വനിതാ ഐ പി എസ് ഓഫീസർമാർ പോലും സുരക്ഷിതരല്ല, മുഴുവൻ സർക്കാർ ഓഫീസുകളിലും സി സി ടി വി സ്ഥാപിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി 

ചെന്നൈ: സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ജോയിന്റ് ഡയറക്ടർ എസ് മുരുഗനെതിരെ ഒരു വനിതാ ഐ പി എസ് ഓഫീസർ നൽകിയ ലൈംഗിക പീഡന പരാതിയിൽ നടപടിയെടുക്കാതിരുന്നതിനെ ശക്തമായി വിമർശിച്ചും ഉടനടി അന്വേഷണം നടത്താൻ ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റിയോട് ആവശ്യപ്പെട്ടും മദ്രാസ് ഹൈക്കോടതി.

ഐ പി എസ് ഓഫീസർ പോലെ ഉന്നത പദവികളിലിരിക്കുന്ന വനിതാ ഓഫീസർമാർ പോലും പീഡനങ്ങൾക്ക് ഇരയാകുന്നു എന്നത് ഗൗരവപൂർവം കണക്കിലെടുക്കേണ്ട വിഷയമാണെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് എസ് എം ബാലസുബ്രഹ്മണ്യം സംസ്ഥാനത്തെ  മുഴുവൻ സർക്കാർ ഓഫീസുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.

സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ജോയിന്റ് ഡയറക്ടർക്കെതിരെയാണ് വനിതാ ഐ പി എസ് ഓഫീസർ പരാതി നൽകിയത്. ഓഫീസ് സമയം കഴിഞ്ഞും തന്റെ കാബിനിലേക്ക് പല തവണ വിളിപ്പിച്ചു. ലൈംഗികച്ചുവ കലർന്ന ഭാഷയിൽ സംസാരിച്ചു. വിലക്കിയിട്ടും മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തു. ബലം പ്രയോഗിച്ച് ആലിംഗനം ചെയ്യാൻ ശ്രമിച്ചു തുടങ്ങി അതീവ ഗുരുതരമായ ആരോപണങ്ങളാണ് മേലുദ്യോഗസ്ഥനെതിരെ വനിതാ പൊലീസ് ഓഫീസർ  ഉന്നയിച്ചത്.

സ്വകാര്യ അപ്പാർട്‌മെന്റുകളിൽ സി സി ടി വി കാമറകൾ സ്ഥാപിക്കാനായി അവിടത്തെ അന്തേവാസികളെ ” ഉപദേശിക്കുന്ന” ഡി ജി പി യും പൊലീസ് കമ്മീഷണർമാരും എന്തുകൊണ്ട് സ്വന്തം ഓഫീസുകളിൽ അവ സ്ഥാപിക്കാൻ താല്പര്യം കാണിക്കുന്നില്ല എന്ന് കോടതി ആരാഞ്ഞു.

പതിനഞ്ചു വർഷത്തോളമായി സംസ്ഥാന പൊലീസ് സേനയിൽ സേവനം അനുഷ്ഠിക്കുന്ന ഒരു സ്ത്രീയാണ് പരാതിക്കാരി. അവർ നൽകിയ ഗൗരവ സ്വഭാവത്തിലുള്ള  പരാതി ആദ്യം അവഗണിക്കുകയാണ് ചെയ്തത്. പീഡനക്കാരനായ  ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസെടുക്കണം എന്ന വ്യക്തമായ ആവശ്യം അവർ ഉന്നയിച്ചിരുന്നു. എന്നിട്ടും അത് ഗൗരവത്തോടെ  പരിഗണിച്ചില്ല.  ഒരു ഉന്നത  വനിതാ പൊലീസ് ഓഫീസറുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ സ്ത്രീകളുടെ ഗതി എന്താവും എന്ന് കോടതി കുറ്റപ്പെടുത്തി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

‘യു എസ് ടി ഫോർച്ച്യൂണ’ യുമായി  യു എസ് ടി ഗ്ലോബൽ 

നവസാമൂഹ്യ മാധ്യമങ്ങളില്‍ ജനാധിപത്യ വിരുദ്ധചിന്തകൾ പ്രചരിക്കുന്നുവെന്ന് ഡോ.ആസാദ്