നിഷിന്‍റെ വളര്‍ച്ചയ്ക്ക്  സര്‍ക്കാര്‍ പിന്തുണ നല്‍കും 

തിരുവനന്തപുരം: രാജ്യത്തിന് അഭിമാനമായി നിലകൊള്ളുന്ന നിഷിന്‍റെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്) വളര്‍ച്ചയ്ക്കായി കൂടുതല്‍ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും മറ്റു സംവിധാനങ്ങളും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

ആംഗ്യഭാഷയ്ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ നിഷില്‍ നടന്ന അന്താരാഷ്ട്ര ബധിരവാരാചരണത്തിന്‍റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓട്ടിസം തുടങ്ങിയ  മേഖലകളില്‍  ചുവടുറപ്പിക്കുന്ന നിഷില്‍ സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നടക്കം വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തുന്നുണ്ടെന്നത് ഏറെ അഭിമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിഷിന്‍റെ അഭിമുഖ്യത്തില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഓഫ്ക്യാമ്പസ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും ഒക്കുപ്പേഷണല്‍ തെറാപ്പി പോലുള്ള കോഴ്സുകള്‍ ആരംഭിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായി സാമൂഹ്യനീതി സ്പെഷ്യല്‍ സെക്രട്ടറി ശ്രീ ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. വൈകല്യമുളളവരുടെ ഉന്നമനത്തിനായി  സ്വന്തം നിലയില്‍  ശാസ്ത്രീയ സേവനങ്ങള്‍ നല്‍കുന്നതിന് ഇത് നിഷിന് സഹായകമാകുമെന്ന്  അദ്ദേഹം വ്യക്തമാക്കി.

വാരാചരണത്തോടനുബന്ധിച്ച് തലസ്ഥാനത്തെ സാമൂഹ്യ നീതി വകുപ്പ്, നഗരസഭ, പട്ടം ഗേള്‍സ് ഹൈസ്കൂള്‍, മാര്‍ ബസേലിയോസ് കോളേജ്, അലയന്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ഇന്ത്യന്‍ ആംഗ്യഭാഷാ സാക്ഷരതാ പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.  നിഷിന്‍റെ ഉപഹാരം ബിജു പ്രഭാകര്‍ മന്ത്രിക്കു കൈമാറി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ബിജു പ്രഭാകര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഏകീകൃത ആംഗ്യ ഭാഷയ്ക്കും പദാവലി വികസനത്തിനുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്‍ലാംഗ്വേജ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സെന്‍റര്‍ (ഐഎസ് എല്‍ ആര്‍ടിസി) ആരംഭിച്ചതെന്നും ആംഗ്യ ഭാഷയിലെ പദാവലി വികസനത്തിന് നിഷ് മുഖ്യപങ്കു വഹിക്കുന്നതായും നിഷ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.കെ.ജി സതീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്‍ലാംഗ്വേജ് ഡിപ്ലോമ കോഴ്സുകള്‍ക്ക് നിഷ് നേതൃത്വം നല്‍കുന്നതായും അദ്ദേഹം അറിയിച്ചു.

വ്യാഴാഴ്ച നിയമസഭാ സമുച്ചയത്തില്‍ വച്ച്  40 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ആംഗ്യ ഭാഷാ സാക്ഷരത പരിപാടി സംഘടിപ്പിക്കുന്നുണ്ട്. എച്ച്ഐ ഡിഗ്രി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജി ഗോപാല്‍ ബധിരവാര പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി.

നഗരസഭാ കൗണ്‍സിലര്‍ ശിവദത്ത്, ഓള്‍ കേരളാ അസോസിയേഷന്‍ ഓഫ് ദ ഡെഫ് ജോയിന്‍റ് സെക്രട്ടറി  റോമി ജോസ്,  ആംഗ്യ ഭാഷാ അധ്യാപകന്‍ എ.സന്ദീപ് കൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യു എസ് ടി ഗ്ലോബൽ ചിപ്പ് ഡിസൈൻ കമ്പനിയായ സെവിടെക് സിസ്റ്റംസിനെ ഏറ്റെടുത്തു 

പി സി ജോർജ്ജിനെ മാധ്യമങ്ങൾ ബഹിഷ്കരിക്കണം: ശാരദക്കുട്ടി