പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ 25 കോടി രൂപ സമാഹരിച്ചു നൽകാൻ ജി ടെക്

തിരുവനന്തപുരം, ആഗസ്ററ് 21, 2018: പ്രളയ ദുരന്തത്തിൽ അകപ്പെട്ടവർക്കുള്ള കേരള സർക്കാരിന്റെ പുനരധിവാസ പദ്ധതിയിലേക്ക് ഒരു വർഷത്തിനുള്ളിൽ 25 കോടി രൂപ സമാഹരിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ ഐ ടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി ടെക് ) രംഗത്ത്.

ഐ ടി കമ്പനികളും അവയിലെ ജീവനക്കാരും ഉൾപ്പെടുന്ന ഈ സംരംഭത്തിൽ അവയുടെ അസോസിയേറ്റ് കമ്പനികളും കസ്റ്റമേഴ്സും സഹകരിക്കുമെന്ന് ജി ടെക് ഉദ്യോഗസ്ഥർ അറിയിച്ചു. വരുന്ന പന്ത്രണ്ടു മാസ കാലയളവിനുള്ളിൽ സമാഹരിക്കാൻ ഉദ്ദേശിക്കുന്ന ഈ സഹായ നിധിയിലേക്ക് 5 കോടി രൂപ ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

“സമാനതകൾ ഇല്ലാത്ത ഒരു ദുരന്തമാണ് നാം നേരിട്ടത്. രക്ഷാ – ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സ്വയം സന്നദ്ധരായി ഒട്ടേറെ പേർ, പ്രത്യേകിച്ചും യുവാക്കൾ, സംസ്ഥാനത്തുടനീളം മുന്നിട്ടിറങ്ങി. കേരളത്തിൽ ഉടനീളമുള്ള കാൾ സെന്ററുകളിലൂടെ നടന്ന വൻ തോതിലുള്ള വിവര ശേഖരണത്തിലും അവ ബന്ധപ്പെട്ട അധികൃതർക്ക് എത്തിക്കുന്നതിലും മറ്റുമായി വലിയ പിന്തുണ നൽകികൊണ്ട് കേരളത്തിലെ ഐ ടി സമൂഹം ഈ പ്രവർത്തനങ്ങൾക്കൊപ്പം നിന്നു. മുഴുവൻ സമയ സന്നദ്ധ പ്രവർത്തകരായി ഐ ടി മേഖലയിലെ ഒട്ടേറെ പേർ സംസ്ഥാനത്തെ വിവിധ കളക്ഷൻ സെന്ററുകളിൽ സേവനം അർപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളിൽ ഒന്നിന്റെ നടത്തിപ്പ് ഉത്തരവാദിത്ത ബോധത്തോടെ ഏറ്റെടുക്കാനും ഞങ്ങളിൽ ഒരാൾ സന്നദ്ധനായി. പുനരധിവാസ പ്രവർത്തനങ്ങൾ ദീർഘകാലം നീണ്ടു നിൽക്കുന്ന ഒരു പ്രക്രിയയാണ്. അതിൽ അടങ്ങിയിട്ടുള്ള വെല്ലുവിളികളെപ്പറ്റി ഞങ്ങൾ ബോധവാന്മാരുമാണ്. കേരളത്തിലെ ഐ ടി സമൂഹം ഒന്നടങ്കം ഈ യത്നത്തിൽ പങ്കു ചേരുമെന്നും സർക്കാരിനൊപ്പം നിന്ന് ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു,” ജി ടെക് ചെയർമാൻ അലക്‌സാണ്ടർ വർഗീസ് പറഞ്ഞു.

വ്യാപാരം, സാങ്കേതികത, നയരൂപീകരണം, സംസ്കാരം, വിനോദം ഉൾപ്പെടെ ഏതു രംഗത്തും പുലർത്തുന്ന സഹവർത്തിത്തവും യോജിച്ചുള്ള പ്രവർത്തനങ്ങളുമാണ് കേരളത്തിലെ ഐ ടി വ്യവസായത്തെ വേറിട്ട് നിർത്തുന്നത്.

കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രവർത്തനങ്ങളിൽ കമ്പനികൾ ഓരോന്നും സ്വന്തം നിലക്ക് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. കൂടാതെ, വൻകിട, ഇടത്തരം, ചെറുകിട കമ്പനികളെയും സ്റ്റാർട്ട് അപ്പുകളെയും സംയോജിപ്പിച്ചുള്ള സി എസ് ആർ പ്രവർത്തനങ്ങൾ ജി ടെക്ക് മുൻകൈയ്യെടുത്ത് നടത്തി വരുന്നു.

കൂട്ടായ്മയുടെയും സഹവർത്തിത്തത്തിന്റെയും ഈ ഊർജമാണ് സംസ്ഥാനത്തെ ഐ ടി വ്യവസായത്തിന്റെ ചാലകശക്തി.

“പലതുള്ളി പെരുവെള്ളം എന്നാണല്ലോ. ഇത്തരം പ്രവർത്തനങ്ങളിൽ തല്പരരും സന്മനസ്സുള്ളവരുമായ ഒട്ടേറെപ്പേർ നമ്മുടെ വ്യവസായത്തിലുണ്ട്. വ്യക്തി തലത്തിൽ ഓരോരുത്തരും സംഭാവന ചെയ്യുന്ന ചെറിയ തുകകൾ ഒന്നിച്ചു ചേർന്നാൽ തന്നെ അതൊരു വലിയ തുകയായി തീരും. പല വിധത്തിലുള്ള ആവശ്യകതകൾ പരിഗണിച്ചുകൊണ്ടുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ഗതി വരും ദിവസങ്ങളിൽ നിർണ്ണയിക്കപ്പെടും. സുതാര്യതയിലും കാര്യക്ഷമമായ നിർവഹണത്തിലും ഊന്നൽ നൽകിക്കൊണ്ടുള്ള സമഗ്രമായ ഒരു പദ്ധതി രൂപപ്പെടുത്താൻ ശേഷിയുള്ള ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. കേരളത്തിലെ ഐ ടി സമൂഹം അപ്പാടെ ഇക്കാര്യത്തിൽ യോജിപ്പോടെ നിൽക്കുമെന്നും സർക്കാരിന് ഉറച്ച പിന്തുണ നൽകുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്,” ജി ടെക് സെക്രട്ടറി ദിനേശ് തമ്പി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

MM Mani, KSEB, electricity , tarif, may increase , debit , Athirappilly project,

വൈദ്യുതി പുനഃസ്ഥാപിക്കൽ: സംഘടനകളുടെ പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തി

പ്രളയ ബാധിത മേഖലകളിലേക്ക് ഇന്ന് തിരുവനന്തപുരം അയച്ചത് 20 ലോഡ് അവശ്യ സാധനങ്ങൾ