കയറ്റിറക്ക് ജോലികൾ സ്വയം ഏറ്റെടുത്ത് കണയന്നൂര്‍ താലൂക്ക് ആഫീസ് ജീവനക്കാര്‍

കൊച്ചി: ദുരിതബാധിതരിലേക്ക് കിറ്റുകളെത്തിക്കുന്നതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ കയറ്റിറക്കു ജോലിയുടെ തിരക്കിലാണ് കണയന്നൂര്‍ താലൂക്ക് ആഫീസ് ജീവനക്കാര്‍.  ആഗസ്റ്റ് 29നാണ്  ഇവര്‍ ചുമടെടുപ്പ് തുടങ്ങിയത്.

എറണാകുളം  നോര്‍ത്ത്,  സൗത്ത് റെയില്‍വെ സ്റ്റേഷനുകളിലും മാര്‍ഷലിംഗ് യാര്‍ഡിലുമാണ് പ്രധാനമായും   ഇവരുടെ സേവനം ലഭ്യമായിട്ടുള്ളത്.   രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനുകളില്‍ വരുന്ന ടണ്‍ കണക്കിന് പാഴ്‌സലുകള്‍ ഇവരാണ് ട്രെയിനുകളില്‍ നിന്ന് ഇറക്കുകയും ലോറികളില്‍ കയറ്റി  സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നത്.   സംഭരണ കേന്ദ്രങ്ങളില്‍ സാധനമിറക്കുന്നതും ഇവരാണ്.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഓഗസ്റ്റ് 24 മുതല്‍ ഇന്നലെ (സെപ്റ്റംബര്‍ 5) വരെ 8279 പാഴ്‌സലുകളാണെത്തിയത്.  സെക്കന്ദരാബാദ്, മുംബൈ , കോര്‍സ, ബാംഗ്ലൂര്‍, ഡല്‍ഹി, ഡെറാഡൂണ്‍, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളതാണിവ.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഓഗസ്റ്റ് 21 മുതല്‍ ഇന്നലെ  (സെപ്റ്റംബര്‍ 5 ) വരെ  1160  ടണ്‍ സാധനങ്ങള്‍ വിവിധ ഗോഡൗണുകളിലേക്ക് മാറ്റി. നൂറിലധികം  തീവണ്ടികളിലാണ് 1160 ടണ്‍ സാധനങ്ങള്‍ എത്തിയത്. രാജ്‌കോട്ട്, ഗുജറാത്ത്, ബോംബൈ, ഡല്‍ഹി, കല്‍ക്കട്ട, ചെന്നൈ, ബാംഗ്ലൂര്‍, ഹൂബ്ലി, വിജയവാഡ, ബെല്ലാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് സാധനങ്ങള്‍ എത്തിയത്.

മാര്‍ഷലിംഗ് യാര്‍ഡില്‍ 31 ചരക്കുവണ്ടികളിലായി 500 ടണ്‍  സാധനങ്ങളാണ് എത്തിയത്. മുഴുവന്‍ സാധനങ്ങളും സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

സപ്ലൈകോ ഗോഡൗണ്‍, സെന്‍ട്രല്‍ വെയര്‍ഹൗസ്, കളമശേരി ഗോഡൗണ്‍ എന്നിവിടങ്ങളിലാണ് ട്രെയിനുകളില്‍ വരുന്ന പാഴ്‌സലുകള്‍ സംഭരിക്കുന്നത്. ഇന്നലെ വരെ റെയിവേ സ്റ്റേഷനുകളില്‍ എത്തിയ മുഴുവന്‍ സാധനങ്ങളും സംരംഭ കേന്ദ്രങ്ങളിലേക്ക് മാറ്റി.

സെന്‍ട്രല്‍ വെയര്‍ ഹൗസില്‍ ഇന്നലെ വരെ 7401023  കിലോ അരി, ദാല്‍, പഞ്ചസാര, റവ, ഗോതമ്പ്, മൈദ, കടല , ഉഴുന്ന്  തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് ശേഖരിച്ച് വിവിധ പ്രളയ ബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്തത്.

കളമശ്ശേരി ഷോറൂം സംഭരണ കേന്ദ്രത്തില്‍ ഇതുവരെ 50 ലധികം ലോഡ് സാധനങ്ങള്‍ സംഭരിച്ചിട്ടുണ്ട്. സപ്ലൈകോ സംഭരണ കേന്ദ്രത്തില്‍ ഇത് വരെ 20 ലോഡ് സാധനങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അരി, ബിസ്‌ക്കറ്റ്, കുടിവെള്ളം, പാല്‍ , ബ്രഷ്, പേസ്റ്റ്, റസ്‌ക്, മാഗി , സ്റ്റീല്‍ പാത്രങ്ങള്‍, സാനിട്ടറി നാപ്കിന്‍, ഡയപ്പര്‍, ജ്യൂസ്, വിവിധ തരം വസ്ത്രങ്ങള്‍ , ബേബി ഫുഡ്സ് , എണ്ണ, ചെരുപ്പ്, മരുന്നുകള്‍, പായ, കമ്പിളി പുതപ്പ്, ബക്കറ്റ്, ഓ ആര്‍ എസ് ലായനി, തുടങ്ങിയ സാധനങ്ങളാണ് കൂടുതലായും  എത്തുന്നത്.

തലശ്ശേരി സബ് കളക്ടര്‍ എസ്. ചന്ദ്രശേഖറിനാണ് ദുരിതാശ്വാസ സഹായ വസ്തു സംഭരണത്തിന്റെ ഏകോപന ചുമതല. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് സാധനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ചുമതല വിജിലന്‍സ് സെന്‍ട്രല്‍ സോണ്‍ ഡെപ്യൂട്ടി കളക്ടര്‍ അബ്രഹാം ഫിറ്റ്സ് ജെറാള്‍ഡ്, കണയന്നൂര്‍ തഹസില്‍ദാര്‍ വൃന്ദാ ദേവി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ശ്രീവര്‍ധനകുമാര്‍ എന്നിവര്‍ക്കാണ്.

റെയില്‍വേ മാര്‍ഷലിംഗ് യാര്‍ഡില്‍ നിന്ന് സാധനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ചുമതല കണയന്നൂര്‍ എല്‍ആര്‍ തഹസില്‍ദാര്‍ പി.ആര്‍. രാധിക, കോതമംഗലം എല്‍ആര്‍ തഹസില്‍ദാര്‍ കെ.എസ്. പരീത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.സി. രാജു എന്നിവര്‍ക്കാണ്.

സപ്ലൈകോ ഗോഡൗണില്‍ അസിസ്റ്റന്റ് സെയില്‍സ് ടാക്സ് ഓഫീസര്‍ ജി. അനില്‍കുമാര്‍,  സെന്‍ട്രല്‍ വെയര്‍ഹൗസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.പി. സുരേഷ്,  കളമശേരി ഗോഡൗണില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.എ. ജോസ് എന്നിവരും സാധനങ്ങള്‍  സമാഹരിക്കുന്നതിനുള്ള ചുമതല വഹിക്കുന്നു.

 – കേസിയ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ക്ഷീരകർഷകർക്ക് ആശ്വാസവുമായി ക്ഷീരവികസന വകുപ്പ്

ദുരന്തനിവാരണത്തിൽ സാങ്കേതിക സഹായവുമായി ഐ.ടി വകുപ്പ്