന് കൻവർജിത് സിംഗ് കാക്കറും പഞ്ചാബ് സർക്കാരും തമ്മിലുള്ള കേസിൽ വിധി പറയുമ്പോൾ സുപ്രീം കോടതി ഡോക്ടർമാരുടെ സേവനം വ്യാപാരം അല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ആയതിനാൽ ഡോക്ടർമാർക്ക് ട്രേഡ് ലൈസൻസ് ഫീസ് ഏർപ്പെടുത്തുന്നത് ഈ വിധിക്ക് എതിരും നിയമലംഘനവും ആണെന്നും സംഘടനകൾ കുറ്റപ്പെടുത്തി.

ട്യൂഷൻ അദ്ധ്യാപകർ, സോഫ്റ്റുവെയർ എഞ്ചിനീയർമാർ, ചാറ്റേർഡ് അക്കൗണ്ടന്റുമാർ, അഡ്വക്കേറ്റുമാർ തുടങ്ങി പലരും തങ്ങളുടെ വീടുകളിലിരുന്നാണ് ജോലി ചെയ്യാറുളളതെന്നും എന്നാൽ ഡോക്ടർമാരുടെ നേർക്കു മാത്രം ഈ നടപടി ആരംഭിച്ചത് വിചിത്രമാണെന്നും ഇത് സ്വകാര്യ ആശുപത്രി ഭീമൻമാരെ സഹായിക്കാനുള്ള കുടിലതന്ത്രമായി സംശയിക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു.

കേരളം ആരോഗ്യ മേഖലയിൽ ഏറെ പുരോഗതി നേടിയിട്ടുണ്ടെങ്കിലും പരിസര ശുചീകരണത്തിലും സാമൂഹിക ശുചിത്വത്തിലുമുള്ള പാളിച്ചകൾ കാരണം പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നത് സാധാരണമാണെന്നും അടുത്ത കാലത്ത് നഗരസഭയുടെ അനാസ്ഥ ഈ ദുരവസ്ഥയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണെന്നും ഡോക്ടർമാരുടെ സംഘടനകൾ കുറ്റപ്പെടുത്തി.

അതിന് പുറമേ ഇപ്പോൾ ട്രേഡ് ലൈസൻസ് ഫീസ് ചുമത്തി ഡോക്ടർമാരുടെ വീടുകളിലെ വൈദ്യ പരിശോധനയ്ക്ക് തടയിടുന്നതു മൂലം കൂടുതൽ രോഗികൾക്ക് ചെലവേറിയ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമാവുന്നതായും ഇത് കോർപ്പറേറ്റ് ആശുപത്രികൾക്കേ ഗുണം ചെയ്യൂ എന്നും സംഘടനകൾ അറിയിച്ചു.

അതിനാൽ നഗരസഭയുടെ ഈ നടപടിയുമായി സഹകരിക്കാൻ ഡോക്ടർമാരുടെ സംഘടനകളായ കെ ജി എം ഒ എ യ്ക്കോ ഐ എം എ യ്ക്കോ നിർവാഹമില്ലെന്നും ഈ സംഘടനകളിലെ ഒരു അംഗവും ട്രേഡ് ലൈസൻസ് ഫീസ് നൽകുകയില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.

നഗരസഭയുടെ പുതിയ തീരുമാനം അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചാൽ വീടുകളിലെ വൈദ്യ പരിശോധന പൂർണമായും നിർത്തി വയ്ക്കുകയും ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുകയും ചെയ്യാൻ നിർബന്ധിതരായിത്തീരുമെന്ന് കെ ജി എം ഒ എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ എൽ ടി സനൽ കുമാറും ഐ എം എ തിരുവനന്തപുരം ഘടകം പ്രസിഡന്റ് ഡോ ജോൺ പണിക്കറും സംയുക്തമായി പ്രസ്താവിച്ചു.

അത്തരം സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന ഡോക്ടർമാരുടെ കുറവ് പരിഹരിക്കേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്ക് മാത്രമായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

KR-Mohanan_

കെ ആർ മോഹനൻ വിട പറഞ്ഞിട്ട് ഒരു വർഷം; ജൂൺ 25-ന് ചലച്ചിത്ര സംവാദം

IGTV , Instagram , expands , long videos, compete , YouTube ,social network, Instagram Chief Executive Kevin Systrom ,Facebook, Alphabet,

ഐജിടിവിയുമായി ഇൻസ്റ്റാഗ്രാം; മത്സരം യൂട്യൂബിനോട്