GST, Goods and Services Tax, India, Modi, Kerala, BJP, Congress, election, emergency, currency ban, demonetisation, ATM, banks, common man, business men,
in , ,

കയ്യാലപ്പുറത്തെ നാളികേരത്തെപ്പോൽ നമ്മുടെ സ്വന്തം ജി എസ് ടി

തിരഞ്ഞെടുപ്പിന് ഇനി കഷ്ടി പത്തു മാസം മാത്രം അവശേഷിക്കവെ ഇന്ത്യയിൽ ഇനി ഭൂജാതനാകാതിരിക്കുന്ന ‘സർക്കാർ ശിശു’ തങ്ങൾ തന്നെയാകണമെന്ന് കൂടുതൽ കാലം രാജ്യം ഭരിച്ച കോൺഗ്രസും നിലവിൽ ഭരണചക്രം തിരിക്കുന്ന ബിജെപിയും ആഗ്രഹിക്കുന്നുവെങ്കിൽ അതിനു കുറ്റം പറയാനാകില്ല. അതിനായി ഇക്കഴിഞ്ഞ ദിനങ്ങളിൽ ഇരുകൂട്ടരും കൂട്ടു പിടിച്ചതോ അടിയന്തരാവസ്ഥയെയും ജി എസ് ടി ( GST ) യെയും പോലുള്ള പ്രമാദ വിഷയങ്ങളെ.

ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളിൽ ഒന്നായ കോൺഗ്രസിന് ഇനിയൊരു മടങ്ങിവരവ് സാധ്യമാണോ എന്ന് സംശയിച്ച അവസ്ഥയിൽ നിന്ന് കാതലായ മാറ്റമിപ്പോൾ സംഭവിച്ചിരിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വാദപ്രതിവാദങ്ങൾക്ക് നന്നായി ചൂടുപിടിച്ചത്.

ഇന്ത്യൻ സാമ്പത്തിക മേഖലയിൽ മോഡി സർക്കാർ കൊണ്ടുവന്ന ഒട്ടേറെ മാറ്റങ്ങൾ അനുകൂലമായാണോ പ്രതികൂലമായാണോ സാമ്പത്തിക മേഖലയെ ബാധിച്ചതെന്ന വിഷയത്തിൽ ഇപ്പോഴും തർക്കങ്ങൾ അരങ്ങു തകർക്കുകയാണ്.

നെഹ്‌റു സർക്കാർ ആവിഷ്കരിച്ച ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷനു പകരമായി 2015 ജനുവരി 1-നു നിലവിൽ വന്ന നീതി ആയോഗും 2016 നവംബർ 8 ചൊവ്വാഴ്ച അർദ്ധ രാത്രി മുതൽ കേന്ദ്ര സർക്കാർ ഇന്ത്യയിൽ 1000, 500 രൂപയുടെ നോട്ടുകൾ  അസാധുവാക്കിയതും കാതലായ മാറ്റങ്ങൾക്ക് കാരണമായിരുന്നു. കള്ളപ്പണത്തെ നേരിടാനെന്ന വ്യാഖ്യാനത്തോടെ പ്രഖ്യാപിച്ച നോട്ടു നിരോധനത്തെ ചൊല്ലി ഇപ്പോഴും വിമർശനങ്ങൾ ഉയരുകയാണ്.

നോട്ടു നിരോധനവും തുടർ നടപടികളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞതായി ഒട്ടേറെ സാമ്പത്തിക വിദഗ്ദ്ധർ ഇപ്പോഴും വാദിക്കുന്നു. അഴിമതി, കള്ളപ്പണം, കള്ളനോട്ട് , ഭീകരപ്രവര്‍ത്തനം എന്നിവയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിനായി പ്രഖ്യാപിച്ചതാണ് നോട്ട് നിരോധനമെന്ന് തെറ്റിദ്ധരിക്കപ്പെട്ടവരിൽ പലരും ഇപ്പോൾ നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ദ്യം ചെയ്തു കൊണ്ട് മുന്നോട്ടു വരുന്നു.

അക്കാലത്ത് എടിഎമ്മുകൾക്കു മുന്നിലും ബാങ്കുകൾക്കും മുന്നിലും നീണ്ട ക്യൂ നിൽക്കവെ നൂറിലേറെപ്പേരാണ് തളർന്നു വീണ് മരണമടഞ്ഞത്. എന്തായാലും നോട്ടു നിരോധനത്തെ തുടർന്ന് 2017 ജൂലൈ ഒന്നിന് ഔദ്യോഗികമായി നിലവിൽ വന്ന ജിഎസ്ടി ( ചരക്കു സേവന നികുതി ) നിയമത്തെ ചൊല്ലിയും ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുകയാണ്.

ജി എസ് ടി: നേട്ടങ്ങളും പോരായ്മകളും

World Bank,India , report, GDP ,growth,GST, private investments , exports, economic activity ,biannual publication, India Development Update,India’s Growth Story, disrupted ,demonetisation , Goods and Services Tax ,

പതിനേഴ് ഇനം പരോക്ഷ നികുതികൾ ഇല്ലാതാക്കി ഒറ്റ നികുതി സമ്പ്രദായം കൊണ്ടുവരുന്നതിനായി നിലവിൽ വരുത്തിയ ജി എസ് ടിക്കു പിന്നിൽ പ്രവർത്തിച്ചത് ‘ഒരു രാജ്യം, ഒരൊറ്റ നികുതി എന്ന ആശയമാണ്.

എന്നാൽ ഒരു വർഷം പൂർത്തിയാക്കിയ വേളയിൽ ചരക്കു സേവന നികുതിയെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയ നേതാക്കളും സാമ്പത്തിക വിദഗ്ദ്ധരും രംഗത്തെത്തി. വർഷമൊന്നു കഴിഞ്ഞെങ്കിലും ചരക്കു സേവന നികുതിയെ ചൊല്ലിയുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ് എന്നതാണ് സത്യം.

ഇന്ത്യയേക്കാൾ ഒരു വർഷം മുൻപ് ചരക്കു സേവന നികുതി നടപ്പിൽ വരുത്തിയ മലേഷ്യ വിലക്കയറ്റത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പിന്നീട് ജി എസ് ടി പിൻവലിച്ചതും സാമ്പത്തിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

നികുതിക്ക് മേൽ മറ്റൊരു നികുതിയെന്ന മൂല്യ വർദ്ധിത നികുതിയുടെ അസൗകര്യങ്ങൾ ഇല്ലാതാക്കിയെന്നതാണ് ജി എസ് ടി നടപ്പിൽ വരുത്തിയത് കൊണ്ടുള്ള പ്രധാന പ്രയോജനമെന്ന് നികുതി വിശകലന വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നികുതി നിശ്ചയിക്കാൻ അധികാരമുള്ള ഈ രാജ്യത്ത് ജി എസ് ടി നടപ്പാക്കി ഒരു വർഷത്തിനിടയിൽ ഏകദേശം 300-ലധികം ഉത്തരവുകൾ പുറത്തിറങ്ങിയത് കാര്യങ്ങൾ സങ്കീർണമാക്കിയതായി വിലയിരുത്തലുണ്ട്.

ജി.എസ്.ടി. കൗൺസിൽ 2016 സെപ്റ്റംബറിനും 2018 മേയ് മാസത്തിനുമിടയിൽ 27 പ്രാവശ്യം യോഗം കൂടിയിട്ടും ജി. എസ്.ടി.യിലെ സങ്കീർണതകൾ മാറിയിട്ടില്ലെന്നാണ് വ്യാപകമായ മറ്റൊരു ആക്ഷേപം. ഓരോ സംസ്ഥാനങ്ങളും ജിഎസ് ടി കൗൺസിലിൽ അവരവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസരിച്ചാണ് അഭിപ്രായങ്ങൾ ഉന്നയിക്കുന്നതെന്നും തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇത് കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാകുമെന്നും വിദഗ്ദ്ധർ ആശങ്കപ്പെടുന്നു

130 കോടിയിൽപ്പരം ജനങ്ങളുള്ള ഒരു രാജ്യത്ത് ഇത്ര ബൃഹത്തായ ഒരു നികുതിപരിഷ്‌കാരം ഒരു കോട്ടവുമില്ലാതെ നടപ്പാക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് ഏവർക്കും അറിവുള്ളതാണെന്നിരിക്കെ; രാഷ്ട്രീയ വൈരം മറന്ന് ആരോഗ്യകരമായ ചർച്ചകളിലൂടെ രാഷ്ട്ര ക്ഷേമത്തെ മുൻനിർത്തി ജി എസ് ടിയും മറ്റും പ്രവർത്തികമാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.

സ്തുതിച്ച് കേന്ദ്രം; പ്രശംസിച്ചും വിമർശിച്ചും കേരളം   

രാജ്യത്തെ നികുതി സമ്പ്രദായത്തിൽ ഉണ്ടായ ഏറ്റവും വലിയ പരിഷ്കാരത്തിൽ പങ്കാളിയാകുവാനുള്ള ഇന്ത്യൻ നികുതിദായകരുടെ സന്നദ്ധതയുടെ മികച്ച ഉദാഹരണമാണ് ഇതെന്ന് ജി എസ് ടി നടപ്പാക്കിയതിന്റെ ഒന്നാം വാർഷിക വേളയിൽ കേന്ദ്ര ധനമന്ത്രാലയം അവകാശപ്പെട്ടു.

ചരക്കു സേവന നികുതിയുടെ ഗുണഗണങ്ങളെ പറ്റി കേന്ദ്രം വാതോരാതെ കവലപ്രസംഗങ്ങൾ നടത്തവെ കയ്യാലപ്പുറത്തെ നാളികേരത്തിന്റെ അവസ്ഥയിലാണ് കേരളം. ചിലപ്പോൾ അങ്ങോട്ടേക്കൊരു ചാഞ്ചാട്ടം. ഇപ്പോൾ മറുപന്തിയിൽ വീഴുമെന്ന തോന്നൽ ഉളവാക്കിയ ശേഷം വീണ്ടും അതി വിദഗ്ദ്ധമായി മറുകണ്ടം ചാടാനൊരു ശ്രമം.

ജി എസ് ടി കേരളത്തിന് ഗുണകരമാണെന്ന് ചിലപ്പോൾ സമ്മതിച്ചും എന്നാൽ മറ്റു ചിലപ്പോൾ അത് മഹാ വിപത്താണെന്നു തിരുത്തിയും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായ സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പലവട്ടം രംഗത്തെത്തവെ മലയാളികൾ സ്വാഭാവികമായും ആരാഞ്ഞു; ‘അല്ല മാഷേ, നിങ്ങളിതു വരെ ഒരു തീരുമാനത്തിലെത്തിയില്ലേ’ എന്ന്.

ജി എസ് ടി നടത്തിപ്പ് നിരാശയുണ്ടാക്കുന്നതായും ഒരു വർഷം പിന്നിട്ടിട്ടും നികുതി വെട്ടിപ്പ് തടയാൻ സംവിധാനമില്ലെന്നുമാണ് ഒന്നാം വാർഷികത്തിൽ സംസ്ഥാന ധനമന്ത്രി പ്രതികരിച്ചത്. എന്നാൽ രണ്ടാം വർഷം കാര്യങ്ങൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

നയം വ്യക്തമാക്കി പ്രധാനമന്ത്രിയും പി ചിദംബരവും

GST, Goods and Services Tax, India, Modi, Kerala, BJP, Congress, election, emergency, currency ban, demonetisation, ATM, banks, common man, business men,

ഒറ്റ നികുതി നിരക്ക് എന്നത് ലളിതമാണെങ്കിലും നടപ്പാക്കാൻ പ്രയാസമാണെന്നും 18 ശതമാനമെന്ന ഒറ്റ നിരക്ക് വേണമെന്ന് പറയുന്ന കോൺഗ്രസ് ഭക്ഷ്യസാധങ്ങൾക്കും 18 ശതമാനം നികുതി ഏർപ്പെടുത്തണം എന്നാണോ ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി ആരാഞ്ഞു. ജി എസ് ടി നടപ്പാക്കിയതിന്റെ ഒന്നാം വാർഷിക വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബിസിനസുകാർക്കും കയറ്റുമതിക്കാർക്കും തൊഴിലാളികൾക്കും സാധാരണക്കാർക്കും ജി.എസ്​.ടി എന്നത്​ ഒരു മോശം വാക്കായി മാറിയെന്ന് കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച്​ മുൻ ധനമന്ത്രി പി ചിദംബരം ആരോപിച്ചു.

സർക്കാർ മോശം കാര്യങ്ങൾ വലിയ രീതിയിലും വലിയ കാര്യങ്ങളെ മോശം രീതിയിലുമാണ്​ ചെയ്യുന്നതെന്നും ജി എസ്​ ടിയുടെ രൂപരേഖ, ഘടന, ഭൗതിക സാഹചര്യങ്ങൾ, നിരക്ക്​ എന്നിവയിലും അത്​ നടപ്പിലാക്കിയതിലും പിഴവ്​ വരുത്തിയതിനാലാണ്​ ജനങ്ങൾക്കിടയിൽ അതൊരു മോശം പദമായി മാറിയ​തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജി എസ് ടിയും സാധാരണക്കാരനും തമ്മിലെന്ത്?

GST, Goods and Services Tax, India, Modi, Kerala, BJP, Congress, election, emergency, currency ban, demonetisation, ATM, banks, common man, business men,

തർക്കങ്ങൾ ഈ വിധം പുരോഗമിക്കവെ സാധാരണക്കാർ എപ്പോഴത്തെയും പോലെ ആശങ്കയിലാണ്. അവരിൽ ഭൂരിപക്ഷത്തിനും ജി എസ് ടി ഗുണമോ, ദോഷമോ? എന്ന വിശകലനത്തിൽ താത്പര്യമില്ല. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന് ന്യൂനപക്ഷം പണക്കാർ ആഗ്രഹിക്കുന്നതിൽ അവർക്ക് പരിഭവവുമില്ല.

ജി എസ് ടി പൂർവ്വാധികം ഭംഗിയായി നടപ്പാക്കുകയോ അവതാളത്തിലാക്കുകയോ ചെയ്തോളൂ; എന്നാൽ തങ്ങളുടെ കഞ്ഞിയിൽ മണ്ണിടരുതെന്നും പിച്ചച്ചട്ടിയിൽ ഇനിയും കൈയ്യിട്ടു വരാൻ വരരുതെന്നുമാണ് പാവം, വെറും പാവം സാധാരണക്കാരായ ഭൂരിപക്ഷം ഇന്ത്യൻ ജനകോടികൾ ആഗ്രഹിക്കുന്നത്.

ശാലിനി വി എസ് നായർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Amma, actress,priests, cases , nun, sexual abuse,  meeting, bishop, sister Abhaya, murder case, 

അമ്മയ്‌ക്കൊപ്പം അച്ചന്മാരും വിവാദത്തിലാകുമ്പോൾ

കാമ്പസുകളെ കൊലക്കളങ്ങളാക്കി മാറ്റാനുള്ള ശ്രമത്തെ  ചെറുക്കണം:  രമേശ് ചെന്നിത്തല