പിറകില്‍ തൂവലുകളില്ലാത്ത പക്ഷികള്‍ക്ക് മുന്‍നിര ഷോക്കേസുകളില്‍ സ്ഥാനമുണ്ടാവില്ല  

ഏഴാച്ചേരി രാമചന്ദ്രന്‍ എന്ന കവി ആള്‍ക്കുട്ടങ്ങളില്‍ തെളിയുകയും മറയുകയുമാണ്.

ഗന്ധര്‍വ്വ പഥങ്ങളിലേയ്ക്ക് ഉയര്‍ത്തപ്പെടുകയോ ഇരിപ്പിടങ്ങളില്‍ വാഴ്ത്തപ്പെടുകയോ ചെയ്തില്ല. സാധാരണ വേഷത്തില്‍ താഴെ മനുഷ്യര്‍ ചരിക്കുമിടങ്ങളില്‍ അലഞ്ഞുകൊണ്ടിരുന്നു. മോഹപതാകയുടെ ജ്വലനകാലത്തും താഴെയിരുട്ടിന്റെ വേവുണ്ട്.

അകലെയെങ്ങോ ഇടിമുഴക്കമായി എണ്‍പതുകളില്‍ അയാള്‍ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ മുതല്‍ കവിതയിലെ പ്രണയവും വിപ്ലവവുമായി എന്റെ യൗവ്വനത്തെ അയാള്‍ വല്ലാതെ ഉലച്ചിട്ടുണ്ട്.

പതുക്കെപ്പതുക്കെ അതീവ കാല്‍പ്പനികതയുടെ കിനാഭാരത്തില്‍നിന്ന് എന്നെ ആരെങ്കിലും ഒരടികൊണ്ട് മോചിപ്പിക്കട്ടെയെന്ന് കക്കാടും നെരൂദയും സച്ചിദാനന്ദനും അനുഗ്രഹിച്ചിരിക്കണം.

കക്കാടിന്റെ വേരുകളും സച്ചിദാനന്ദന്റെ ആസന്ന മരണചിന്തകളും കെ ജി എസ്സിന്റെ ബംഗാളും നിശബ്ദതയും ഓര്‍മ്മപ്പുറത്തുതന്നെ ആഞ്ഞടിച്ചു.

പിന്നെ ഏഴാച്ചേരിയോടു ഇടഞ്ഞുമിണങ്ങിയും സൗഹൃദം തുടര്‍ന്നു. സഹപ്രവര്‍ത്തകനും സഖാവും വായനക്കാരനും വിമര്‍ശകനുമായി.

മലയാള കവിതയുടെ വികാസ രേഖയില്‍ എവിടെയാണ് ഏഴാച്ചേരിയെന്ന് ഒരുപാട് വേവലാതിപ്പെട്ടിട്ടുണ്ട്. വായനക്കാരെ ഒന്നുനിന്നു നോക്കാന്‍ പ്രേരിപ്പിക്കുംവിധം വേറിട്ട ശബ്ദമുണ്ടായിട്ടും ഒറ്റപ്പെടലിന്റെയോ തിരസ്കാരത്തിന്റെയോ വേദനകളിലൂടെ അയാള്‍ കടന്നു പോയിരിക്കണം. പിറകില്‍ തൂവലുകളില്ലാത്ത പക്ഷികള്‍ക്ക് മുന്‍നിര ഷോക്കേസുകളില്‍ സ്ഥാനമുണ്ടാവില്ല.

വര്‍ണത്തൂവലുകള്‍കൊണ്ട് ഉയര്‍ത്തപ്പെട്ടവര്‍ക്കു മുന്നില്‍ തിരസ്കൃത സ്വത്വംകൊണ്ട് പൊരുതിനിന്നവര്‍ ഏറെയുണ്ട്. ഏഴാച്ചേരി അവരിലൊരാളാണ്. അതിനപ്പുറം നിവര്‍ന്നു നോക്കാന്‍ അയാള്‍ക്കറിയില്ല.രാജന്‍ മാഷ് (ഡോ. എന്‍. രാജന്‍) എഴുതിയ ജീവിതം കൊത്തുന്ന കവിത എന്ന പുസ്തകം ഏഴാച്ചേരിക്കവിതകളുടെ വായനാനുഭവമാണത്.

ഏഴധ്യായങ്ങളില്‍ ആ കവിതകളുടെ ഭിന്നാനുഭവങ്ങള്‍ ഏറ്റുപറയുന്നു.

 

”ഏതെങ്കിലും രാജരാജ ചോളന്‍ വരും
എന്നെങ്കിലും പെരുഞ്ചോറ്റുദയനെത്തും
എന്‍ ശിലാലിഖിതങ്ങള്‍ ശാസനങ്ങള്‍ പഠി-
ച്ചെന്നെ ചരിത്ര ഹൃദയങ്ങളിലിരുത്തും”

എന്ന കവിയുടെ പ്രതീക്ഷ സാക്ഷാത്ക്കരിക്കുന്ന കണ്ടെത്തലായി രാജന്‍മാഷുടെ കൃതി മാറുന്നു.പ്രക്ഷോഭത്തിന്റെ ജ്വാലകള്‍, കവിത- വായനയും പ്രതികരണവും, ദുരന്താവബോധത്തിന്റെ സാക്ഷാല്‍ക്കാരം, കളങ്കമറ്റ ആശ്രമങ്ങള്‍, പ്രണയവും പ്രക്ഷോഭവും, കവിതയുടെ ഗ്രീഷ്മരഥം എന്നിവയാണ് ഡോ എന്‍. രാജന്റെ പ്രധാന കൃതികള്‍. സി എന്‍ ശ്രീകണ്ഠന്‍ നായരുടെ നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണ പഠനത്തിന് പി എച്ച് ഡി.

മുപ്പതു വര്‍ഷക്കാലത്തെ അധ്യാപനത്തിനു ശേഷം മഞ്ചേരി എന്‍ എസ് എസ് കോളേജില്‍നിന്നു വിരമിച്ചു. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പമാണ് എന്നും. ഏഴാച്ചേരിയെപ്പോലെ ഒരു തിരസ്കൃതപക്ഷ വേവിലാണ് ജ്വലനം.അവനവനെ എടുത്തുകാട്ടുന്ന സെല്‍ഫികളില്‍ ഭ്രമിച്ചില്ല. പുരോഗമന പ്രസ്ഥാനത്തില്‍ ഒരിടം മാത്രം കാത്തു. ഏഴാച്ചേരിക്കവിതകളെ മുന്‍ നിര്‍ത്തിയുള്ള രചന ആ സമീപനത്തിന്റെ വേറിട്ടുനില്‍പ്പ് അടയാളപ്പെടുത്തുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസാധകര്‍. ഡോ എന്‍ രാജനും ഏഴാച്ചേരിക്കും അഭിവാദ്യം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശബരിമല മാസ്റ്റർപ്ലാൻ: 142 കോടിയുടെ പദ്ധതികൾക്ക് പണം അനുവദിക്കാൻ കിഫ്ബി   

സൈബര്‍ നിയമങ്ങള്‍ കര്‍ശനമാക്കണം: വനിതാ കമ്മീഷന്‍