ബിനാലെ തീൻ മേശയിൽ ഭക്ഷണം കലാ സൃഷ്ടിയാകും

കൊച്ചി: പാചകവും കലയാണെന്ന തിരിച്ചറിവിലൂടെയാണ് ഭക്ഷണ സംബന്ധിയായ പ്രതിഷ്ഠാപനങ്ങള്‍ ബിനാലെ നാലാം ലക്കത്തില്‍ ഒരുങ്ങുന്നത്.

പാചക കലയിലൂടെ സൃഷ്ടിക്കുന്ന ഭക്ഷണം സന്ദര്‍ശകര്‍ക്ക് വാങ്ങിക്കഴിക്കാനുള്ള അവസരം കൂടിയൊരുക്കുന്നതാണ്  ഈ പ്രതിഷ്ഠാപനങ്ങള്‍.

അന്യതയില്‍ നിന്നും അന്യത്വത്തിലേക്ക് എന്ന ബിനാലെ നാലാം ലക്കത്തിന്‍റെ പ്രമേയവുമായി അടുത്തു നില്‍ക്കുന്ന ഒന്നാണിതെന്ന് ക്യൂറേറ്റര്‍ അനിത ദുബെ പറഞ്ഞു. വിശന്നു വലഞ്ഞിരിക്കുന്ന ഒരാള്‍ക്ക് എങ്ങിനെയാണ് ബിനാലെ പ്രദര്‍ശനങ്ങള്‍ ആസ്വദിക്കാനാവുകയെന്ന് അവര്‍ ചോദിച്ചു. പരസ്പരബന്ധം വളര്‍ത്തുകയെന്നതാണ് ഈ ബിനാലെയുടെ ലക്ഷ്യം. അതിന് ഏറ്റവും പറ്റിയ മാധ്യമം ഭക്ഷണം തന്നെയാണെന്ന്  അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭക്ഷണ സംബന്ധിയായ രണ്ട് പ്രതിഷ്ഠാപനങ്ങളാണ് ബിനാലെ നാലാം ലക്കത്തില്‍ ഒരുങ്ങുന്നത്. പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലും പവലിയന്‍ ഉള്‍പ്പെടുന്ന കബ്രാള്‍ യാര്‍ഡിലും പ്രതിഷ്ഠാപനങ്ങള്‍ ഉണ്ടാകും.

കുടുംബശ്രീയും എഡിബിള്‍ ആര്‍ക്കൈവ്സുമാണ് കബ്രാള്‍യാര്‍ഡിലെ ഭക്ഷണപ്രതിഷ്ഠാപനങ്ങള്‍ ഒരുക്കുന്നത്. കുടുംബശ്രീ സാമൂഹിക ഭക്ഷണശാലയൊരുക്കുമ്പോള്‍ എഡിബിള്‍ ആര്‍ക്കൈവ്സ് പാചക പരീക്ഷണമുള്‍പ്പെടെയാണ് ഒരുക്കുന്നത്.

അരിയുടെ വിവിധ വകഭേദങ്ങള്‍ കൊണ്ടുള്ള ഭക്ഷണങ്ങളാണ് എഡിബിള്‍ ആര്‍ക്കൈവ്സില്‍ ഉണ്ടായിരിക്കുക. പ്രമുഖ എഴുത്തുകാരിയും ശില്‍പ്പിയുമായ പ്രീമ കുര്യന്‍, ഷെഫ് അനുമിത്ര ഘോഷ് ദസ്തിദാര്‍ എന്നിവരാണ് ഇതൊരുക്കിയിരിക്കുന്നത്. പുറമെ നിന്നുള്ളവര്‍ക്ക് അരിയുടെ വകഭേദങ്ങള്‍ കൊണ്ട് ഭക്ഷണമുണ്ടാക്കാന്‍ അവസരം ലഭിക്കുന്നു.

ആസ്പിന്‍വാള്‍ ഹൗസില്‍ വിപിന്‍ ധനുര്‍ധരന്‍ പന്തിഭോജനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അന്യം നിന്നു പോയ അരി വകഭേദങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്.

സംസ്കാരവും മൂല്യങ്ങളും പകര്‍ന്നു നല്‍കുന്നതിന് കലയോളം തന്നെ പ്രാധാന്യം ഭക്ഷണത്തിനുമുണ്ടെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. തന്നെ സംബന്ധിച്ച് എല്ലാം കലയാണ്. നല്ല ഭക്ഷണം നല്ല കല പോലെ തന്നെ ആസ്വാദ്യകരമാണ്. ഓര്‍മ്മകളും സമ്മിശ്രമായ വികാരങ്ങളും ഉണര്‍ത്താന്‍ ഭക്ഷണത്തിനാകും. എല്ലാ ഇന്ദ്രിയങ്ങളെയും ഉണര്‍ത്തുന്നതിനാല്‍ യഥാര്‍ത്ഥത്തില്‍ ഭക്ഷണം കലയേക്കാള്‍ അഗാധമാണെന്നും ബോസ് പറഞ്ഞു.

കേരളത്തിലെ വിവിധ ജില്ലകളുടെ തനത് ഭക്ഷണം മിതമായ നിരക്കില്‍ വില്‍ക്കുന്ന 20 യൂണിറ്റുകളാകും കുടുംബശ്രീയില്‍ ഉണ്ടാകുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ കരകൗശല വസ്തുക്കളും വില്‍പ്പനയ്ക്കുണ്ടാകുമെന്ന് കുടുംബശ്രീ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സോയ തോമസ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള സെമിനാറും കുടുംബശ്രീയുടെ രണ്ട് പതിറ്റാണ്ടത്തെ ചരിത്രം പറയുന്ന വീഡിയോകളും ഇവിടെ പ്രദര്‍ശിപ്പിക്കും.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഫോര്‍ട്ട്‌കൊച്ചി പെപ്പര്‍ ഹൗസില്‍ നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍

ഭക്ഷണ പാരമ്പര്യത്തിലൂടെയുള്ള അനുഭവപരിചയം വച്ച് വിവിധയിനം അരി വകഭേദങ്ങള്‍ കൊണ്ട് പാചകം ചെയ്യാനുള്ള വേദിയാണ് എഡിബിള്‍ ആര്‍ക്കൈവ്സ് ഒരുക്കുന്നത്. കഴിക്കുന്ന ഭക്ഷണം നമ്മുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിലേക്ക് മാറുന്നുവെന്ന് അനുമിത്ര ഘോഷ് പറഞ്ഞു. സൃഷ്ടിക്കുകയും പുന:സൃഷ്ടിക്കുകയും ചെയ്യുന്ന ഒന്നാണ് ഭക്ഷണം. പിന്നീട് അത് അപ്രത്യക്ഷമാവുകയും ചെയ്യുന്നുവെന്ന് പ്രീമ ചൂണ്ടിക്കാട്ടി. നാല് വനിത ഷെഫുകള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ പ്രതിഷ്ഠാപനത്തില്‍ വാണിജ്യാടിസ്ഥാനത്തിലല്ലാതെ കൃഷി ചെയ്യുന്ന 16 ഇനം അരികളുടെ കഥയാണ് പറയുന്നത്. കര്‍ണാടകയിലെ കാഗിസേല്‍, ബംഗാളിലെ കാലോനുനിയ, കേരളത്തിലെ തവളക്കണ്ണന്‍ എന്നിവ അവയില്‍ ചിലതാണ്.

സഹോദരന്‍ അയ്യപ്പന്‍റെ വിപ്ലവകരമായ പന്തിഭോജനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വിപിന്‍ ധനുര്‍ധരന്‍റെ സൃഷ്ടി ഒരുങ്ങുന്നത്. ‘സഹോദരന്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ സൃഷ്ടിയില്‍ തുറന്ന അടുക്കളയും ഭക്ഷണം പങ്ക് വച്ച് കഴിക്കുന്നതിന് മേശയുമാണ് ഒരുക്കിയിട്ടുള്ളത്.

തന്‍റെ ക്യൂറേറ്റര്‍ പ്രമേയവുമായി ഏറെ അടുത്തു നില്‍ക്കുന്നതാണ് വിപിന്‍ ധനുര്‍ധരന്‍റെ പന്തിഭോജനമെന്ന സൃഷ്ടിയെന്ന് അനിത ദുബെ പറഞ്ഞു. സങ്കീര്‍ണമായ പാചകവിധികള്‍ ഉള്‍പ്പെടുത്തി ശുദ്ധമായ ചേരുവകള്‍ ചേര്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് എഡിബിള്‍ ആര്‍ക്കൈവ്സ്. കുടുംബശ്രീ സ്ത്രീ ശാക്തീകരണമെന്ന ബിനാലെയുടെ കാഴ്ചപ്പാടിനെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുവെന്നും അവര്‍ പറഞ്ഞു.

സ്ക്രിയരായ സന്ദര്‍ശകരെയാണ് ബിനാലെ നാലാം ലക്കത്തില്‍ ആഗ്രഹിക്കുന്നത്. ഒരുമയുടെയും വിജ്ഞാനത്തിന്‍റെയും ആഘോഷമായി ബിനാലെ മാറുമെന്നും അനിത ദുബെ കൂട്ടിച്ചേര്‍ത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നവകേരള സൃഷ്ടിക്ക് ജര്‍മനിയുടെ സഹായം

ബാങ്ക് തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് സൈബര്‍ഡോം