ഡോ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 15, 16ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും അതിന്‍റെ മുന്നണി പോരാളിയുമായ ഡോ. റിച്ചാര്‍ഡ് എം സ്റ്റാള്‍മാന്‍ കേരളത്തില്‍ എത്തുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ രാജ്യാന്തര സ്വതന്ത്ര  സോഫ്റ്റ് വെയര്‍  സ്ഥാപനമായ  ഐസിഫോസിന്‍റെ ആഭിമുഖ്യത്തില്‍ ‘എന്താണ് സ്വതന്ത്ര സോഫ്റ്റ് വെയര്‍,  അതിന്‍റെ ഉപയോഗവും പ്രചാരണവും എന്തുകൊണ്ടാണ് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാകുന്നത്’ എന്ന വിഷയത്തില്‍ ഡോ. റിച്ചാര്‍ഡ് എം സ്റ്റാള്‍മാന്‍ പ്രഭാഷണം നടത്തും. ജനുവരി 15 ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമണിക്ക് മാസ്‌ക്കറ്റ്‌ ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രഭാഷണത്തില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. 

ജനുവരി 16 ബുധനാഴ്ച ഡോ. സ്റ്റാള്‍മാന്‍ ടെക്നോപാര്‍ക്കില്‍ സ്വതന്ത്ര  സോഫ്റ്റ് വെയര്‍  കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയെ അഭിസംബോധന ചെയ്യും. ഐടി അറ്റ് സ്കൂള്‍, വൈദ്യുതി ബോര്‍ഡ് തുടങ്ങിയ നിരവധി സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലവില്‍ സ്വതന്ത്ര  സോഫ്റ്റ് വെയര്‍  വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. സ്വതന്ത്ര  സോഫ്റ്റ് വെയര്‍  സ്വീകരിക്കുന്നതില്‍ കേരളം പലപ്പോഴും ലോകത്തിനു മാതൃകയായിട്ടുണ്ട്. ഇത്തരത്തില്‍ സ്വതന്ത്ര  സോഫ്റ്റ് വെയര്‍ വ്യാപനത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ഐസിഫോസ് കേരള സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നത്.

കുത്തക  സോഫ്റ്റ് വെയര്‍  ഉപയോഗിച്ച്  അതിന്‍റെ ഉടമസ്ഥര്‍ ഉപഭോക്താക്കളുടെ മേല്‍ അമിതാധികാരം ചെലുത്തുന്നതെങ്ങനെയെന്നും അവരുടെ സ്വകാര്യതയിലേക്കുള്ള ഇവയുടെ കടന്നുകയറ്റവും ഇന്ന് കൂടുതല്‍ വ്യക്തമായി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എണ്‍പതുകളുടെ തുടക്കത്തിലേ  സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ രൂപം നല്‍കിയ സ്വതന്ത്ര  സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിനത്തിന്‍റെ പ്രസക്തി. 

ഹാര്‍വാഡ് സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം  അമേരിക്കയിലെ പ്രശസ്തമായ എംഐടിയിലെ നിര്‍മിതബുദ്ധി ലാബില്‍ 13 വര്‍ഷം ജോലി ചെയ്ത  സ്റ്റാള്‍മാന്‍ അവിടെനിന്ന് രാജിവച്ചാണ് ജിഎന്‍യു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ 1983-ല്‍ സൗജന്യ  സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിനു രൂപം നല്‍കിയത്.  രണ്ടു വര്‍ഷം കഴിഞ്ഞ് സ്വതന്ത്ര  സോഫ്റ്റ് വെയര്‍  ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 

അദ്ദേഹം രൂപം നല്‍കിയ ജിഎന്‍യു ഓപ്പറേറ്റിംഗ് സിസ്റ്റത്തെ  അടിസ്ഥാനമാക്കിയുള്ള ജിഎന്‍യു-ലിനക്സ് സ്വതന്ത്ര  സോഫ്റ്റ് വെയര്‍  ഇന്ന് ലോകത്തിലെ കോടിക്കണക്കിന് കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നുണ്ട്. ലോകമാകമാനം സഞ്ചരിച്ച് സ്വതന്ത്ര  സോഫ്റ്റ് വെയര്‍ നല്‍കുന്ന സ്വാതന്ത്ര്യത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ എംഐടി-യില്‍ വിസിറ്റിംഗ് സയന്‍റിസ്റ്റ് കൂടിയായ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ചെയ്യുന്നത്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സർക്കാർ ഒരു ലക്ഷത്തിലേറെ ഭൂരഹിതർക്കു പട്ടയം നൽകി: മന്ത്രി 

വസന്തോത്സവം വർഷംതോറും ക്രിസ്മസ് അവധിക്കാലത്ത് നടത്താൻ ആലോചന