in ,

സൈബർ കേസുകളിലെ പരാതിക്കാർക്ക് കേസന്വേഷണം സ്വയം നടത്തേണ്ട അവസ്ഥ: ദീപ നിശാന്ത്

എന്നെ സംബന്ധിച്ച് സൈബർ സ്‌പേസ് എന്നുള്ളത് ജനാധിപത്യത്തിന്റെ വലിയ ഇടം തന്നെയാണ്. പൊതുജനങ്ങൾക്ക് അഭിപ്രായം സ്വതന്ത്രമായി രേഖപ്പെടുത്താവുന്ന മറ്റു സ്‌പേസുകളില്ല. നാം ഒരു പാർലമെന്റേറിയനോ അത്തരത്തിൽ അഭിപ്രായം പറയാൻ പറ്റിയ ഇടങ്ങളുള്ള ആളുകളോ അല്ലല്ലോ.  അതുകൊണ്ടാണ് ഈ മീഡിയം പ്രധാനമാവുന്നത്. സോഷ്യൽ മീഡിയയുടെ ഇടപെടലിന്റെ ഭാഗമായാണ് പല സമരങ്ങളും ശ്രദ്ധേയമായി തീർന്നിട്ടുള്ളത്. മുഖ്യധാര മാധ്യമങ്ങൾ അവഗണിച്ചിട്ടുള്ള പല സമരങ്ങൾ, പല വാർത്തകൾ ഒക്കെ ഇത്  വഴിയാണ് ഉയർന്നു വന്നത്. അത് വളരെയേറെ പോസിറ്റീവ് ആയ കാര്യമാണ്. കല്യാൺ ഇരിപ്പു സമരം പോലുള്ള വിഷയങ്ങളിൽ, ബോബി ചെമ്മണ്ണൂരിന് എതിരേയുള്ളത്, എൻഡോസൾഫാൻ വിഷയത്തിൽ പിന്നീട് നടന്നിട്ടുള്ള സമരങ്ങൾ. അമൃതാനന്ദമയിക്ക് എതിരേയുള്ള വാർത്ത… മുഖ്യധാരാ മാധ്യമങ്ങങ്ങളൊന്നും ഇത് കൈകാര്യം ചെയ്യാറില്ല. അവരൊക്കെ പരിപൂർണമായി അവഗണിച്ചിട്ടുള്ള, അല്ലെങ്കിൽ എന്തെങ്കിലും കാരണങ്ങളാൽ ഒതുക്കി തീർത്തിട്ടുള്ള, വാർത്തകൾ നവമാധ്യമങ്ങളിലൂടെ വെളിച്ചത്തു വരുന്നു. പൊതുജനം എന്നതിന്റെ ശക്തി നാം തിരിച്ചറിഞ്ഞിട്ടുള്ളത് ഈ സൈബർ സ്‌പേസിലൂടെയാണ്.


ദീപ നിശാന്തുമായി എൻ ബി രമേശ് നടത്തിയ ടെലിഫോൺ ഇന്റർവ്യൂവിലെ പ്രസക്ത ഭാഗങ്ങൾ


അതെ സമയം തന്നെ എന്തും ആർക്കു നേരെയും പറയാവുന്ന അവസ്ഥയുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ ആവുമ്പോൾ മാനസികമായി തകർക്കുക എന്നുള്ളതാണ് അതിന്റെ ആദ്യ പടി. വളരെ മനഃശാസ്ത്രപരമായ ഒരു നീക്കമാണത്. നമ്മൾ ഇതിൽ തളരില്ല എന്ന ബോധ്യം വന്നു കഴിഞ്ഞാൽ പിന്നെയവർ പിടി കൂടുന്നത് കുടുംബാംഗങ്ങളെയാണ്. അഞ്ചു വയസ്സുള്ള കുട്ടീടെ ചിത്രം വെച്ചിട്ടൊക്കെയാണ് … ഇങ്ങനെയൊക്കെയാവുമ്പോൾ നമ്മളുമായി ബന്ധമുള്ള, നമ്മളുമായി അടുപ്പമുള്ള ആളുകളെ സംബന്ധിച്ചിടത്തോളം അത് വേദനാജനകം തന്നെയാണ്. ഇതുവരെ കേൾക്കാത്ത, ഇതുവരെ ശീലിച്ചിട്ടില്ലാത്ത വാക്കുകൾ  കേൾക്കേണ്ടി വരികയാണ്.

ജനാധിപത്യ സ്വഭാവം നിലനിർത്തിക്കൊണ്ടു തന്നെ വ്യക്തിഹത്യ നടത്തുന്ന ആളുകൾക്കെതിരെ കർശനമായ നിയമനിർമാണ നടപടികൾ കൊണ്ടുവരികയാണ് ചെയ്യേണ്ടത്.

പക്ഷെ, പലപ്പോഴും ശിക്ഷാ നടപടികളിലേക്ക് എത്തുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. പൊലീസ് അടക്കമുള്ളവർ ഇത്തരക്കാരെ സ്റ്റേഷനിൽ കൊണ്ടുവന്നു നിർത്തിയിട്ട് നമ്മളോട് ചോദിക്കുന്നത് കേസെടുക്കണോ എന്നാണ്. ഒന്നു  ‘വാൺ ‘ ചെയ്തു വിട്ടാൽ പോരേ എന്നാണ്. ഇത്തരം  ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്.

അവർ  പറയുന്നത് അവർക്കും ബുദ്ധിമുട്ടുണ്ടെന്നാണ്. സൈബർ കേസ്  അന്വേഷിക്കാൻ ബുദ്ധിമുട്ടുണ്ടല്ലോ. എത്രയോ ആളുകൾക്കെതിരേ അന്വേഷണം വേണ്ടിവരും എന്നാണ് ചോദിക്കുന്നത്.

അതേസമയം, മറ്റൊരു വസ്തുതയുമുണ്ട്. ജസ്റ്റിസ് ഫോർ ആസിഫ എന്ന കാമ്പയിനിന്റെ ഭാഗമായിരുന്നു ഞാൻ. ആ കാമ്പയിനിന്റെ ഭാഗമായതിന്റെ പേരിൽ എനിക്കെതിരെ കേസെടുക്കണം എന്ന് അഭിപ്രായപ്പെട്ടിട്ടുള്ള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ വരെയുണ്ട്. അതിനവർക്ക് ബുദ്ധിമുട്ടുകളില്ല.

ഇവർ പറയുന്നത് ഫേസ് ബുക്കിൽ നിന്ന് വെരിഫിക്കേഷൻ വരണം, ഇന്ന ആൾ തന്നെയാണ് അത് ഉപയോഗിക്കുന്നതെന്നുള്ള കൺഫർമേഷൻ വരണം…സാങ്കേതികമായ ഒട്ടേറെ തടസ്സവാദങ്ങൾ നിരത്തി നമ്മെ മൊത്തത്തിൽ  നിരുത്സാഹപ്പെടുത്തും. കുറേക്കഴിയുമ്പോൾ നമുക്കും …എന്താ പറയുക…വൈകി കിട്ടുന്ന നീതി എന്നുള്ളത്…നമുക്കപ്പോൾ അതിലുള്ള പ്രതീക്ഷ പോകുമല്ലോ…

സ്വാഭാവികമായ തടസ്സങ്ങളൊക്കെയുണ്ട്. ശരി തന്നെ. പക്ഷേ, ഈ അലംഭാവവും ഉണ്ട് അതിന്റെ പിറകിൽ. അവർക്കിത് അന്വേഷിക്കാനുള്ള താൽപ്പര്യം വളരെ കുറവാ. നമ്മൾ നിരന്തരം അവരുടെ പിറകെ നടന്നു തന്നെ, വിളിച്ച്  ഓർമ്മിപ്പിക്കേണ്ട  ബാധ്യത  വരുന്നുണ്ട്.

എന്റെ കാര്യത്തിലൊക്കെ ഒരുപാടു പേര് ഇടപെട്ടതിനു ശേഷമാണ്, ഒരു പബ്ലിക് പ്രെഷർ വന്നതിനു ശേഷമാണ്,  ഒരു അറസ്റ്റ് പോലും ഉണ്ടാവുന്നത്. ബോഡി ഷെയ്‌മിങ് പോലുള്ള വിഷയത്തിൽ ഇപ്പോഴും ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. നാലാമത്തെ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിട്ടുള്ളത്. അതുപോലും സൈബർ കേസായിട്ടല്ല എടുത്തിട്ടുള്ളത്. അവർ ഫേസ് ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിലല്ല അറസ്റ്റ്.

ഇത്തരം കേസുകളിൽ ഇടയ്ക്കു വച്ച് നമ്മൾ ഇട്ടു പോയാൽ പിന്നീടത് എവിടെയും എത്താതെ പോകും. പ്രായോഗികമായ അത്തരം ഒട്ടേറെ ബുദ്ധിമുട്ടുകൾ ഇത്തരം കേസുകളിൽ ഉണ്ട്. അതൊക്കെ തരണം ചെയ്യാൻ തയ്യാറായിട്ടു തന്നെയാണ് നമ്മളെപ്പോലുള്ള ആളുകൾ ഈ കേസ് കൊടുക്കുന്നത്. അതിന്റെ എല്ലാ റിസ്കുകളും ഏറ്റെടുക്കാൻ തയ്യാറായി തന്നെയാണ് മുന്നോട്ടു പോകുന്നത്. എന്നാൽ അതിന്റെ റിസൾട്ട് എന്ന് പറയുന്നത് ഒരുപക്ഷേ ഒരു ദിവസം പൊലീസ് സ്റ്റേഷനിൽ അവരെ വിളിപ്പിക്കുന്നതോ അന്ന് തന്നെ സ്റ്റേഷൻ ജാമ്യം കിട്ടി പോകുന്നതോ ആയ വിധത്തിൽ അത്ര നിസ്സാരമായിട്ടാണ്. എത്ര ലാഘവത്തോടെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന ഒരു കേസിനെ കൈകാര്യം ചെയ്യുന്നത് എന്ന് നാം അത്ഭുതപ്പെട്ടുപോകും..

അപർണയുടെ കാര്യത്തിൽ അവൾ വളരേ ബോൾഡ് ആയി നിലപാടെടുത്തു എന്നുള്ളതാണ് പ്രധാന കാര്യം. ഞാനൊക്കെ ഒരു മുതിർന്ന സ്ത്രീയാണ്. അപ്പോൾ എന്നെ സംബന്ധിച്ച്  ഇത്തരത്തിലുള്ള പരാമർശങ്ങൾ കൊണ്ട്  വലിയ വൈകാരികതകളോ, ആഘാതങ്ങളോ ഉണ്ടാകാൻ പോകുന്നില്ല. അപർണയെ പോലുള്ള കുട്ടികൾ അങ്ങനെയല്ലല്ലോ. പ്രത്യേകിച്ച് ഒരു ഫാമിലി സപ്പോർട്ട്  കൂടി ചിലപ്പോൾ കിട്ടിക്കൊള്ളണം എന്നില്ല. അപർണക്കത് കിട്ടീന്നുള്ളത് വളരെ പോസിറ്റീവ് ആയ കാര്യമാണ്.

ഒരു ഫോട്ടോ പ്രചരിപ്പിച്ചതിന്റെ പേരിലോ എപ്പോഴോ ഒരു ആൺകുട്ടിയുടെ ഒപ്പം നിന്ന് എടുത്തിട്ടുള്ള ചിത്രത്തിന്റെ പേരിലോ  ആത്മഹത്യയിൽ  വരെ എത്തുന്ന പെൺകുട്ടികൾ ഉള്ള നാട്ടിലാണ് നാം ജീവിക്കുന്നത്. ഒരു നഗ്ന ശരീരത്തിന്റെ ഉടലിൽ നമ്മുടെ തല വെച്ച് ഒരു ചിത്രം ഉണ്ടാക്കുകയാണ്. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന, ഒരുപാടു ആളുകളുമായി ഇടപഴകുന്ന  ഒരാളാണ് ഞാൻ. അവരെ സംബന്ധിച്ചിടത്തോളം അവർക്കത് ഭയങ്കര വിഷമമായി. അവർ വിചാരിച്ചത്  നമ്മൾ അതോടെ തളർന്നു തകർന്നു തരിപ്പണം ആകും എന്നൊക്കെയാണ്. അവരൊക്കെ  വന്നു ചോദിക്കുമ്പോൾ ഞാൻ പറയും, ഇത് ഇത്രയല്ലേ ഉള്ളൂ എന്ന്. ഇപ്പോഴത്തെ കുട്ടികൾ ഇത്തരത്തിലുള്ള സൈബർ അറ്റാക്കിനെ കുറേക്കൂടി ബോൾഡ് ആയി നേരിടുന്നുണ്ട്.

പതിനാറ്  പതിനേഴ് വയസ്സുള്ള പിള്ളേരാണ് ഇത്തരം സൈബർ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നത് എന്നതാണ് ഏറ്റവും ദുഃഖകരമായ  കാര്യം. ഇവർ എന്റെ ഫോൺ നമ്പർ  രതി, സരിത, ഗേ തുടങ്ങി പലേ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചു. ഒരു ദിവസം രാവിലെ ഞാൻ എഴുന്നേൽക്കുന്ന സമയത്ത് എന്റെ ഫോണിലേക്ക് കോൾ വന്നുകൊണ്ടിരിക്കുകയാണ്. ഞാൻ ഒറ്റ നമ്പർ മാത്രം  ഉപയോഗിക്കുന്ന ആളാണ്. വീട്, അതിന്റെ ഉത്തരവാദിത്തം, എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന ഒരാളാണ്. ഭർത്താവ് നാട്ടിലില്ല. രണ്ടു കുട്ടികളും ഞാനും അടങ്ങുന്ന ഫാമിലിയെ മുന്നോട്ടു കൊണ്ടു പോകണം.  എന്റെ എല്ലാ പ്രവർത്തന മേഖലയും ആയി ബന്ധപ്പെട്ടിട്ട്‌ എന്റെ ഫോൺ നമ്പർ കിടക്കുന്നുണ്ട്. എനിക്കീ ഫോൺ നമ്പരിൽ നിന്ന് ഒറ്റ നിമിഷം കൊണ്ടോ ഒറ്റ ദിവസം കൊണ്ടോ ഒളിച്ചോടിപ്പോകാൻ പറ്റില്ല. അതുകൊണ്ടു തന്നെ എനിക്ക് പ്രതിരോധിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. രാവിലെ മുതൽ വൈകുന്നേരം വരെ എന്റെ ഫോണിലേക്കു വരുന്ന അശ്ലീല മെസേജുകൾ, വീഡിയോകൾ …എന്തോ സംഭവിച്ചിട്ടുണ്ട് എന്നെനിക്കു മനസ്സിലായി. ഫോൺ മറ്റൊരാൾക്ക് കൈമാറാൻ പറ്റാത്ത അവസ്ഥ.

പിന്നീടാണ് ഞാൻ ഫോൺ എടുക്കാൻ തീരുമാനിച്ചത്. നമ്മുടെ നാട്ടിലെ ആളുകളൊക്കെ  ഇത്രമാത്രം സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത്. കാരണം കൊച്ചു കുട്ടികൾ പോലും, പ്ലസ് വണ്ണിനൊക്കെ പഠിക്കുന്ന കുട്ടികൾ പോലും എന്റടുത്ത് ചോദിക്കും എവിടെയാണ്, എന്താണ്, അവർക്കൊന്നും അറിയില്ല.

ദീപ നിശാന്ത് എന്ന ടീച്ചറിനെ അറിയില്ല. അല്ലെങ്കിൽ എഴുതുന്ന ഒരാൾ എന്നുള്ള നിലയിൽ അറിയില്ല. അഭിപ്രായം പറയുന്ന ഒരാൾ എന്നുള്ള നിലയിലോ അങ്ങനെ ഒരുതരത്തിലും അവർക്കറിയില്ല. അവർക്കു കിട്ടീട്ടുള്ളത് ഒരു നമ്പർ മാത്രമാണ്. ഒരു സ്ത്രീയുടെ നമ്പർ വാട്സപ്പിൽ കിട്ടുന്നു, ഫോട്ടോ അടക്കം. ചിലരൊക്കെ വിളിക്കുമ്പോൾ പറയുന്നത്  എവിടെയോ കണ്ടപോലെ ഉണ്ടല്ലോ എന്നാണ്. സീരിയലിൽ അഭിനയിച്ചിട്ടുണ്ടോ എന്നാണ് ചോദിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളാവുമ്പോൾ എവിടെയൊക്കെയോ നമ്മുടെ മുഖം കണ്ടിട്ടുണ്ടാകാം. എന്നാൽ പോലും  നമ്മളെ അവർ തിരിച്ചറിഞ്ഞിട്ടൊന്നുമില്ല. അവരുടെ ആവശ്യം ഇത്രയേയുള്ളൂ…രാത്രി കുറച്ചു നേരം സംസാരിക്കുക…വൈകാരികമായി ഇത്രമാത്രം ദാരിദ്ര്യം അനുഭവിക്കുന്ന കുറെ ആളുകൾ കേരളത്തിൽ ഉണ്ട് എന്ന് അപ്പോളാണ് എനിക്ക് മനസ്സിലായത്.

എനിക്കാ കുട്ടികളോടൊന്നും ശത്രുതയില്ല. കാരണം, കേരളത്തിലെ മുഴുവൻ കുട്ടികളെയും യുവാക്കളെയും നേർവഴിക്കു നയിക്കാനുള്ള മാർഗ്ഗമൊന്നും എനിക്കറിയില്ല. മാത്രവുമല്ല പരസ്പര സമ്മതത്തോടു കൂടിയിട്ടുള്ള ഏതു റിലേഷനും അങ്ങനെ തന്നെ പോട്ടേ എന്ന് വിചാരിക്കുവാനുള്ള അത്ര ജനാധിപത്യ ബോധമൊക്കെ എനിക്കുണ്ട്. അതുകൊണ്ടു തന്നെ പൊലീസ് അടക്കമുള്ള ആളുകളോട് ഞാൻ പറഞ്ഞത് വിളിച്ചവരുടെ പേരിൽ കംപ്ലയിന്റ് ഇല്ല എന്നാണ്. പക്ഷേ, ഉന്നതരായ ആളുകളെ നീക്കി നിർത്തി ഈ വിളിച്ച ആളുകളെയാണ് പലപ്പോഴും പ്രതി ചേർക്കാറ്.  അതുകൊണ്ടു തന്നെ ആ നമ്പറുകൾ വെട്ടിക്കളയാനാണ്  ഞാൻ  അവരോട് ആവശ്യപ്പെട്ടത്. എന്നെ വിളിച്ചിട്ടുള്ളത് പ്ലസ് ടുവിന് പഠിക്കുന്ന, ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികളാണ്. ഇവർക്ക് നമ്പറുകൾ കൊടുത്തിട്ടുള്ള ആളുകൾ വളരേ സുരക്ഷിതരായി മാറി നിൽക്കുന്നു. ഈ കുട്ടികൾ വിളിക്കുന്നു. വിളിക്കുന്നതിന്റെ ഉദ്ദേശം നല്ലതൊന്നുമല്ല. എന്നാൽ പോലും ഒരു അബദ്ധത്തിന്റെ പേരിൽ, ഏതോ ഒരു സ്ത്രീയുടെ നമ്പർ കിട്ടി, വിളിച്ചേക്കാം എന്ന് കരുതുന്നു. അല്ലെങ്കിൽ സെക്സ് ആവശ്യപ്പെടാം എന്ന് കരുതി…ഇവരെയൊക്കെ നാം ഒറ്റയടിക്ക് നന്നാക്കി കളയാം, ലോകം മുഴുവൻ നന്നാക്കി കളയാം എന്നുള്ള വ്യാമോഹമൊന്നും എനിക്കില്ല. അത് സാധിക്കുകയുമില്ല. പലപ്പോഴും ഞാൻ ഈ കുട്ടികളോട് തന്നെ ചോദിക്കും, നിങ്ങൾ എവിടെ നിന്നാണ് വിളിക്കുന്നത്? എങ്ങിനെയാ കാണാൻ പറ്റുകയെന്ന്  ചോദിക്കുമ്പോൾ, എവിടെ നിന്നാണ് വിളിക്കുന്നത്, എവിടേക്കാ ഞാൻ വരേണ്ടത്, വീടെവിടെയാ എന്നൊക്കെ ചോദിക്കും.അപ്പോൾ ഇവർ സ്‌കൂളിന്റെ പേര് പറയും. കോളെജിന്റെ പേര് പറയും.

ഞാൻ ആലോചിക്കുന്നത് എന്നെ വിളിക്കുന്ന ആളുകൾ ഒരു തൊണ്ണൂറ്റി ഒൻപതു ശതമാനം പേരും ഇരുപത്തി ഒന്ന് വയസിനു താഴെയുള്ള കുട്ടികളാണ്. ഒരു ശിക്ഷ കിട്ടി കഴിഞ്ഞാൽ അതോടെ തീരുന്നവർ. ഇവരൊന്നും വലിയ വീരശൂര പരാക്രമികളൊന്നുമല്ല. കൊല്ലും, വെട്ടും എന്നൊക്കെ പറയുന്ന ആളുകൾ സ്റ്റേഷനിൽ വന്ന് നമ്മുടെ മുൻപിൽ നിൽക്കുന്ന നിൽപ്പ് കണ്ടാൽ ആകെ വിറച്ചു തളർന്നു വീഴുന്ന അവസ്ഥയിലാണ്. എന്റെ ഫോൺ നമ്പർ എടുത്തു ഞാൻ വെടിയാണ്, വേശ്യയാണ് എന്നൊക്കെ  പ്രചരിപ്പിച്ചിട്ടുള്ള ഒരു യുവാവിനെ അറസ്റ്റ് ചെയ്തപ്പോൾ ജാമ്യം നിന്ന്, അഡ്വക്കേറ്റായി വന്ന് അവനെ രക്ഷിച്ചു കൊണ്ട് പോയത് കുന്നംകുളത്തെ ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന അഡ്വക്കേറ്റ് കെ. കെ. അനീഷ്‌കുമാറായിരുന്നു. പക്ഷേ, സംഘ പരിവാറിനെ പോലെയുള്ളവർ അല്ലെങ്കിൽ അത്തരം ഒരു പ്രത്യയ ശാസ്ത്രത്തിൽ നിൽക്കുന്ന ആളുകൾ ഇവരെ തള്ളിപ്പറയാൻ  തയ്യാറാവുന്നില്ല.

ഒരു പൊതു ഇടത്തിൽ ഒരു ബി ജെ പി പ്രവർത്തകൻ (എന്റെ കേസിൽ അറസ്റ്റ് ചെയ്തിട്ടുള്ളത് കൊടുങ്ങല്ലൂർ മാളയിലുള്ള അനൂപ് എന്ന വ്യക്തിയെയാണ്. ബി ജെ പി യുടെ പ്രവർത്തകനാണ് താൻ എന്ന് അയാൾ തന്നെ അവകാശപ്പെടുന്നുണ്ട്. അതിൽ എന്തോ ഒരു ഭാരവാഹിത്വം കൂടി വഹിക്കുന്നുമുണ്ട്)  എനിക്കെതിരേ പറഞ്ഞിട്ടുള്ള  കാര്യങ്ങളിൽ അയാളെ  തള്ളിപ്പറയാൻ ആ  പാർട്ടിയുടെ നേതൃത്വം തയ്യാറായില്ല. ജാമ്യത്തിൽ എടുത്ത്  രക്ഷിച്ചു കൊണ്ട് പോയും, ഫേസ് ബുക്കിൽ  മഹത്വവൽക്കരിച്ചും,  മർദിച്ചു എന്നൊക്കെ കള്ളം പറഞ്ഞും പോസ്റ്റിടുന്നത്, എം എൽ എ ക്യാൻഡിഡേറ്റ്  ആയിരുന്ന, ജനപ്രധിനിധികളായി നമ്മുടെ നിയമനിർമാണ സഭയിൽ വന്നിരിക്കേണ്ടുന്ന ആളുകളാണ്.

അപ്പോൾ ഇവരുടെ രാഷ്ട്രീയം, ഇവരുടെ പ്രത്യയശാസ്ത്രം, ആരോടൊപ്പമാണ് ? ഇവരൊക്കെ ഭരിക്കുന്ന സമയത്ത് സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും?

ഇത്തരം കേസുകളിൽ കുറ്റവാളികളെ  തള്ളിപ്പറയാനുള്ള, അല്ലെങ്കിൽ ഒന്ന് മൗനം പാലിക്കാനുള്ള  ആർജ്ജവം പോലും ഇവരാരും കാണിക്കുന്നില്ല. അപ്പോൾ  ഇവരുടെയൊക്കെ സമ്മതത്തോടും  അറിവോടും കൂടിയാണ് ഇതൊക്കെ ചെയ്യുന്നതെന്നുള്ളതാണ് വസ്തുത.  നിശ്ശബ്ദരായിരിക്കുന്നു എന്നുള്ളതുകൊണ്ട് ഇവരൊന്നും ചെയ്യുന്നില്ല എന്ന് പറയാൻ  പറ്റില്ല. അസാമാന്യ ധൈര്യമുണ്ട് ഇവർക്ക്. ഞങ്ങളെ ഒന്നും ചെയ്യില്ല, ഞങ്ങളെ പ്രൊട്ടക്റ്റ് ചെയ്യാൻ പാർട്ടിയുണ്ട് എന്നുള്ള ധൈര്യം.

ഇപ്പോൾ പോലും ഇത്തരം വിഷയങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, അഭിമന്യുവിന്റെ വിഷയത്തിൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കളക്റ്റ് ചെയ്യാനുള്ള അഭ്യർത്ഥനയുടെ അടിയിൽ  പോലും വരുന്ന കമന്റുകൾ ഇത്തരത്തിലുള്ളതാണ്.

കുറച്ചു നാൾ എന്റെ വോൾ  ഫ്രണ്ട്സ് ഒൺലി ആക്കേണ്ടി വന്നു, ഭയം കൊണ്ടല്ല. എന്റെ അച്ഛന്റെയും  മകളുടേയുമൊക്കെ ചിത്രങ്ങൾ മോർഫ് ചെയ്തും മറ്റും  മാനസികമായി തകർക്കുന്ന തരത്തിൽ ഓരോന്ന് കൊണ്ട് വന്നിടുമ്പോൾ ഇത്തരത്തിലുള്ള ആളുകൾക്ക് വിസിബിലിറ്റി ഒരുക്കി കൊടുക്കേണ്ടത് നമ്മുടെ ബാധ്യതയല്ല എന്ന് എനിക്ക് തോന്നി. അവരുടെ നുണകൾക്ക് വന്നടിയാൻ ഇടം കൊടുക്കേണ്ടെന്നു തോന്നി.  നുണ മാത്രമേ  അവർ പറയാറുള്ളൂ. പ്രതിരോധിക്കാൻ ആശയമൊന്നുമില്ല. കുറെ നുണകൾ മാത്രമേ കൈയിലുള്ളൂ.  അവരുടെ നുണകൾക്ക് വിസിബിലിറ്റി ഒരുക്കി കൊടുക്കേണ്ട എന്നുള്ള  തീരുമാനം എടുത്തതിന്റെ പുറകിലാണ് ഞാൻ അത് ഫ്രണ്ട്സ് ഒൺലി ആക്കിയത്. ഇപ്പോൾ ഞാൻ വിചാരിക്കുന്നത് അവർ അങ്ങനെ കൊണ്ടിടട്ടെ.  ഇവരുടെ ഒരു സംസ്കാരം, സൈബർ സംസ്കാരം, അത് എന്താണെന്ന്  തിരിച്ചറിയപ്പെടട്ടെ.

ഇത്തരക്കാർ  എല്ലാ പാർട്ടിയിലും ഉണ്ട് . ഇന്ന പാർട്ടി എന്നൊന്നും ഇല്ല. കെ. കെ. രമയ്ക്കെതിരെയുള്ള ആക്രമണത്തിൽ അത് തെളിഞ്ഞതാണ്.  രമയുടെ രാഷ്ട്രീയത്തോട് വിയോജിക്കാം. പക്ഷേ, സ്ത്രീകൾക്ക് നേരെയാണ് ഇത് വരുന്നത് എന്നുള്ളതാണ്. സ്ത്രീകൾ  രാഷ്ട്രീയം പറയുമ്പോഴും സ്ത്രീകൾ അഭിപ്രായം പറയുമ്പോഴും മാത്രമാണ് ഇത് വരുന്നത്. അസഹിഷ്ണുതയും  പുരുഷാധിപത്യവും  – പാട്രിയാർക്കി-ആധിപത്യം ചെലുത്തുന്ന സമൂഹത്തിൽ നിന്നുമാണ് ഇത്  വരുന്നത്.  സ്ത്രീ അഭിപ്രായം പറയുന്ന സമയത്ത് മാത്രമാണ് ഇത്തരം അസഹിഷ്ണുത തല പൊക്കുന്നത്. രമയുടെ രാഷ്ട്രീയത്തോട് ഞാൻ വിയോജിക്കുന്നുണ്ട്. പക്ഷേ, അതിനെ  രാഷ്ട്രീയമായിത്തന്നെയാണ് നേരിടേണ്ടത്. അവർ ഉയർത്തുന്ന ആശയങ്ങളെ നേരിടേണ്ടത്  അവരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടല്ല.

ഏതെങ്കിലും പ്രത്യേക മതത്തെ ആക്രമിക്കാനായി കച്ചകെട്ടി ഇറങ്ങിയിട്ടുള്ള ആളല്ല ഞാൻ.  വ്യാജമായ കാര്യങ്ങളാണ് ഇവർ പ്രചരിപ്പിക്കുന്നത്. മുപ്പത്തി മൂന്ന് ശതമാനം ഹിന്ദുക്കളെ കൊല്ലാൻ  പറഞ്ഞു, സരസ്വതീ ദേവിയെ അപമാനിച്ചു, ഹിന്ദുക്കളെ അപമാനിക്കുന്നു എന്നൊക്കെ.

ഹിന്ദു മതത്തിൽ വിശ്വസിക്കുന്ന, ഈ  മതത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്ന, ഈ മതത്തിൽ നിന്നും ഒരു വിധത്തിലും പുറത്തുപോകാൻ ആഗ്രഹിക്കാത്ത ഒരാളാണ് ഞാൻ. പക്ഷേ, സംഘപരിവാർ വിഭാവനം ചെയ്യുന്ന ഹിന്ദുവല്ല ഞാൻ. എന്റെ മതത്തെ  സംഘപരിവാർ എനിക്ക് തിരിച്ചു തന്നാൽ മതി.

എന്റെ മതത്തെ അവർ എടുക്കേണ്ട. ഞങ്ങളെപ്പോലുള്ള  ഹിന്ദുക്കളെ രക്ഷിക്കുകയും വേണ്ട. ഇക്കൂട്ടർക്ക് ഒരുപാട്  ഫെയ്ക്ക് ഐ ഡി കളുണ്ട് . ഇവരുടെ സൈബർ വിങ് വളരെ ശക്തമാണ്. മറ്റ്  ഒരു പാർട്ടിക്കും ഇല്ലാത്തത്രയും ശക്തമാണ്.  ഇത്

ഇവരുടെ മാത്രം എന്ന് പറയാനാവില്ല. സ്ത്രീകൾക്കെതിരെയുള്ള സൈബർ വിങ്ങുകൾ വളരെ ശക്തമായ ഒരു ലോകത്തു തന്നെയാണ് നാം ജീവിക്കുന്നത്. അധിക്ഷേപവും അവഹേളനവും എല്ലാമുണ്ട്. അപർണക്കെതിരായി ഇവർ എഴുതിക്കൂട്ടിയ വാക്കുകൾ നോക്കുക. അമ്മയെ വച്ചും മറ്റാളുകളെ വച്ചും … എനിക്കെതിരെ അത്രയ്ക്കൊന്നും എഴുതിയിട്ടില്ല.

പതിനേഴും പതിനെട്ടും അല്ലെങ്കിൽ ഇരുപതും വയസ്സുള്ള പയ്യന്മാരല്ലേ…ക്ഷമിച്ചൂടെ… എന്നാണ് പലരും  ചോദിക്കുന്നത്.  അവരെ ആ രീതിയിൽ ഒക്കെ ന്യായീകരിക്കുന്ന ആളുകളൊക്കെയുണ്ട്. പക്ഷേ, നോക്കൂ, ഇത്രമാത്രം ഫ്രസ്ട്രേറ്റഡ് ആയ ഇവർ ഒരു ഫെയ്ക് ഐ ഡി കിട്ടിക്കഴിയുമ്പോഴേക്കും ഇത്രയ്ക്കൊക്കെ  ചെയ്യുന്നുണ്ടെങ്കിൽ ഒറ്റയ്ക്ക് ഒരു കുട്ടിയെയോ  സ്ത്രീയെയോ കിട്ടിക്കഴിഞ്ഞാൽ ഇവർ എങ്ങനെയാണ് പെരുമാറുക?

അത്ര രൂക്ഷമായി നേരിട്ട ആളുകളുടെ പേരിൽ മാത്രമാണ് ഞാൻ പരാതി നൽകിയിട്ടുള്ളത്. അവർ  ഉദ്ദേശിക്കുന്ന തരത്തിലുള്ള ആളല്ല എന്ന്  വ്യക്തമാക്കിയതിന് ശേഷവും പിന്നീടും വിളിക്കുമ്പോഴാണ് ഞാൻ പരാതിയിലേക്കു പോയിട്ടുള്ളത് . അല്ലാതെ ഒരു തവണ വിളിച്ചവർക്കെതിരെയല്ല.

ആവശ്യക്കാർ ലോകത്ത് നിരവധി പേരുണ്ട്. സ്ത്രീകളെ  ആവശ്യമുള്ള നിരവധിപേരുണ്ട്. അങ്ങനെയുള്ള ഒരു ലോകത്ത് ഒറ്റയടിക്ക് എല്ലാത്തിനെയും നേർവഴിക്കു നയിച്ച് സദാചാരനിരതമായ ഒരു ലോകം കെട്ടിപ്പടുക്കാം എന്നുള്ളത് നമ്മുടെ വ്യാമോഹം മാത്രമാണ്. അത് സാധിക്കില്ല.

നിയമങ്ങൾ നിയമ പുസ്തകങ്ങളിൽ ഒതുങ്ങുന്നു എന്നല്ലാതെ ഇതിനൊന്നും ശിക്ഷ കിട്ടുന്നില്ല. കേസന്വേഷണം കൂടി സ്വയം നടത്തേണ്ടുന്ന ഒരവസ്ഥ സൈബർ കേസുകളിലെ പരാതിക്കാർക്ക് വരുന്നുണ്ട്. കേസ് കൊടുക്കാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ കമന്റിട്ട പലരും ഡിലീറ്റ് ചെയ്തു പോവാറുണ്ട്. ഡി ആക്ടിവേറ്റ് ചെയ്ത ഒരു പ്രൊഫൈൽ, ഒരു ഫെയ്ക് ഐ ഡി , ഇതിന്റെയൊക്കെ അഡ്രസ് തപ്പിപ്പിടിച്ച് നാം തന്നെ പോകേണ്ടി വരുന്ന അവസ്ഥയുണ്ട്. അപർണയുടെ ഇഷ്യൂവിൽ ഏറ്റവും പോസിറ്റീവ് ആയി തോന്നിയത് ഫെയ്ക് ഐ ഡിയിലൂടെ ഉള്ളതും കണ്ടുപിടിച്ചു എന്നുള്ളതാണ്. അപർണ അക്കാര്യത്തിൽ വളരെയേറെ അലെർട്ട് ആയിരുന്നു. എന്റെ സംഭവത്തിൽ അഡ്രസ് അടക്കം തപ്പിപ്പിടിച്ച് കൊടുത്തത്  ഞാനാണ്. നമുക്ക്  ഇതൊരു വലിയ  ബാധ്യതയായി മാറുകയാണ്. ഒരുപാടു സാങ്കേതികത്വങ്ങൾ  പിന്തുടരേണ്ടി വരുന്നു. ഇതൊക്കെ അതിജീവിച്ചുകൊണ്ടുവേണം മുന്നോട്ടുപോവാൻ. എളുപ്പമുള്ള പരിപാടിയല്ല ഇത്.

നാളെ: കെ കെ.രമ 

Written by N B Ramesh

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0
AAnavandi, buses, chunk, conductor, driver, duty, KSRTC, life, MG Rajamanickam, MD, new, old, patients, renovation, saved, time shedule, Tomin Thachankary, travel,

അന്നത്തെ ആനവണ്ടി; ഇന്നത്തെ കട്ട ചങ്ക്

cyber attack, film ,Dulquer , parvathy , anti women Malayalam film industry, My Story, Kasaba, actress attack case, Dileep, Revathy, Mammootty, 

ഇരിക്കും കൊമ്പ് വെട്ടരുതേ; മുന്നറിയിപ്പുമായി ചലച്ചിത്ര പ്രേമികൾ