ഗൗരവമുള്ള ഓരോ നോവലും പാർശ്വവത്കരിക്കപ്പെട്ടു പോയ ഒരു സഹോദരനെ അന്വേഷിക്കുന്നുണ്ട്  

എന്റെ ‘ജാസ്മിൻ ഡെയ്സ്’ എന്ന ഈ നോവൽ ഏകാധിപത്യത്തെക്കുറിച്ചും അറബ് വിപ്ലവത്തെക്കുറിച്ചും മതഭീകരവാദത്തെക്കുറിച്ചും ആയിരിക്കെ തന്നെ അത് മനുഷ്യനെക്കുറിച്ച്, അവന്റെ ഏകാന്തതയെക്കുറിച്ച്, ഒറ്റപ്പെടലിനെക്കുറിച്ച്, തിരസ്കാരങ്ങളെക്കുറിച്ച്, സങ്കടങ്ങളെക്കുറിച്ച്, സ്വത്വപ്രതിസന്ധികളെക്കുറിച്ച്, നിരാശകളെക്കുറിച്ച്, വീർപ്പുമുട്ടലുകളെക്കുറിച്ചു കൂടിയുള്ള നോവൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.  

ജെ സി ബി സാഹിത്യ പുരസ്കാരം  സ്വീകരിച്ചുകൊണ്ട്  പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ നടത്തിയ പ്രസംഗത്തിന്റെ മലയാള രൂപം. 

എല്ലാവർക്കും സായാഹ്ന നമസ്കാ‍രം,

ആദ്യമായി, എനിക്കൊപ്പം ഈ അഭിമാനാർഹമായ പുരസ്കാരത്തിനു ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരെ അഭിനന്ദിക്കാൻ ഈ അവസരം ഞാൻ വിനിയോഗിച്ചു കൊള്ളട്ടെ. ഈ സമ്മാനം നേടാൻ തക്കവണ്ണം തുല്യ യോഗ്യതയുള്ളതായിരുന്നു അവരുടെ രചനകൾ ഓരോന്നും എന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. പക്ഷേ ഒരാൾക്ക് മാത്രമേ പുരസ്കാരം സമ്മാനിക്കാൻ കഴിയൂ എന്നതുകൊണ്ട് ജഡ്ജിംഗ് പാനൽ ഞങ്ങളിൽ ഒരാളെ തിരഞ്ഞെടുത്തു എന്നു മാത്രം.

എന്റെ ജീവിതത്തിലെ മനോഹരമായ സായാഹ്നങ്ങളിൽ ഒന്നാണിത്. ചിലപ്പോഴൊക്കെ മാത്രമാണ് എഴുത്തുകാർക്ക് സ്നേഹത്തിന്റെയും ആദരവിന്‍റെയും അംഗീകരിക്കലിന്റെയും ഇത്തരം ചില നല്ല നിമിഷങ്ങൾ വീണു കിട്ടുക. മിക്കപ്പോഴും സമൂഹത്തിന്റെ പഴി കേൾക്കാനും തെറ്റിദ്ധരിക്കപ്പെടാനും ഭീഷണികൾക്ക് വിധേയരാകാനും തെറി വിളി കേൾക്കാനും ഒക്കെയാണ് ഞങ്ങൾക്ക് യോഗം. എന്നിട്ടും എന്തിനു നീ എഴുതുന്നു എന്ന് ചോദിച്ചാൽ, എവിടെ നിന്റെ സഹോദരൻ.? എന്ന ബൈബിളിലെ ദൈവം ആദിമ മനുഷ്യനോട് ചോദിക്കുന്ന പ്രസക്തമായ ചോദ്യത്തിനു ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി എന്ന് പറയാൻ കഴിയും.

ഗൌരവമുള്ള ഓരോ നോവലും നമുക്കിടയിൽ നിന്ന് പാർശ്വവത്കരിക്കപ്പെട്ടു പോയ ഒരു സഹോദരനെ അന്വേഷിക്കുന്നുണ്ട്. അവനെ രേഖപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ആ ബോധ്യമുള്ളതുകൊണ്ടാണ് അത്തരം എതിർപ്പുകളെ തെല്ലും വക വെയ്ക്കാതെയും ഭയക്കാതെയും മുന്നോട്ട് നീങ്ങാനും എഴുത്തിൽ തുടരാനും ഞങ്ങൾക്കാവുന്നത്. സുരക്ഷിതമായ ഒരു സോണിൽ നിന്നുകൊണ്ട് എഴുത്തുകാരന് എഴുത്തിനെ സമീപിക്കാനാവില്ലെന്നും ചിലപ്പോഴൊക്കെ അവൻ ചില അപകടകരമായ സോണുകളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ടെന്നും ഞങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്. അതുകൊണ്ടാണ് ഞങ്ങൾക്ക് ജീവിതത്തെയും പ്രമേയത്തെയും സത്യസന്ധ്യമായി സമീപിക്കാൻ കഴിയുന്നത്.

പുതിയ കാലത്തിൽ എഴുത്തും വായനയും എന്നത് വെറും വിനോദപരിപാടിയല്ല. അത് തികഞ്ഞ ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. പുതിയ കാലം, അതിന്റെ സങ്കീർണ്ണതകൾ, അതിന്റെ ഏകാധിപത്യ സ്വഭാവം, അതിന്റെ ഉപജാപപ്രവർത്തനങ്ങൾ, അതിന്റെ അസഹിഷ്ണുത, ജാതിമത ചിന്തകൾ, വിധ്വംസക മനോഭാവം ഇവയെക്കൂടി നോവൽ എന്ന സാഹിത്യരൂപം ഇന്ന് അഡ്രസ് ചെയ്യുന്നുണ്ട്. അതേസമയം നോവൽ വെറും പൊളിറ്റിക്കൽ മുദ്രവാക്യം ആയി മാറാതിരിക്കാനുള്ള ജാഗ്രത എഴുത്തുകാർ പുലർത്തുന്നുമുണ്ട്.

അതുകൊണ്ട് തന്നെ എന്റെ ‘ജാസ്മിൻ ഡെയ്സ്’ എന്ന ഈ നോവൽ ഏകാധിപത്യത്തെക്കുറിച്ചും അറബ് വിപ്ലവത്തെക്കുറിച്ചും മതഭീകരവാദത്തെക്കുറിച്ചും ആയിരിക്കെ തന്നെ അത് മനുഷ്യനെക്കുറിച്ച് അവന്റെ ഏകാന്തതയെക്കുറിച്ച്, ഒറ്റപ്പെടലിനെക്കുറിച്ച്, തിരസ്കാരങ്ങളെക്കുറിച്ച് സങ്കടങ്ങളെക്കുറിച്ച് സ്വത്വപ്രതിസന്ധികളെക്കുറിച്ച് നിരാശകളെക്കുറിച്ച് വീർപ്പുമുട്ടലുകളെക്കുറിച്ചു കൂടിയുള്ള നോവൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇന്ത്യയിലെ ഒരു ന്യൂനപക്ഷം മാത്രം സംസാരിക്കുന്ന മലയാളം എന്ന ചെറിയ ഭാഷയിൽ എഴുതിയ ഒരു കൃതി ഇത്തരം വലിയൊരു സമ്മാനത്തിനു തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം ഞാൻ മറച്ചു വയ്ക്കുന്നില്ല. ലോകമെമ്പാടും അറിയപ്പെടുന്ന സാഹിത്യ സമ്മാനങ്ങളിൽ പലതും ഇംഗ്ലീഷിൽ എഴുതപ്പെടുന്നവയ്ക്ക് മാത്രം നൽകുന്നതാണ്. അവിടെയാണ് ജെ.സി.ബി ലിറ്ററേച്ചർ പ്രൈസിന്റെ പ്രത്യേകത. അത് പ്രാദേശിക ഭാഷ സാഹിത്യത്തിലെ രചനകളെക്കൂടി തുല്യതയോടെ പരിഗണിക്കുന്നു. വല്ലാതെ പാർശ്വവത്കരിക്കപ്പെട്ടു പോയ പ്രാദേശിക ഭാഷാ സാഹിത്യത്തിനും അവയുടെ പരിഭാഷയ്ക്കും വലിയ ഉണർവ്വു ലഭിക്കാൻ ഇത് സഹായിക്കും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

സാഹിത്യം ജീവിതമായി കൊണ്ടുനടക്കാൻ തീരുമാനിച്ചതിൽ തെറ്റില്ല എന്ന് ഈ സന്ധ്യ ഒരിക്കൽ കൂടി എന്നെ ഓർമ്മിപ്പിക്കുന്നു. ഇത്ര വലിയ പുരസ്കാരത്തിനു എന്നെ തിരഞ്ഞെടുത്ത ജഡ്ജിംഗ് പാനലിനെ ഓരോ അംഗങ്ങൾക്കും, മറ്റ് സംഘാടകർക്ക് ഈ സന്ധ്യയെ അവിസ്മരണീയമാക്കി തീർക്കാൻ സമയം കണ്ടെത്തിയ നിങ്ങൾ ഓരോരുത്തർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി അർപ്പിക്കുന്നു. ജെ സിബി ലിറ്ററേച്ചർ പ്രൈസ് അഭിമാനത്തോടെയും കുനിഞ്ഞ ശിരസോടെയും ഞാൻ ഏറ്റു വാങ്ങുന്നു.

എഴുത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ വിമർശനങ്ങളെ വഴി വിളക്കുകൾ പോലെയും സമ്മാനങ്ങളെ പാഥേയം പോലെയുമാണ് ഞാൻ കാണുന്നത്. വരും കാലത്ത് ഇവ രണ്ടും നിങ്ങളിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

നന്ദി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സംരംഭക പ്രിയര്‍ക്കായി സ്റ്റാര്‍ട്ടപ് ഇന്ത്യ – കെ എസ് യു എം ‘സ്റ്റാര്‍ട്ടപ് യാത്ര’ 

തൊഴില്‍ പ്രശ്നപരിഹാരത്തിനായുള്ള കാള്‍ സെന്റര്‍ ജനപ്രിയമാകുന്നു