Movie prime

കക്ഷി അമ്മിണിപ്പിള്ളയ്ക്ക് കാന്തി പകർന്ന ഫറ ഷിബ്‌ല

സമൂഹത്തില് ഇന്ന് ഏറി വരുന്ന വിവാഹമോചനങ്ങളെക്കുറിച്ചും ദാമ്പത്യ ബന്ധങ്ങളിലെ ഇഴയടുപ്പങ്ങളെക്കുറിച്ചും കൃത്യമായി വരച്ചുകാട്ടുന്ന ചിത്രമെന്ന രീതിയില് ഖ്യാതി നേടിക്കഴിഞ്ഞിരിക്കുന്നു ദിന്ജിത്ത് അയ്യത്താന് ഒരുക്കിയ കക്ഷി അമ്മിണിപ്പിള്ളയെന്ന മനോഹര ചിത്രം. നായിക കാന്തിയായി എത്തിയ പെണ്കുട്ടിയിലാണ് ഇന്നേറെ പേരുടെയും ശ്രദ്ധ തിരിയുന്നത്, സമൂഹത്തില് അനേകം പേരനുഭവിക്കുന്ന ബോഡി ഷെയ്മിങ്ങിന്റെ പേരില്, വാക്കുകള് കൊണ്ടും നോട്ടം കൊണ്ടും മുറിപ്പെടുത്തുന്നവരെ തരിമ്പും പരിഗണിക്കാതെ താനെന്തോ അതില് വിശ്വസിച്ച് ജീവിതത്തെ മനക്കരുത്തും ഇച്ഛാശക്തികൊണ്ടും കാന്തി മുറുകെ പിടിക്കുമ്പോള് നാം കയ്യടിച്ച് പോകുന്നത് സ്വാഭാവികമാണ്, അത്രമേല് കരുത്തുറ്റ More
 
കക്ഷി അമ്മിണിപ്പിള്ളയ്ക്ക് കാന്തി പകർന്ന ഫറ ഷിബ്‌ല

സമൂഹത്തില്‍ ഇന്ന് ഏറി വരുന്ന വിവാഹമോചനങ്ങളെക്കുറിച്ചും ദാമ്പത്യ ബന്ധങ്ങളിലെ ഇഴയടുപ്പങ്ങളെക്കുറിച്ചും കൃത്യമായി വരച്ചുകാട്ടുന്ന ചിത്രമെന്ന രീതിയില്‍ ഖ്യാതി നേടിക്കഴിഞ്ഞിരിക്കുന്നു ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കിയ കക്ഷി അമ്മിണിപ്പിള്ളയെന്ന മനോഹര ചിത്രം. നായിക കാന്തിയായി എത്തിയ പെണ്‍കുട്ടിയിലാണ് ഇന്നേറെ പേരുടെയും ശ്രദ്ധ തിരിയുന്നത്, സമൂഹത്തില്‍ അനേകം പേരനുഭവിക്കുന്ന ബോഡി ഷെയ്മിങ്ങിന്റെ പേരില്‍, വാക്കുകള്‍ കൊണ്ടും നോട്ടം കൊണ്ടും മുറിപ്പെടുത്തുന്നവരെ തരിമ്പും പരിഗണിക്കാതെ താനെന്തോ അതില്‍ വിശ്വസിച്ച് ജീവിതത്തെ മനക്കരുത്തും ഇച്ഛാശക്തികൊണ്ടും കാന്തി മുറുകെ പിടിക്കുമ്പോള്‍ നാം കയ്യടിച്ച് പോകുന്നത് സ്വാഭാവികമാണ്, അത്രമേല്‍ കരുത്തുറ്റ കാന്തിയെന്ന കഥാപാത്രം നായികയായെത്തിയ ഫറ ഷിബ് ല അങ്ങേയറ്റം മനോഹരമാക്കി തീര്‍ത്തെന്നുവേണം പറയാന്‍.

സിനിമാ അഭിനയത്തിലേക്കെത്തിയ വഴികളെക്കുറിച്ചും, തന്റെ സ്വപ്നങ്ങളെക്കുറിച്ചും ഫറ ഷിബ്‌ല ബി ലൈവ് ന്യൂസിനോട്.

ഫറ ഷിബ്‌ല. കേള്‍ക്കുമ്പോള്‍ മനസില്‍ പതിയുന്ന ഈ പേരെങ്ങനെ കിട്ടി?

കക്ഷി അമ്മിണിപ്പിള്ളയ്ക്ക് കാന്തി പകർന്ന ഫറ ഷിബ്‌ലശരിക്കുള്ള എന്റെ പേര് ഷിബ് ല എന്ന് മാത്രമാണ് , പക്ഷേ എന്റെ ഉമ്മ എനിക്കായി കണ്ടുവച്ചിരുന്ന പേരായിരുന്നു ഫര്‍ഹാനയെന്നത് , പക്ഷേ പല കാരണങ്ങളാല്‍ ആ പേര് എനിക്ക് ഇട്ടില്ല , അങ്ങനെ ഉമ്മയുടെ സന്തോഷത്തിനായി ഫേസ്ബുക്കില്‍ ഫര്‍ഹാനയുടെ ഫര്‍നെ ഞാന്‍ ഷിബ് ലയോട് ചേര്‍ത്തു , പിന്നെ പതിയെ അത് എനിക്കും മറ്റുള്ളവര്‍ക്കും ശീലമായി വന്നു.

മലപ്പുറത്തെ യാഥാസ്ഥിക മുസ്ലീം കുടുംബത്തില്‍ ജനിച്ച ഷിബ്‌ലക്ക് സിനിമാ പ്രവേശനം സുഗമമായിരുന്നോ?

പിന്നിട്ട വഴികളില്‍ തീര്‍ച്ചയായും ഒന്ന് പിന്തിരിഞ്ഞ് നോക്കിയാല്‍, കൂടെ നിന്നവരെക്കാളുപരി നില്‍ക്കാതിരുന്നവരാണ് കൂടുതല്‍ എന്നെനിക്ക് തോന്നാറുണ്ട്, പക്ഷേ നമ്മുടെ ഉള്ളില്‍ ഒരു സ്പാര്‍ക്ക്, ഒരു തീപ്പൊരി, അണയാതെ കിടന്നാല്‍ അത് മാത്രം മതി, ആഗ്രഹിച്ചതൊക്കെ നേടാനുള്ള വഴി താനെ തുറന്നുകിട്ടാൻ എന്ന് തോന്നാറുണ്ട്.

സ്‌കൂള്‍ , കോളേജ് പഠനങ്ങള്‍ ഫറയിലെ അഭിനേത്രിയെ തിരിച്ചറിഞ്ഞിരുന്നോ?

അത്രകണ്ട് എന്റെ ഉള്ളിലെ അഭിനേത്രിയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല, ഞാനൊഴികെ. മലപ്പുറത്ത് ജനിച്ച് വളര്‍ന്ന് പഠിച്ച് പിന്നീട് ചെന്നൈയിലും ബെംഗളുരുവിലും പഠനത്തിനായി ഞാനെത്തിച്ചേരുകയും, നഗരങ്ങളും പലതരം ജീവിതങ്ങളും എന്നെ വിശാലമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും, എന്നെങ്കിലും അഭിനയിക്കുമെന്നും എന്നെ ആരെങ്കിലും തിരിച്ചറിയുമെന്നും മനസില്‍ ചിന്തിച്ച് കൂട്ടിയ വ്യക്തിയാണ് ഞാന്‍..

ചില ചാനലുകളില്‍ പ്രോഗ്രാമുകള്‍ക്കായി പോയതും, ഷോകള്‍ക്ക് പോയതുമൊക്കെ എന്റെ ഉള്ളിലെ അഭിനേത്രിയെ പാകപ്പെടുത്തി എടുക്കാന്‍ തന്നെയായിരുന്നു. പല തരത്തില്‍, പലരിലൂടെ സമൂഹത്തെ നോക്കി കാണാനാണ് എനിക്കിഷ്ടം.

കാന്തി തന്ന സൗഭാഗ്യം എന്താണ്?

പലരും തിരിച്ചറിയുന്നു. ഫറ ഷിബ്‌ലയെ മാറ്റി നിര്‍ത്തി ‘എടീ കാന്തിയെ’ എന്ന് പലരും വിളിക്കാറുണ്ട്. അതെന്റെ കഥാപാത്രത്തിന്റെ വിജയമായി കരുതുന്നു. കാന്തിയെ എനിക്കും ഏറെ ഇഷ്ടമാണ്. ഒരു തുടക്കക്കാരി എന്ന നിലയില്‍ ഇത്ര നല്ല കഥാപാത്രം വിശ്വാസത്തോടെ എനിക്ക് തന്ന സംവിധായകനും മറ്റുള്ളവര്‍ക്കുമാണ് ഇതിന്റെ ക്രെഡിറ്റ്. കാന്തി വണ്ണമുണ്ടെന്ന് കരുതി കരഞ്ഞ് നിലവിളിച്ച് നടക്കുന്നില്ല എന്നത് നല്ല കാര്യമായി തോന്നുന്നു.

കക്ഷി അമ്മിണിപ്പിള്ളയ്ക്ക് കാന്തി പകർന്ന ഫറ ഷിബ്‌ല
മഞ്ജു വാര്യർക്കൊപ്പം

ബോഡിഷെയിമിങ് നടത്തുന്നവരോട് പറയാനുള്ളത്?

നിങ്ങള്‍ ആരെയാണ് നാണം കെടുത്തുന്നത്? നിങ്ങളിലൊരാളെ തന്നെയാണ്! നിങ്ങളെ പോലെ ഈ ഭൂമിയില്‍ അതേ അവകാശത്തോടെ ജീവിക്കാന്‍ കഴിയുന്നവരെ പരിഹസിച്ച് ആട്ടിയോടിക്കുമ്പോഴല്ല, ഏത് സങ്കടത്തിലും താങ്ങായി നിന്നാല്‍ പല അത്ഭുതങ്ങളും പലര്‍ക്കും ചെയ്യാനാകുമെന്ന തിരിച്ചറിവ് പ്രധാനമാണ്. വണ്ണമുള്ളവരുടെതു കൂടിയാണ് ഈ ലോകം. മെലിഞ്ഞ് പേപ്പര്‍ പോലെ ഇരുന്നാല്‍ സൗന്ദര്യത്തിന്റെ അങ്ങേയറ്റമായി എന്ന് കരുതുന്നത് അങ്ങേയറ്റം വിഡ്ഢിത്തമായി കരുതുന്ന ഒരാളാണ് ഞാന്‍. ആരോഗ്യത്തിന് ഉതകുന്ന, മറ്റ് പ്രയാസങ്ങളൊന്നും തരാത്ത വണ്ണത്തെക്കുറിച്ച് അല്‍പ്പം വണ്ണം ഉള്ളവരോട് കദനകഥ പറയാന്‍ പോകരുത്. കണ്ണീര്‍ കഥയുമായി ചെല്ലുന്ന നിങ്ങളെ, അതല്ലെങ്കില്‍ പരിഹസിച്ച് രസിക്കുന്ന നിങ്ങളെയോ എന്നെയോ സമൂഹത്തിന് ആവശ്യമില്ല എന്ന ബോധത്തോടെ വേണം ഓരോ വ്യക്തിയും മറ്റുള്ളവരോട് ഇടപെടാന്‍ എന്ന് ഞാനാശിക്കുന്നു.

കാന്തിയായി നടത്തിയ രൂപമാറ്റം അമ്പരപ്പിക്കുന്നു. 20 കിലോയിലധികം കൂട്ടി പിന്നീട് വീണ്ടും പഴയ ഫറ ഷിബ് ലയിലേക്ക് തിരികെയെത്തി.

കഥാപാത്രങ്ങള്‍ക്കനുസരിച്ച് ശരീരത്തെയും മനസിനെയും പരുവപ്പെടുത്തി എടുക്കുന്നവരാണ് അഭിനേതാക്കള്‍. കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടി, സിനിമ കഴിഞ്ഞപ്പോള്‍ ജിമ്മില്‍ പോയി പഴയ ഷിബ്ലയിലേക്കെത്തുകയും ചെയ്തു. ഇനി മറ്റൊരു കഥാപാത്രമായി മാറുമ്പോള്‍ പൂര്‍ണ്ണമായും ഫറയെ മാറ്റി നിര്‍ത്തി വീണ്ടും ഞാന്‍ കഥാപാത്രത്തെ എന്റെ മനസിലുറപ്പിച്ച് കഥ കേട്ട്, ഒരുങ്ങും. അഭിനയം എനിക്ക് അങ്ങേയറ്റം സന്തോഷം തരുന്നു, സംതൃപ്തിയും. അത് ജീവിതത്തില്‍ പ്രധാനമാണ്.

കുടുംബാംഗങ്ങളുടെ പ്രതികരണം? കാന്തിയെ എങ്ങനെ സ്വീകരിച്ചു?

ഭർത്താവിന്റെ അമ്മ വളരെ ഇമോഷണലാണ്, കുറച്ച് സങ്കടമൊക്കെ തോന്നിയിരുന്നെന്നും പറഞ്ഞു, കാന്തിയെ കണ്ടപ്പോള്‍. എന്നാല്‍ 3 വയസുകാരന്‍ മകന്‍ ഇടക്കെന്നെ നോക്കിയിട്ട് കാന്തിയാണോ, അതോ ഇതെന്റെ അമ്മയാണോ, എന്നൊക്കെ ചോദിക്കാറുണ്ട്. കുറുമ്പിന്റെ എല്ലാ വേര്‍ഷനുകളും ഉള്‍ക്കൊള്ളുന്ന കുട്ടിയാണ് എന്റെ 3 വയസുകാരന്‍ വീര്‍ അഭിമന്യു. ഭര്‍ത്താവ് വിജിത് എല്ലാ പിന്തുണയുമായി കൂടെയുണ്ട്. മലപ്പുറത്തുള്ള എന്റെ കുടുംബവും സപ്പോര്‍ട്ടീവാണ്.

എന്താണ് ഭാവിയിലെ സ്വപ്നങ്ങള്‍ ?

സര്‍വൈവല്‍, ത്രില്ലര്‍, റൊമാന്റിക് ചിത്രങ്ങള്‍ ഏറെ ഇഷ്ടമാണ്. അത്തരം ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു, ഇപ്പോള്‍ കുറച്ച് കഥകള്‍ കേള്‍ക്കാറുണ്ട്, വെറുതെ പേരിന് അഭിനയിച്ച് പോകാതെ നല്ല കഥാപാത്രങ്ങളാണെങ്കില്‍ തീര്‍ച്ചയായും തിരഞ്ഞെടുക്കും. തുടക്കക്കാരി എന്ന നിലയില്‍ എനിക്ക് തിരഞ്ഞെടുക്കല്‍ ശ്രദ്ധിച്ച് വേണമെന്നതിനാല്‍ പല വട്ടം ചിന്തിച്ച് തീരുമാനമെടുക്കും.

കക്ഷി അമ്മിണിപ്പിള്ളയ്ക്ക് കാന്തി പകർന്ന ഫറ ഷിബ്‌ല

മതം കലയിലും പിടിമുറുക്കുന്നുവോ? മതപരമായ കാരണങ്ങള്‍ കൊണ്ട് അഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തിന് അവസാനമിടുകയാണെന്ന് ദംഗല്‍ നായികയും ദേശീയ പുരസ്‌ക്കാര ജേതാവുമായ സൈറാ വസീമിനെ പോലൊരാള്‍ പറയുമ്പോള്‍ എന്ത് തോന്നുന്നു?

കലയെ കലയായി കണ്ടാല്‍ മതി എന്നാണ് എനിക്ക് പറയാനുള്ളത്, അവര്‍ ചെയ്തത് അവരുടെ ഇഷ്ടം, സ്വാതന്ത്യം. എന്നെ സംബന്ധിച്ച്, മനസിലെ ഇഷ്ടം സിനിമയാണ്. അത് കലയാണ്. ഏറെ മഹത്തായ ഒരു കല. മതങ്ങളുടെ കാഴ്ച്ചപ്പാടുകളെ മാറ്റി നിര്‍ത്തി മനുഷ്യനായ് ചിന്തിച്ച് മനുഷ്യനായ് ജീവിക്കാന്‍ ഇഷ്ട്ടപ്പെടുന്നയാളാണ് ഞാന്‍. അഭിനയം അണയാത്ത കനല്‍പോലെ നെഞ്ചില്‍ ഉണ്ടെങ്കില്‍ ആരായാലും അഭിനയിച്ചിരിക്കും. അതിന് കാലമോ, ദേശമോ, മതമോ വിലക്കുകള്‍ ഏര്‍പ്പെടുത്തിയാലും ഒരു നാള്‍ പുറത്ത് വരികതന്നെ ചെയ്യും.

 

കാന്തിയെന്നാല്‍ ഇച്ഛയെന്നും ഭംഗിയെന്നുമൊക്കെയാണ് അര്‍ഥം. സക്രീനില്‍ കാന്തിയായി തിളങ്ങിയ ഫറ ഷിബ് ല യുടെ വാക്കുകളിലൂടെ കടന്നുപോകുമ്പോള്‍ മനസിലാകും കാന്തിയാകാന്‍ ഫറ തന്നെയാണ് അനുയോജ്യം എന്ന്. വാക്കുകളില്‍ ആത്മാര്‍ഥതയും, കപടതകളുമില്ലാത്ത ഫറ ഷിബ് ല തന്റെ അടുത്ത കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ്.