ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച: സമിതി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നതിലും തുടര്‍പ്രവര്‍ത്തനങ്ങളിലും ദുരന്തനിവാരണ ഏജന്‍സിക്കും കാലാവസ്ഥാ വകുപ്പിനും വീഴ്ചപറ്റിയെന്ന് നിയമസഭാ പരിസ്ഥിതി സമിതി. ഐ.എസ്.ആര്‍.ഒയുടെ റഡാര്‍ സംവിധാനം ഓഫീസ് സമയത്ത് മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ എന്നും സമിതിയുടെ പതിനൊന്നാമത് റിപ്പോര്‍ട്ട് പറയുന്നു. കേരളതീരത്തെ ഒരു അപകട സിഗ്നല്‍സ്റ്റേഷന്‍ പോലും പ്രവര്‍ത്തിക്കുന്നില്ലെന്നും മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ സമിതി കണ്ടെത്തി.

ഓഖി ചുഴലിക്കാറ്റിന് ശേഷമുള്ള മാറ്റങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് വിവിധ സംസ്ഥാന, കേന്ദ്രഏജന്‍സികളെ നിയമസഭാ സമിതി രൂക്ഷമായി വിമര്‍ശിച്ചത്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നതിലുണ്ടായ വീഴ്ചയില്‍ നിന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന് മാറാനാകില്ല. ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലെ മുന്നറിയിപ്പു നല്‍കുകയുള്ളൂ എന്നതാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാട്.

ഇതില്‍ മാറ്റം വരണം. ഐഎസ്‌ആര്‍ഒയുടെ റഡാറില്‍ നിന്നുള്ള വിവരങ്ങള്‍ ഓഫീസ് സമയത്ത് മാത്രമെ ലഭ്യമാകൂ എന്നും സമിതി ചൂണ്ടിക്കാട്ടുന്നു. സുനാമി പുനരധിവാസ പദ്ധതിയനുസരിച്ച്‌ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ബീക്കണ്‍ ലൈറ്റ് എവിടെപ്പോയി എന്ന് റിപ്പോര്‍ട്ട് ചോദിക്കുന്നു. മറൈന്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പ് പലപ്പോഴും ബോട്ടുകള്‍വാടകക്ക് എടുക്കേണ്ട സ്ഥിതിയിലാണ്. ചുഴലിക്കാറ്റ് സിഗ്നല്‍സ്റ്റേഷനുകളില്‍ ഒന്നുപോലും പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഓഖിയില്‍ എത്രപേരെ കാണാതെയായിയെന്ന ആശയക്കുഴപ്പം തുടരുന്നത് കടലില്‍ പോകുന്നവരുടെ കൃത്യമായ കണക്കുകള്‍ ശേഖരിക്കുന്ന സംവിധാനമില്ലാത്തതിനാലാണ്.

നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സുമായി ചേര്‍ന്ന് ഇതിനുള്ള സാങ്കേതിക സംവിധാനം ഉണ്ടാക്കണം. മൊബൈല്‍ ഫോണ്‍ വഴി കാലാവസ്ഥാ വിവരങ്ങള്‍ മത്സ്യതൊഴിലാളികള്‍ക്ക് നല്‍കണം. അശാസ്ത്രീയ പുലിമുട്ട്, കടല്‍ഭിത്തി നിര്‍മ്മാണം ഒഴിവാക്കണം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുള്ളതും മറിഞ്ഞാലും പൊങ്ങിക്കിടക്കുന്നതുമായ വള്ളങ്ങള്‍ ഉപയോഗിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കെ എസ്‌ ആര്‍ ടി സി: അറുനൂറോളം സര്‍വീസുകള്‍ മുടങ്ങും

മതിലിനോടൊപ്പമല്ല, മഞ്ജുവിനോടൊപ്പമെന്ന് ജോയ് മാത്യു