ആർ എസ് എസ്സിനെ അപകീർത്തിപ്പെടുത്തി എന്ന് ആരോപണം, രാഹുലിനും യെച്ചൂരിക്കും സമൻസ്

ന്യൂഡൽഹി : കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി, സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർക്കെതിരെ മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചു. ഗൗരി ലങ്കേഷ് കൊലപാതകത്തിൽ ബി ജെ പിക്കും ആർ എസ് എസ്സിനുമെതിരെ അനാവശ്യമായ ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്തി എന്നാണ് കേസ്.  ആർ എസ് എസ് പ്രവർത്തകനും അഭിഭാഷകനുമായ ദ്രുതിമാൻ ജോഷി നൽകിയ പരാതിയിലാണ് കോടതി  ഇരുവർക്കും സമൻസയച്ചത്.

2017 ലാണ് ദ്രുതിമാൻ ജോഷി മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ  സ്വകാര്യ പരാതി ഫയൽ ചെയ്യുന്നത്. രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി എന്നിവർക്ക് പുറമേ  സി പി ഐ എമ്മിനെയും യു പി എ ചെയർപേഴ്സൺ സോണിയാ ഗാന്ധിയെയും പരാതിയിൽ കക്ഷി ചേർത്തിരുന്നു. എന്നാൽ വ്യക്തികൾ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾക്ക് സംഘടനകളുടെ മേൽ  ഉത്തരവാദിത്തം ആരോപിക്കാനാവില്ല എന്ന് അഭിപ്രായപ്പെട്ട കോടതി സി പി ഐ എമ്മിനെയും സോണിയാ ഗാന്ധിയെയും ഒഴിവാക്കി.

2017 സെപ്റ്റംബറിൽ ബെംഗളൂരുവിലെ വീട്ടിൽ വെച്ചാണ് വലത് ഹിന്ദു തീവ്രവാദികളുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്.

സംഭവം നടന്ന് ഇരുപത്തിനാലു മണിക്കൂറിനകം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബി ജെ പിക്കും ആർ എസ് എസിനുമാണെന്ന ആരോപണം രാഹുൽഗാന്ധി ഉന്നയിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ്സും അവരുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമാണെന്ന്  സീതാറാം യെച്ചൂരിയും വിമർശിച്ചിരുന്നു. ഇരുവരുടെയും പ്രസ്താവനകൾ സംഘടനയെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം . അതിനാൽ ഐ പി സി 500 പ്രകാരം ഇരുവരുടെയും പേരിൽ മാനനഷ്ടത്തിന് കേസെടുക്കണം.

ഗൗരി ലങ്കേഷ് വധത്തിനു പിന്നിൽ തീവ്രവലത് സംഘടനയായ സനാതൻ സൻസ്തയാണെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. എം എം കൽബുർഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധബോൽക്കർ എന്നിവരുടെ കൊലപാതകങ്ങൾക്കു പിന്നിലും സനാതൻ സൻസ്തയുള്ളതായി പൊലീസിന് തെളിവുകൾ കിട്ടിയിട്ടുണ്ട്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരള സ്റ്റാര്‍ട്ടപ്പ്  മിഷന്‍  ഇന്‍കുബേഷന്‍  സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 

നിത്യ’ നൂതന ‘ യായി ഒരു അഭിനേത്രി