goodness, eagle, river, kindness, trees, cruelty, money, people, selfie, wild, animals, dogs, elephants, kind-hearted,
in , , ,

നന്മകൾ തൻ പ്രകാശം പരത്തുന്ന ചില പുണ്യജന്മങ്ങൾ

ചിലരുണ്ടീ ലോകത്തിൽ. പ്രശസ്തി തെല്ലുമാഗ്രഹിക്കാതെ നിശബ്ദമായി നന്മകൾ ( goodness ) ചെയ്യുന്നവർ. അവർ ചെയ്തതിന്റെ കണക്ക് ശിലാഫലകങ്ങളിൽ പ്രദർശിപ്പിക്കാറില്ല. നാലാളോട് അതേ പറ്റി ഹുങ്കു പറയാറില്ല. എന്തിനധികം പറയുന്നു; സമൂഹ മാധ്യമങ്ങളിൽപ്പോലും അവർ തങ്ങൾ ചെയ്ത സത്പ്രവർത്തികൾ വിളിച്ചു കൂകാറില്ല. ആരോരുമറിയണമെന്നാഗ്രഹിക്കാതെ ആ നിഷ്കാമ കർമ്മികൾ തങ്ങളുടെ സത് പ്രവർത്തികൾ തുടരുന്നു.

മാലിന്യവാഹിനിയായ പുഴയ്ക്ക് ഒരു കൈത്താങ്ങ്

അടുത്തിടെ ആകസ്മികമായി ചെറിയൊരു വീഡിയോ ക്ലിപ്പ് കാണാനിടയായി. ഏറെ വർഷങ്ങളായി പുഴയിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തന്റെ ചെറു വഞ്ചിയിൽ ശേഖരിക്കുന്ന ഒരാൾ. ആ മാന്യദേഹത്തിന്റെ പേരറിയില്ലായിരുന്നു ഒരഞ്ചു മിനിട്ടു മുൻപ് വരെ.

പേരും പെരുമയും ആഗ്രഹിക്കാതെ പ്രകൃതിക്കും അതിലെ ജീവജാലങ്ങൾക്കും നന്മ ചെയ്യുന്ന ഈ പുണ്യജന്മത്തിന്റെ പേരറിയുന്നതിലെന്തിരിക്കുന്നു എന്ന് ചിന്തിച്ചെങ്കിലും വെറുതെ ഒന്ന് ഗൂഗിളിൽ പരാതിയപ്പോൾ ഇതാ ലഭിച്ചിരിക്കുന്നു വിശദവിവരങ്ങൾ. നാല് പതിറ്റാണ്ടായി ചെറുപുഴയിലെ മാലിന്യങ്ങൾ ശേഖരിക്കുന്ന കോഴിക്കോടുള്ള കുറ്റിക്കടവിലെ അബ്ദുൾ ഖാദര്‍ എന്ന വയോധികനാണ് നായകൻ.

കഴിഞ്ഞ വര്‍ഷം 416 കിലോ പ്ലാസിറ്റിക് മാലിന്യങ്ങളാണ് ചെറുപുഴയില്‍ നിന്നും അദ്ദേഹം ശേഖരിച്ചത്. അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്ന പുണ്യ പ്രവർത്തി ഒരാൾക്കെങ്കിലും പ്രചോദനമായാൽ അതിൽപ്പരം പുണ്യം മറ്റെന്തുണ്ട്? പുഴ വൃത്തിയാക്കുവാനായില്ലെങ്കിലും ആ ജീവനാഡിയിലേക്ക് മാലിന്യം വലിച്ചെറിയില്ല എന്ന തീരുമാനം നാം കൈക്കൊള്ളുവാനെങ്കിലും ആ വന്ദ്യവയോധികന്റെ സത് പ്രവർത്തി കാരണമാകുമ്പോൾ അദ്ദേഹം വിജയിക്കുന്നു.

പ്രതിഫലേച്ഛ കൂടാതെയുള്ള അദ്ദേഹത്തിന്റെ ആ പരിശ്രമം പലപ്പോഴും പലരുടെയും പരിഹാസത്തിന് പാത്രമായിട്ടും അതിലൊന്നും തളരാതെ വാർദ്ധക്യ വേളയിലും തന്റെ കടമകൾ നിർവ്വഹിക്കുന്ന ഈ പ്രകൃതിയുടെ പുത്രൻ ഒരു പൗരനെന്ന നിലയിലും ഈ പ്രകൃതിയിലെ ഒരു ഘടകമെന്ന നിലയിലും തന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിക്കൊണ്ടിരിക്കുന്നു.

കടമകൾ പ്രഹസനമാകുമ്പോൾ

എന്നാൽ നമ്മിൽ ബഹുഭൂരിപക്ഷവും യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ മാലിന്യങ്ങൾ വലിച്ചെറിയുന്നു. യാതൊരു കുറ്റബോധവുമില്ലാതെ പ്രകൃതിയോടും നമ്മോടു തന്നെയും അനീതി പ്രവർത്തിച്ചു കൊണ്ട് തരം കിട്ടുമ്പോഴൊക്കെയും വൃഥാ കവല പ്രസംഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

മരം നടൽ നമ്മുടെ കടമയും അത്യാവശ്യവുമാണെന്ന കാര്യം മറന്ന് അത് ആണ്ടിലൊരിക്കൽ കൊട്ടിഘോഷിച്ച് കൊണ്ടാടുന്ന പ്രഹസനമാക്കുന്നു. ആ ചടങ്ങിന്റെ ചിത്രം പകർത്തി ‘എന്റെ തല, എന്റെ പേര് ‘ എന്ന മട്ടിൽ പുറം ലോകത്തെ അറിയിക്കുന്നു.

നാട്ടിലെ പഴയൊരു നിശബ്ദ വിപ്ലവം

goodness, eagle, river, kindness, trees, cruelty, money, people, selfie, wild, animals, dogs, elephants, kind-hearted,

ഇക്കാര്യത്തെ പറ്റി അച്ഛനോട് സൂചിപ്പിക്കവെയാണ് തികച്ചും അവിചാരിതമായി അദ്ദേഹം പഴയൊരു സംഭവം പറഞ്ഞത്. നെട്ടയം പോളിടെക്നിക് കോളേജ് ജംഗ്ഷനിൽ റോഡുവക്കത്തായി കുറച്ചു വാകമരങ്ങൾ നിൽപ്പുണ്ട്. അവയെ ചുറ്റിപ്പറ്റിയാണ് സംഭവം. വർഷങ്ങൾക്കു മുൻപ് അച്ഛൻ ആ ജംഗ്‌ഷനിൽ ഒരു പലവ്യഞ്ജനക്കട നടത്തി കൊണ്ടിരുന്ന വേളയിൽ അവിടെ ദാസൻ, ബാബു ( പേര് സാങ്കൽപികമല്ലെന്ന് എടുത്തു സൂചിപ്പിക്കുന്നു ) എന്നു പേരായ രണ്ടു സഹോദരന്മാർ ഒരു ചെറിയ ചായക്കട നടത്തിയിരുന്നുവത്രെ.

വളരെയേറെ തമാശകൾ പറഞ്ഞ് ആളുകളുടെ പ്രിയം നേടിയ ആ സോദരന്മാർ ഒരിക്കൽ കുറേ മരത്തൈകൾ (കൂടുതലും ചാരക്കൊന്നകൾ) നട്ടു. ദിനവും വെള്ളമൊഴിച്ചു പരിപാലിച്ചു. ആദ്യം ചിലരൊക്കെ അതു കണ്ട് കളിയാക്കിയത്രെ. തുടർന്ന് അച്ഛനും മറ്റു ചിലരും കൂടി ആ സോദരന്മാർക്കൊപ്പം ചേർന്ന് ആ മരത്തെകൾക്ക് വെള്ളമൊഴിച്ചുവെന്നും വെളിപ്പെടുത്തൽ. വികസന തേരോട്ടത്തെ അതിജീവിച്ച മരങ്ങളിൽ ചിലത് ഇന്നാ വീഥിയിൽ തണലൊരുക്കി നിൽക്കുന്നു.

നട്ടു വളർത്താൻ ചുരുക്കം ചിലർ; നശിപ്പിക്കാൻ ബഹുഭൂരിപക്ഷം

പൊതുസ്ഥലങ്ങളിൽ മരത്തൈ നടണമെന്ന് അതീവമായി ആഗ്രഹിച്ചിട്ടും മറ്റുള്ളവർ കളിയാക്കുമോയെന്ന ചിന്തയാൽ തന്നെയാണ് ഈയുള്ളവളെ പോലെ പലരും പലപ്പോഴുമാ ഉദ്യമത്തിൽ നിന്നു പിന്തിരിയുന്നതെന്നു ചിന്തിക്കവെയാണ് ആ സോദരന്മാർ അന്നു ചെയ്ത പ്രവർത്തിയുടെ മഹാത്മ്യം തിരിച്ചറിയുന്നത്.

പന്തലൊരുക്കി തണലേകുന്ന ആ മരങ്ങളിൽ രണ്ടെണ്ണം ഈ കാലവർഷവേളയിൽ കാലഗതി പ്രാപിച്ചു. കാലവർഷം മാത്രമായിരുന്നില്ല അവരുടെ അന്തകരായി ഭവിച്ചത്. അവിടെയുള്ള വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെയുള്ളവർ നിക്ഷേപിക്കുന്ന ചപ്പുംചവറും മുറയ്ക്കു കൂട്ടിയിട്ടു കത്തിക്കുന്നത് ഈ വൃക്ഷച്ചുവടുകളിലാണ്.

അത്തരം കാഴ്ചകൾ റോഡുവക്കുകളിൽ നിത്യവും അരങ്ങേറുന്നതിന് നാം മൂക ദൃക്‌സാക്ഷികളാണല്ലോ. മരം മറിഞ്ഞു വീണാലുണ്ടാകുന്ന ഭവിഷ്യത്തോർക്കാതെയാണോ ചിലരീ പ്രവർത്തി ചെയ്യുന്നത്? അങ്ങനെയും ചിലർ.

പരോപകാരം വ്രതമാക്കിയ നന്മ നിറഞ്ഞവർ

അവർക്കിടയിൽ വ്യത്യസ്തരായി വളരെക്കുറച്ചാളുകൾ നമുക്കിടയിലുണ്ടെന്നതാണ് ഏക ആശ്വാസം. താൻ കഴിച്ചില്ലെങ്കിലും വീട്ടുകാരെയും മറ്റുള്ളവരെയും ഊട്ടുവാനായി രാപകൽ അധ്വാനിക്കുന്ന പാവങ്ങൾ. മനുഷ്യരോടെന്ന പോൽ മറ്റ് ജീവജാലങ്ങളോടും കാരുണ്യപൂർവ്വം പെരുമാറുന്നവർ. ഇത്തരത്തിൽ നന്മ നിറഞ്ഞ മനസുമായി ഒട്ടനവധി പേർ നമുക്കിടയിലുണ്ട്.

എന്നാൽ സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലെ നന്മ നിറഞ്ഞ കഥാപാത്രങ്ങളെപ്പോലെയാണ് മലയാളികളെല്ലാവരുമെന്ന കാഴ്ചപ്പാട് മാറ്റിമറിക്കുന്ന ഒട്ടനേകം റിപ്പോർട്ടുകൾ നിത്യവും പത്രത്താളുകളിൽ ഇടം പിടിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുൻപ് മലയാളി മനസ്സ് ഇത്രമേൽ മരവിച്ചു പോയോ എന്ന് തോന്നിപ്പിച്ച ഒരു വാർത്തയിൽ മനസ്സുടക്കി.

മനഃസാക്ഷിക്കുത്തില്ലാതെ മറ്റു ചിലർ

ഒന്നര മണിക്കൂറോളം തുടര്‍ച്ചയായി പറക്കാന്‍ കഴിവുള്ള പരുന്തുകളെ, ചിറകും വാലും മുറിച്ചു മാറ്റി വിനോദസഞ്ചാരികളുടെ മുന്നില്‍ പ്രദര്‍ശനവസ്തുവാക്കി ചിലർ പണം കൊയ്യുന്നതായുള്ള വാർത്ത അത്ര സുഖകരമായിരുന്നില്ല. ആലപ്പുഴയിലെ കൈനകരി ഹൗസ്‌ബോട്ട് ടെര്‍മിനലിലാണ് കൃഷ്ണപ്പരുന്തുകളെ (ബ്രാഹ്മിണി കൈറ്റ്) കൈയിലിരുത്താനും ഫോട്ടോയെടുക്കാനും വാടകയ്ക്ക് നൽകിയത്.

ഏതാനും മാസം മുമ്പു വരെ ഒരു പരുന്തിനെ മാത്രമാണ് കൈനകരിയില്‍ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നതെങ്കിൽ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതോടെ പരുന്തുകളുടെ എണ്ണവും കൂടുകയായിരുന്നു.

കാട്ടിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റത്താൽ ഭക്ഷണവും ആവാസവും നഷ്‌ടമായ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ നാട്ടിലിറങ്ങവെ അവയെ പ്രകോപിപ്പിക്കുവാൻ ചിലർ മനപ്പൂർവ്വം ശ്രമിക്കുന്നതായുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ സുലഭമാണ്.

കഴിഞ്ഞ വർഷം തെരുവ് നായ്ക്കൾ കൂട്ടത്തോടെ മനുഷ്യരെ ആക്രമിക്കുന്നത് പതിവാക്കിയതും തുടർന്ന് ഒരു കൂട്ടം ആളുകൾ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി നിരത്തുകളിൽ പ്രദർശിപ്പിച്ചതും ഓർക്കുന്നില്ലേ.

മനുഷ്യർ കൊണ്ടു തള്ളിയ ഇറച്ചി ഉൾപ്പെടെയുള്ള അവശിഷ്‌ടങ്ങൾ ഭക്ഷിച്ച് രക്തദാഹികളായ നായ്ക്കൾ ഒരു വശത്ത്. അവയെപ്പോൽ കലിതുള്ളി കുറെയേറെ മനുഷ്യർ മറുവശത്ത്. ഇപ്പോഴും തെരുവ് നായ്ക്കളുടെ ഭീഷണി ചില സ്ഥലങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

നാട്ടിലിറങ്ങുന്ന പുലികളുമുൾപ്പെടെയുള്ള അക്രമകാരികളായ വന്യജീവികളെ അധികൃതർ പിടികൂടുന്ന വേളയിൽ ആർപ്പു വിളികളും സെൽഫിയെടുപ്പും മറ്റുമായി ചിലരത് ആഘോഷമാക്കുന്നതും സർവ്വസാധാരണമായിരിക്കുകയാണ്.

മധുവെന്ന യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത് അങ്ങ് വടക്കേ ഇന്ത്യയിലെങ്ങുമായിരുന്നില്ലല്ലോ. അത്രമേൽ ക്രൂരരാകുവാൻ നമുക്കുമാകുമെന്ന് അതു പോലുള്ള സംഭവങ്ങളിലൂടെ മലയാളികൾ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

goodness, eagle, river, kindness, trees, cruelty, money, people, selfie, wild, animals, dogs, elephants, kind-hearted,

നന്മയുടെ നിറകുടങ്ങളായി എപ്പോഴും പെരുമാറണമെന്ന് ആഗ്രഹിച്ചാലും ചില പ്രതികൂല സാഹചര്യങ്ങളിൽ നമ്മിൽ പലരും ആത്മനിയന്ത്രണം വെടിയാറുണ്ട്. എന്നാൽ ചുരുങ്ങിയ പക്ഷം മറ്റുള്ളവർക്ക് നന്മ ചെയ്തില്ലെങ്കിലും തിന്മ ചെയ്യാതിരിക്കാനെങ്കിലും നാം ശ്രമിച്ചെങ്കിൽ എത്ര നന്നായേനെ.

തങ്ങളിലൊരുവൻ അപകടത്തിൽപ്പെട്ട് ജീവനു വേണ്ടി പിടയവെ അതു പോലും ഉടനടി പകർത്തി ലൈക്കുകൾ വാരിക്കൂട്ടാൻ മത്സരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്ന ഈ ലോകത്ത് ‘പരോപകാരാര്‍ത്ഥമിദം ശരീരം’ എന്ന് ചിന്തിച്ച് നന്മയുള്ള മനസ്സുമായി ‘പരോപകാരമേ പുണ്യം , പാപമേ പരപീഢനം’എന്ന തത്വം പ്രാവർത്തികമാക്കുന്നവരിലാണ് ഇനി സമൂഹത്തിന്റെയും പ്രകൃതിയുടെയും പ്രതീക്ഷ.

ശാലിനി വി എസ് നായർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

actor, Thilakan, daughter, Sonia, memories, film, cinema, father, pesonal life, mother, dramma, acting, awards, ban, VS, Kanam, Ramesh Chennithala, Mohan Lal, Sohan Roy, Dam 999, Kilukkam, Moonnaampakkam, Indian Rupee, Ustad Hotel,

എന്റെ അച്ഛനും ഞാനും: സോണിയ തിലകന്റെ നല്ലയോർമ്മകൾ

poverty, rich, India,child ,labour, wealth, France, richest country, world, wealthiest, US, America, China, refugees, child labour,  missing cases, common man, education, banks, loan, IMF

സമ്പത്തും ദാരിദ്ര്യവും കൂട്ടിമുട്ടുമ്പോൾ