
കൊച്ചു കൊച്ചു നുണകളിൽ മനുഷ്യരെ കുടുക്കാൻ ഏപ്രിൽ ഫൂളിന് മാത്രമുള്ള സ്വാതന്ത്ര്യം പണ്ടൊക്കെ ശരിക്കും ആഘോഷിച്ചിരുന്നു.
നാട്ടിൻപുറത്ത് മിക്കവാറും എല്ലാർക്കും ഓരോരോ ചെല്ലപ്പേരുണ്ടാവും. സഖാവേന്ന് ഇന്നെല്ലാരേം വിളിക്കണ പോലെയല്ലാട്ടോ. മാലാന്ത്ര എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഗോപിയേട്ടൻ, ചില്ലറപ്പീടിക നടത്തിയിരുന്ന മമ്മദ്ക്ക, ചാണാടി വേലപ്പുട്ടിയാശാൻ, കുഞ്ഞാണ്ടി വാസു, അമ്മിണിയമ്മ… ഇവരാണ് ഞങ്ങളുടെ അടുത്ത് എല്ലാ ഏപ്രിൽ ഒന്നിനും സ്ഥിരമായി മരിക്കുന്ന കക്ഷികൾ.
റോഡിൽ നിറയെ പൂക്കൾ കൊഴിച്ച് ഞങ്ങൾ കുട്ട്യോൾക്ക് പാതയൊരുക്കുന്ന ഒരു തടിയൻ പഞ്ചി മരമുണ്ടായിരുന്നു, കവലയിൽ. കവല രാഷ്ട്രീയത്തിൽ അന്നൊക്കെ ഒരേയൊരു ഇന്ദിരാ ഗാന്ധിയേ ഉള്ളൂ. കവല ചട്ടമ്പികളും നന്നേ കുറവ്. വൈന്നേരം ഒരു വീശലൊക്കെ കഴിഞ്ഞ് ഇന്ദിരാഗാന്ധിക്ക് ജയ് വിളിച്ച് കവലേത്തന്നെ ചുരുണ്ടുകൂടും, കുഞ്ഞാണ്ടി വാസു.
മെടഞ്ഞ ഓലയിൽ മെടയാത്ത പച്ചോല ചേർത്തുവെച്ച് മൂപ്പരുണ്ടാക്കുന്ന വേലികൾ ചാലുകുളത്തെ മാത്രം പ്രത്യേകതയാണ്. എല്ലാവരും സൊറ പറഞ്ഞിരിക്കുന്ന ആ പഞ്ചിമരക്കൊമ്പിലാണ് നാട്ടുകാർ എല്ലാ ഏപ്രിൽ ഒന്നിനും ഗോപിയേട്ടനെ തൂക്കിലേറ്റുന്നെ.
വേലപ്പുട്ടിയാശാൻ വർഷാവർഷം തെങ്ങേന്നു വീഴും. മമ്മദ്ക്കയെ ചന്തക്ക് പോവുമ്പോ ട്രാൻസ്‍പോർട്ട് ബസ് ഇടിയ്ക്കും.
പേരിനൊരെണ്ണം എന്ന മട്ടിൽ വല്ലപ്പോഴും കണ്ടുകിട്ടുന്ന ട്രാൻസ്പോർട്ട് ബസ്സിനെ ആനവണ്ടീന്നാണ് അന്നൊക്കെ എല്ലാരും പറയ.
ഈ സർക്കാര് വണ്ടിയിടിച്ചു മരിക്കുക എന്നൊക്കെ പറഞ്ഞാൽ പൃഥ്വിരാജിന്റെ ഇപ്പൊ പുകിലുണ്ടാക്കിയ ആ കുന്ത്രാണ്ടത്തിനേക്കാൾ വല്ല്യ ഗമയുമുണ്ടാകും. കുഞ്ഞാണ്ടി വാസു കള്ളുകുടിച്ച് തോട്ടിൻമണ്ടേലും അമ്മിണിയമ്മ കിണറ്റിലും ചാടും.
വർഷാവർഷം കേൾക്കുന്ന സ്ഥിരം നുണകളാണെങ്കിൽ കൂടി, വാർത്തയിലെ അമ്പരപ്പിൽ എല്ലാരും തെല്ലിട സ്തംഭിക്കും. ഇതിനിടയിൽ ശരിക്കും ആരെങ്കിലും മരിച്ചാ തന്നെ “ങ്ഹും, നിനക്കൊന്നും വേറെ പണിയില്ലെ” ന്നു പറഞ്ഞ് ആ വാർത്തയെ മടക്കും.
കിണറ്റുംകരയിലെ ഏപ്രിൽ നുണകൾക്ക് ഇച്ചിരി കൊഴുപ്പ് കൂടും. ശങ്കരേട്ടന്റെ മോള് സർക്കസുകാരന്റെ കൂടെ ഓടിപ്പോയി. കയ്യുമ്മാന്റെ ചെക്കൻ ചണ്ണക്കാലിയെ കൊണ്ടന്നു. പള്ളിപ്പറമ്പില് മീസാൻ കല്ലിന്റവിടെ രാത്രിയില് ഓത്തും പെയ്തും കേട്ടു. അതിപ്പോ രാത്രി ചങ്ങാത്തം കഴിഞ്ഞ് ഏതെങ്കിലും കുടീന്ന് ആരേലും പൊറപ്പെട്ടു പോണതാവും.
അങ്ങനെ ഓരോരുത്തർക്ക് ബോധിച്ച മട്ടിൽ വിളമ്പുകയായി നുണകൾ, ഏഷണിക്കമ്മിറ്റിക്കാർ. മനഃപ്പാഠമാക്കിയ ഈ നുണകളും കൊണ്ടാണ് ഞങ്ങൾ കുട്ടികൾ അയൽവീടുകളിലേയ്ക്ക് ലാത്തിയടിക്കുക. ഏതാണ്ട് രാവിലെ 10 മണി വരെയേ ഈ നുണകളൊക്കെ ഇങ്ങനെ പറയാൻ അനുവാദമുള്ളൂ…
അല്ലേൽ ചിലപ്പോ നാക്കിനു പണികിട്ടിയാൽ പറഞ്ഞവന്റെ അടുപ്പ് തെറിയ്ക്കും. ഈ കൊഴുപ്പാക്കലിൽ ചിലപ്പോ കൊഴിഞ്ഞു പോകുന്നവരും ഉണ്ട്.
അടുത്ത സീസണിൽ പുഷ്പിക്കുന്ന ഫലങ്ങൾക്ക് വളമെന്നപോലെ വലിയൊരു നുണക്കെട്ടിനെ എറിഞ്ഞുകൊടുത്ത് മനുഷ്യരെല്ലാം പിന്നെ പലവഴികളിലേയ്ക്ക് പിരിയുകയായി.
എന്തൊരു കാലമായിരുന്നു അതെല്ലാം!
ബാല്യത്തിന്റെ കരഘോഷങ്ങൾ മനസ്സിൽ എന്തൊക്കെയോ കൊട്ടിപ്പാടുന്നുണ്ട്. അച്ഛൻ തല്ലാൻ ഓടിക്കുമ്പോ തെക്കേലെ അക്കര അമ്മാമ്മേടെ കൂനിനു മറവിൽ ഒളിച്ചിരുന്ന ആ ചെറിയ കുട്ടിയായി മാറാൻ മനം പിടയ്ക്കുന്നുമുണ്ട്. പഞ്ചിമരവും മമ്മദുക്കയുടെ ചില്ലറ പീടികയും…ഒന്നും ഇന്നില്ല .
മണം പാകിയ കവലയിൽ സിന്ദാബാദും മൂർദാബാദും പിന്നെ ചെക്കന്മാരുടെ നെറ്റ് വർക്കുകളും മാത്രമായി. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാതെയായി.
ഈ മുറിയിൽ നിന്നും ആ മുറിയിലേക്കുള്ള വിനിമയം പോലും വൈഫൈ ഇല്ലെങ്കിൽ മുടങ്ങുന്ന അവസ്ഥയുമായി.