ആദ്യമായി ജില്ലാ വനിത ശിശുവികസന ഓഫീസര്‍മാരെ നിയമിച്ചു

തിരുവനന്തപുരം: സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനും വികസനത്തിനുമായി പുതുതായി രൂപീകരിച്ച വനിത ശിശുവികസന വകുപ്പില്‍ ജില്ലാ ഓഫീസര്‍ തസ്തികകളില്‍ താത്കാലിക നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളും ഫണ്ട് വിതരണവും കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് ജില്ലാ ഓഫീസര്‍മാരെ നിയമിച്ചത്. ഇതിലൂടെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ വനിതാ ശിശുവികസന വകുപ്പില്‍ ഉള്‍പ്പെടുന്ന പ്രോഗ്രാം ഓഫീസര്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നീ തസ്തികകളില്‍ നിന്നും ഉദ്യോഗക്കയറ്റം ലഭിച്ച 10 ജീവനക്കാര്‍ക്കും മറ്റ് 4 ജില്ലകളില്‍ വനിത ശിശുവികസന കാര്യാലയങ്ങളില്‍ അതത് ജില്ലകളില്‍ സേവനമനുഷ്ഠിക്കുന്ന സീനിയറായ ഉദ്യോഗസ്ഥര്‍ക്കുമാണ് പൂര്‍ണ അധിക ചുമതല നല്‍കിയിരിക്കുന്നത്.

എല്‍. സബീന ബീഗം (തിരുവനന്തപുരം), ഗീതാകുമാരി എസ്. (കൊല്ലം), ഷീബ എല്‍. (പത്തനംതിട്ട), അനിറ്റ എസ്. ലിന്‍ (കോഴിക്കോട്), സോഫി ജേക്കബ് (ഇടുക്കി), ജെബിന്‍ ലോലിത സെയ്ന്‍ (എറണാകുളം), പി. സുലക്ഷണ (തൃശൂര്‍), പി. മീര (പാലക്കാട്), തസ്‌നീം പി.എസ്. (മലപ്പുറം), ദേന ഭരതന്‍ (കാസര്‍ഗോഡ്), മിനിമോള്‍ (ആലപ്പുഴ), പി.എന്‍. ശ്രീദേവി (കോട്ടയം), ലജീന കെ.എച്ച്. (വയനാട്) ബിന്ദു സി.എ. (കണ്ണൂര്‍) എന്നിവരെയാണ് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍മാരായി നിയമിച്ചത്.

ഏലിയാസ് തോമസ് (തിരുവനന്തപുരം), സുധീര്‍കുമാര്‍ പി (കൊല്ലം), ഷംല ബീഗം ജെ. (പത്തനംതിട്ട), ജി. ഗോപകുമാര്‍ (ഇടുക്കി), രഞ്ജുനാഥന്‍ (എറണാകുളം), കെ.ജി. വിന്‍സന്റ് (തൃശൂര്‍), ഫ്രാന്‍സിസ് ബാബു കെ.ജി. (പാലക്കാട്), കെ. കൃഷ്ണമൂര്‍ത്തി (മലപ്പുറം), ഷീബ മുംതാസ് സി.കെ. കോഴിക്കോട്, ബി. ഭാസ്‌കര്‍ (കാസര്‍ഗോഡ്), സാബു ജോസഫ് (ആലപ്പുഴ), പവിത്രന്‍ തൈക്കണ്ടി (വയനാട്) എം.എം. മോഹന്‍ദാസ് (കോട്ടയം), കെ. രാജീവന്‍ (കണ്ണൂര്‍) എന്നിവരെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാരായും നിയമിച്ചിട്ടുണ്ട്.

വനിതാ വികസനത്തിനും ശിശുക്ഷേമത്തിനും വലിയ പ്രധാന്യം നല്‍കുന്നതിന് വേണ്ടിയാണ് പ്രത്യേക വകുപ്പ് തന്നെ ഈ സര്‍ക്കാര്‍ രൂപീകരിച്ചത്. അവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാനും കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷകള്‍ ഉറപ്പുവരുത്താനും വകുപ്പ് ശ്രമിച്ചു വരുന്നു. ഇതോടൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വിളിച്ചറിയിക്കാനും ഇടപെടാനുമുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണത്തിനുതകുന്ന പരിപാടികള്‍ ആവിഷ്‌ക്കരിക്കുക, ലിംഗപരമായ വിവേചനം തടയുക, അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുക, കഴിവുകള്‍ വികസിപ്പിക്കുന്നതിനാവശ്യമായ നിയമപരവും സ്ഥാപനപരവുമായ സഹായം നല്‍കുക എന്നിവ ഈ വകുപ്പിന്റെ ചുമതലയില്‍പ്പെടും.

ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കുന്ന നിയമം 2005, സ്ത്രീധന നിരോധന നിയമം 1961, ശൈശവവിവാഹ നിരോധന നിയമം 2006, ഇമ്മോറല്‍ ട്രാഫിക്കിംഗ് പ്രിവന്‍ഷന്‍ ആക്ട് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമം 2013, ലിംഗസമത്വവും ശാക്തീകരണവും ഉറപ്പാക്കുന്ന നയം, നിര്‍ഭയ പോളിസി, കേന്ദ്ര സംസ്ഥാന ന്യൂട്രീഷ്യന്‍ പോളിസികള്‍, ഐ.സി.ഡി.എസ്. പദ്ധതികള്‍, അങ്കണവാടികള്‍, നിര്‍ഭയ ഹോമുകള്‍, മഹിളാമന്ദിരങ്ങള്‍, ഷോര്‍ട്ട് സ്‌റ്റേ ഹോമുകള്‍, റസ്‌ക്യൂ ഹോം, ആഫ്റ്റര്‍കെയര്‍ ഹോം, നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം, സര്‍വീസ് പ്രൊവൈഡിംഗ് സെന്റര്‍ തുടങ്ങിയവയാണ് വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ളത്. വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജാഗ്രതാ സമിതികള്‍, ജെന്‍ഡര്‍ ബഡ്ജറ്റിംഗ് തുടങ്ങിയവയും വനിതാ ശിശുവികസന വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാരുടെ നിയമനം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബന്ധു നിയമനം: ജലീലിനെതിരെ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല 

അപകടങ്ങൾ ഒഴിവാക്കി ആഘോഷങ്ങൾ ആനന്ദപ്രദമാക്കൂ; ഇവ ശ്രദ്ധിക്കുക