നായക-പ്രതിനായക സങ്കൽപ്പങ്ങൾ പൊളിച്ചെഴുതപ്പെടുമ്പോൾ

Good vs Evil, hero, villain , films, books, artists, MT Vasudevan Nair, Mani Ratnam , Ravan, Asura, Deva, Mahabharat, Ramayanam, Valmiki , Chanthu, 

”സുരക്ഷിതത്വത്തെക്കുറിച്ച്‌ മറക്കുക. എവിടെ ജീവിക്കാനാണോ നിങ്ങള്‍ക്ക് ഭയമുള്ളത്, അവിടെ ജീവിക്കുക. നിങ്ങള്‍ക്കുള്ള യശസ്സിനെ തകര്‍ക്കുക. കുപ്രസിദ്ധനാവുക..” അമല്‍നീരദ് പങ്കു വച്ച ‘വരത്തന്റെ’ ടീസറിനൊപ്പം കുറിച്ച ഈ വരികൾ ഒരു പക്ഷേ
ചിത്രത്തിന്റെ സ്വഭാവം എന്തായിരിക്കുമെന്നതിന്റെ മുഖവുര മാത്രമായി കരുതാം. എന്നാൽ ഈ വരികൾ വായിക്കുന്ന ചില യുവ ജനങ്ങളുടെ ചോര തിളയ്ക്കാനും സാധ്യത തെളിയിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ ഈ വരികൾ ഒരു ആവേശവും ഉത്സാഹവുമൊക്കെ ജനിപ്പിക്കുമെങ്കിലും ഇതിൽ മറഞ്ഞിരിക്കുന്ന മറ്റൊരു അർത്ഥ തലത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. നന്മ-തിന്മ ( Good vs Evil ) ; നായക-പ്രതിനായക സങ്കൽപ്പങ്ങൾക്കു മേലുള്ള കടന്നുകയറ്റം സർവ്വസാധാരണമായ ഇക്കാലത്ത് ഇതിനെ കുറിച്ചൊരു ചെറു ചിന്ത വീണ്ടും ഉദിക്കാൻ ഈ വരികൾ കാരണമായി.

യശസ്സിനെ തകർത്ത് കുപ്രസിദ്ധനാകാൻ ആർക്കും അത്ര പ്രയാസമൊന്നുമില്ല. വർഷങ്ങളായി കെട്ടിപ്പൊക്കിയ ഇമേജ് തകർന്നു തരിപ്പണമാകാൻ ഒരു ചെറിയ പാകപ്പിഴ മതിയാകും. നല്ലവനെന്നു പേര് കേൾക്കാൻ വളരെയേറെ ത്യാഗങ്ങൾ സഹിക്കണമെന്നിരിക്കെ സ്വാർത്ഥത, തന്നിഷ്‌ടം, ധിക്കാരം, അഹങ്കാരം, ക്രൂരത, ഹിംസ എന്നിവയിലൂടെ ഏതൊരാൾക്കും അനായാസം കുപ്രസിദ്ധ പട്ടം നേടാവുന്നതേയുള്ളൂ. നീതി, ന്യായം എന്നിവ നിരന്തരം ചോദ്യം ചെയ്യപ്പെടുകയും സ്വാർത്ഥതയാൽ ഏവരും നിഷ്പക്ഷതയുടെ പക്ഷം പിടിക്കുകയും ചെയ്യുന്നതാണല്ലോ ഇപ്പോഴത്തെ പ്രവണത.

കണ്മുന്നിൽ ഒരു സംഘട്ടനം കണ്ടാൽ അതിൽ ഇടപെടാൻ എത്ര പേർ ഇക്കാലത്ത് തയ്യാറാകും. തമ്മിൽ തല്ലു കൂടുന്നവരെ പിടിച്ചു മാറ്റാൻ ചെന്നാൽ തനിക്കു തല്ലു കൊള്ളുമോ എന്ന പ്രായോഗിക ചിന്ത ഒരു വശത്ത്. ഒരാൾ മറ്റൊരാളെ കൊന്നാലും കൊലപാതകിയുടെ പക്ഷത്ത് ന്യായം കണ്ടെത്തുന്ന ചിലർ. അയാൾ സ്വരക്ഷയ്ക്കു വേണ്ടിയാകാം കൊലപാതകം ചെയ്തതെന്നോ മറ്റോ സങ്കൽപ്പിച്ചു കൂട്ടിയേക്കാം.

ഒരാൾ അപകടത്തിൽപ്പെട്ടു കിടക്കുന്നത് കണ്ടാൽ അയാളെ ഉടനടി ആശുപത്രിയിൽ എത്തിച്ചാൽ പിന്നെ അതിന്റെ നൂലാമാലകൾക്കു പിന്നാലെ പോകേണ്ടി വരുമെന്ന ചിന്തയാലല്ലേ പലരും അപകടത്തിൽപ്പെട്ടവരെ സഹായിക്കാതെ അവരുടെ ചിത്രങ്ങൾ പകർത്തി രസിക്കുന്നത്.

നായക-പ്രതിനായക സങ്കൽപ്പങ്ങൾ

ആദി കവി വാല്മീകിയുടെ ‘രാമായണം’ മുതൽ നാം കണ്ടുവരുന്നതാണ് സർവ്വഗുണ സമ്പന്നനായ നായകനും മറ്റുള്ളവരെ സദാ ദ്രോഹിക്കുന്ന; കുടിലത മാത്രം പ്രവർത്തിക്കുന്ന ഒരു പ്രതിനായകനും. പുരാണങ്ങളിൽ സദ് ഗുണങ്ങളുള്ള കഥാപാത്രങ്ങൾ ദേവഗണത്തിലും ദുർഗുണങ്ങളുള്ളവരൊക്കെയും അസുര ഗണത്തിലും ഉൾപ്പെട്ടു. തുടർന്ന് കാലാനുകാലങ്ങളായി സാഹിത്യത്തിലും മറ്റ് കലാരൂപങ്ങളിലും നായകൻ സത്ഗുണ സമ്പന്നനും വില്ലൻ ദുർഗുണങ്ങളുടെ വിളനിലവുമായി വിലസി.

പ്രജാ ക്ഷേമ തത്പരനും സ്വാർത്ഥത വെടിഞ്ഞവനും നന്മയുടെ മൂർത്തിമത് ഭാവമായി വിളങ്ങിയപ്പോൾ നീച കൃത്യങ്ങൾ ചെയ്തു കൊണ്ട് പ്രതിനായകന്മാർ അരങ്ങു തകർത്തു. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിൽ നന്മയ്ക്ക് അന്തിമ വിജയമുണ്ടാകുമെന്നും തിന്മ നിശ്ശേഷം പരാജയപ്പെടുമെന്നുമുള്ള ചിന്ത മനുഷ്യ മനസ്സിൽ അരക്കെട്ടുറപ്പിക്കാൻ ഒട്ടു മിക്ക കലാ- സാഹിത്യ സൃഷ്‌ടികളിലൂടെ കഴിഞ്ഞിരുന്നു.

നന്മയും തിന്മയും മതങ്ങളിൽ

നന്മയെയും തിന്മയെയും കുറിച്ച് എല്ലാ മതങ്ങളിലും വ്യക്തമായ സൂചനകൾ എക്കാലവും ഉണ്ടായിട്ടുണ്ട്. പ്രകാശം നന്മയെന്ന സത് ഗുണത്തെ സൂചിപ്പിക്കുമ്പോൾ അന്ധകാരം തിന്മയെ പ്രതിനിധാനം ചെയ്യുന്നതായി മതഗ്രന്ഥങ്ങൾ സ്ഥിരീകരിച്ചു.

നല്ല ചിന്തകൾ വളർത്തി മനസിനെ പരിശുദ്ധമാക്കുവാനും അതിലൂടെ തങ്ങൾ വിശ്വസിക്കുന്ന ദൈവത്തോട് അടുക്കുവാനുമുള്ള മാർഗ്ഗങ്ങൾ സ്വായത്തമാക്കുവാനും മതങ്ങൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു. അതിനു വേണ്ടി അനുഷ്‌ഠിക്കേണ്ട ആചാരങ്ങൾ കാലക്രമേണ പല ദുരാചാരങ്ങൾക്കും ഇടയാക്കിയെങ്കിലും ആത്യന്തികമായി മതങ്ങൾ സത് പ്രവർത്തികളെയാണ് പിന്തുണച്ചത്.

നന്മ-തിന്മ എന്ന സങ്കൽപ്പങ്ങൾ ചലച്ചിത്രങ്ങളിൽ

Good vs Evil, hero, villain , films, books, artists, MT Vasudevan Nair, Mani Ratnam , Ravan, Asura, Deva, Mahabharat, Ramayanam, Valmiki , Chanthu, 

നന്മ-തിന്മ എന്ന സങ്കൽപ്പങ്ങളുടെ അലയൊലികളുടെ സാന്നിധ്യം ചലച്ചിത്രങ്ങളിലും പ്രകടമായിരുന്നു. നായകൻ എന്നാൽ നന്മയുടെ നിറകുടമെന്ന സങ്കൽപ്പത്തിനാണ് വളരെക്കാലം ചലച്ചിത്ര രംഗവും പിന്തുണയേകിയത്.

അധോലോകവും മറ്റും പ്രമേയമാക്കിയ ചിത്രങ്ങളിൽ നായകനായ അധോലോക നേതാവ് ചിത്രത്തിൻറെ അവസാന സീനുകളിൽ തന്റെ ദുഷ്ചെയ്തികളിൽ മനം നൊന്ത് മാനസാന്തരപ്പെടുന്നതിനും പ്രേക്ഷകർ സാക്ഷികളായി. അല്ലെങ്കിൽ തന്റെ ചീത്ത ചെയ്തികളുടെ പ്രതിഫലമെന്നോണം അവർ വെടിയേറ്റ് കാലഗതിയെ പ്രാപിക്കുന്നതിനും സിനിമാ പ്രേമികൾ സാക്ഷ്യം വഹിച്ചു.

ചിന്തകളിലെ മാറ്റങ്ങൾ ന്യായീകരണങ്ങളായി കലയിലും

എന്നാൽ അടുത്തിടെയായി ചില ചലച്ചിത്രങ്ങളും കൃതികളും വില്ലന്മാർക്ക് പുതിയൊരു പരിവേഷം ചാർത്തിക്കൊടുക്കുവാനായി മത്സരിക്കുന്നത് സർവ്വ സാധാരണമായിരിക്കുകയാണ്. വളരെ നൂറ്റാണ്ടുകളായി നാം വില്ലന്മാരെന്ന് കരുതുന്നവരെ മഹാന്മാരായി ചിത്രീകരിക്കുവാനുള്ള പ്രവണത ഇക്കാലത്ത് രൂക്ഷമാണ്.

ഇതിഹാസത്തിലെ ‘രാവണൻ’ പണ്ടേക്കു പണ്ടേ നമുക്ക് വില്ലനാണ്. ‘കമ്പ രാമായണം’ പോലുള്ള കൃതികളിൽ ലങ്കാധിപതിയെ ന്യായീകരിക്കുവാനുള്ള ശ്രമങ്ങൾ നടന്നിരുന്നതായി കാണാം. എന്നാൽ വാല്മീകിയുടെ രാമായണത്തിലെ സങ്കല്പമനുസരിച്ച് രാമൻ നായകനും രാവണൻ വില്ലനുമായി പല കലാസൃഷ്‌ടികളും പുറത്തു വരുന്നത് തുടർന്നു കൊണ്ടിരുന്നു. എന്നാൽ ആധുനിക കാലത്ത് അതിനൊരു മാറ്റം സംഭവിച്ചു. വയലാർ രാമവർമ്മയെ ( ‘രാവണപുത്രി’ ) പോലുള്ള ചില സാഹിത്യകാരന്മാർ രാവണന്റെ പക്ഷം പിടിക്കുന്നതിനും നാം സാക്ഷികളായി.

രാക്ഷസ രാജാവായ രാവണനെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് നീലകണ്ഠൻ രചിച്ച ‘അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ്’ എന്ന കൃതിയും ഇതിന്റെ തുടർച്ചയാണെന്ന് കാണുവാനാകും. ആര്യ- ദ്രാവിഡ സംസ്കാരങ്ങൾ തമ്മിലുള്ള പോരാട്ടമായിരുന്നു രാമ-രാവണ യുദ്ധമെന്ന കാഴ്ചപ്പാട് ഇപ്പോൾ സർവ്വ സാധാരണമായിരിക്കുകയാണ്.

മര്യാദാ പുരുഷോത്തമനായ രാമന്റെ പല ചെയ്തികളും ചോദ്യം ചെയ്യപ്പെട്ടതും അതിലൂടെ രാവണൻ ചെയ്തതിനെ സാധൂകരിക്കുവാനുള്ള ശ്രമങ്ങൾ തുടരുന്നതിനും നാം സാക്ഷികളാണല്ലോ. തിന്മ ആര് ചെയ്താലും അത് ചോദ്യം ചെയ്യപ്പെടണമെന്നിരിക്കെ ഒരാളുടെ തിന്മയെ ചൂണ്ടിക്കാട്ടി മറ്റൊരാളുടെ തിന്മകളെ ന്യായീകരിക്കുവാനുള്ള ശ്രമങ്ങൾ ബോധപൂർവ്വം സൃഷ്‌ടിക്കപ്പെടുന്നതായി അടുത്തിടെ അരങ്ങേറുന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നില്ലേ?

ഗാന്ധിജി പോലും ചോദ്യം ചെയ്യപ്പെട്ടപ്പോൾ

Good vs Evil, hero, villain , films, books, artists, MT Vasudevan Nair, Mani Ratnam , Ravan, Asura, Deva, Mahabharat, Ramayanam, Valmiki , Chanthu, 

രാഷ്ട്ര പിതാവായ ഗാന്ധിജിയെ ബ്രിട്ടീഷ് ചാരനെന്നു വിളിച്ച് അധിക്ഷേപിക്കുവാനുള്ള ധൈര്യം ആർജ്ജിച്ചത് ഈയൊരു നിലപാടുകളുടെ തുടർച്ചയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ആരും വിമർശനങ്ങൾക്ക് അതീതരല്ലെന്ന സത്യം നിലനിൽക്കെ ചില ഗൂഢോദ്യേശ്യത്താൽ ഗാന്ധിജിയെ പോലൊരു മഹാത്മാവിനെ പോലും കരി വാരിത്തേയ്ക്കുവാൻ ചില കുത്സിത കക്ഷികൾ മത്സരിക്കവെ അതിനെതിരെ പ്രബുദ്ധർ പോലും ചെറുവിരലനക്കുവാൻ ധൈര്യപ്പെടുന്നില്ലെന്നത് കഷ്‌ടം തന്നെയാണ്.

മഹാത്മാ ഗാന്ധി ചെയ്ത അനേകമനേകം സത്‌പ്രവൃത്തികളെ യാതൊരു വിവേകവുമില്ലാതെ ചോദ്യം ചെയ്തും രാഷ്ട്ര ദ്രോഹികളെന്ന് സമൂഹം കാലങ്ങളായി മുദ്ര കുത്തിയിരുന്നവരിൽ ചിലരെ മഹാന്മാരായി പ്രതിഷ്‌ഠിക്കുവാനുമുള്ള ചിലരുടെ കുത്സിത ബുദ്ധി ഉണർന്നു പ്രവർത്തിക്കുമ്പോൾ അതിന്റെ തിക്ത ഫലം അതിഭയാനകമായിരിക്കുമെന്നതിൽ സംശയമില്ല.

രാഷ്ട്രീയ നേട്ടത്തിനായി ചരിത്രത്തെപ്പോലും നിഷ്ക്കരുണം വളച്ചൊടിച്ച് ആധുനിക നേതാക്കന്മാർ മുന്നേറവെ ചരിത്രകാരന്മാരുടെയും വിവേകശാലികളുടെയും പ്രതികരണങ്ങൾക്ക് ചെവി കൊടുക്കുവാൻ സമൂഹവും മാധ്യമങ്ങളും തയ്യാറാകുന്നില്ലെന്നത് അക്ഷന്തവ്യമായ തെറ്റ് തന്നെയാണ്.

രാവണനും ചന്തുവും നായകന്മാരായപ്പോൾ

‘രാവൺ’ എന്ന മണിരത്നം ചിത്രത്തിലും ലങ്കാധിപതിയെ സാധൂകരിക്കുവാനുള്ള ശ്രമമായിരുന്നുവല്ലോ നടന്നത്. തിന്മയെ വെള്ള പൂശുവാനുള്ള ശ്രമത്തിൽ ഒട്ടനേകം പേർ എതിർപക്ഷം പിടിച്ചു. ഏതൊരു വില്ലന്റെയും പ്രവർത്തിയെ ഏതൊരാൾക്കും നിഷ്പ്രയാസം ന്യായീകരിക്കാം.

അതു പോലെ ഏതൊരു സർവ്വഗുണ സമ്പന്നന്റെ ജീവിതം പരിശോധിച്ചാലും ഏതൊരാൾക്കും അതിൽ കുറെയേറെ തെറ്റുകൾ കണ്ടെത്താനുമാകും. എന്നാൽ സത്പ്രവർത്തികളെ ഇടിച്ചു താഴ്ത്തിയും     മൂല്യച്യുതി സംഭവിച്ചവരെ മഹാന്മാരാക്കിയും ഉയർത്തിക്കാട്ടുന്ന പ്രവണത അത്ര ശ്ലാഘനീയമല്ല.

പ്രതിനായകനെ നായകനാക്കുവാനായി പരിശ്രമിക്കുമ്പോഴും അക്കാലമത്രയും ജനമനസുകളിൽ പ്രീതിയാർജ്ജിച്ചു നിന്ന നല്ല കഥാപാത്രങ്ങളെ മോശക്കാരായി ചിത്രീകരിക്കുമ്പോഴും സത്യമേത്, മിഥ്യയേത്, നല്ലതേത്, ചീത്തയേത് എന്ന ചിന്തയിൽ സാധാരണക്കാർക്ക് സംശയങ്ങളുണ്ടാകുകയാണ്. ‘ഒരു വടക്കൻ വീരഗാഥ’യിൽ ‘ചന്തു’ എന്ന കഥാപാത്രത്തെ നായകനായി അവരോധിച്ച എം ടി വാസുദേവൻ നായർ ആ ശ്രമത്തിനിടയിൽ സമൂഹമനസുകളിൽ ചിരപ്രതിഷ്‌ഠ നേടിയ പല വിഗ്രഹങ്ങളെയും തകർത്തെറിഞ്ഞതും ഈ വേളയിൽ ഓർക്കാം.

സത്യൻ അന്തിക്കാടിനെ പോലുള്ള സംവിധായകരുടെ ചിത്രങ്ങളിലെ നായകന്മാർക്ക് ചെറിയ ചില കുശുമ്പും കുന്നായ്മയുമുണ്ടെങ്കിലും അവരെല്ലാം സർവ്വോപരി സ്ത്രീകളോട് മാന്യത കാട്ടുന്നവരും സഹജീവികളോട് കാരുണ്യം പ്രകടിപ്പിക്കുന്നവരും പരോപകാരികളും നിസ്വാർത്ഥതയുടെ പ്രതീകങ്ങളുമായിരുന്നു.

എന്നാൽ ഇന്നോ നായകന് വീരപരിവേഷം ലഭിക്കുവാനായി അവർ കാട്ടിക്കൂട്ടുന്ന അക്രമങ്ങളെ നെടുനീളൻ ഡയലോഗുകളിലൂടെ സാധൂരിക്കുന്നു. നായകനെ പൗരുഷത്തെ പ്രതീകങ്ങളാക്കുമെന്ന മിഥ്യാ ധാരണയിൽ കുറെയേറെ നടിമാരെ നായകന് ചുറ്റും സദാ ഉപഗ്രഹങ്ങളായി നട്ടം തിരിയിക്കുന്നു.

വിവേകത്തെക്കാൾ വിചാരങ്ങൾക്ക് പ്രാധാന്യമേറുമ്പോൾ

കാലങ്ങളായി തുടർന്ന് വരുന്ന ചിന്തകൾ, സിദ്ധാന്തങ്ങൾ, സങ്കല്പങ്ങൾ എന്നിവ വിശകലനം ചെയ്യപ്പെടുന്നതും വിമർശിക്കപ്പെടുന്നതും നല്ലതു തന്നെയാണ്. അവയെ കൂടുതൽ മെച്ചപ്പെടുത്തുവാനായും കാലഹരണപ്പെട്ടവയെ നിഷ്കരുണം പുറംതള്ളിക്കൊണ്ട് മെച്ചമായ ആശയങ്ങളും നിലപാടുകളും കൈക്കൊള്ളുന്നതിനും ആരോഗ്യകരമായ ചർച്ചകൾ വഴിതെളിക്കും.

എന്നാൽ തങ്ങളുടെ ചില രഹസ്യ അജണ്ടകൾ നടപ്പിൽ വരുത്തുവാനായി ചുരുക്കം ചിലർ കാട്ടിക്കൂട്ടുന്ന പ്രക്രിയകൾ പ്രബുദ്ധതയ്ക്ക് അനാരോഗ്യകരം തന്നെ. പകലും രാത്രിയുമുണ്ടെങ്കിൽ; ജനനവും മരണവുമുണ്ടെങ്കിൽ നന്മയും തിന്മയുമുണ്ട്. ശരിയും തെറ്റുമുണ്ട്. അല്ലാതെ എന്തിലും ഇതിലും ന്യായീകരണ പ്രവണത കാട്ടി നിക്പക്ഷതയുടെ നിലപാട് സ്വീകരിച്ച് ചേരിചേരാ നയം സ്വീകരിക്കുന്നത് സ്വരക്ഷയുടെ, സ്വാർത്ഥതയുടെ പര്യായമായി മാത്രമേ കാണാനാകൂ.

ശരി-തെറ്റ്, നന്മ-തിന്മ, ധർമ്മം-അധർമ്മം എന്നിവ ആപേക്ഷികമാണെന്നും ഓരോരോ സാഹചര്യങ്ങളിലും അതിന്റെ ഗുണ-ദോഷ വശങ്ങൾ മാറി വരുമെന്നുമുള്ള പ്രായോഗികതാ വാദം ആധുനിക ലോകത്തിൽ മാത്രമല്ല നിലവിലുള്ളത്. ആ ചിന്തയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ഏവർക്കും അറിയാവുന്നതാണല്ലോ.

എന്നാൽ ഇവയെ കുറിച്ചു കൂലംകലുഷമായി ചിന്തിക്കുന്ന നാം തീർച്ചയായും അനുവർത്തിക്കേണ്ട ഉത്തരവാദിത്തം മറക്കുമ്പോഴാണ് മാൻഹോളിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുവാനായി സ്വന്തം ജീവനെ പറ്റിയോ കുടുംബത്തെ പറ്റിയോ ചിന്തിക്കാതെ പ്രവർത്തിച്ച’ നൗഷാദ്’ എന്ന വ്യക്തിയുടെ മഹത്വം വ്യക്തമാകുന്നത്. ‘നിപ’ എന്ന വൈറസ് ഭീതിയുടെ മുന്നിൽ ഏവരും പകച്ചു നിൽക്കവെയാണ് സ്വാർത്ഥ ചിന്തയിൽ അകപ്പെടാതെ സ്വധർമ്മം അനുഷ്‌ഠിച്ചു മരണത്തെ സ്വയം വരിച്ച നേഴ്സ് ലിനി പുതുശേരി ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മഹത്തായ മാതൃക കാട്ടിയത്.

നന്മയും തിന്മയും എന്താണെന്നും അത് ചെയ്യുന്നവരുടെ പ്രവർത്തികൾ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഈ വേളയിൽ; എന്തിലും ഏതിലും ദോഷം മാത്രം കാണുവാനുള്ള പ്രവണത രൂക്ഷമായ ഈ സാഹചര്യത്തിൽ പ്രഥമദൃഷ്ട്യാ നിർദോഷകരമെന്ന് തോന്നുന്ന വചനങ്ങളും നിലപാടുകളുമായി കലാകാരന്മാർ പോലും രംഗത്തെത്തവെ അത് സമൂഹത്തിൽ ഉളവാക്കുന്ന പ്രത്യാഘാതം വളരെ വലുതാണെന്ന് ഓർമ്മിപ്പിച്ചു കൊള്ളട്ടെ.

ജാനാമി ധർമ്മം ന ച മേ പ്രവർത്തി
ജാനാമ്യധർമ്മം ന ച മേ നിവൃത്തി”

( ധർമ്മമേതാണെന്ന് എനിക്കറിയാം, പക്ഷേ അത് ചെയ്യാൻ എനിക്കാകുന്നില്ല. അധർമ്മം ഏതെന്നും എനിക്കറിയാം, എന്നാൽ അത് ചെയ്യാതിരിക്കുവാനും എനിക്കാകുന്നില്ല) എന്ന് ധൃതരാഷ്ട്രർ വിദുരരോട് വിലപിച്ചത് ഈ വേളയിൽ ഓർത്തു പോകുന്നു. ഹസ്തിനാപുരിയുടെ നരേശന്റെ അതേ അവസ്ഥയിൽ തന്നെയല്ലേ പലപ്പോഴും നാം ചെന്നെത്തി നിൽക്കുന്നത്?!

ശാലിനി വി എസ് നായർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് താങ്ങായി കുടുംബശ്രീ

Neelakurinji , Munnar , Kerala, tourism, Save Kurinji Campaign Council,

നമ്മുടെ സ്വന്തം നീലക്കുറിഞ്ഞികൾ വീണ്ടും പൂത്തുലയവെ