എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു: മുഖ്യമന്ത്രി 

തിരുവനന്തപുരം: എൽ ഡി എഫ് അധികാരത്തില്‍ വന്നശേഷം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു നല്‍കിയ പരിരക്ഷയും ആശ്വാസവും അവര്‍ അനുഭവിക്കുന്ന ദുരിതത്തെ ഒരളവെങ്കിലും കുറയ്ക്കുവാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്തി പിണറായി വിജയൻ. ഇന്ന് നിയമസഭയിൽ എന്‍.എ. നെല്ലിക്കുന്നിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രശ്‌നങ്ങള്‍ റവന്യൂ, ആരോഗ്യം, സാമൂഹ്യനീതി, ഭക്ഷ്യ പൊതുവിതരണം, വിദ്യാഭ്യാസം മുതലായ വകുപ്പുകള്‍ മുഖാന്തിരമാണ് നടപ്പാക്കിവരുന്നത്. പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി അധ്യക്ഷനായുള്ള ഒരു സെല്‍ പ്രവര്‍ത്തിച്ചുവരുന്നു. ജില്ലാ കളക്ടറാണ് ഇതിന്റെ കണ്‍വീനര്‍.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് എല്ലാ സര്‍ക്കാരിന്റെ കാലത്തും അംഗീകരിച്ചു നിലനില്‍ക്കുന്ന മാനദണ്ഡങ്ങളുണ്ട്.

 

 

2013 മുതല്‍ ഹൈക്കോടതി അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദുരിതബാധിതരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രവര്‍ത്തിച്ചുവരുന്നത്. അതനുസരിച്ച്  വിവിധ മെഡിക്കല്‍കോളേജുകളിലെ 11 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ വിദഗ്ദ്ധ  ഡോക്ടര്‍മാരുടെ ഒരു പാനല്‍ രോഗാവസ്ഥയിലുള്ളവരെ പരിശോധിക്കുന്നു. പരിശോധനയില്‍ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെടുത്താവുന്ന രോഗാവസ്ഥയാണെന്ന് കണ്ടെത്തുന്നവരുടെ പട്ടിക തയ്യാറാക്കുന്നു, അദ്ദേഹം പറഞ്ഞു.

അതേ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ആകാശമാര്‍ഗ്ഗേണ തളിച്ച 1978-2000 കാലഘട്ടത്തില്‍ പ്ലാന്റേഷന്‍ തോട്ടങ്ങളിലോ പരിസരത്തോ ജോലി നോക്കിയിരുന്നോ എന്നും മറ്റുവിധത്തില്‍ രോഗം പിടിപെടാനിടയുള്ള സാഹചര്യം ഉണ്ടായിരുന്നോ എന്നുമുള്ള കാര്യം ഫീല്‍ഡ് ലെവലില്‍ ശേഖരിക്കുന്ന റിപ്പോര്‍ട്ടു സഹിതം അര്‍ഹതാ നിര്‍ണ്ണയം നടത്തുന്നു. ഒരു പ്രത്യേക മെഡിക്കല്‍ സംഘം റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മ പരിശോധന നടത്തിയശേഷമാണ് അര്‍ഹരുടെ പട്ടിക തയ്യാറാക്കുന്നത്.ആ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ കേസുകളും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയും ആവശ്യമെങ്കില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തുകയുമാണ് സ്വീകരിക്കുന്ന രീതി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2017 ഏപ്രില്‍ മാസം നടത്തിയ പ്രത്യേക ക്യാമ്പിനെ തുടര്‍ന്ന് 287 പേരെ പുതുതായി ഉള്‍പ്പെടുത്തി. അതു സംബന്ധിച്ച് ഇരകളുടെ അമ്മമാര്‍ നല്‍കിയ പരാതികള്‍ പരിശോധിച്ച് ജില്ലാതല സെല്ലിന്റെ തീരുമാനപ്രകാരം രോഗാവസ്ഥയിലുള്ള 76 പേരെ കൂടി ഉള്‍പ്പെടുത്തി 363 പേരുടെ പട്ടിക അംഗീകരിച്ചു. പരാതികളെ തുടര്‍ന്ന് പുനഃപരിശോധനയ്ക്കു ശേഷം പിന്നീട് 11 പേരെ കൂടി കൂട്ടിച്ചേര്‍ത്തു.  നിലവില്‍ ആകെ 6212 പേരാണ് ദുരിതബാധിതരായി അംഗീകരിച്ച പട്ടികപ്രകാരം നിലവിലുള്ളത്. ഈ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടാത്ത 657 പേര്‍ക്ക് സൗജന്യ ചികിത്സാസൗകര്യം അനുവദിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നത് നിയമവിധേയമല്ല.

സുപ്രീംകോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് സംസാരിച്ച മുഖ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കണമെന്നുള്ള കോടതിയുടെ ഉത്തരവ് പ്രകാരം പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്ക് 5 ലക്ഷം രൂപ, മറ്റ് ശാരീരികവൈകല്യമുള്ളവര്‍ക്ക് 3 ലക്ഷം രൂപ, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ, എന്‍ഡോസള്‍ഫാന്‍ തളിച്ചുതുടങ്ങിയ ശേഷം ജനിച്ച ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്ക് 5 ലക്ഷം രൂപ എന്നിങ്ങനെയാണ് നല്‍കുന്ന നഷ്ടപരിഹാരം എന്ന് അറിയിച്ചു.  ഈ ശുപാര്‍ശകള്‍ പലതും പ്രാവര്‍ത്തികമാക്കാന്‍ വേണ്ട കേന്ദ്രസഹായം ഇനിയും ലഭിച്ചിട്ടില്ല എന്നുള്ളത് ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അതുകൂടി കണ്ടുള്ള സഹായമാണ് ഇതിനകം തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുള്ളത്.

2017 ജനുവരി 10ന് വന്ന സുപ്രീംകോടതി വിധി പ്രകാരം നഷ്ടപരിഹാരത്തിന്റെ 3-ാം ഗഡു അനുവദിക്കുന്നതിനായി 20.04.2017ല്‍ 56.76 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു നല്‍കി. നഷ്ടപരിഹാരം നല്‍കാനായി ആകെ 161.65 കോടി രൂപയാണ് 2012 മുതല്‍ 2017 വരെയുള്ള കാലയളവില്‍ വിവിധ സന്ദര്‍ഭങ്ങളിലായി അനുവദിച്ചു നല്‍കിയത്. 2017ല്‍ അനുവദിച്ച 3-ാം ഗഡു നഷ്ടപരിഹാര തുകയില്‍ നിന്ന് 3,256 പേര്‍ക്ക് 51.34 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. ഇതിനുപുറമെ ദുരിതബാധിതര്‍ക്കുള്ള പ്രത്യേക ധനസഹായത്തിനായി നല്‍കിയ തുകയില്‍ 10 കോടി രൂപ ദുരിതബാധിതര്‍ക്കുള്ള സമഗ്ര ആരോഗ്യപദ്ധതിയായ ‘തേജസ്വിനി’യിലേക്ക് വകയിരുത്തി നല്‍കിയിട്ടുണ്ട്. 2017 ല്‍ പുതുതായി കണ്ടെത്തിയവര്‍ക്ക് സാമ്പത്തികസഹായം വിതരണം ചെയ്യുന്നതിനായി 8.35 കോടി രൂപ ആദ്യഘട്ടമായി കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട്.

സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേനയുള്ള സഹായപദ്ധതികളെക്കുറിച്ച് വിശദമാക്കിയ അദ്ദേഹം,  ‘സ്‌നേഹസാന്ത്വനം’ പദ്ധതി മുഖേന ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളവരും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാവാത്തതുമായ ദുരിതബാധിതര്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷനു പുറമെ 1,700 രൂപ വീതവും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2,200 രൂപയും മറ്റുള്ളവര്‍ക്ക് 1,200 രൂപയും പ്രതിമാസം നല്‍കിവരുന്നു എന്ന് പറഞ്ഞൂ. 4,896 പേര്‍ക്ക് നിലവില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം 2016-17 ല്‍ 9.76 കോടി രൂപയും 2017-18ല്‍ 9.68 കോടി രൂപയും 2018-19ജനുവരി 15 വരെ 7.48 കോടി രൂപയുമാണ് ഇതിനായി ചിലവായിട്ടുള്ളത്.

വിദ്യാഭ്യാസ ധനസഹായ പദ്ധതി പ്രകാരം ദുരിതബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ബഡ്‌സ് സ്‌കൂളില്‍ പഠിക്കുന്നവര്‍ക്ക് 2,000 രൂപ വീതവും 1 മുതല്‍ 7 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് 2,000 രൂപ വീതവും 8 മുതല്‍ 10 വരെയുള്ളവര്‍ക്ക് 3,000 രൂപ വീതവും 11, 12 ക്ലാസ്സുകാര്‍ക്ക് 4,000 രൂപ വീതവും ഒറ്റത്തവണ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. കഴിഞ്ഞ അദ്ധ്യയന വര്‍ഷം 1,213 കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത് എന്നറിയിച്ചു.

സ്‌പെഷ്യല്‍ ‘ആശാകിരണം’ പദ്ധതിയിൻ കീഴിൽ, ദുരിതബാധിതരില്‍ പരസഹായം കൂടാതെ ജീവിക്കുവാന്‍ കഴിയാത്ത 790 പേര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ സഹായിക്കുന്നതിനായി പ്രതിമാസം 700രൂപ വീതം പരിചരിക്കുന്ന വ്യക്തിക്ക് നല്‍കി വരുന്നു.

കാസര്‍ഗോഡ് ജില്ലയില്‍ ദുരിതമേഖലയില്‍ വിവിധ ആരോഗ്യമേഖലകളിലായി ദുരിതബാധിതര്‍ക്ക് സൗജന്യ സ്‌പെഷ്യലിസ്റ്റ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കിവരുന്നു, എന്ന് വിശദമാക്കിയ മുഖ്യമന്ത്രി, ഇതിനായി കേരളത്തിലും കര്‍ണ്ണാടകത്തിലുമായി 17 ആശുപത്രികള്‍ എംപാനല്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് കൂട്ടിച്ചേർത്തു.

കിടപ്പിലായ രോഗികള്‍ക്ക് ചികിത്സ വീട്ടിലെത്തി നല്‍കുന്നതിനായി പ്രത്യേക മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം സാന്ത്വന ചികിത്സ ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കുന്നതിനായി ജില്ലയിലെ 11ഗ്രാമപഞ്ചായത്തുകളില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിച്ചിട്ടുണ്ട്.വൃക്കരോഗ ബാധിതരെ ഹീമോ ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികള്‍ക്കുവേണ്ടി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ 8 ഡയാലിസിസ് മെഷീനുകള്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

protest of Endosulfan pesticide victims and their family members

രോഗികളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കുന്നതിനും ഇതര ആവശ്യങ്ങള്‍ക്കുമായി 9 പഞ്ചായത്തുകള്‍ക്ക് ആംബുലന്‍സ് വാങ്ങി നല്‍കുന്നതിനായി ആവശ്യമായ തുക ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതിനുപുറമെ, ദുരിതബാധിതരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കുന്നതിനായി 11പഞ്ചായത്തുകളിലും കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

കൂടാതെ, ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഫിസിയോതെറാപ്പിസ്റ്റുമാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ കിടപ്പിലായ രോഗികളുടെ വീടുകളിലെത്തി സൗജന്യ സേവനം നല്‍കിവരുന്നു. ജനറല്‍ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും സുസജ്ജമായ ഫിസിയോതെറാപ്പി യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.  നബാര്‍ഡ്, ആര്‍.ഐ.ഡി.എഫ്. പദ്ധതികളുടെ ഭാഗമായി ജില്ലയിലെ ആശുപത്രികളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു വരികയാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 4പീഡിയാട്രിക് ഐ.സി.യു യൂണിറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ ആവശ്യമായ ജീവനക്കാരെ നിലവിലുള്ള തസ്തികയ്ക്ക് പുറമെ അധികമായി നിയമിച്ചിട്ടുണ്ട്.ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മരണപ്പെട്ടുപോയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെന്ന് കണ്ടെത്തിയുള്ളവരുടെ ആശ്രിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പ്രത്യേക ധനസഹായവും അനുവദിച്ചു വരുന്നു.

ദുരിതബാധിതരുടെ കടം എഴുതിതള്ളുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ സമിതി ബാങ്ക് അധികൃതരില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള 50,000 രൂപ വരെയുള്ള ലോണുകള്‍ എഴുതിത്തള്ളുന്നതിന് 2.17കോടി രൂപ അനുവദിച്ചു. ഇതിനുപുറമെ 3ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് 4.63 കോടി രൂപ അനുവദിക്കുകയും ദുരിതബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്  ഇതിനകം നല്‍കുകയും ചെയ്തിട്ടുണ്ട്. 2018ഒക്‌ടോബര്‍ 25 മുതല്‍ 6മാസക്കാലത്തേക്ക് ദുരിതബാധിതരുടെ എല്ലാ കടബാധ്യതകള്‍ക്കുമുള്ള മൊറട്ടോറിയം 6 മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ട്. എല്ലാ ജപ്തി നടപടികളും നിര്‍ത്തിവെച്ചിട്ടുണ്ട്, പിണറായി വിജയൻ പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദുരിതബാധിതര്‍ക്കുവേണ്ടി മാതൃകാപരമായ പ്രവര്‍ത്തനമാണ് ഈ സര്‍ക്കാര്‍ ഇടപെട്ട് നടത്തിയിട്ടുള്ളത്  എന്ന് ആവർത്തിച്ച അദ്ദേഹം, സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള സേവനത്തെ ഹൈക്കോടതി പ്രശംസിച്ചിട്ടുണ്ട് എന്നറിയിച്ചു. കേന്ദ്ര ധനസഹായം ലഭ്യമാക്കുന്നതിനായി 483 കോടി രൂപയുടെ പ്രൊപ്പോസല്‍ 2012ല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ധനസഹായമൊന്നും ലഭ്യമായിട്ടില്ല. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന് സുപ്രീംകോടതി ഉത്തരവ് കൂടി പരിഗണിച്ച് കേന്ദ്രസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വീണ്ടും കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

ദുരിതബാധിതര്‍ക്കുവേണ്ടി പരമാവധി സഹായം  എല്ലാവരിലും എത്തിക്കുന്ന കാര്യങ്ങളിലുള്ള കുറവുകള്‍ പരിഹരിച്ച് സമാശ്വാസപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും. അതോടൊപ്പം സമരരംഗത്തുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ഇന്നുതന്നെ റവന്യൂ-ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  അതില്‍ നിന്ന് പ്രശ്‌നങ്ങള്‍ക്ക് അനുഭാവപൂര്‍വ്വമായ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പുനരധിവാസ ഗ്രാമം തന്നെ നിര്‍മ്മിക്കുന്നതിന്68 കോടി രൂപ ചിലവഴിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ വില്ലേജിലാണ് ഇത് സ്ഥാപിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഊരാളുങ്കല്‍ ഗ്രൂപ്പിനെ ചുതമലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യസേവനമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 233പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍, ജലവിതരണ പദ്ധതികള്‍ തുടങ്ങിയവയാണ് ഇതിലുള്ളത്. 197പദ്ധതികള്‍ ഇതിനകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നതിന്റെ ഭാഗമാണ് ഈ ബജറ്റില്‍ തന്നെ 20 കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട് എന്നത്. ഈ തുകയും ഇവരുടെ ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും എന്നതാണ് യാഥാര്‍ത്ഥ്യം, മുഖ്യമന്ത്രി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ലിംഗ അസമത്വം: വീഡിയോ പ്രതിഷ്ഠാപനവുമായി ഇറാനിയന്‍ കലാകാരി ബിനാലെയില്‍

ചോദ്യം ചോദിച്ച് മുട്ടുകുത്തിക്കൂ, അല്ലെങ്കിൽ ബോയ്‌ക്കോട്ട് ചെയ്യൂ…