Drama , Kerala, history, current situation, issues, survive, actors, singers, Kamukara, KPAC , Sulochana, Anto, Thoppil Bhasi, Jagathy N K Achari, N N Pillai, Kalanilayam Krishnana Nair, Kerala Theatres, Aswamedham,Premji, Rithumathi, Pattabakki, VT, ONV, Devarajan, Bhaskaran, Vayalar, Anto, K S George,
in , ,

അടുത്ത ബെല്ലോടു കൂടി നാടകം . . .

കൊയ്ത്തു കഴിഞ്ഞ വലിയൊരു പാടം. അവിടെ മുടിപ്പുര മഹോത്സവത്തോടനുബന്ധിച്ച് കലാപരിപാടികൾക്കായി വയലിൽ താത്ക്കാലികമായി കെട്ടിയുയർത്തിയ വേദി. പ്രധാന പരിപാടിയായ നാടകം ( drama ) ആസ്വദിക്കുവാനായി ആബാലവൃദ്ധം ജനങ്ങളും വളരെ നേരത്തെ തന്നെ വയൽ വരമ്പുകളിൽപ്പോലും സ്ഥാനം പിടിച്ചു കഴിഞ്ഞു.

ചൂടു കപ്പലണ്ടിയും വർണ്ണ ബലൂണുകളും പീപ്പികളുമൊക്കെ വിറ്റു നടന്നിരുന്നവർ പോലും ബെല്ലു കേൾക്കെ ശ്വാസമടക്കിപ്പിടിച്ച് ആകാംക്ഷയോടെ ആ പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നു. അതാ, കേൾക്കാൻ കൊതിച്ച വാചകം ഘനഗാംഭീര്യമാർന്ന ശബ്ദത്തിൽ ഏവരുടെയും ചെവികളിൽ മുഴങ്ങുന്നു.

“സുഹൃത്തുക്കളെ, കലാസ്നേഹികളെ ,അടുത്ത ബെല്ലോട് കൂടി നാടകം ആരംഭിക്കുന്നതാണ്.”

തിരശ്ശീല ഉയരുകയായി. അരങ്ങു തകർത്തഭിനയിച്ചു മുന്നേറുന്ന നടീനടന്മാർ. മുഴക്കമുള്ള ഡയലോഗുകൾക്കൊപ്പം വാദ്യങ്ങളാൽ ചിട്ടപ്പെടുത്തിയ ശബ്ദസംവിധാനം. സന്ദർഭത്തിനൊത്ത് ഇരുളിനും വെളിച്ചത്തിനും പുറമെ പലവിധത്തിൽ വിവിധ വർണ്ണ പ്രകാശ വിന്യാസവും. അവിടെയതാ കാണികൾ ഏവരും ഒരേ മനസ്സോടെ നാടകമെന്ന കലയെ ആസ്വദിച്ചു കൊണ്ട് അതിന് ജനകീയ കലയെന്ന പട്ടം ചാർത്തിക്കൊടുക്കുന്നു.

നാടകം അവസാനിക്കവെ ഉയർന്ന ആർപ്പുവിളികൾ, കരശബ്ദഘോഷം, അണിയറയിൽ നേരിട്ടെത്തി അഭിനന്ദനമറിയിക്കൽ എന്നിവ മതിയായിരുന്നു ആ നാടക പ്രവർത്തകരുടെ മനം നിറയാൻ; അടുത്ത നാടകത്തിന് തയ്യാറെടുക്കാൻ; ജീവിത പ്രാരാബ്ധങ്ങൾ മറക്കാൻ. നാടകത്തെ ആത്മാവിലും ബുദ്ധിയിലും ആവാഹിച്ച് ഊണും ഉറക്കവും മറന്ന് പ്രവർത്തിച്ച എത്രയോ പേർ.

എന്നാലിന്ന് അവരുടെ പിൻഗാമികൾക്ക് ആ പഴയ പ്രതാപത്തിന്റെ പങ്ക് ലഭിക്കുന്നുണ്ടോ? തിരശ്ശീല ഉയരുമ്പോൾ മാത്രം ആസ്വദിക്കാൻ കഴിഞ്ഞിരുന്ന നാടകങ്ങൾ പക്ഷേ, തിരശ്ശീലയിൽ കാട്ടുന്ന സിനിമകൾക്ക് മുന്നിൽ അടി പതറിയത് ചരിത്ര നിയോഗമാകാം. ടെലിവിഷനുകളുടെ കടന്നുകയറ്റം കൂടി സംഭവിച്ചതോടെ നാടകങ്ങളുടെ പ്രൗഡിക്ക് മങ്ങലേൽക്കുകയായിരുന്നു.

ഒരല്പം നാടക ചരിത്രം

കാളിദാസൻ ഉൾപ്പെടെയുടെ അനന്യ പ്രതിഭകളുടെ സംസ്കൃതനാടകങ്ങൾക്ക് പുറമെ പാശ്ചാത്യ നാടകങ്ങളും ചരിത്ര പുരാണ നാടകങ്ങൾ അവതരിപ്പിച്ചിരുന്ന തമിഴ് സംഗീത നാടകങ്ങളും മലയാള നാടകവേദിയെ അതിയായി സ്വാധീനിച്ചിരുന്നു. 1903-ൽ എഴുതപ്പെട്ട ‘സദാരാമ’ മുതലാണ് മലയാള നാടകവേദിയുടെ ചരിത്രം യഥാർത്ഥത്തിൽ ആരംഭിക്കുന്നതെന്ന് സിഎൻ ശ്രീകണ്ഠൻ നായർ അഭിപ്രായപ്പെട്ടത് എൻ കൃഷ്ണപിള്ളയും പിന്താങ്ങിയിട്ടുണ്ട്.

കേരളത്തിന്റെ തനത് അനുഷ്‌ഠാന കലകൾ കൂടിയായ കൂത്ത്, കൂടിയാട്ടം, തെയ്യം എന്നിവയ്ക്ക് പുറമെ കഥകളി, തുള്ളൽ തുടങ്ങിയ അനുഗ്രഹീത കലകളുടെ സ്വാധീനവും മലയാള നാടകങ്ങൾക്ക് ലഭിച്ചിരുന്നു.

ഈ കലകൾക്ക് പുറമെ പോർച്ചുഗീസുകാർ കേരളത്തിൽ എത്തിയതിനെ തുടർന്ന് മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ
അനുകരിച്ച് രൂപപ്പെടുത്തിയതും ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്നതുമായ ദൃശ്യകലാരൂപമായ ചവിട്ടു നാടകവും മലയാള നാടക ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു.

ആദ്യ കാല നാടക രംഗം

നൂറ്റാണ്ടിന്റെ അന്ത്യത്തിൽ, കേരള വർമ്മ വലിയ കോയിത്തമ്പുരാന്റെ അഭിജ്ഞാന ശാകുന്തളം വിവർത്തനം സ്വതന്ത്ര നാടക പരിഭാഷകർക്ക് പ്രേരണയേകി. കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ തുടങ്ങിയവരും ആദ്യകാല നാടക രചനകൾക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ സാഹിത്യകാരന്മാരാണ്. 1886 മുതൽ 1930 വരെ ഏകദേശം 200 -ഓളം നാടകങ്ങൾ രചിക്കപ്പെട്ടിരുന്നു.

ജനപ്രീതി നേടിയ നാടക രചയിതാക്കൾ

തോപ്പില്‍ ഭാസി (അശ്വമേധം, ശരശയ്യ, കൂട്ടുകുടുംബം, തുലാഭാരം, യുദ്ധകാണ്ഡം ), ജഗതി എന്‍. കെ. ആചാരി (‘കായങ്കുളം കൊച്ചുണ്ണി’, ‘ഇളയിടത്തു റാണി’, ‘ഉമ്മിണിത്തങ്ക’, ‘താജ്മഹല്‍’,) പി. ജെ. ആന്റണി (‘കടലിരമ്പുന്നു’), വൈക്കം ചന്ദ്രശേഖരന്‍ നായർ (‘ഡോക്ടര്‍’) കാലടി ഗോപി ( ‘ഏഴുരാത്രികള്‍’ ) എ. എന്‍. ഗണേശ്, പൊന്‍കുന്നം വര്‍ക്കി, സി. ജി. ഗോപിനാഥ്, പൊന്‍കുന്നം ദാമോദരന്‍, കെ. ടി. മുഹമ്മദ്, ഒ  മാധവൻ, എസ്. എല്‍. പുരം സദാനന്ദന്‍, എൻ എൻ പിള്ള, കാവാലം നാരായണപ്പണിക്കർ  തുടങ്ങിയവർ നാടകവേദിയിലെ ഏറ്റവും പ്രശസ്തരായ നാടകകൃത്തുക്കളായിരുന്നു.

കൂടാതെ ടി എൻ ഗോപിനാഥൻ നായർ, എൻ പി ചെല്ലപ്പൻ നായർ, എം പി ശിവദാസ മേനോൻ, തിക്കോടിയൻ, കായിക്കര പദ്മനാഭപിള്ള, കപ്പന കൃഷ്ണ മേനോൻ, കൈനിക്കര കുമാര പിള്ള, മൂർക്കോത്ത് കുമാരൻ, ഇ എം കോവൂർ, കെ പദ്മനാഭൻ നായർ, വി കൃഷ്ണൻ തമ്പി എന്നിവരും നാടക രചനയിൽ തങ്ങളുടെ പ്രതിഭ തെളിയിച്ചു.

ബഷീർ, തകഴി ശിവശങ്കരപ്പിള്ള, എസ് കെ പൊറ്റക്കാട്, ഇ വി കൃഷ്ണപിള്ള, പൊൻകുന്നം വർക്കി, വൈലോപ്പിള്ളി, എൻ വി കൃഷ്ണവാര്യർ, അപ്പൻ തമ്പുരാൻ എന്നീ പ്രശസ്ത സാഹിത്യകാരന്മാർ നാടകരചനയിലും വിജയം കൈവരിച്ചിരുന്നു.

ആദ്യകാല നാടക സമിതികൾ

ബ്രഹ്മവിലാസം സംഗീത നടന സഭ, റോയൽ ഡ്രമാറ്റിക് കമ്പനി, ഓച്ചിറ പരബ്രഹ്മോദയ സംഗീത നടന സഭ, ശ്രീ സഹൃദയനന്ദിനി നടന സഭ എന്നിവയാണ് ആദ്യകാല നാടകക്കമ്പനികൾ. എന്നാൽ മലയാള നാടക രംഗത്ത് പ്രൊഫഷണലിസത്തിന് തുടക്കം കുറിച്ചത് കടയ്ക്കാവൂർ കുഞ്ഞു കൃഷ്ണ പണിക്കരാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.

ചില പ്രശസ്ത നാടക സമിതികൾ

1960 – 70 കാലഘട്ടത്തിൽ കെപിഎസി, കൊല്ലം കാളിദാസ കലാകേന്ദ്രം, നാടകവേദി, തിരുവനന്തപുരത്തെ കലാനിലയം കൃഷ്ണന്‍ നായരുടെ സ്ഥിരം നാടകവേദി, കോട്ടയത്തെ കേരള തിയേറ്റേഴ്‌സ് തുടങ്ങിയ ഒട്ടേറെ പ്രധാന നാടക സംഘങ്ങള്‍ കേരളത്തിലുടനീളം പ്രശസ്തമായിരുന്നു. കലിംഗ തീയേറ്റേഴ്സ്, സംഗമം തീയേറ്റേഴ്സ്, നവചേതന, സംഘമിത്ര, സൂര്യസോമ, രാഗചേതന എന്നിവയും പ്രശസ്തി നേടിയ നാടക സമിതികളിൽ ചിലതാണ്.

ചില അതിപ്രശസ്ത നാടകങ്ങൾ

‘അശ്വമേധം’, ‘മുടിയനായ പുത്രൻ’, ‘സർവ്വേക്കല്ല്’, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഭ്രാന്തരുടെ ലോകം, ‘വിഷമ വൃത്തം’, ‘കാപാലിക’, ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്നിങ്ങനെ നിരവധി നാടകങ്ങൾ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗത്ത് വൻ തരംഗം സൃഷ്‌ടിച്ചവയാണ്.

വി ടി ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’, എം ആർ ബി യുടെ ‘മറക്കുടയ്ക്കുള്ളിലെ മഹാനരകം’, പ്രേംജിയുടെ ‘ഋതുമതി’ കെ ദാമോദരന്റെ ‘പാട്ട ബാക്കി’ എന്നീ നാടകങ്ങൾ സാമൂഹിക സാംസ്‌കാരിക രംഗത്ത് സൃഷ്‌ടിച്ച വിപ്ലവത്തെ പറ്റി ചരിത്രത്തിൽ സുവർണ ലിപികളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചുണ്ടുകളിലിന്നുമൂറും മധുര നാടകഗാനങ്ങൾ

ഇല്ലിമുളം കാടുകളിൽ ലല്ലലല്ലം പാടിവരും
തെന്നലേ, പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ, കായലിനക്കരെ പോകാനെനിക്കൊരു കളിവള്ളമുണ്ടായിരുന്നു എന്നിങ്ങനെ അനവധി പ്രശസ്തമായ നാടകഗാനങ്ങളാൽ സമ്പുഷ്‌ടമായ മലയാള നാടക സംഗീത രംഗത്ത് പയറ്റി തെളിയുകയും തുടർന്ന് മലയാള ചലച്ചിത്ര വേദിയിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഗാനരചയിതാക്കളും സംഗീത സംവിധായകരും നിരവധിയാണ്. വയലാർ രാമവർമ്മ, പി ഭാസ്കരൻ,ഒ എൻ വി കുറുപ്പ്, ജി ദേവരാജൻ, കെ രാഘവൻ എന്നിവരാണ് അക്കൂട്ടത്തിൽ പ്രഗത്ഭർ.

ജനപ്രീതി നേടിയ നാടക ഗായകരിൽ ചിലർ 

ഇല്ലി മുളം കാടുകളിൽ, പൊന്നരിവാൾ അമ്പളിയിൽ കണ്ണെറിയുന്നോളെ, ബലികുടീരങ്ങളെ, ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയരുതെ, തലയ്ക്കു മീതെ ശൂന്യാകാശം, മാരിവില്ലിൻ തേൻ മലരേ, പാമ്പുകൾക്കു മാളമുണ്ട് എന്നിങ്ങനെ ഒട്ടനവധി നാടക-സിനിമാ ഗാനങ്ങൾ ആലപിച്ച കെ.എസ്. ജോർജ് ഇന്നും ആരാധക ഹൃദയങ്ങളിൽ ജീവിക്കുന്നു.

ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച കമുകറ പുരുഷോത്തമൻ, കൊ­ച്ചിൻ വർ­ഗ്ഗീ­സ്‌ എ­ന്ന കെ ജി വർ­ഗ്ഗീ­സ്, സി.ഒ.ആന്റോ എന്നീ അതിപ്രശസ്തരായ നാടക ഗായകന്മാർ അന്ന് സൃഷ്ടിച്ച നാടക സംഗീത സാഗരത്തിൽ അന്നും ഇന്നും ആരാധകർ ആറാടിക്കൊണ്ടിരിക്കുന്നു. പന്തളം ബാലൻ, മണക്കാട് ഗോപൻ, കല്ലറ ഗോപൻ എന്നിവർ ഇപ്പോഴും നാടക ഗാനരംഗത്ത് സജീവമാണ്.

പ്രിയമെഴും നാടക ഗായികമാർ

കെ പി എ സി സുലോചനയെന്ന അതിപ്രശസ്തയായ നാടക ഗായികയെ മറക്കുവതെങ്ങനെ?! ‘അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്’, ‘വെള്ളാരം കുന്നിലെ’, ‘വള്ളിക്കുടിലിന്നുള്ളിലിരിക്കും’, ‘തലയ്ക്കു മീതേ’, ‘ചെപ്പു കിലുക്കണ ചങ്ങാതീ’ എന്നീ അതിപ്രശസ്ത ഗാനങ്ങൾ ആലപിച്ച കെ പി എ സി സുലോചന പിന്നീട് ചലച്ചിത്ര പിന്നണി ഗായികയായും പ്രശസ്തി നേടി.

‘കായലിനക്കരെ പോകാനെനിക്കൊരു കളിവള്ളമുണ്ടായിരുന്നു’ എന്ന ഗാനം പാടിയ പി ലീലയും മലയാള നാടക വേദിയിൽ തിളങ്ങിയ ഗായികയാണ്. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയായ കെ എസ് ചിത്രയ്ക്ക് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റായ അമ്പിളിയും മറ്റും നാടക ഗാനങ്ങൾ പാടിയിട്ടുണ്ട്.

സിനിമയിലേക്കും തിരിച്ചും കൂടുമാറ്റം നടത്തിയവർ 

നാടക രംഗത്ത് സജീവമായി പ്രവർത്തിക്കുകയും തുടർന്ന് ചലച്ചിത്ര മേഖലയിലേക്ക് ചുവടു മാറിയ ശേഷം അവിടെയും വെന്നിക്കൊടി പാറിച്ചവരിൽ ധാരാളം പ്രമുഖന്മാരുണ്ട്. പി ജെ ആന്റണി, എൻ എൻ പിള്ള, ജഗതി എൻ കെ ആചാരി, തിലകൻ, രാജൻ പി ദേവ്, കൊട്ടാരക്കര ശ്രീധരൻ നായർ എന്നിവർ അവരിൽ ചിലർ മാത്രം.

എന്നാൽ പിൽക്കാലത്ത് സൂപ്പർ സ്റ്റാർ മോഹൻലാലിന് പുറമെ മുകേഷ്, മഞ്ജു വാര്യർ എന്നിവർ നാടകത്തിലും തങ്ങളുടെ പ്രതിഭ തെളിയിച്ചപ്പോൾ അത് നാടകവേദിയിൽ പുതു ചരിത്രമാണ് എഴുതിച്ചേർത്തത്.

നാടക രംഗത്തെ ആദ്യകാല സ്ത്രീ സാന്നിധ്യം

ആദ്യമലയാള നാടകകൃതി എഴുതിയ വനിതാ രത്നമാണ് കുട്ടി‍ക്കുഞ്ഞു തങ്കച്ചി. 1065-മാണ്ടിടയ്ക്കു പ്രസിദ്ധീകരിക്കപ്പെട്ട അവരുടെ ‘അജ്ഞാതവാസം’ എന്ന നാടകം പാണ്ഡവരുടെ അജ്ഞാതവാസത്തെപ്പറ്റി സംസ്കൃതനാടകങ്ങളുടെ മാതൃകയില്‍ എഴുതപ്പെട്ടതാണ്‌. എന്നാൽ മലയാളത്തിലെ ആദ്യവനിതാ നാടകരചയിതാവിന്റെ നാടകം സാഹിത്യരസികര്‍ക്കു വായിച്ചു രസിക്കാന്‍ മാത്രമുള്ള ഒരു കൃതിയായി ഒതുങ്ങിപ്പോയി.

അക്കാലത്ത്‌ നാടകമെഴുതിയ മറ്റു രചയിതാക്കളെ പോലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരി ആയിരുന്നിട്ടും അവരുടെ രചന മലയാള നാടകചരിത്രത്തില്‍ ചേര്‍ക്കപ്പെട്ടി‍ല്ല. കുട്ടി‍ക്കുഞ്ഞു തങ്കച്ചിയുടെ അജ്ഞാതവാസത്തിനു ശേഷം നാടകരചന നടത്തിയ മറ്റൊരു വനിതയാണ് ‘സുഭദ്രാര്‍ജ്ജുനം’ എഴുതിയ തോട്ടയ്ക്കാട്‌ ഇക്കാവമ്മ.

പ്രശസ്ത പണ്ഡിതനായിരുന്ന കരമന കേശവശാസ്ത്രി ‘സുഭദ്രാര്‍ജ്ജുനം’ സംസ്കൃതത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തതും അന്നത്തെ പ്രധാന മാസികകളും പത്രങ്ങളും ആ നാടകത്തെക്കുറിച്ച്‌ എഴുതിയതും അക്കാലത്ത്‌ ‘സുഭദ്രാര്‍ജ്ജുനം’ എത്രമാത്രം ശ്രദ്ധിക്കപ്പെട്ടി‍രുന്നു‍ എന്നതിനുള്ള തെളിവാണ്‌.

1892-ല്‍ തൃശൂരില്‍ ‘സുഭദ്രാര്‍ജ്ജുനം’ നാടകം അരങ്ങേറിയപ്പോള്‍ ഇക്കാവമ്മ നളനായും അമ്പാടി ഗോവിന്ദമേനോന്‍ ദമയന്തിയായും അഭിനയിച്ചു. ആദ്യമായി മലയാള നാടകത്തില്‍ അഭിനയിക്കുന്ന സ്ത്രീയും ഇവര്‍ തന്നെയാണെന്ന് രേഖകളിൽ പറയുന്നു.

സ്ത്രീ കഥാപാത്രങ്ങളായി പുരുഷന്മാർ തന്നെ സ്ത്രീ വേഷം കെട്ടി അരങ്ങത്തെത്തിയിരുന്ന അക്കാലത്ത് ഈ മഹിള നാടക ലോകത്തിന് നൽകിയ സംഭാവന നിസ്തുലമാണെന്ന് സമ്മതിക്കാതെ തരമില്ല. എന്നാൽ ‘തോട്ടയ്ക്കാട്‌ ഇക്കാവമ്മ’യുടെ നാമധേയം പല ഗ്രന്ഥങ്ങളിലും ‘തോട്ടയ്ക്കാട്ട്‍ മാധവി അമ്മ’ എന്ന പേരിൽ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാറ്റത്തിന്റെ കാറ്റ് വീശിയപ്പോൾ

1980-90 ദശകങ്ങൾക്കിപ്പുറം നാടക രംഗത്ത് സജീവമായി പ്രവർത്തിക്കാനെത്തിയ ഡോ. എസ്. ജനാര്‍ദ്ദനന്‍, എന്‍. ശശിധരന്‍, പി. ബാലചന്ദ്രന്‍, രാമചന്ദ്രന്‍ മൊകേരി, ജയപ്രകാശ് കുളൂര്, സതീഷ്. കെ. സതീഷ്, സുധീര്‍ പരമേശ്വരന്‍, സിവിക് ചന്ദ്രന്‍, കെ. വി. ശ്രീജ, എം സജിത, കെ.ജി.കൃഷ്ണമൂര്‍ത്തി, ശങ്കര്‍ വെങ്കിടേശ്വരൻ തുടങ്ങിയവര്‍ ആധുനിക നാടകത്തെ വ്യത്യസ്തമായി വിപുലീകരിക്കാൻ ശ്രമിച്ചു.

നാടക രംഗം നേരിടുന്ന പ്രതിസന്ധികൾ

മുന്‍കാലത്തെന്നപോലെ വാണിജ്യ നാടകസംഘങ്ങള്‍, പ്രാദേശിക കലാസമിതികള്‍, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റികള്‍, അമേച്വർ  നാടകസംഘങ്ങള്‍, കാമ്പസ് തിയേറ്റര്‍ തുടങ്ങിയവ ഇക്കാലത്ത് സജീവമല്ല. ഏതാനും വർഷമകലെ കേരളത്തിലങ്ങോളമിങ്ങോളം അരങ്ങു തകർത്ത പ്രൊഫഷണല്‍ നാടകങ്ങള്‍, അമേച്വര്‍ നാടകങ്ങള്‍, ദേശീയ നാടകോത്സവത്തില്‍ രംഗത്തെത്തുന്ന നാടകങ്ങള്‍, സ്‌കൂള്‍-കോളേജ് നാടകങ്ങള്‍ ഒക്കെയും ഇക്കാലത്ത് നിരവധി വെല്ലുവിളികൾ നേരിടുകയാണ്.

സര്‍ക്കാരിന്റെ സബ്‌സിഡി നിരക്കില്‍ ‘ഇറ്റ്‌ഫോക്’ പോലൊരു ഫെസ്റ്റിവല്‍ അല്ലെങ്കിൽ ‘പി.ആര്‍.ഡി.’ പോലൊരു ഫെസ്റ്റിവല്‍ കളിച്ചാലും അതു കഴിഞ്ഞാല്‍ പ്രൊഫഷണല്‍ നാടകക്കാരന്‍ അയാളുടെ കുടുംബം നിലനിര്‍ത്താന്‍ വേണ്ടി കഷ്‌ടപ്പെടുകയാണ്.

നാടകപ്രവർത്തകർക്കും ചിലത് പറയാനുണ്ട് 

‘വ്യാസ തിരുവനന്തപുരം’ എന്ന പ്രശസ്ത നാടക സമിതിയുടെ ചുക്കാൻ പിടിക്കുന്ന; നടനും ഗായകനും നിർമ്മാതാവും സംഘാടകനുമായ ശ്രീകുമാർ വ്യാസയുടെ അഭിപ്രായത്തിൽ നാടകം ഇനിയും മരിച്ചിട്ടില്ല. അതിന് ഇനിയും പുതുപ്രതീക്ഷയുണ്ട്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ചുറ്റമ്പലങ്ങൾക്കകത്തുള്ള സ്റ്റേജുകളിൽ നാടകം അവതരിപ്പിക്കാൻ പാടില്ലെന്ന നിബന്ധന ഇക്കാലത്ത് നാടകക്കാർക്ക് വലിയൊരു ഭീഷണിയാണ് സൃഷ്‌ടിക്കുന്നതെന്ന് അദ്ദേഹം പരാതിപ്പെടുന്നു.

ക്രിസ്ത്യൻ പള്ളികളിൽ അവരുടെ മതവുമായി ബന്ധപ്പെട്ട നാടകങ്ങൾ അവതരിപ്പിക്കാറുണ്ടെങ്കിലും അവിടെ പ്രൊഫഷണൽ നാടകങ്ങൾക്ക് പകരം കൂടുതലായും അമേച്വർ നാടകങ്ങളാണ് നടക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു. മുൻകാലങ്ങളിൽ അമ്പലക്കമ്മറ്റിക്കാർ നൽകിയിരുന്ന അകമഴിഞ്ഞ പിന്തുണ ഇക്കാലത്ത് നാടകങ്ങൾക്ക് ലഭിക്കാറില്ലെന്നും അതിൽ ഒരു പുനഃപരിശോധന നടത്തണമെന്നുമാണ് അദ്ദേഹത്തിൻറെ ആവശ്യം.

നാടക രംഗത്ത് നടൻ, നിർമ്മാതാവ്, ഗാനരചയിതാവ് എന്നീ മേഖലകളിൽ പ്രവർത്തിക്കുകയും ഇപ്പോൾ സീരിയൽ രംഗത്ത് ചുവടുറപ്പിക്കുകയും ചെയ്ത പരമേശ്വരൻ കുരിയാട്ടി ആരംഭിച്ച ‘തിരുവനന്തപുരം വ്യാസ’യെ 2008 -ൽ ഏറ്റെടുത്ത ശ്രീകുമാർ വ്യാസ സംസ്ഥാന സർക്കാരിന്റെ നല്ല നാടകത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടിയ ജനസംസ്‌കൃതി തിരുവനന്തപുരത്തിന്റെ ‘മുത്തശ്ശി’ എന്ന നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. പിറപ്പൻകോട് മുരളിയെ തന്റെ നാടക ഗുരുവായി കണക്കാക്കുന്ന ശ്രീകുമാർ വ്യാസ നിർമ്മാതാവായിരുന്ന ‘പണിക്കർ ആൻഡ് പണിക്കർ’ എന്ന നാടകം ‘അടൂർ ഭാസി കൾച്ചറൽ ഫോറത്തിന്റെ’ നല്ല സംവിധായകനുള്ള സ്പെഷ്യൽ ജൂറി അവാർഡ് നേടിയിരുന്നു.

നാടകം ഗതകാല പ്രൗഢി വീണ്ടെടുക്കുമോ?

Drama , Kerala, history, current situation, issues, survive, actors, singers, Kamukara, KPAC , Sulochana, Anto, Thoppil Bhasi, Jagathy N K Achari, N N Pillai, Kalanilayam Krishnana Nair, Kerala Theatres, Aswamedham,Premji, Rithumathi, Pattabakki, VT, ONV, Devarajan, Bhaskaran, Vayalar, Anto, K S George,

ജോസ് ചിറമ്മലിന്റെ ‘മുദ്രാരാക്ഷസം’ പോലുള്ള നാടകങ്ങൾ നേരത്തെ ദേശീയതലത്തില്‍ ചര്‍ച്ചയായിട്ടുണ്ടെങ്കിലും നിലവിൽ സ്ഥിതിയ്ക്ക് മാറ്റമുണ്ട്. ഏതൊരു കലയിലുമെന്ന പോലെ ഇതിലും പ്രധാന മൂലധനവും പ്രേരക ശക്തിയും പ്രേക്ഷകനാണ്. കേരളത്തിലെ പതിനായിരത്തോളം വരുന്ന നാടകക്കാരുടെ നിലനില്പിന്റെ വലിയൊരു പങ്കും വഹിക്കുന്നത് പ്രേക്ഷകനാണ്.

സ്‌പോണ്‍സര്‍ഷിപ്പും ഫണ്ടിങ്ങും സബ്‌സിഡിയുമൊക്കെ ഉണ്ടെങ്കിലും പ്രേക്ഷകരുടെ താല്പര്യമാണ് ഇതിന്റെ നിലനിൽപ്പിന് അവശ്യം വേണ്ടത്. ടി.വി.യും സിനിമയുമൊക്കെ പോപ്പുലര്‍ ആയതോടു കൂടി നാടകത്തിനോടുള്ള താല്പര്യം കുറഞ്ഞു എന്നത് സത്യമാണ്. എങ്കിലും നാടകത്തിന് അതിന്റെ സാധ്യത ഇനിയും അസ്തമിച്ചിട്ടില്ല.

‘സ്‌കൂള്‍ ഓഫ് ഡ്രാമ’യിലും മറ്റും നാടകാഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്നതിന് പുറമെ സംവിധാന ശകലങ്ങളും പഠിപ്പിക്കുന്നുണ്ട്. എന്നാൽ പ്രൊഡക്ഷനെ കുറിച്ച് വേണ്ട രീതിയിൽ
പഠിപ്പിക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു.

ടിക്കറ്റ് വച്ച് നാടകം കളിച്ചാൽ അത് കാണാൻ ലണ്ടനിലോ മുംബൈയിലോ ആളുകൾ തയ്യാറാകും. എന്നാൽ കേരളത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. നാടകങ്ങളോട് ആഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുവാൻ വേണ്ട നടപടികൾക്ക് ഇനിയും വിളംബം അരുതെന്ന് നാടകപ്രേമികൾ മുന്നറിയിപ്പ് നൽകുന്നു.

കബഡി ലീഗ്, ഫുട്ബോൾ ഐ.എസ്‌.എല്‍ എന്നിവയിലൂടെ പ്രൗഢി നഷ്‌ടമായിക്കൊണ്ടിരുന്ന കായിക മത്സരങ്ങൾക്ക് പുതു ജീവൻ ഏകിയത് പോലെ മലയാള നാടകവേദിയിലും പുതിയ പരീക്ഷണങ്ങളിലൂടെയും ഭാവുകത്വ മാറ്റങ്ങളിലൂടെയും സാങ്കേതികതയിലൂടെയും പുതു വസന്തം സൃഷ്‌ടിക്കണമെന്നാണ് നാടകപ്രേമികളുടെ പൊതുവെയുള്ള ആവശ്യം.

ശാലിനി വി എസ് നായർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

റേഷൻകാർഡ്: ഓൺലൈൻ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി മാത്രം

മഴക്കെടുതി: അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ