ജനാധിപത്യത്തില്‍ പൊലീസ് ജനങ്ങളുടെ സേനയാണ്, മത – രാഷ്ട്രീയാധികാരങ്ങളുടെ സ്വകാര്യ സൈന്യമല്ല 

Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടു പൊലീസ് നടത്തുന്ന കൃത്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തേണ്ടതില്ല.

ഡോ. ആസാദ്

ജനങ്ങള്‍ക്കുള്ള സുരക്ഷയേ ആപ്പീസുകള്‍ക്കും വേണ്ടൂ. ഞങ്ങളുടെ ആളുകളെ അറസ്റ്റു ചെയ്താല്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും, പ്രതികളെ ഇറക്കിക്കൊണ്ടുവരും, പൊലീസുകാരാ നീയും നിന്റെ കുടുംബാംഗങ്ങളും സ്വസ്ഥമായി ഉറങ്ങില്ല എന്നു ഭീഷണിപ്പെടുത്തും എന്നൊക്കെ വരുന്നത് ജനാധിപത്യ സംവിധാനത്തെ തുരങ്കം വെയ്ക്കുന്നതിനു തുല്യമാണ്. ആ സമീപനം തിരുത്തപ്പെടണം.

 ഡോ. ആസാദ് എഴുതുന്നു  


ജനാധിപത്യത്തില്‍ പൊലീസ് ജനങ്ങളുടെ സേനയാണ്. മത – രാഷ്ട്രീയാധികാരങ്ങളുടെ സ്വകാര്യ സൈന്യമല്ല. ഞങ്ങള്‍ പറയുന്നതു കേട്ടാല്‍മതി എന്ന തിട്ടൂരം ഭരണഘടനയുടെയും നീതിന്യായ വ്യവസ്ഥയുടെയും നിഷേധമാണ്.

പാര്‍ട്ടി ഓഫീസില്‍ പൊലീസ് കയറുന്നത് മഹാപാതകമല്ല. കൃത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിമാരുടെ വീട്ടില്‍പോലും കയറുന്നതു കണ്ടിട്ടുണ്ട്. പൊലീസ് കയറിയാല്‍ പ്രതിയെ പിടിച്ചിരിക്കണം, അല്ലെങ്കില്‍ തോണ്ടിമുതല്‍ കണ്ടെടുത്തിരിക്കണം എന്ന ശാഠ്യമൊന്നും വേണ്ട. അത്തരം തിന്മകളില്ലെന്ന് ഉറപ്പു വരുത്തേണ്ട ഘട്ടങ്ങളുണ്ടാകുമ്പോള്‍ പരിശോധന വേണ്ടിവരും. അതു ചട്ടപ്രകാരവും  മര്യാദയോടെയും നടത്തുകയാണ് വേണ്ടത്.

പാര്‍ട്ടി ഓഫീസുകള്‍, മത സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പൊലീസ് കയറുന്നത് ശ്രദ്ധാപൂര്‍വ്വമാകണം എന്നൊരു കരുതല്‍ നമുക്കുണ്ട്. അവിടെയൊന്നും ക്രിമിനലുകള്‍ ഉണ്ടായിക്കൂടാ എന്ന കരുതലും നമുക്കു വേണം. എന്നാല്‍ കൊലയാളികളും ആയുധങ്ങളും ഒളിച്ചു പാര്‍ക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന കാലത്ത് പഴയ വിശ്വാസങ്ങള്‍ തെറ്റും. കീഴ് വഴക്കങ്ങള്‍ അപ്രസക്തമാകും.

ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടു പൊലീസ് നടത്തുന്ന കൃത്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തേണ്ടതില്ല. ജനങ്ങള്‍ക്കുള്ള സുരക്ഷയേ ആപ്പീസുകള്‍ക്കും വേണ്ടൂ. നിരപരാധികളെ ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു കൊല്ലുന്ന പൊലീസ് നയമാണ് മാറ്റേണ്ടത്. കൃത്രിമ ഏറ്റുമുട്ടലുണ്ടാക്കി വെടിയുതിര്‍ത്ത് തീവ്രവാദി ഭയം നിലനിര്‍ത്തുന്ന ഭരണകൂട നയവും തിരുത്തപ്പെടണം. മറ്റുള്ളവരോട് എന്തുമാവാം ഞങ്ങളോടു വേണ്ട എന്ന നിലപാട് ഗുണം ചെയ്യില്ല.

ഞങ്ങളുടെ ആളുകളെ അറസ്റ്റു ചെയ്താല്‍ പൊലീസ് സ്റ്റേഷന്‍മാര്‍ച്ച് നടത്തും, പ്രതികളെ ഇറക്കിക്കൊണ്ടുവരും, പൊലീസുകാരാ നീയും നിന്റെ കുടുംബാംഗങ്ങളും സ്വസ്ഥമായി ഉറങ്ങില്ല എന്നു ഭീഷണിപ്പെടുത്തും എന്നൊക്കെ വരുന്നത് ജനാധിപത്യ സംവിധാനത്തെ തുരങ്കം വെയ്ക്കുന്നതിനു തുല്യമാണ്. ആ സമീപനം തിരുത്തപ്പെടണം. ചിലര്‍ മാത്രം ശ്രേഷ്ഠരെന്ന തോന്നല്‍ അത്ര നല്ലതല്ല. എല്ലാവര്‍ക്കും ഒരേ നീതിയേ വേണ്ടൂ. 

  • എഫ് ബി പോസ്റ്റ് 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അനാവശ്യ വിവാദങ്ങളല്ല, പുനർനിർമാണത്തിനാവശ്യം ഒരുമയോടെയുള്ള  പ്രവർത്തനം: ഗവർണർ 

ഉത്തരവാദിത്ത വിനോദസഞ്ചാരത്തില്‍ നാഴികക്കല്ലായ വൈക്കത്തിന് പ്രശംസ