പ്രളയബാധിതര്‍ക്കുള്ള ധനസഹായവും സാധനസാമഗ്രി വിതരണവും 29 നുള്ളില്‍ പൂര്‍ത്തിയാക്കും

തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധനസാമഗ്രികളുടെ വിതരണവും ഈ മാസം 29 നകം പൂര്‍ത്തിയാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ ഉപസമിതി യോഗം നിര്‍ദ്ദേശിച്ചു. അടിയന്തര ധനസഹായവിതരണം കോഴിക്കോട്, വയനാട്, കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പൂര്‍ത്തിയായിട്ടുണ്ട്. 5.52 ലക്ഷം പേര്‍ക്ക് ഇതിനകം സഹായം നല്‍കിക്കഴിഞ്ഞു. പുതുതായി ലഭിച്ച അപേക്ഷകളിലാണ് സഹായം നല്‍കാന്‍ ഏറെയും ബാക്കിയുള്ളത്.

മെയ് 29 മുതല്‍ 439 പേരാണ് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരണപ്പെട്ടത്. ഇതില്‍ 331 പേര്‍ക്ക് മരണാനന്തര ആനുകൂല്യം നല്‍കിക്കഴിഞ്ഞു. എഫ്.ഐ.ആര്‍, നിയമാനുസൃത ആശ്രിതര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭ്യമാക്കുന്നതിലെ കാലതാമസം കാരണം നൂറോളം അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കലിന്‍റെ വിവിധ ഘട്ടങ്ങളിലാണ്.

കുടുംബശ്രീ മുഖേന വീട്ടമ്മമാര്‍ക്ക് ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുന്നതിന്‍റെ ഭാഗമായി 1,00,770 അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഇതുള്‍പ്പെടെ രണ്ട് ലക്ഷം അപേക്ഷകളില്‍ ഒരാഴ്ചക്കകം നടപടി പൂര്‍ത്തിയാക്കും. ഒരോ വീട്ടിലെയും അടിയന്തര ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരമാവധി കടബാധ്യത കുറച്ചുകൊണ്ടാണ് ഒരു ലക്ഷം വരെയുള്ള വായ്പ നല്‍കുക.

എറണാകുളം ജില്ലയില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഏഴ് അദാലത്തുകള്‍ സംഘടിപ്പിച്ചാണ് വിതരണം ചെയ്തത്. പറവൂര്‍ ടൗണ്‍ഹാള്‍, കുന്നുകര, ചിറ്റേറ്റുകര, കൊട്ടുവള്ളി, കൂനന്‍മാവ്, ആലുവ, അങ്കമാലി എന്നിവിടങ്ങളിലാണിത്. എറണാകുളം ജില്ലയില്‍ ഒക്ടോബര്‍ 1 മുതല്‍ ഈ സേവനം തെരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുന്നതാണ്. തൃശ്ശൂര്‍ ജില്ലയില്‍ 27 മുതല്‍ 30 വരെയും ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഒക്ടോബര്‍ 1 മുതല്‍ 3 വരെയും ഇത്തരത്തില്‍ ഐടി അധിഷ്ഠിത അദാലത്തുകള്‍ സംഘടിപ്പിക്കും. മറ്റു ജില്ലകളില്‍ ആവശ്യാനുസരണം സാധാരണ രീതിയില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. എസ്.എസ്.എല്‍.സി, പ്ലസ്ടു, ആധാര്‍, ചിയാക്, ഡ്രൈവിംഗ് ലൈസന്‍സുകള്‍ എന്നീ രേഖകളാണ് നഷ്ടപ്പെട്ടവയിലേറെയും. പ്രളയബാധിത പ്രദേശങ്ങളിലെ രേഖകള്‍ സമാഹരിച്ച് ഡോക്യുമെന്‍റ് പി.ആര്‍.ഡി തയ്യാറാക്കിവരുന്നുണ്ട്.

യോഗത്തില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു.ടി തോമസ്, എ.കെ ശശീന്ദ്രന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍, സെക്രട്ടറി എം.ശിവശങ്കര്‍, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി  പി.എച്ച് കുര്യന്‍, ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, രജിസ്ട്രേഷൻ ഐ.ജി. കെ.എൻ. സതീഷ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ തുടങ്ങി വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ക്യാപ്റ്റൻ മാർവെൽ: പ്രതീക്ഷ വർധിപ്പിക്കുന്ന ട്രെയ്‌ലർ 

പ്രളയദുരിതം: കേന്ദ്രസംഘ സന്ദര്‍ശനം സെപ്റ്റംബര്‍ 21 മുതല്‍