ആഗോളവിപണി ലക്ഷ്യമാക്കിയുള്ള ഉല്‍പാദനത്തിന് കര്‍ഷകരെ പ്രോത്സാഹിപ്പിക്കണം : ഗവര്‍ണര്‍

????????????????????????????????????

തിരുവനന്തപുരം: രാജ്യത്തിന് കാര്‍ഷികവൃത്തിയില്‍ സമ്പന്നമായ പാരമ്പര്യമുണ്ടെങ്കിലും ആഗോള വിപണിയെ കീഴടക്കുന്നതില്‍ നമ്മുടെ കര്‍ഷകര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.)  പി സദാശിവം പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളുടെ ആഗോള ഗുണനിലവാര മാനദണ്ഡം ഏകീകരിക്കുന്നതിനുള്ള കരട് മാതൃകകള്‍ക്ക് രൂപം നല്‍കാന്‍  ചേര്‍ന്ന കോഡക്സ് സമിതിയുടെ (സിസിഎസ്സിഎച്ച്) നാലാമത് യോഗം കോവളം ലീലാ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്ക് ആഗോളവിപണിയെക്കുറിച്ചും മൂല്യ വര്‍ദ്ധനവിനെക്കുറിച്ചും അറിവു പകരണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. എങ്കില്‍ മാത്രമേ അവര്‍ക്ക് മികച്ച കാര്‍ഷിക രീതികള്‍ അവലംബിക്കാന്‍ കഴിയുകയുള്ളു. സാധാരണ കര്‍ഷകര്‍ക്ക് ആഗോള നിലവാരത്തിലുള്ള കാര്‍ഷിക സാങ്കേതികവിദ്യകള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

 

സുഗന്ധവ്യഞ്ജനങ്ങള്‍ക്കു പുറമേ മറ്റു വിളകള്‍ക്കും ഊന്നല്‍ നല്‍കണം. കൃത്യമായ സംഭരണ സൗകര്യങ്ങളില്ലാതെ നശിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ പരിഹാരമുണ്ടാകണം. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് സുഗന്ധവ്യഞ്ജനോല്‍പ്പാദനത്തില്‍ വളര്‍ച്ച കൈവരിക്കാനായെങ്കിലും ഇവയുടെ സംഭരണ സൗകര്യം ഇരട്ടിപ്പിക്കുന്നതിലൂടെ മൂല്യവര്‍ദ്ധനവ് അനയാസമായി നേടാനാകും.  25000 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളുടെ നാശത്തിലൂടെ  1254 കോടി രൂപയാണ് ഈയിടെ കേരളത്തിലെ പ്രളയത്തില്‍ നഷ്ടപ്പെട്ടതെന്ന് ഗവര്‍ണര്‍  പറഞ്ഞു.

 

ആഗോള ഭക്ഷ്യവിപണിയുടെ നിലവാരത്തിനും സുരക്ഷയ്ക്കും അനുയോജ്യമായ രീതിയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം രൂപപ്പെടുത്തി വിപണനം മെച്ചപ്പെടുത്തുന്നതിനുള്ള  ചര്‍ച്ചകള്‍ക്കാണ് ജനുവരി 25 വരെ നടക്കുന്ന അഞ്ചു ദിവസത്തെ യോഗം പ്രാമുഖ്യം നല്‍കുക. മുപ്പതിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍  ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

ഇന്ത്യ ആവിഷ്കരിച്ച കാര്‍ഷികോല്‍പ്പന്ന കയറ്റുമതി നയത്തിലൂടെ ജൈവ സുഗന്ധവ്യഞ്ജനങ്ങള്‍ക്കും മറ്റു ജൈവോല്‍പ്പന്നങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ, വ്യോമയാന മന്ത്രി ശ്രീ സുരേഷ് പ്രഭു   വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. 

 

സുഗന്ധവ്യഞ്ജനങ്ങളുടെ വിപണനത്തിലെ തടസങ്ങള്‍ തരണം ചെയ്യുന്നതിനും ഭക്ഷ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ഇല്ലാതെ സുതാര്യതയോടെ ഇവയുടെ ഗുണനിലവാരം ഏകീകരിക്കുന്നതിനും  യോഗം സഹായകമാകുമെന്നും ഇത് ആഗോള ഭക്ഷ്യ മേഖലയെ ശക്തിപ്പെടുത്തുമെന്നും സ്പൈസസ് ബോര്‍ഡ്  സെക്രട്ടറി ഡോ. ഷണ്‍മുഖസുന്ദരം ഐഎഎസ് പറഞ്ഞു.

 

ചുരുങ്ങിയ കാലയളവിനുള്ളില്‍ തോട്ടതുളസി(തൈം), കുരുമുളക്, ജീരകം  എന്നിവയുടെ കോഡക്സ് നിലവാരം രൂപീകരിച്ച് കര്‍ഷകര്‍ക്ക് പ്രയോജനകരമായ സംഭാവനകള്‍ നല്‍കിയ  കോഡക്സ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന്  ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ ശ്രീമതി റീത തിയോഷ്യ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. 

 

2017 ഫെബ്രുവരിയില്‍ ചെന്നൈയില്‍ നടന്ന മൂന്നാമത് യോഗത്തില്‍ രൂപം നല്‍കിയ ഇലക്ട്രോണിക്സ് വര്‍ക്കിങ്  ഗ്രൂപ്പുകള്‍ ചിട്ടപ്പെടുത്തിയ കാട്ടുമറുവ (ഒറിഗാനോ), തുളസി, വെളുത്തുള്ളി, ഇഞ്ചി, വറ്റല്‍മുളക്, ജാതിക്ക, കുങ്കുമപ്പൂ, ഗ്രാമ്പൂ എന്നിവയ്ക്കുള്ള കരട് നിലവാരം യോഗത്തില്‍ ചര്‍ച്ചചെയ്തു നിശ്ചയിക്കും. വിപണിയുടെ ആവശ്യകത മുന്‍നിര്‍ത്തി  മഞ്ഞളിന്‍റെയും ഏലത്തിന്‍റെയും കരട് ഗുണനിലവാര മാനദണ്ഡങ്ങള്‍ ഏകീകരിച്ച്   വിപണി സുതാര്യമാക്കാനുള്ള ചര്‍ച്ചകള്‍ക്കും യോഗം വേദിയൊരുക്കും. 

 

വാണിജ്യ വ്യവസായ മന്ത്രാലയം പ്ലാന്‍റേഷന്‍സ് ഡയറക്ടര്‍ ശ്രീ എം ശരവണന്‍ ഐഎഎസ്, കോഡക്സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ എം.ആര്‍. സുദര്‍ശന്‍  എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.  സ്പൈസസ് ബോര്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എ.ബി. രമ ശ്രീ നന്ദി പ്രകാശിപ്പിച്ചു. 

ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയും ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷനും സംയുക്തമായാണ് 1963 ല്‍ ഭക്ഷ്യ സുരക്ഷയും ഉപയോക്താക്കളുടെ ആരോഗ്യവും ഉറപ്പുവരുത്തുന്നതിനും മെച്ചപ്പെട്ട വിപണനരീതികള്‍ അവലംബിക്കുന്നതിനും വേണ്ടി അന്താരാഷ്ട്ര സ്ഥാപനമായ  കോഡക്സ് അലിമെന്‍റാരിയസ് കമ്മീഷന്‍ ആരംഭിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഈ കാർണിവൽ വ്യത്യസ്തമാണ് 

കൊളോണിയൽ കാലത്തിന്റെ കെടുതികള്‍ ഓര്‍മ്മിപ്പിച്ച് അന്നു മാത്യു