in , ,

ജനകീയ സമരങ്ങളോട് ഇടത്, വലത് സർക്കാരുകൾക്ക് ഒരേ സമീപനം: ദയാബായി

തിരുവനന്തപുരം: വൻകിട കോർപറേറ്റുകൾ ഉൾപ്പെട്ട വിഷയങ്ങളിൽ, സമരം ചെയ്യുന്ന ജനങ്ങളോട് സർക്കാരുകൾ സ്വീകരിക്കുന്നത് ഒരേ സമീപനമാണെന്ന് ദയാബായി. എൻഡോസൾഫാൻ വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന ആവശ്യവുമായി സെക്രട്ടേറിയറ്റ് പടിക്കൽ തുടങ്ങിയ അമ്മമാരുടെ പട്ടിണി സമരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ. 

എൻഡോസൾഫാൻ പ്രശ്നത്തെപ്പറ്റി ആളുകൾ കേൾക്കാൻ തുടങ്ങിയിട്ട് ദശകങ്ങളായി. ഞാൻ ഇതിൽ ഇടപെട്ടു തുടങ്ങിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ഞാൻ ഇതിനുവേണ്ടി കാസർകോടൊക്കെ പോകുമ്പോൾ ആളുകൾ ചോദിക്കും, എങ്ങോട്ടാണെന്ന് , കാസർകോട്ടേക്ക് എൻഡോസൾഫാൻ പ്രശനം എന്ന് പറയുമ്പോൾ അതൊക്കെ തീർന്നില്ലേ, പൈസ ഒത്തിരി കിട്ടിയില്ലേ, അത് ബാൻ ചെയ്തില്ലേ, എന്നൊക്കെയായിരുന്നു  ആളുകളുടെ റിയാക്ഷൻ. ബാൻ ചെയ്തു എന്നുള്ളത് സത്യമാണ്.  ജീവിച്ചു മരിച്ച പോലെ കിടക്കുന്ന എത്രയോ ആളുകൾ, ഒരു സഹായവും കിട്ടാത്ത എത്രയോ പേർ.

സർക്കാരുകൾ അവരെ തീർത്തും അവഗണിക്കുകയാണ്. സുപ്രീം കോർട്ട് വിധി പോലും നടപ്പാക്കാതെ ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ട് ഇങ്ങനെ തഴഞ്ഞിട്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഞാനിതിൽ ചേർന്നത്. ഇന്നലെ മുതലേ നിരാഹാരമാണ്. എന്തെങ്കിലും ചുമ്മാ പ്രഖ്യാപനം കൊണ്ട് ഇത്തവണ സമരം നിർത്താൻ ഉദ്ദേശിക്കുന്നില്ല. അതൊക്കെ  ധാരാളമുണ്ടായതാണ്. ഞങ്ങൾക്ക് വേണ്ടത് പൊതുജനത്തിന്റെ പിന്തുണയാണ്. ഞങ്ങളുടെ സ്വരത്തോടൊപ്പം പൊതു സമൂഹത്തിന്റെ ശബ്ദം കൂടി ചേരണം, ദയാബായി ബി ലൈവ് ന്യൂസിനോട് പറഞ്ഞു  

പഴയതുപോലെ പാഴ്വാക്കുകൾ കേട്ട് സമരം അവസാനിപ്പിക്കില്ലെന്നു എഴുതിയും തരണം, എന്തെങ്കിലും ഒന്ന് തുടക്കമിടുകയും വേണമെന്നും അവർ വ്യക്തമാക്കി. എങ്കിൽ മാത്രമേ ഈ സമരം നിർത്തുകയുള്ളൂ. കഴിഞ്ഞ കൊല്ലം ഞാൻ 30 ആം തിയ്യതി ഒരു ദിവസത്തെ  സമരം ചെയ്തു തിരിച്ചു പോയപ്പോൾ ഉടനേ കേട്ടു, അമ്പത് കോടി അനുവദിച്ചെന്ന്. ഒരുപാടു പേർ എന്നെ ഫോൺ ചെയ്തു പറഞ്ഞു. ദയാബായി ഇടപെട്ടത് നന്നായി. അതിനു മുൻപിലത്തെ വർഷം അനുവദിച്ചിരുന്നത് 10 കോടിയായിരുന്നു. ഈ കോടി പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. 

കൊടിയ പീഡനമാണ് എൻഡോസൾഫാൻ ദുരിതബാധിതർ അനുഭവിക്കുന്നതെന്ന്  അവർ ഓർമിപ്പിച്ചു.  ഇതിലേക്കിറങ്ങുമ്പോഴത്തേക്കും ഭീഷണിയാണ്, നടപടിയെടുക്കുമെന്ന്. അപ്പോൾ ബാലാവകാശ കമ്മീഷൻ ഇടപെടുന്നു. ഈ കുട്ടികളെ ഇങ്ങനെ ആക്കിയവരുടെ പേരിൽ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല? ഇത് സർക്കാരിന്റെ വികസന നയത്തിന്റെ ഭാഗമായി സംഭവിച്ചതല്ലേ ? അങ്ങനെയല്ലേ ഇവർ ഇങ്ങനെ ആയത്? അതും ആരുമറിയാതെ വീടിനുള്ളിൽ ഇങ്ങനെ കിടക്കുന്നു. അപ്പോഴൊന്നും ഒരു നടപടിയുമില്ല. 

ആശുപത്രികളിലും ഓഫീസുകളിലും ഈ കുട്ടികളേയും ചുമന്നുകൊണ്ട് പാവപ്പെട്ട മനുഷ്യർ  നടക്കുന്നു. ഒരു സഹായത്തിന് ആരും വരുന്നില്ല. നാലു പേർ ഒന്നിച്ചു കൂടി ഇതിനുവേണ്ടി എന്തെങ്കിലും ചെയ്യാനൊരുങ്ങുമ്പോൾ അത് ബാല പീഡനമായി. ഇതെന്തൊരു വിരോധാഭാസമാണ്? നിയമം അവരുടെ ഇഷ്ടം പോലെ വ്യാഖ്യാനിക്കുകയാണ്. അവർക്കു നിയമമൊന്നുമില്ല. ഈ മനുഷ്യരെയോർത്ത്  ഒത്തിരി സങ്കടവും വേദനയും തോന്നുന്നു. 

വലിയ രാക്ഷസന്മാരെപ്പോലെയുള്ള കമ്പനികൾക്ക് എതിരായി ഇവർ നിൽക്കില്ല. അതാണ്‌ ഞാൻ മനസ്സിലാക്കുന്നത്. ഇതിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന പലരും ബാൻ ചെയ്തപ്പോൾ അതിനെതിരെ വന്നു. അത് തന്നെ കാണിക്കുന്നത് അവർ നിലപാട് മാറ്റി എന്നാണ്. 

ഇടതുപക്ഷ സർക്കാരാണ് ഈ പ്ലാന്റേഷൻ ഉണ്ടാക്കിയതെന്ന്  ദയാബായി എടുത്തുപറഞ്ഞു.  സാധാരണ കൊച്ചു കൊച്ചു കൃഷിക്കാരുടെയും ആദിവാസികളുടെയും കയ്യിൽ നിന്നും ഭൂമി പിടിച്ചെടുത്തതാ. വർഷങ്ങളായി അവർ കൃഷി ചെയ്തു പോന്നിരുന്ന ഭൂമിയാണ്.

അതവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്തു. അങ്ങനെ കൃഷിയുടമകൾ എന്നത് വിട്ട്  അവർ തൊഴിലാളികളായി. ഇതെല്ലം ചെയ്തത് ഇടത് സർക്കാരാണ്. പ്ലാന്റേഷന് കൈമാറി ഹെലികോപ്റ്റർ വഴി ഈ വിഷം അടിച്ചതും  ഇവരു തന്നെ. പക്ഷം ഒക്കെ പറയാം, ഇടത് എന്നൊക്കെ. എന്നാൽ പ്രാക്ടിക്കലി എല്ലാം ഒന്നുതന്നെ. ദയാബായി പറഞ്ഞു നിർത്തി.  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നവകേരള നിർമ്മാണം ലക്ഷ്യമിട്ട് ബജറ്റ് 

സീറ്റ് സംബന്ധിച്ച് പരസ്യമായ വില പേശലുകൾ ഇപ്പോൾ ഉചിതമല്ല: ഘടകകക്ഷികളോട് സുധീരൻ