കായികതാരങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും: മന്ത്രി ഇ.പി. ജയരാജന്‍

 തിരുവനന്തപുരം: രണ്ടാമത് ദേശീയ യുവജന കായികമേളയായ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കേരളത്തിലെ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് വ്യവസായ-കായിക -യുവജന കാര്യമന്ത്രി  ഇ.പി. ജയരാജന്‍ പറഞ്ഞു. ജനുവരി 9 മുതല്‍ 20 വരെ പൂനെ വേദിയാകുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2019 ന്‍റെ കേരള ടീമിന്‍റെ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുള്ള ഫുട്ബോള്‍- അത്‍ലറ്റിക്സ്  പരിശീലന ക്യാമ്പ്  സന്ദര്‍ശിച്ച മന്ത്രി കായിക താരങ്ങള്‍ക്ക് എല്ലാ പ്രോത്സാഹനവും വാഗ്ദാനം ചെയ്തു.

അത്‍ലറ്റിക്സ്  അടക്കം പതിനാല് ഇനങ്ങളിലായി കേരളത്തില്‍ നിന്നും മുന്നൂറ്റിയെട്ട് കായികതാരങ്ങള്‍ ദേശീയ യുവജന കായികമേളയില്‍ പങ്കെടുക്കും. ഇവര്‍ക്കായുള്ള പരിശീലനം സംസ്ഥാനത്തെ പതിനാലു കേന്ദ്രങ്ങളില്‍ നടന്നു വരികയാണ്. 25 പരിശീലകരും 20 മാനേജര്‍മാരും 4 ഫിസിയോതെറാപ്പിസ്റ്റുകളും 5 സൈക്കോളജിസ്റ്റുകളും ഒരു മെഡിക്കല്‍ ഓഫീസറും അടങ്ങുന്ന സംഘം പരിശീലന ക്യാമ്പുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

കായിക-യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക് ഐഎഎസ്, ഡയറക്ടര്‍  സഞ്ജയന്‍ കുമാര്‍ ഐഎഫ്എസ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഒരാഴ്ചയായി നടക്കുന്ന ഫുട്ബോള്‍ പരിശീലന ക്യാമ്പില്‍ 36 പുരുഷന്‍മാരും 18 വനിതകളുമാണ് ഉള്ളത്. 17 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 21 വയസിന് താഴെയുള്ള പുരുഷന്‍മാര്‍ക്കുമാണ് ഫുട്ബോള്‍ പരിശീലനം.

അത്‍ലറ്റിക്സ്  ഇനങ്ങളുടെ പരിശീലനം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലുമായി നടക്കുന്നുണ്ട്. 69 അംഗ അത്‍ലറ്റിക്സ്  ടീമില്‍ 45 പെണ്‍കുട്ടികളും 24 ആണ്‍കുട്ടികളുമാണുള്ളത്.  കണ്ണൂര്‍ മുണ്ടയാട്ട് ജനുവരി 12 വരെ നടക്കുന്ന ബസ്ക്കറ്റ് ബോള്‍ പരിശീലനത്തില്‍ 24 പുരുഷന്‍മാരും 24 വനിതകളുമാണ് ഉള്ളത്. 17 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 21 വയസിന് താഴെയുള്ള പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പ്രത്യേക പരിശീലനമാണ് നല്‍കുന്നത്.

21 വയസിന് താഴെയുള്ള പുരുഷന്‍മാരുടെ 12 അംഗ കബടി ടീമിന്‍റെ പരിശീലനം ജനുവരി 11 വരെ തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ ജനുവരി 9 വരെ നടക്കുന്ന ഖേലോ പരിശീലനത്തില്‍ 24 പേരാണ് ഉള്ളത്. 21 വയസിന് താഴെയുള്ള വനിതകളുടെയും പുരുഷന്‍മാരുടെയും 12 പേര്‍ വീതമുള്ള രണ്ട് ടീമുകളാണ് ഇവിടെ പരിശീലിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കുമായുള്ള വോളിബോള്‍ പരിശീലനം തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കുമായുള്ള പരിശീലനം കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായാണ് നടക്കുന്നത്. ജനുവരി 10 വരെ നടക്കുന്ന ക്യാമ്പില്‍ നാല് ടീമുകളിലുമായി 48 പേരാണ് ഇവിടങ്ങളില്‍ പരിശീലനം നടത്തുന്നത്.

തിരുവനന്തപുരം പിരപ്പന്‍കാട് അക്വാട്ടിക് കോംപ്ളക്സില്‍ നടക്കുന്ന പരിശീലനത്തില്‍ നാല് പെണ്‍കുട്ടികളും 9 ആണ്‍കുട്ടികളുമാണുള്ളത്. കാര്യവട്ടം ഓപ്പറേഷന്‍ ഒളിമ്പ്യ സെന്‍ട്രലില്‍ നടക്കുന്ന ഗുസ്തി പരിശീലനത്തില്‍ രണ്ട് വനിതകളും രണ്ട് പുരുഷന്‍മാരും ഉണ്ട്. തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 9 പുരുഷന്‍മാരും 6 വനിതകളും ജൂഡോയിലും 6 വനിതകളും 5 പുരുഷന്‍മാരും ഭാരോദ്വഹനത്തിലും പരിശീലനം നേടുന്നുണ്ട്.

തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ജിംനാസ്റ്റിക്സ് പരിശീലനം. അഞ്ച് പേരാണ് ഇവിടെ പരിശീലിക്കുന്നത്. കായികമേളയ്ക്കുള്ള കേരള ടീമിലെ ആദ്യസംഘം 6 ന് പൂനെക്ക് പുറപ്പെടും. 69 അംഗ അത്‍ലറ്റിക്സ്  ടീം ജനുവരി 7 ന് പുറപ്പെടും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയില്‍ കൂടുതല്‍ സഹകരണബാങ്കുകളെ പങ്കാളികളാക്കും

കൃത്രിമ മധുരങ്ങൾ  അപകടകരമോ?