വ്യാജ വാർത്തകൾ വിളയുന്ന നമോ ആപ്പ് 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ആപ്പാണ് നമോ. അതിൽ പതിനഞ്ച് ‘ വെരിഫൈഡ് ‘ എകൗണ്ടുകൾ ഉണ്ട്.  അതിലൊന്നാണ് ‘ ദി ഇന്ത്യ ഐ ‘ ; വ്യാജ  വാർത്തകൾ നിരന്തരമായി പ്രചരിപ്പിച്ച് കുപ്രസിദ്ധി നേടിയ, വിശ്വാസ്യത ഒട്ടുമില്ലാത്ത ഒരു വാർത്താ പോർട്ടൽ. അൺഫോളോ ചെയ്യാൻ ശ്രമിച്ചാലും ഫോളോ ചെയ്യാൻ നിർബന്ധിതരാവും വിധത്തിൽ ഡിഫോൾട്ട് ആയാണ് ഇന്ത്യ ഐയെ നമോയിൽ സെറ്റ് ചെയ്തിട്ടുള്ളത്.

അതുകൊണ്ടു തന്നെ വേണ്ടെന്നുവച്ചാലും നമോ ഉപയോക്താക്കൾക്ക് ഇന്ത്യ ഐ എകൗണ്ട് ഒഴിവാക്കാനാവില്ല. ഗുജറാത്ത് സർക്കാരിന്റെ ഇ ഗവേണൻസ് പദ്ധതികളുടെ കരാർ ഏറ്റെടുത്ത ഐ ടി കമ്പനിയാണ് സിൽവർ ഐ ടെക്‌നോളജീസ്. അവർ തന്നെ വികസിപ്പിച്ചെടുത്ത ആപ്പാണ് നമോ.

ഇതേ ഐ ടി കമ്പനിയാണ് ഇന്ത്യ ഐ എന്ന ന്യൂസ് പോർട്ടലിന്റെ പിറകിലും പ്രവർത്തിക്കുന്നത് എന്നാണ് കണ്ടെത്തൽ. ഒരേ സെർവറും ഐ പി വിലാസവും ഫോൺ നമ്പറുകളുമായി രണ്ടും ഒരേ ബുദ്ധികേന്ദ്രങ്ങളുടെ നിർമിതിയാണ് എന്ന വസ്തുതയാണ് പുറത്തുവരുന്നത്.

വാർത്ത പുറത്തുവന്നതോടെ ഇന്ത്യ ഐയുടെ ഐ പി വിലാസത്തിൽ മാറ്റം വന്നിരിക്കുന്നു. ഏഴുവർഷം മുൻപ് എൻ ഡി ടി വി പുറത്തുവിട്ട നിഗമനങ്ങളുടെ ചുവടുപിടിച്ച് ദി വയർ നടത്തിയ അന്വേഷണത്തിലൂടെ  പുറത്തുവന്ന വിവരങ്ങൾ: 

നമോ ആപ്പിനെപ്പറ്റി പ്രശസ്ത പത്രപ്രവർത്തകൻ സമർത്ഥ് ബൻസാൽ വെളിച്ചത്ത് കൊണ്ടുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ആപ്പിന്റെ മൈ നെറ്റ് വർക്ക് വിഭാഗത്തിൽ പതിനഞ്ചോളം ‘ വെരിഫൈഡ് ‘ എകൗണ്ടുകളാണ് ഉള്ളത്. ഇതിൽ വ്യാജവാർത്താ പ്രചാരകരെന്ന്  കുപ്രസിദ്ധരായ ‘ ദി ഇന്ത്യ ഐ ‘ ഉൾപ്പെടുന്നു. ഈ എകൗണ്ട് അൺഫോളോ ചെയ്യാൻ തീരുമാനിച്ചാലും പ്രയോജനമില്ല. ഡിഫോൾട് ആയാണ് സെറ്റിങ്‌സ്. അതായത് അൺഫോളോ ചെയ്താലും അവർ പോസ്റ്റ് ചെയ്യുന്നതെല്ലാം നമോ ആപ്പിന്റെ ഉപയോക്താക്കൾ കാണേണ്ടിവരും. 

കൊൽക്കത്തയിൽ മമതാ ബാനർജി സംഘടിപ്പിച്ച മഹാഗദ് ബന്ധൻ പരിപാടിയിൽ പങ്കെടുത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഇന്ത്യ ഐ കൊടുത്ത വാർത്തകൾ തികച്ചും വ്യാജമായിരുന്നു. രാജ്യത്തിന് എതിരായും പാകിസ്ഥാന്  അനുകൂലമായും കെജ്‌രിവാൾ സംസാരിച്ചു എന്നായിരുന്നു അവരുടെ ആരോപണം. വരുന്ന തെരഞ്ഞെടുപ്പിലും  മോദി- അമിത് ഷാ കൂട്ടുകെട്ട് അധികാരത്തിലെത്തിയാൽ അതിന്റെ ആഘാതത്തെ  അതിജീവിക്കാൻ രാജ്യത്തിനാവില്ലെന്നും അവർ രാജ്യം നശിപ്പിക്കുമെന്നും കെജ്രിവാളിൾ പ്രസംഗിക്കുന്ന  വീഡിയോ ആണ് അവർ പുറത്തുവിട്ടത്. എന്നാൽ സംഗതി കെട്ടിച്ചമച്ചതാണെന്നും ‘ ഈ രാജ്യം ‘ എന്ന വാക്കുകൾ എഡിറ്റ് ചെയ്ത് നീക്കി ആ സ്ഥാനത്ത്  ‘ പാകിസ്ഥാൻ ‘ എന്ന് തിരുകിക്കയറ്റുകയുമായിരുന്നു എന്നും വെളിപ്പെട്ടു.

കെജ്‌രിവാൾ സംഭവം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇത്തരം വാർത്തകളുടെ മഹാപ്രളയമാണ് ഇന്ത്യ ഐയിലൂടെ  നടക്കുന്നതെന്നുമാണ് പ്രശസ്ത പത്രപ്രവർത്തകരായ ജിഗ്നേഷ് പട്ടേൽ , പൂജ ചൗധരി എന്നിവർ പറയുന്നത് . നമോ ആപ്പിലെ കേവലമൊരു  പ്രൊപ്പഗാണ്ട എകൗണ്ട് മാത്രമായി ഇന്ത്യ ഐയെ കാണാനാവില്ല.  ഇന്ത്യ ഐ യെ പ്രൊമോട്ട് ചെയ്യുന്നതിൽ മുൻപന്തിയിലുള്ള @HemonNamoor  എന്ന ട്വിറ്റർ ഹാൻഡിലിനെ മുൻനിർത്തിയുള്ള അവരുടെ  അന്വേഷണം എത്തി നിന്നത് ഗുജറാത്തിലെ  സിൽവർ ടച്ച് ടെക്‌നോളജീസ് എന്ന ഐ ടി കമ്പനിയെ കേന്ദ്രീകരിച്ചാണ്. കമ്പനിയുടെ ഡയറക്ടറായ ഹിമാൻഷു ജെയിൻ ആണ് @HemonNamoor  എന്ന ട്വിറ്റർ ഹാൻഡിലിന്റെ ഉടമ. തുടരന്വേഷണത്തിൽ സിൽവർ  ടച്ച് ടെക്‌നോളജീസിന്റെ സെർവറാണ് theindiaeye.in ഉം ഉപയോഗിക്കുന്നത് എന്ന് തെളിഞ്ഞു. ഗുജറാത്ത് സർക്കാരിന്റെ ഇ ഗവേണൻസ്‌ ചുമതല നിർവഹിക്കുന്ന സിൽവർ ടച്ച് ടെക്‌നോളജീസിന്റെ ഡയറക്ടറുടെ  പേരിലും ഫോൺ നമ്പറിലുമാണ് ഇന്ത്യ ഐയുടെ ഡൊമെയ്ൻ വിലാസം  രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

എന്നാൽ ഇതേപ്പറ്റി അന്വേഷിക്കാൻ  ഹിമാൻഷു ജെയിനെ ബന്ധപ്പെട്ടതിനു തൊട്ടുപിന്നാലെ ഇന്ത്യ ഐയുടെ ഐ പി വിലാസം മാറ്റിയതായി കണ്ടെത്തി. സിൽവർ ടച്ചിന്റെ മാനേജിങ് ഡയറക്ടർ വിപുൽ താക്കറുമായി ബന്ധപ്പെട്ടപ്പോൾ തന്റെ കമ്പനിക്ക് ഇന്ത്യ ഐയുമായി യാതൊരു ബന്ധവുമില്ല എന്ന മറുപടിയാണ് ലഭിച്ചത്. 1992 ൽ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ( ഇന്നത്തെ പ്രയാഗ് രാജ്) സിൽവർ ടച്ച് ടെക്‌നോളജീസ് സ്ഥാപിക്കുന്നത്. ഗുജറാത്ത് സർക്കാറിന്റെ ഇ ഗവേണൻസ് ആണ് കമ്പനിയുടെ പ്രധാന പ്രവർത്തന മേഖല.  ബി ജെ പി സർക്കാരിന് വേണ്ടി നിരവധി ഐ ടി പ്രൊജക്റ്റുകൾ കമ്പനി ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിപുൽ താക്കറിന്റെ ഒട്ടേറെ ട്വീറ്റുകളും ഇരുവരും പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

സിൽവർ ടച്ചാണ് മോദിയുടെ പേരിലുള്ള നമോ ആപ്പും വികസിപ്പിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെപ്പറ്റി പൊതുജനങ്ങളെ അതാതുസമയം അറിയിക്കാനായി പ്രത്യേകമായി രൂപകൽപന ചെയ്ത ആപ്പിൽ  ഭരണ മികവും പ്രവർത്തന നേട്ടങ്ങളും അടക്കം മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹിമാൻഷു ജെയ്ൻ- സിൽവർ ടച്ച്- ദി ഇന്ത്യ ഐ ത്രികോണ ബന്ധത്തെപ്പറ്റി ആദ്യം റിപ്പോർട്ട് ചെയ്യുന്നത് എൻ ഡി ടി വി ആയിരുന്നു , 2012 ൽ . ഹിമാൻഷു ജെയ്ൻ ഡയറക്ടറായ കമ്പനിയുടെ 53 ശതമാനം പ്രവർത്തനങ്ങളും ഗുജറാത്ത് സർക്കാരുമായി ബന്ധപ്പെട്ടുള്ള കരാറുകളാണെന്നായിരുന്നു എൻ ഡി ടി വി യുടെ കണ്ടെത്തൽ. ബി ജെ പി അനുകൂല ഹാഷ് ടാഗ് കാമ്പയിനുകളിൽ മുൻപന്തിയിലാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിൽ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. പരസ്പര ബന്ധങ്ങൾ പുറത്തു വന്നതോടെ @HemanNamo  എന്ന ട്വിറ്റർ ഹാൻഡിലിന്റെ പേര് @NamoNews2019 എന്നാക്കി മാറ്റിയിരിക്കുന്നു. 

ജനുവരി 21 ന് കൊൽക്കത്തയിൽ മമതാ ബാനർജി സംഘടിപ്പിച്ച മഹാഗദ്ബന്ധൻ  റാലി നടക്കുമ്പോൾ അതേപ്പറ്റി ഒട്ടേറെ ഫെയ്ക് വാർത്തകൾ ഇന്ത്യ ഐ പുറത്തുവിട്ടു. അതിൽ ഒന്ന് അവിടെ കൂടിയ നേതാക്കളിൽ ആരും തന്നെ ഭാരത് മാതാ കി ജയ് എന്നോ ജയ് ഹിന്ദ് എന്നോ ഉള്ള വാക്കുകൾ ഉച്ഛരിച്ചില്ല  എന്നാണ്. രാജ്യസ്നേഹമില്ലാത്ത  അവസരവാദികളുടെ കൂട്ടായ്മയായി മഹാഗദ്ബന്ധൻ ചിത്രീകരിക്കപ്പെട്ടു. പടിഞ്ഞാറൻ മാൽഡയിൽ നടന്ന റാലിയിൽ പാർട്ടി പ്രസിഡണ്ട് അമിത് ഷാ തന്നെ ഇന്ത്യ ഐയിൽ വന്ന  ഈ വ്യാജ വാർത്ത ഏറ്റെടുത്ത് പ്രചരിപ്പിക്കുകയുണ്ടായി. എന്നാൽ  ഇത്തരം വ്യാജ വാർത്തകൾ പുറത്തു കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന  ആൾട് ന്യൂസാണ് ഇതിനുപിന്നിലെ നിജ  സ്ഥിതി  വെളിപ്പെടുത്തിയത്. ഇന്ത്യ ഐയിൽ  വാർത്ത വന്നതിന്  തൊട്ടുപിറകേ ഹാർദിക് പട്ടേൽ അടക്കമുള്ള നേതാക്കളുടെ  ജയ് ഹിന്ദിൽ അവസാനിക്കുന്ന പ്രസംഗങ്ങളുടെ വീഡിയോകൾ ആൾട് ന്യൂസ് പുറത്തുവിട്ടു.

ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിന് പ്രചോദനമായത് ഇസ്ലാം ആയിരുന്നെന്ന് ദുബൈയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി  പ്രസംഗിച്ചു  എന്ന ആരോപണവും  മറ്റൊരു തട്ടിപ്പായിരുന്നു. രാഹുലിന്റെ പ്രസംഗത്തിന്റെ വീഡിയോ കൂടി ചേർത്തായിരുന്നു കള്ള പ്രചരണം. പൗരാണിക മതങ്ങളും ക്രിസ്തുമതവും ജൂതമതവും ഉൾപ്പെടെ ലോകത്തെ എല്ലാ മതങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഗാന്ധിജി തന്റെ അഹിംസാ സിദ്ധാന്തം വികസിപ്പിച്ചത് എന്നായിരുന്നു ദുബൈയിൽ രാഹുൽ പറഞ്ഞത്. 

രാഹുൽ ഗാന്ധിയുടെ  ദുബൈ ചടങ്ങുമായി ബന്ധപ്പെട്ട് മറ്റൊരു കള്ളക്കഥ കൂടി ഇതേ ന്യൂസ് പോർട്ടൽ പ്രചരിപ്പിച്ചു. രാഹുലിന്റെ പ്രസംഗം കേൾക്കാൻ മൂന്നു ലക്ഷത്തിലേറെപ്പേർ തടിച്ചുകൂടി എന്ന് കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദി അവകാശപ്പെട്ടു എന്ന തെറ്റായ വാർത്തയാണ് പ്രചരിപ്പിച്ചത്. എന്നാൽ  ഞൊടിയിടയിലാണ് ആ കള്ളക്കഥയും പൊളിഞ്ഞുപോയത്. ചുട്ടമറുപടി നൽകി പ്രിയങ്ക ചതുർവേദി തന്നെ രംഗത്തെത്തി. കപ്പലണ്ടിയുടെ വലിപ്പം പോലുമില്ലാത്ത തലച്ചോറുകൊണ്ട് ചിന്തിക്കുന്നതിന്റെ കുഴപ്പമാണെന്നും ഇത്തരം  കഥകൾ കെട്ടിച്ചമയ്ക്കരുതെന്നും  പറയാത്ത കാര്യങ്ങൾ തന്റെ വായിൽ തിരുകരുതെന്നുമാണ് അവർ ട്വീറ്റ് ചെയ്തത്. 

മുൻപ്രധാന മന്ത്രി മൻമോഹൻ സിംഗിനെ ചിത്രീകരിച്ച അനുപം ഖേർ സിനിമ  ആക്സിഡന്റൽ പ്രൈം  മിനിസ്റ്റർ മധ്യപ്രദേശിൽ നിരോധിച്ചു എന്ന വ്യാജ വാർത്തയും ഇതിനിടയിൽ വന്നു . അതിനെതിരെ  മധ്യപ്രദേശ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ്റ് തന്നെ രംഗത്തെത്തി. കെട്ടിച്ചമച്ച, തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും സിനിമക്ക് സംസ്ഥാനത്ത് യാതൊരു നിരോധനവും ഏർപ്പെടുത്തിയിട്ടില്ലെന്നും വിശദീകരണക്കുറിപ്പ് വന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ആപ്പാണ് നമോ. ഇത്തരം ഫെയ്ക് ന്യൂസുകൾ പടച്ചുവിടുന്നവരുടെ വിഹാര കേന്ദ്രമായി നമോ മാറുമ്പോൾ ഫോളോ ചെയുന്ന ലക്ഷക്കണക്കിനാളുകളാണ്‌ വഞ്ചിക്കപ്പെടുന്നത്. ലോക രാജ്യങ്ങളെല്ലാം വ്യാജ വാർത്തകൾക്കെതിരെ അതീവ ജാഗ്രത പുലർത്തുകയും അവയുടെ വ്യാപനം തടയാനുള്ള മാർഗങ്ങൾ  ഊർജ്ജിതപ്പെടുത്തുകയും ചെയ്യുന്നതിനിടയിലാണ് ഇന്ത്യയുടെ പ്രധാന മന്ത്രി തന്നെ  സ്വന്തം പേരിലുള്ള ആപ്പിലൂടെ അവ  പ്രചരിപ്പിക്കുന്നതിന് കൂട്ടുനിൽക്കുന്നത്.

കടപ്പാട്:  ദ വയർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മലയാള സിനിമയ്ക്ക് ഇത് ടൊവിനോക്കാലം

ചരിത്ര പൈതൃക പഠനയാത്രയ്ക്ക് തുടക്കമായി