സമകാലീന കലാലോകത്തെ സ്ത്രീ സമത്വത്തിനായി ഗറില്ല ഗേള്‍സ്

കൊച്ചി: രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗറില്ല ഗേള്‍സ് എന്ന സ്ത്രീപക്ഷ സംഘടന യൂറോപ്പിലെ 383 കലാമ്യൂസിയങ്ങളിലേക്ക് ചില ചോദ്യങ്ങള്‍ ഉന്നയിച്ച് കത്തുകളയച്ചു. ഈ മ്യൂസിയങ്ങളിലെ പ്രദര്‍ശനങ്ങളിലുള്ള സ്ത്രീ പങ്കാളിത്തം എത്രയെന്നായിരുന്നു കത്തിലൂടെ അവര്‍ ചോദിച്ചത്.  ഇതില്‍ 101 സ്ഥാപനങ്ങള്‍ മാത്രമാണ് മറുപടി അയച്ചത്. അവയില്‍ തന്നെ രണ്ട് സ്ഥാപനങ്ങളില്‍ മാത്രമാണ് സ്ത്രീ സാന്നിദ്ധ്യമുണ്ടായിരുന്നത് തന്നെ.

കലാലോകത്തെ സ്ത്രീവിവേചനം മറ്റ് മേഖലകളേക്കാള്‍ കൂടുതലാണെന്ന് സമര്‍ത്ഥിക്കുകയായിരുന്നു കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ ഗറില്ല ഗേള്‍സ് നടത്തിയ അവതരണം. കറുത്ത വേഷമണിഞ്ഞ് ഗറില്ല മുഖം മൂടി വച്ച് കൊണ്ടാണ് ഈ അജ്ഞാത സംഘം സ്ത്രീവിവേചനത്തെക്കുറിച്ച് സംസാരിക്കുന്നത്. അവതരണം നടന്ന കബ്രാള്‍യാര്‍ഡ് പവലിയനിലേക്ക് ഇവര്‍ വന്നതു തന്നെ കാണികള്‍ക്ക് വാഴപ്പഴങ്ങള്‍ വിതരണം ചെയ്തു കൊണ്ടായിരുന്നു. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലെ പങ്കാളിത്ത ആര്‍ട്ടിസ്റ്റുകള്‍ കൂടിയാണ് ഗറില്ല ഗേള്‍സ്. 

ഹോങ്കോംഗ് ആര്‍ട്ട് സ്കൂളില്‍ 83 ശതമാനവും വനിത വിദ്യാര്‍ത്ഥികളായിരുന്നു. എന്നാല്‍ കലാപ്രദര്‍ശനത്തിന്‍റെ കാര്യം വരുമ്പോള്‍ വനിത പ്രാതിനിധ്യം തുലോം കുറവാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കലാലോകത്താണ് സ്ത്രീകളോട് ഏറ്റവും വിവേചനം നിലനില്‍ക്കുന്നത്. അക്കാര്യം നോക്കുകയാണെങ്കില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പോലും ഹോളിവുഡിനേക്കാള്‍ ഭേദമാണെന്ന്  1985 ല്‍ രൂപം കൊണ്ട ഗറില്ല ഗേള്‍സ് പറയുന്നു.

കലയേക്കാള്‍ കൂടുതല്‍ സമ്പത്തിനെക്കുറിച്ചുള്ള ചരിത്രമാണ് മ്യൂസിയങ്ങള്‍ പറയുന്നതെന്നാണ് ഇവരുടെ പക്ഷം. പണക്കാരായ പുരുഷന്മാർ  തങ്ങള്‍ക്കിഷ്ടമുള്ള ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് വലിയ പ്രദര്‍ശനവും മേളയും സംഘടിപ്പിക്കുന്നു. ഇതിനാലാണ് ഇത്രയും കാലമായിട്ടും തങ്ങള്‍ക്ക് മുഖംമൂടിയണിഞ്ഞ് നടക്കേണ്ടി വരുന്നതെന്നും അവര്‍ പറഞ്ഞു.

ബിനാലെ പവലിയനിലെ ആദ്യ പ്രകടനം തന്നെ വിപ്ലവകരമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ക്യൂറേറ്റര്‍ അനിത ദുബെ പറഞ്ഞു. ബിനാലെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലും കൊച്ചിന്‍ ക്ലബിലുമാണ് ഗറില്ല ഗേള്‍സിന്‍റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കുട്ടികള്‍ക്കെതിരെ ഓണ്‍ലൈന്‍ ലൈംഗികാതിക്രമം തടയാൻ പ്രത്യേക പോലീസ് സംഘം 

തിരുവനന്തപുരത്തെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കും: മന്ത്രി