in ,

തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ കൊണ്ടു വരുമെന്ന് ഗൂഗ്ൾ

ന്യൂ ഡൽഹി: തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാനും സുതാര്യത ഉറപ്പുവരുത്താനുമായി തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗൂഗ്ൾ [ Google ] ഒരുങ്ങുന്നു. ഇതിനായി  ചില നടപടിക്രമങ്ങൾ  ഉടൻതന്നെ കൊണ്ടുവരുമെന്ന് ഗൂഗ്ൾ  വൃത്തങ്ങൾ വ്യക്തമാക്കി. 

850 മില്യണിലേറെ ജനങ്ങൾ പങ്കെടുക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കാൻ പോകുന്നതെന്നും  ജനാധിപത്യ പ്രക്രിയയെ പിന്തുണയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെയുള്ള ഇലക്ഷൻ പരസ്യങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നുമാണ് അല്പം മുൻപ് ഗൂഗിൾ പുറത്തുവിട്ട പ്രസ്താവന പറയുന്നത്. 

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമേ ഇലക്ഷൻ പരസ്യങ്ങൾ സ്വീകരിക്കൂ. ട്രാൻസ്പരൻസി റിപ്പോർട്ട്,  ആഡ്സ് ലൈബ്രറി എന്നീ രണ്ട് കാര്യങ്ങൾ നിർബന്ധമാക്കി. ഇതുവഴി പരസ്യത്തിന് വേണ്ടി ആരാണ്  പണം മുടക്കിയതെന്ന് വെളിപ്പെടുത്തേണ്ടിവരും. കൂടാതെ ഇത്തരം പരസ്യങ്ങൾ ആരെല്ലാമാണ് പണം കൊടുത്ത് വാങ്ങുന്നതെന്നും എത്ര പണം അതിനായി ചെലവഴിക്കുന്നുണ്ടെന്നും കണ്ടെത്താനാകും.

തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെടുന്ന ഓരോ പരസ്യത്തെയും കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ശേഖരിക്കും. ഇത് കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻ‌കൂർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന പരസ്യങ്ങൾക്കു  മാത്രമേ തങ്ങളുടെ പ്ലാറ്റഫോമിലൂടെ പ്രദർശിപ്പിക്കാനുള്ള അനുമതി നൽകൂ എന്ന തീരുമാനവും കൈക്കൊണ്ടതായി ഗൂഗ്ൾ അധികൃതർ പറയുന്നു.  പ്രീ – സർട്ടിഫിക്കറ്റില്ലാത്തവ തള്ളും. 

ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെയോ സ്ഥാനാർഥിയെയോ വ്യക്തമായി പ്രൊമോട്ട് ചെയ്യുന്ന തരത്തിലുള്ള പരസ്യങ്ങളെയാണ് തെരെഞ്ഞെടുപ്പ് പരസ്യങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിലുള്ള ഒരു ലോക് സഭാംഗത്തെ ഉൾക്കൊള്ളിച്ചുള്ള പരസ്യങ്ങളും ഇലക്ഷൻ പരസ്യത്തിന്റെ നിർവചനത്തിൽ പെടും. 

എന്നാൽ, എത്ര ഫലപ്രദമായി ഇത് നടപ്പിലാക്കാൻ ഗൂഗിളിനാവും എന്ന കാര്യത്തിൽ  അവ്യക്തത നിലനിൽക്കുന്നുണ്ട്. ആൾട്ന്യൂസ് പോലെ വ്യാജവാർത്തകളെപ്പറ്റി  പഠനങ്ങൾ നടത്തുന്ന  സംഘടനകൾ പറയുന്നത്  മിക്കവാറും ഇലക്ഷൻ പരസ്യങ്ങൾ പ്രച്ഛന്ന രൂപത്തിലാണ് പ്രചരിക്കുന്നതെന്നാണ്. പ്രത്യേകിച്ച് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി  ബന്ധമുള്ളതായി തിരിച്ചറിയണമെന്നില്ല .

നേരിട്ട് ബന്ധമില്ലാത്ത ഗ്രൂപ്പുകളും സംഘങ്ങളുമാണ് ഇത്തരം പരസ്യങ്ങൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും. അതുകൊണ്ടുതന്നെ  നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ശ്രമകരമാണ്. 

ലോക്സഭാ തെരെഞ്ഞെടുപ്പ് സമയത്ത് വ്യാജവാർത്തകൾ തടയാനുള്ള  നടപടിക്രമങ്ങൾ ശക്തമാക്കുമെന്ന്  ഫേസ് ബുക്കും ട്വിറ്ററും  അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഗൂഗ്ൾ ഇത്തരം ഒരു നീക്കം നടത്തിയിരിക്കുന്നത് എന്ന് കാണാം. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രതിപക്ഷ മഹാറാലിയിൽ വിരണ്ടു; മോദിയുടെ കൊൽക്കത്ത പരിപാടി ഉപേക്ഷിച്ചു 

തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യ താൽപര്യങ്ങൾക്ക് അടിയറ വയ്ക്കാൻ അനുവദിക്കരുത്: സുധീരൻ