ആദ്യ അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനാചരണം നിഷില്‍  

സെപ്തംബര്‍ 23 മുതല്‍ ഒരാഴ്ച്ച പ്രമുഖ മലയാള വാര്‍ത്താ ചാനലുകള്‍ നിഷിലെ ആംഗ്യഭാഷാ പരിഭാഷകരുടെ സഹായത്തോടെ വാര്‍ത്താ ബുള്ളറ്റിനുകള്‍ സംപ്രേഷണം ചെയ്യും.

തിരുവനന്തപുരം: ആംഗ്യഭാഷയ്ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇതാദ്യമായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനാചരണം നിഷില്‍  സെപ്റ്റംബര്‍ 23-ന് നടക്കും. ഇതിന്‍റെ  തുടര്‍ച്ചയായി സെപ്റ്റംബര്‍ 24 മുതല്‍ അന്താരാഷ്ട്ര ബധിരവാരാചരണവും നിഷില്‍ നടക്കും.

വാരാചരണത്തിന്‍റെ ഭാഗമായി സെപ്തംബര്‍ 23 മുതല്‍ ഒരാഴ്ച്ച പ്രമുഖ മലയാള വാര്‍ത്താ ചാനലുകള്‍ നിഷിലെ ആംഗ്യഭാഷാ പരിഭാഷകരുടെ സഹായത്തോടെ വാര്‍ത്താ ബുള്ളറ്റിനുകള്‍ സംപ്രേഷണം ചെയ്യും.

ബധിര-മൂകര്‍  ഇപ്പോള്‍ പല രീതികളിലായാണ് ആശയവിനിമയം നടത്തുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍പോലും ഏകീകൃതമായ ഭാഷ അവലംബിക്കുന്നില്ല. ഇവര്‍ക്ക്  ദേശീയാടിസ്ഥാനത്തില്‍ സമ്പന്നമായ ആംഗ്യഭാഷ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കുക  എന്നതാണ് വാരാചരണത്തിന്‍റെ ലക്ഷ്യമെന്ന് നിഷ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ.ജി സതീഷ് കുമാര്‍ പറഞ്ഞു.

ഇതോടനുബന്ധിച്ച് സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ ആക്കുളം നിഷ് ക്യാമ്പസില്‍ ആംഗ്യഭാഷാ സംബന്ധിയായ മത്സരങ്ങള്‍, സംസാര ഭാഷയെ ആംഗ്യഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ക്ലാസ്സുകള്‍,  പ്രമുഖ ബധിര വിദ്യാലയങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം 24-ന് രാവിലെ ഒന്‍പതരയ്ക്ക് നിഷ് ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ്  പി. സദാശിവം നിര്‍വഹിക്കും. തുടര്‍ന്ന് ആംഗ്യഭാഷ ഉപയോഗിച്ച് നിഷിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ദേശീയഗാനത്തിന്‍റെ വീഡിയോ സിഡി അദ്ദേഹം പുറത്തിറക്കും. ദേശീയഗാനാലാപനമടക്കമുള്ള ചടങ്ങുകള്‍ ആംഗ്യഭാഷയിലും അവതരിപ്പിക്കും.

വാരാചരണത്തിന്‍റെ സമാപനത്തോടനുബന്ധിച്ചുള്ള സമ്മേളനം സെപ്റ്റംബര്‍ 26-ന് കേരള ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അന്നു തന്നെ തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥര്‍, ദന്ത ഡോക്ടര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഇന്ത്യന്‍ ആംഗ്യഭാഷാ സാക്ഷരതാ പ്രോഗ്രാമും സംഘടിപ്പിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശമ്പളം പിടിച്ചു പറിക്കുന്നത് മനുഷ്യത്വമില്ലായ്മ: രമേശ് ചെന്നിത്തല 

ജെയിംസ് ബോണ്ട് ഇത്തവണ വൈകും: റിലീസ് 2020ൽ