ബജറ്റില്‍ വകയിരുത്തുന്ന കോടികള്‍ എവിടെ? എന്‍ഡോസള്‍ഫാന്‍ ലോബി ഇപ്പോഴും സജീവം: അംബികാസുതന്‍ മങ്ങാട്

കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും വീണ്ടും സമരത്തിനിറങ്ങിയത് നിവൃത്തികേടുകൊണ്ടാണെന്ന് അംബികാസുതന്‍ മാങ്ങാട്. 2016ല്‍ സമരം ചെയ്തപ്പോള്‍ ഇടതു നേതാക്കളടക്കം സമരത്തിന് പിന്തുണ നല്‍കി. കടം എഴുതി തള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പക്ഷേ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പായില്ല. അന്നു പിന്തുണച്ച പലരും മന്ത്രിമാരായി. അന്നുന്നയിച്ച ആവശ്യങ്ങളാണ് ഇപ്പോഴും ഉള്ളത്. അമ്മമാര്‍ ആറ് തവണ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയതാണ്. മൂന്നു കൊല്ലം കാത്തിരുന്നാണ് ഇപ്പോള്‍ സമരത്തിനിറങ്ങിയതെന്നും ഓര്‍ക്കണം”.

‘ആറായിരത്തിലധികം ആളുകള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുണ്ട്. പകുതിയിലധികം ആളുകള്‍ക്കും ഇനിയും നഷ്ടപരിഹാരം കൊടുത്തിട്ടില്ല. ഭരണകൂടം ഉണ്ടാക്കിയ വലിയ ദുരന്തമാണത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷനും എന്‍ഡോസള്‍ഫാന്‍ കമ്പനിയും ചേര്‍ന്ന് കൂട്ടക്കൊലയാണ് നടത്തിയത്.നൂറു കണക്കിന് ആളുകള്‍ മരിച്ചു. പതിനായിരത്തിലധികം പേര്‍ ഇപ്പോഴും ചികിത്സയിലാണ്,’ അദ്ദേഹം ബി ലൈവ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ചികിത്സക്ക് വേണ്ടി ഒരു പാട് പണം ചെലവഴിച്ച് കട ബാധിതര്‍ ആയവരാണ് ഇവിടെയുള്ളത്. 50000 രൂപ വരെയുള്ള കടമാണ് ഇതുവരെ എഴുതി തള്ളിയത്. മൂന്നു ലക്ഷം വരെയുള്ള കടം എഴുതി തള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഒരു കൊല്ലമായി. ഒന്നു പോലും എഴുതി തള്ളിയിട്ടില്ല.25 ലക്ഷം രൂപ വരെ കടമുള്ളവരുണ്ട്. അവരുടെ കാര്യം ചര്‍ച്ച ചെയ്തിട്ട് പോലുമില്ല. വലിയ ചികിത്സ തേടിയവര്‍ക്ക് ഒരു രക്ഷയും ഇല്ലാത്ത സ്ഥിതിയാണ്.

സങ്കീര്‍ണമായ രോഗമുള്ളവരെ ചികിത്സിക്കാനുള്ള ഒരു ആധുനിക സൗകര്യവും കാസര്‍ഗോഡ് ജില്ലയിലില്ല. വിദഗ്ധ ന്യൂറോളജിസ്റ്റിനെ  നിയമിക്കണമെന്ന് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2013 ല്‍ തറക്കല്ലിട്ട കാസര്‍ഗോഡ് മെഡിക്കല്‍ കോളജിന്റെ പണി പോലും തുടങ്ങിയിട്ടില്ല. അതീവ ശ്രദ്ധ വേണ്ട എന്‍ഡോസള്‍ഫാന്‍ മേഖലയോട് മാത്രം അവഗണന കാണിക്കുന്നത് എന്താണ്, അംബികാസുതന്‍ മാങ്ങാട് ചോദിച്ചു.

ഇടതു സര്‍ക്കാര്‍ വന്നതിന് ശേഷം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ കുട്ടികളടക്കം 1905 പേരെ ലിസ്റ്റില്‍ പെടുത്തി. മെഡിക്കല്‍ കോളജുകളിലെ വിദഗ്ധ ഡോക്ടര്‍മാരാണ് പരിശോധിച്ചത്. പക്ഷേ ലിസ്റ്റ് അവതരിപ്പിക്കുന്ന സമയത്ത് അത് അട്ടിമറിച്ച് 287 ആയി മാറി. ഗുരുതരാവസ്ഥയിലുള്ള നിരവധി പേര്‍ പുറത്തായി.എന്‍ഡോസള്‍ഫാന്‍ ലോബി ഇപ്പോഴും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വേണം മനസ്സിലാക്കാന്‍. ലിസ്റ്റ് എപ്പോഴും ചുരുക്കി കാണിക്കാനാണ് അവരുടെ ശ്രമം.ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു കാണിക്കാനാണ് സര്‍ക്കാറും ശ്രമിക്കുന്നത്.

വലിയ വ്യാപ്തിയാണ് ഈ ദുരന്തത്തിനുള്ളത്. എന്‍ഡോസള്‍ഫാന്‍ ആണ് കാരണം എന്ന് മനസ്സിലാക്കാതെ മരിച്ചു പോയവരും ചികിത്സ നടത്തുന്നവരും ക്യാമ്പിനെത്താത്തവരും ഒക്കെയുണ്ട്.ഇതിനൊന്നും ഒരു കണക്കുമില്ല.15 വയസിന് താഴെയുള്ള കുറെയധികം കുട്ടികള്‍ അസുഖ ബാധിതരാണ്.ദുരന്തം  ഇപ്പോഴും  തുടരുന്നു എന്നു തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇവിടെ ബഡ്‌സ് സ്‌കൂളുകള്‍ ഉണ്ട്. ആറേഴ് കൊല്ലം മുന്‍പ് തുടങ്ങിയ ചെറിയ ഭൗതിക സാഹചര്യങ്ങളിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. അഞ്ച് കൊല്ലം മുന്‍പ് പാസായ ഒന്നര കോടി രൂപ രാഷ്ട്രീയ തര്‍ക്കം മൂലം ലാപ്‌സായി പോയെന്നാണ് അറിഞ്ഞത്. സുഖമില്ലാത്ത കുഞ്ഞുങ്ങള്‍ ആസ്ബസ് റ്റോസ് ഷീറ്റിന് കീഴിലാണ് കഴിയുന്നത്.പുതിയതായി ഉണ്ടാക്കിയ കെട്ടിടങ്ങള്‍ തുറന്നു കൊടുത്തിട്ടില്ല. യാതൊരു മമതയും മാറി മാറി വരുന്ന ഭരണകൂടം കാണിച്ചിട്ടില്ല. പഞ്ചായത്തുകളുടേതും ഇതേ സമീപനമാണ്. 

എല്ലാ ഭരണകൂടവും ഒരേ വഴിക്കാണ് സഞ്ചരിക്കുന്നത്. കാസര്‍ഗോഡിനോട് നിരന്തരം അവഗണന കാണിക്കുകയാണ്. 25 കോടി രൂപ മതിയാവും കടങ്ങള്‍ എഴുതി തള്ളാന്‍. ഓരോ ബജറ്റിലും കോടികള്‍ മാറ്റിവെക്കുന്നുണ്ട്. എന്നാല്‍ ബജറ്റില്‍ വകയിരുത്തുന്ന തുകകള്‍ ഏതു തരത്തില്‍ വിനിയോഗിച്ചു? ദുരിതബാധിതര്‍ക്ക് ഫലപ്രദമായി വിനിയോഗിച്ചോ? കടലാസില്‍ മാത്രം ഒതുങ്ങിയതാണോ ഈ തുകകള്‍ എന്നൊക്കെയുള്ള കണക്കുകള്‍ സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തണം, അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ തന്നെ അനിവാര്യമാണ്. ഇത്രയും കാലമായി ഒരു പഠനവും നടത്തിയിട്ടില്ല. രക്തത്തിലും മണ്ണിലും വെള്ളത്തിലുമെല്ലാം എത്ര ശതമാനം എന്‍ഡോസള്‍ഫാന്‍ ബാക്കിയുണ്ടെന്ന് പഠനവിധേയമാക്കേണ്ടതല്ലേ? അങ്ങനെയുള്ള ഗവേഷണങ്ങള്‍ ഒന്നും നടക്കുന്നില്ല. രോഗബാധിതരായ കുട്ടികള്‍ ഇപ്പോഴും ജനിക്കുന്നു എന്നത് എന്ത് ഭീതിതമായ അവസ്ഥയാണ്?

കാസര്‍ഗോഡ് മാത്രമല്ല എല്ലാ ജില്ലകളും ദുരന്തത്തിന്റെ നിഴലിലാണ്. പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളിലും എന്‍ഡോസള്‍ഫാന്‍ അടങ്ങിയിട്ടുണ്ടെന്നും നിരോധിക്കപ്പെട്ട കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്നും കൃഷിമന്ത്രി തന്നെ സമ്മതിക്കുന്നു. എന്‍ഡോസള്‍ഫാന്‍ എന്ന വാള്‍ നമ്മുടെ തലക്കു മുകളില്‍ തന്നെ ഉണ്ട്,  അംബികാസുതന്‍ മാങ്ങാട് ഓര്‍മിപ്പിക്കുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളത്തിൽ ചുവടുറപ്പിച്ച് പെപ്പർഫ്രൈ, തിരുവനന്തപുരത്ത് പുതിയ ഓഫ്‌ലൈൻ സ്റ്റോർ

നവകേരള നിർമ്മാണം ലക്ഷ്യമിട്ട് ബജറ്റ്