എത്രകണ്ടാലും മതിവരാത്ത ഒരു സിനിമ 

എത്രകണ്ടാലും മതിവരായ്ക ക്‌ളാസ്സിക്കുകളുടെ മാത്രം  സവിശേഷതയാണ്. ചിത്രത്തിന്റെ സവിശേഷമായ രചനാ രീതി വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കും. നേരത്തെ കണ്ണിൽപ്പെടാതിരുന്ന എന്തെങ്കിലും  ആവർത്തിച്ചുള്ള ഓരോ കാഴ്ചയിലും തെളിഞ്ഞു തെളിഞ്ഞു വരും. കണ്ടതിൽ  ഏറ്റവും ഇഷ്ടപ്പെട്ട  പത്ത് ചിത്രങ്ങൾ തിരഞ്ഞെടുത്ത് തരാൻ  പറഞ്ഞാൽ  അതിൽ  തീർച്ചയായും ഉൾപ്പെടു ത്തുന്ന ചിത്രമായിരിക്കും സിനിമ പാരദീസോ.

ഗിസപ്പേ റ്റൊർനാറ്റോറെ എന്ന ഇറ്റാലിയൻ സംവിധായകൻ  പ്രിയപ്പെട്ട ചലച്ചിത്രകാരന്മാരിൽ ഒരാളായിത്തീരുന്നത് ഈ ചിത്രം കണ്ടതോടെയാണ്.

പുറത്തിറങ്ങി പതിറ്റാണ്ടുകൾക്കിപ്പുറവും സിനിമ ചർച്ച ചെയ്യപ്പെടുന്നു. പുതിയ സിനിമ പോലെ കണ്ടാസ്വദിക്കുന്നു. സിനിമയ്ക്കുള്ളിലെ സിനിമയെന്നോ സിനിമയെക്കുറിച്ചുള്ള സിനിമയെന്നോ  പാരദീസോയെപ്പറ്റി പറയാം.

1980 ലെ റോം നഗരം.  നന്നേ വൈകി വീട്ടിലെത്തുന്ന പ്രശസ്ത ഇറ്റാലിയൻ ചലച്ചിത്രകാരൻ  സാൽവറ്റോറെ ഡി വിറ്റയോട് അയാളുടെ അമ്മ ഫോൺ ചെയ്ത വിവരം കാമുകി അറിയിക്കുന്നു. ആൽഫ്രഡോ എന്ന് പേരുള്ള ഒരാൾ മരിച്ചുപോയത് അറിയിക്കാനാണ് അമ്മ വിളിച്ചത്.

ജന്മ നാടായ സിസിലിയിലേക്ക് അയാൾ പോയിട്ട് മൂന്നു പതിറ്റാണ്ടായി. ആ നാടുമായി ഒരു ബന്ധവുമില്ല. കാലങ്ങളായി  ആരുമായും കൂടിക്കാഴ്ചയില്ല. ആരാണ് ആൽഫ്രഡോ എന്ന കാമുകിയുടെ ചോദ്യം അയാളെ ഒരു നീണ്ട ഫ്ലാഷ് ബാക്കിലേക്ക് കൊണ്ട് പോകുന്നു.

രണ്ടാം ലോക യുദ്ധം കഴിഞ്ഞിട്ട് അധിക വർഷങ്ങളായില്ല. യുദ്ധ രംഗത്ത് ജീവൻ നഷ്‌ടമായ ഒരു  സൈനികന്റെ മകനാണ് ആറുവയസ്സുകാരൻ സാൽവറ്റോറെ. കുസൃതിയായ അവൻ ഒഴിവു സമയം മുഴുവൻ ചിലവഴിക്കുന്നത് വീടിനടുത്തുള്ള സിനിമാ പാരദീസോ എന്ന കൊട്ടകയിലാണ്. പ്രൊജക്ഷനിസ്റ്റ് ആൽഫ്രഡോയുമായി ചങ്ങാത്തത്തിലാവുന്ന അവൻ പ്രൊജക്ഷൻ റൂമിൽ അയാൾക്കൊപ്പമിരുന്ന് സിനിമകൾ കാണുന്നു.

ചില രംഗങ്ങൾ വരുമ്പോൾ  പ്രേക്ഷകർ ബഹളമുണ്ടാക്കുന്നു. കൂകി വിളിക്കുന്നു. പ്രൊജക്ഷനിസ്റ്റിനെ ചീത്തവിളിക്കുന്നു. എന്താണ് കാര്യമെന്ന്  അവനു മനസ്സിലാവുന്നില്ല. വെട്ടിപ്പോയ സീനുകളെച്ചൊല്ലിയുള്ള മുറവിളിയാണതെന്ന് മാത്രമേ  ആൽഫ്രഡോ അവനു പറയുന്നുള്ളൂ.

തിയേറ്ററിൽ എത്തുന്ന ഓരോ ചിത്രത്തിന്റെയും ആദ്യ കാഴ്ചക്കാരൻ സ്ഥലത്തെ പള്ളി വികാരിയാണ്. ഒരു ചുംബന രംഗമോ, കെട്ടിപ്പിടുത്തമോ കിടപ്പറ സീനോ വന്നാൽ അവിടെ കത്രിക വെക്കാൻ വികാരി ആവശ്യപ്പെടും. അത് ചോദ്യം ചെയ്യാതെ അനുസരിക്കേണ്ടതുണ്ട്. അതിനാൽ  ആൽഫ്രഡോ ആ ഭാഗം മുറിച്ചു മാറ്റും. ഇത്തരം ‘ചാടുന്ന’ ദൃശ്യങ്ങൾ കണ്ടു കലിയിളകിയാണ് പ്രേക്ഷകർ ഇങ്ങിനെ ഒച്ചവെയ്ക്കുന്നത്.

സമൂഹത്തിന്റെ മൊറാലിറ്റിയുടെ  മൊത്തം സംരക്ഷകനായ  പള്ളീലച്ചന്റെ കർശന നിർദേശപ്രകാരം വെട്ടിക്കൂട്ടിയ തുണ്ടു ഫിലിമുകൾ പ്രൊജക്ഷൻ മുറിയുടെ ഒരു മൂലയിൽ കുന്നുകൂടിക്കിടപ്പുണ്ട്.

തുടക്കത്തിൽ കൊച്ചു ടോട്ടോയുടെ പ്രൊജക്ഷൻ റൂമിലെ  സാന്നിധ്യം ആൽഫ്രഡോക്ക് ശല്യമായി തോന്നുന്നുണ്ടെങ്കിലും പതിയെ പതിയെ അയാളവനെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു.  പ്രൊജക്ടർ ഓപ്പറേറ്റ് ചെയ്യാൻ പഠിപ്പിക്കുന്നു.

ഒരിക്കൽ ‘ഫയർമാൻ ഓഫ് വിഗിയൂ’ എന്ന ചലച്ചിത്രം  കളിച്ചുകൊണ്ടിരിക്കുമ്പോൾ തിയേറ്ററിലെ  പ്രൊജക്ഷൻ റൂമിന് തീ പിടിക്കുന്നു.  ടോട്ടോയുടെ സന്ദർഭോചിതമായ ഇടപെടലിൽ ആൽഫ്രഡോ ജീവനോടെ  രക്ഷപ്പെടുന്നുണ്ടെങ്കിലും മുഖത്തേറ്റ  തീ പൊള്ളലിൽ  അയാൾക്ക്‌ കാഴ്ചശക്തി പൂർണമായും നഷ്ടമാകുന്നു. തിയേറ്റർ കുറെ നാളത്തേക്ക് അടച്ചിടുന്നു.

തന്റെ ഫുട്ബോൾ ലോട്ടറി സമ്പാദ്യം മുഴുവൻ  മുടക്കി സിസിയോ എന്നയാൾ  തിയേറ്റർ പുനർ നിർമിക്കുമ്പോൾ സിനിമ ഓടിക്കാൻ അറിയാവുന്ന ഒരേ ഒരാൾ എന്ന നിലയിൽ സാൽവറ്റോറെ ‘ന്യൂ  സിനിമ പാരദീസോ’ യുടെ പ്രൊജക്ഷനിസ്റ്റാവുന്നു.

ഏതാണ്ട് പത്തുവർഷത്തിനു ശേഷം നാം കാണുന്നത്  ഹൈസ്‌കൂൾ വിദ്യാർത്ഥിയായ  സാൽവറ്റോറെയെ ആണ്. അവൻ അപ്പോഴും തിയേറ്ററിലെ പ്രൊജക്റ്റ് ഓപറേറ്ററുടെ പണി  ചെയ്യുന്നുണ്ട്.  ആൽഫ്രഡോയുമായുള്ള അവന്റെ ബന്ധം കുറേക്കൂടി  ദൃഢമായിരിക്കുന്നു. ഒരു മൂവീ ക്യാമറ വച്ച് അവൻ ചില പരീക്ഷണങ്ങളിലാണ്. പട്ടണത്തിലെ ധനാഢ്യനായ ബാങ്കറുടെ മകൾ എലീനയുമായി അവൻ പ്രണയത്തിലാണ്. എന്നാൽ അവരുടെ ബന്ധമറിഞ്ഞ ബാങ്കർ എലീനയെ അയാളിൽനിന്ന് അകറ്റാനായി  കുടുംബത്തോടൊപ്പം മറ്റൊരു  പട്ടണത്തിലേക്ക് താമസം മാറ്റുന്നു.

അതേസമയം നിർബന്ധിത  സൈനിക സേവനത്തിനായി സാൽവറ്റോറെയും  പട്ടണം വിട്ടുപോകാൻ ഇടയാകുന്നു.

എലീനയുമായി ബന്ധപ്പെടാനുള്ള സാൽവറ്റോറേയുടെ ശ്രമങ്ങൾ പാഴാവുന്നു. അയാൾ അവൾക്കെഴുതുന്ന കത്തുകളെല്ലാം വിലാസക്കാരിയെ കണ്ടെത്താനാവാതെ തിരിച്ചു വരുന്നു.

സൈനിക സേവനത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തുന്ന സാൽവറ്റോറെയെ ആ പട്ടണം വിട്ടു പോകാൻ ആൽഫ്രഡോ കാര്യമായി  നിർബന്ധിക്കുന്നു. ആ പട്ടണം അയാൾക്കുള്ളതല്ലെന്നും  അയാൾ കാണുന്ന  വലിയ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാൻ അതിനാവില്ലെന്നും ആൽഫ്രഡോ പറയുന്നു.

നാട്  വിട്ടുപോകാൻ സാൽവറ്റോറെയെ  നിർബന്ധിക്കുന്ന ആൽഫ്രഡോ മറ്റു ചില ഉറപ്പുകൾ കൂടി അയാളിൽ നിന്ന് ആവശ്യപ്പെടുന്നു. എന്നന്നേക്കുമായി അവിടം വിടണം. ഓർമ്മകൾ ഒന്നും അവശേഷിപ്പിക്കാതെ വേണം ആ യാത്ര  പോകാൻ.  ആർക്കും ഒരിക്കലും ഒരു കത്ത് പോലും എഴുതരുത്.  പിന്തിരിഞ്ഞു പോരാൻ പ്രേരിപ്പിക്കുന്ന ഒന്നും തന്നെ അവന്റെ മനസ്സിൽ തങ്ങി നിൽക്കരുത്. ഒരിക്കലും തിരിച്ചു വരാത്ത യാത്രയാവണം അത്.

യാത്രപറയുമ്പോൾ കണ്ണീരോടെ സാൽവറ്റോറെ ആൽഫ്രഡോയെ ആശ്ലേഷിക്കുന്നു. ഒരു ഫിലിം മേക്കറാകാനുള്ള യാത്ര സാൽവറ്റോറെ ആരംഭിക്കുന്നു. ആൽഫ്രഡോ പറഞ്ഞത് ഇക്കാലമത്രയും സാൽവറ്റോറെ അക്ഷരം പ്രതി അനുസരിച്ചു.

ദശാബ്ദങ്ങൾക്കു ശേഷം അയാൾ അവിടേക്ക് മടങ്ങിവരികയാണ്. അവസാനമായി ആൽഫ്രഡോയെ ഒരു നോക്ക് കാണാൻ. പട്ടണം ആകെ മാറിയിരിക്കുന്നു. സിനിമ പാരഡീസോ തിയേറ്റർ നിന്നയിടം ഇപ്പോൾ തിരക്കേറിയ ആ പട്ടണത്തിലെ ഒരു പാർക്കിംഗ് ഗ്രൗണ്ട് ആണ്. ആൽഫ്രഡോ എപ്പോഴും അയാളെപ്പറ്റി പറയുമായിരുന്നെന്ന് അദ്ദേഹത്തിന്റെ വിധവ അയാളോട് പറയുന്നു.

എന്നെങ്കിലും മടങ്ങി വന്നാൽ  സാൽവറ്റോറെക്കു  നൽകാൻ ആൽഫ്രഡോ ഒരു സമ്മാനം കരുതിവച്ചിട്ടുണ്ട്. ആ സമ്മാനം കാണാനായി അവർ അയാളെ മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. നൂറ്റി അമ്പത്തഞ്ചു മിനിറ്റു ദൈർഘ്യമുള്ള  ഗിസപ്പേ റ്റൊർനാറ്റോറെയുടെ സിനിമ പാരദീസോ എന്ന  ചലച്ചിത്ര  വിസ്മയം അവസാനിക്കുന്നത് ആൽഫ്രഡോ കാലങ്ങളോളം  കാത്തുവെച്ച അവിസ്മരണീയമായ  ആ സമ്മാനം അത്ഭുതത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന  സാൽവറ്റോറെയുടെ ദൃശ്യങ്ങളിലാണ്.

മറ്റൊരു തരത്തിൽ പറഞ്ഞാൽ  സിനിമ പാരദീസോ എന്ന ക്‌ളാസ്സിക് ചലച്ചിത്രത്തിന്റെ തുടക്കം ശരിക്കും അവിടെനിന്നാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

5 നദികളില്‍ ബന്ധാരകള്‍; ഗോവന്‍ മാതൃക സ്വീകരിക്കും 

ജലനിരപ്പ് ഉയരുന്നു; പേപ്പാറ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും