
കൊച്ചി: നടൻ ഫഹദ് ഫാസിലിന്റെ ( Fahad ) ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാഹന ഡീലര്‍മാരും ( dealers ) പ്രതികളാകുമെന്ന് സൂചന. ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടന് കാര്‍ വിറ്റ വാഹന ഡീലര്‍മാരെയും പ്രതികളാക്കുന്നത്.
ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും രണ്ട് കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിൽ എത്തിക്കുന്നതിന് ഡീലര്‍മാര്‍ പാക്കേജ് മുന്നോട്ടു വച്ചതായും താന്‍ അത് അംഗീകരിക്കുകയാണ് ചെയ്തതെന്നും നടൻ അന്വേഷണ സംഘത്തിനോട് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
കാര്‍ വാങ്ങാനായി താന്‍ പോയിട്ടില്ലെന്നും നികുതി സംബന്ധമായ വെട്ടിപ്പിനെ സംബന്ധിച്ച കാര്യങ്ങള്‍ തനിക്കറിയില്ലായിരുന്നു എന്നും ഫഹദ് ക്രൈബ്രാഞ്ചിന് മൊഴിനല്‍കിയിരുന്നു.
നടന്റെ മൊഴിയെ തുടർന്ന് ഫഹദിന് കാര്‍ വിറ്റ ഡീലര്‍മാരെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം ഉടന്‍ യാത്ര തിരിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം പുതുച്ചേരിയില്‍ ഫ്ലാറ്റ് വാങ്ങി നല്‍കാമെന്നും അതുവഴി നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെന്നും അറിയിച്ച് ഫഹദിനെ ചിലര്‍ സമീപിച്ചതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.
കേസ് സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായി ഫഹദിനെ ഇന്നലെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. തുടർന്ന് രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടനെ വിട്ടയച്ചിരുന്നു.
നേരത്തെ മുൻകൂർ ജാമ്യം നേടിയതിനാലാണ് ഫഹദിനെ അറസ്റ്റു ചെയ്തയുടന്‍ വിട്ടയച്ചത്. നടനും എംപിയുമായ സുരേഷ് ഗോപിയ്ക്ക് പുറമെ അമലാ പോലും പോണ്ടിച്ചേരിയിലെ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ്.