കൈയെഴുത്തില്‍ ചുറ്റുവട്ടത്തെ ശബ്ദത്തിനുപോലും സ്വാധീനമുണ്ടെന്ന് അച്യുത് പലവ്

കൊച്ചി: ചുറ്റുപാടുമുള്ള ശബ്ദം കൈയെഴുത്തില്‍ പ്രതിഫലിക്കുമെന്ന് കേട്ടപ്പോള്‍ ഈ ശാസ്ത്രവുമായി ഉറ്റ ബന്ധമുള്ളവര്‍ക്കുപോലും അത് പുതിയ അറിവായിരുന്നു. 
കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കബ്രാല്‍ യാര്‍ഡില്‍ നടക്കുന്ന കൈയെഴുത്തു കലയെക്കുറിച്ചുള്ള ശില്പശാലയുടെ സമാപനത്തോടനുബന്ധിച്ച്  മുംബൈയില്‍ നിന്നുള്ള അച്യുത് പലവ് ആണ് ഈ ദൃശ്യകലാശാഖയുടെ പ്രത്യേകതകള്‍ വിവരിച്ചത്.

എഴുതുന്നയാളിന്‍റെ മനസും വികാരവും മാത്രമല്ല, എഴുത്തിനുപയോഗിക്കുന്ന മാധ്യമവുമെല്ലാം ഈ കലയെ സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാവനയെയും സര്‍ഗശേഷിയെയും ഉദ്ദീപിപ്പിക്കാനും മനസിനെ പുതിയ ആശയങ്ങളിലേക്ക് കൊണ്ടുപോകാനും കൈയെഴുത്തിനു കഴിയുമെന്ന്  ജെ.ജെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ആര്‍ട്ടില്‍ അധ്യാപകനായിരുന്ന അദ്ദേഹം പറഞ്ഞു. 
പരമ്പരാഗതവും ആധുനികവുമായ കൈയെഴുത്തിനെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് തന്‍റെ ലക്ഷ്യം.

ഹിന്ദിയിലും ഇംഗ്ലീഷിലും വിവിധ ഇന്ത്യന്‍ ഭാഷകളിലും കൈയെഴുത്ത് എങ്ങനെ കലയുടെ ഭാഗമാക്കാന്‍ കഴിയുമെന്ന് ഇന്ത്യയിലും വിദേശത്തും നടത്തിയ പല പ്രദര്‍ശനങ്ങളിലുമായി തെളിയിച്ചിട്ടുണ്ട്. കൊച്ചി ബിനാലെയിലെ ആര്‍ട്ട് റൂമില്‍ കുട്ടികള്‍ ശില്പശാലയില്‍ പങ്കെടുക്കുന്നത് സന്തോഷം നല്‍കുന്നുവെന്ന് അച്യുത് പലവ് പറഞ്ഞു. 

ഓരോ അക്ഷരവും ഓരോ രൂപകല്പനയാണെന്ന് അച്യുത് ചൂണ്ടിക്കാട്ടി. അതിലോരോന്നിനും ഓരോ കലാരൂപമാകാനും കഴിയും. പേനയ്ക്കും കടലാസിനുമപ്പുറമാണ് ഈ കലാപ്രകടനവും അതിന്‍റെ ശൈലിയുമെന്ന് അദ്ദേഹം പറഞ്ഞു. 

കൈയെഴുത്തു ശാസ്ത്രത്തെക്കുറിച്ച് സമ്പൂര്‍ണമായ അറിവു നേടാന്‍ ശില്പശാലയിലുടെ കഴിഞ്ഞുവെന്ന് കാലടി ശ്രീ ശങ്കരാ കോളജിലെ ഗവേഷക വിദ്യാര്‍ഥിനിയായ അരുണ വി പറഞ്ഞു. കൈയെഴുത്തുകളും, അതിന്‍റെ സാങ്കേതികതയും ഉപാധികളും മാധ്യമങ്ങളും ഇഴയടുപ്പവും മനസിലാക്കാന്‍ കഴിഞ്ഞുവെന്ന് അരുണ ചൂണ്ടിക്കാട്ടി. 

രണ്ടു ദിവസത്തെ ശില്പശാല നാലു സെഷനുകളായാണ്  നടന്നത്. വിദേശികൾപോലും പങ്കെടുക്കാനെത്തിയിരുന്നു. ഫ്രഞ്ചുകാരനായ ഡേവിഡ് ഫോറസ്റ്റ് പറഞ്ഞത് ഒരു തവണ എഴുതുന്നതുപോലെ അടുത്ത തവണ എഴുതാനോ വരയ്ക്കാനോ  ഒരിക്കലും സാധിക്കുകയില്ലെന്നാണ്. ഒരാള്‍ ചെയ്യുന്നതുപോലെ മറ്റൊരാളിനു കഴിയുകയുമില്ലെന്നും ഡേവിഡ് ചൂണ്ടിക്കാട്ടി.  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആരോഗ്യ ടൂറിസത്തിന് ഊന്നല്‍ നല്‍കും: മന്ത്രി കടകംപള്ളി

ഒരു പാർട്ടിയും തന്റെ പടം വച്ച് വോട്ടു പിടിക്കരുതെന്ന് രജനികാന്ത്