ഗുരുപാദ പൂജയ്ക്ക് അനുമതി നല്‍കിയിരുന്നുവെന്ന പ്രചാരണം തെറ്റെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് വ്യക്തമാക്കുകയും തൃശൂര്‍ ചേര്‍പ്പ് സ്കൂളില്‍ നടന്ന ഗുരുപാദ പൂജാ വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടുകയും ചെയ്ത സാഹചര്യത്തിൽ ഈ വിഷയം കൂടുതൽ ചർച്ചയാകുമെന്നത് ഉറപ്പായി. ഈ വേളയിൽ ‘ഗുരു’ ( Guru ) സങ്കൽപ്പങ്ങളെ കുറിച്ച് ഒരു ചെറിയ അവലോകനം നടത്തുമ്പോൾ ബോധ്യമാകുന്നത് ഓരോരോ വിഷയത്തിലും അതാത് കാലത്ത് സമൂഹത്തിന്റെ മാറുന്ന കാഴ്ചപ്പാടുകളെ പറ്റി തന്നെയാണ്.
വിവാദമായ ഗുരു പൂജ
ചേര്‍പ്പിലെ സഞ്ജീവനി മാനേജ്മെന്റിന് കീഴിലുള്ള ഗേള്‍സ് ഹൈസ്കൂളില്‍ കുട്ടികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് അനുവാദം നല്‍കിയെന്ന വാര്‍ത്ത വ്യാജമാണെന്ന് ഡിപിഐ ഇന്ന് വ്യക്തമാക്കി. ‘ഗുരുവന്ദനം’ എന്നപേരില്‍ മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്ന ക്യാമ്പയിനാണ് അനുമതി നല്‍കിയതെന്ന് ഡിപിഐ അറിയിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസറോട് വിശദീകരണം തേടിയിരിക്കുകയാണ്.
അതേസമയം, എല്ലാ വര്‍ഷവും ഈ സ്കൂളില്‍ ഗുരുപൂജ നടത്താറുണ്ടെന്നും ഗുരുപൂജ സംഘടിപ്പിക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ മാത്രമാണ് ഈ വര്‍ഷം പുതുതായി ഉണ്ടായതെന്നും സ്കൂള്‍ മാനേജര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ സ്കൂളുകളില്‍ ‘ഗുരുവന്ദനം’ പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറാണ് ഉത്തരവിറക്കിയത്. അനന്തപുരി ഫൗണ്ടഷന് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ജൂണ്‍ 26-ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഗുരുവന്ദനം നടത്താന്‍ അനുമതി നല്കി എന്നതിന്റെ അർത്ഥം പാദപൂജ നടത്താമെന്നല്ല എന്നാണ് ഡിപിഐയുടെ പ്രതികരണം.
മാറുന്ന കാഴ്ചപ്പാടുകൾ
പ്രത്യക്ഷത്തിൽ ഗുരുവിനെ വന്ദിക്കുന്നത് നല്ലതല്ലേ എന്നും ഗുരുവിനെ ആദരിക്കുന്നതിലൂടെ രാജ്യത്ത് നൂറ്റാണ്ടുകളായി പിന്തുടരുന്ന സംസ്കാരം പിന്തുടരുകയല്ലേ എന്നും സ്വാഭാവികമായി സംശയമുയരാം. എന്നാൽ വിദ്യാർത്ഥികളിലായാലും മുതിർന്ന വ്യക്തികളിലായാലും ആചാരങ്ങളെ അടിച്ചേൽപ്പിക്കുന്നതും നിർബന്ധപൂർവം അത് ചെയ്യിപ്പിക്കുന്നതും ന്യായീകരിക്കാവതല്ല.
ഒരാളോട് മറ്റൊരാൾക്ക് സ്വയമേവ ബഹുമാനം തോന്നുകയും അദ്ദേഹത്തെ വന്ദിക്കാൻ മറ്റൊരാൾ സ്വയം തയ്യാറാകുകയും ചെയ്യുമ്പോൾ അതിന് പവിത്രത കൈവരുമെന്നും മറിച്ച് ചിലർ നിഷ്കർഷിച്ചതിന്റെ പേരിൽ മാത്രം മറ്റൊരാളെ ബഹുമാനിക്കാൻ നിർബന്ധിതരാകുമ്പോൾ അതിന് മറ്റൊരു മാനം കൈവരുമെന്നും വാദഗതിയുണ്ട്.
‘ഗുരു’ എന്ന പദം അധ്യാപകന് തത്തുല്യമല്ലെന്നും വാദമുണ്ട്. പഠിപ്പിക്കുന്നവർ അധ്യാപകരാകുമെന്നും എന്നാൽ ‘ഗുരു’ എന്ന സ്ഥാനത്തിന് വ്യാപകമായ അർത്ഥതലമാണ് ഉള്ളതെന്നും നേരത്തെ തന്നെ പല വിദ്വാന്മാരും പറഞ്ഞു വച്ചിട്ടുണ്ട്.
ഗുരുവിനെ കുറിച്ചുള്ള വ്യാഖ്യാനം
‘ഗു’ എന്നാൽ ‘അന്ധകാരം’ ആണെന്നും അജ്ഞാനമാകുന്ന അന്ധകാരെത്ത ഇല്ലാതാക്കി ശിഷ്യരുടെ മനസ്സിൽ പ്രകാശം തെളിയിക്കുന്നവരാണ് ഗുരുസ്ഥാനത്തിന് അർഹരെന്നും നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ വ്യാഖ്യാനങ്ങളുണ്ട്. ലൗകിക വിഷയങ്ങൾക്ക് പുറമെ ആധ്യാത്മിക മേഖലയിലും ശിഷ്യർക്ക് ജ്ഞാനം പകർന്നു കൊണ്ട് അവരിൽ ആത്മബോധം നിറയ്ക്കുന്ന മാർഗ്ഗദർശിയാണ് യഥാർത്ഥ ഗുരുവെന്നും നേരത്തെ തന്നെ പുരാണേതിഹാസങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
നമ്മുടെ രാജ്യത്ത് നിലവിലിരുന്ന ഗുരുകുല സമ്പ്രദായ പ്രകാരം ശിഷ്യന് ഗുരു ഈശ്വര തുല്യനാണ്. സ്വ ഗുരു, പരമ ഗുരു , പരമേഷ്ട്ടി ഗുരു എന്നിങ്ങനെ പോകുന്ന ഗുരു പരമ്പരയുടെ തുടക്കം ശിവ സ്വരൂപമായ ലോക ഗുരു ദക്ഷിണാമൂർത്തിയില്‍ നിന്നാണെന്നും പ്രാചീന ഗ്രന്ഥങ്ങളിൽ പറയുന്നു.
ആത്മാവിനെക്കുറിച്ചുള്ള അറിവ് നേടിക്കൊണ്ട് ആത്മജ്ഞാനം കൈവരിച്ച് താൻ സ്വയം ആരാണെന്നറിയുവാൻ ശിഷ്യന് ഒരു യഥാർത്ഥ ഗുരു പ്രേരണയേകുന്നതായും വിശിഷ്ട ഗ്രന്ഥങ്ങൾ ഉറപ്പ് നൽകുന്നു. അതിനാൽ ‘തസ്മൈ ശ്രീ ഗുരുവേ നമഃ’ യിലൂടെ വ്യക്തമാക്കുന്നതും ഗുരുവിനോടുള്ള അപരിമിതമായ ആദരവ് തന്നെയാണ്.
ഗുരു പൂർണ്ണിമയുടെ സാംഗത്യം
ഗുരുക്കന്മാരുടെ ആവശ്യകത വളരെ വലുതാണെന്ന് വിശ്വസിക്കപ്പെടുന്ന ഹിന്ദുക്കൾക്ക് പുറമെ ബുദ്ധമതാനുയായികളും അനുഷ്ഠിച്ചു വരുന്ന ആചാര്യ വന്ദനമായ ഗുരു പൂർണ്ണിമ ദിനത്തിൽ ശിഷ്യർ ഗുരുപൂജ നടത്താറുണ്ട്. സംസ്കൃതത്തിൽ ‘ഗു’ എന്നാൽ ‘അന്ധകാരം’ എന്നും ‘രു’ എന്നാൽ ‘ഇല്ലാതാക്കുന്നവൻ’ എന്നുമാണ് അർത്ഥമെന്ന് മനസിലാക്കുന്ന ശിഷ്യന്മാർ ആഷാഡ മാസത്തിലെ പൗർണ്ണമി ദിനത്തിൽ ഗുരുക്കന്മാരെ വന്ദിക്കാറുണ്ട്.
ഹിന്ദുക്കൾ പ്രധാന ഗുരുക്കന്മാരിലൊരാളായി ആദരിക്കുന്ന വ്യാസമഹർഷിയെ അനുസ്മരിച്ച് ഈ ദിവസം ആചരിക്കുന്നതിനാൽ ‘ ഗുരു പൂർണ്ണിമ’ ‘വ്യാസപൂർണ്ണിമ’ യെന്നും അറിയപ്പെടുന്നു. ആദ്ധ്യാത്മികജ്ഞാനം ആരില്‍ നിന്ന് അഭ്യസിക്കുന്നുവോ അദ്ദേഹത്തെയാണ് ഭാരതത്തില്‍ ഗുരുവായി പരിഗണിക്കുന്നത്.
കേരളത്തിൽ നിലനിൽക്കുന്ന ഐതിഹ്യം
പണ്ട് ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം നിലനിന്ന കാലത്ത് തന്റെ ഗുരുവിന്റെ കാർക്കശ്യം സഹിക്ക വയ്യാതെ ‘സുകുമാരൻ’ എന്ന് പേരുള്ള ഒരു ശിഷ്യൻ അദ്ദേഹത്തെ വധിക്കുവാൻ രാത്രിയിൽ തട്ടിൻപുറത്ത് ഒരു വലിയ കല്ലുമായി ഒളിച്ചിരുന്നു. എന്നാൽ ഗുരുപത്നിയോട് തന്റെ ശിഷ്യനെ പറ്റി പുകഴ്ത്തി സംസാരിക്കുന്നതും അവന്റെ നന്മയ്ക്ക് വേണ്ടിയാണ് താൻ കർശന നടപടികൾ സ്വീകരിക്കുന്നതെന്നും ഗുരു പറയുന്നത് കേട്ട് മനഃസ്താപമുണ്ടായ ആ ശിഷ്യൻ ഗുരുവിനോട് മാപ്പിരന്നു.
ഗുരുവിനെ തെറ്റിദ്ധരിച്ചതിനും വധിക്കാൻ പദ്ധതിയിട്ടതിനും പ്രാശ്ചിത്തമായി ശിഷ്യൻ ഉമിത്തീയിൽ സ്വശരീരം നീറ്റി ആത്മഹത്യ ചെയ്തെന്നും ആ വേളയിൽ രചിച്ച കൃതിയാണ് ‘ശ്രീകൃഷ്ണവിലാസ’മെന്നും അന്നേരം അദ്ദേഹത്തെ സന്ദർശിക്കാൻ സാക്ഷാൽ ശ്രീ ശങ്കരാചാര്യർ വന്നെത്തിയിരുന്നു എന്നും ഐതിഹ്യം നിലവിലുണ്ട്.
‘സുകുമാരൻ’ എന്ന കവിയുടെ നാമാന്തരമാണ് പ്രഭാകരനെന്ന ‘പ്രഭാകരമിശ്ര’നെന്നും ശ്രുതിയുണ്ട്. എന്നാൽ ഐതിഹ്യങ്ങളിൽ യാതൊരു വാസ്തവാംശവും ഉള്ളതായി തനിക്കു തോന്നുന്നില്ലെന്ന് ഉള്ളൂർ ഒരിക്കൽ വ്യക്തമാക്കിയിരുന്നു എങ്കിലും പ്രാചീന കാലത്ത് ഗുരുവിന് നൽകിയിരുന്ന മഹനീയ സ്ഥാനത്തിന് ഉദാഹരണമായി ഈ ഐതിഹ്യത്തെ ചൂണ്ടിക്കാട്ടാവുന്നതാണ്.
ഗുരുഭക്തനായ ഭക്തകവി കബീർ ദാസ്
ഭക്തകവി കബീർ ദാസ് ഔപചാരിക വിദ്യാഭ്യാസമൊന്നും നേടിയിരുന്നില്ലെങ്കിൽ കൂടിയും അദ്ദേഹം തന്റെ രചനകളിൽ ഗുരുവിന് വളരെ ശ്രേഷ്ഠമായ സ്ഥാനമാണ് നൽകിയിരുന്നത്. ഗുരുവും സാക്ഷാൽ ഭഗവാനും ഒരേ സമയം തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ താൻ ആദ്യം ഗുരുവിനെ വന്ദിക്കുമെന്നും കാരണം ഈശ്വരനെ പറ്റി തനിക്ക് പറഞ്ഞു തന്നത് ഗുരുവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എല്ലാ മതങ്ങളും ഗുരു പരമ്പരയെ ആദരിക്കുന്നവരാണെന്നും ഇന്നോളമുള്ള എല്ലാ സംസ്കൃതികളും ജ്ഞാനികളെ ബഹുമാനിച്ചിരുന്നു എന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കൃഷ്ണനും ക്രിസ്തുവും നബിയും ഗുരു നാനാക്കുമെല്ലാം ആ ഗുരു പരമ്പരയുടെ ഭാഗങ്ങള്‍ തന്നെയാണെന്നും ആത്മീയ ഗ്രന്ഥങ്ങൾ വ്യക്തമാകുന്നു. എന്നാൽ ഇക്കാലത്ത് ഗുരു എന്ന സങ്കൽപ്പത്തിന് മനുഷ്യ മനസ്സുകളിൽ മറ്റൊരു വ്യാഖ്യാനമാണ് കൈവന്നിരിക്കുന്നത്.
ഇക്കാലത്തെ അധ്യാപക-ശിഷ്യ ബന്ധം
പഴയകാലത്തെ അധ്യാപകർ ശിഷ്യന്മാരെ കഠിനമായി ശിക്ഷിച്ചിരുന്നതായും എങ്കിൽ പോലും ശിഷ്യരുടെ നന്മ ലാക്കാക്കി ചെയ്തിരുന്ന ആ പ്രവർത്തികൾ ന്യായീകരിക്കപ്പെട്ടിരുന്നു. ഇന്നും തങ്ങളുടെ ഗുരുനാഥന്മാരെ കാണുമ്പോൾ ബഹുമാനപുരസ്സരം പെരുമാറുന്നവരാണ് ഇക്കാലത്തെ മുതിർന്നവരിൽ ബഹുഭൂരിപക്ഷവും.
എന്നാൽ പുതുതലമുറയ്ക്ക് അധ്യാപകരോടുള്ള മനോഭാവത്തിൽ ആ ശീലങ്ങൾ കൈമോശം വന്നുവോ എന്നാണ് പലരുടെയും സംശയം. ന്യായവും അന്യായവുമായ ആവശ്യങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും സമരമുഖത്തെത്തുമ്പോൾ നഷ്ടമാകുന്നത് അധ്യാപനമെന്ന തൊഴിലിന്റെ മഹനീയതയും വിനയത്തോടെ മാത്രം വിദ്യ അഭ്യസിക്കേണ്ട ശിഷ്യരുടെ സത്ഗുണവുമാണ്.
വിദ്യാർത്ഥികൾ സ്വഭവനങ്ങളിലും പുറത്തും നേരിടുന്ന മാനസിക ശാരീരിക പീഡനങ്ങൾ പലപ്പോഴും ആദ്യം തിരിച്ചറിയുന്നതും ആ നീചകൃത്യങ്ങൾ വെളിപ്പെടുത്തുന്നതും പലപ്പോഴും അധ്യാപകർ തന്നെയാണ്. എന്നാൽ മാനേജ്മെന്റിന്റെയും വിദ്യാർത്ഥികളുടെയും മോശം ഇടപെടലിലൂടെ അധ്യാപകർ ആത്മഹത്യ ചെയ്ത സംഭവങ്ങളും അടുത്തിടെ നടന്നിരുന്നു.
കുട്ടികളെ അതിക്രൂരമായി മർദിച്ചും അവരെ മാനസികമായി തളർത്തിയും ചുരുക്കം ചില അധ്യാപകർ ഈ തൊഴിലിന് കളങ്കം ചാർത്തുന്നതായുള്ള റിപ്പോർട്ടുകളും പലപ്പോഴും പുറത്തു വരുന്നുണ്ട്. വൻ തുക വാങ്ങിയും മറ്റും അനർഹരായവരെ സ്വകാര്യ വിദ്യാലയങ്ങളിൽ ജീവനക്കാരാക്കുന്നതായുള്ള പരാതികൾക്ക് നല്ല കാലപ്പഴക്കമുണ്ട്.
പതിരുകൾ ഈ മേഖലയിലും ഉണ്ടാകാമെങ്കിലും അവയെ നീക്കം ചെയ്ത് ശുദ്ധീകരിക്കേണ്ട ചുമതല പൗരന്മാർക്കും അധികൃതർക്കും ഒരുപോലെയുണ്ട്. കാരണം ഭാവി തലമുറ എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കപ്പെടുന്നത് പലപ്പോഴും വിദ്യാഭ്യാസ കാലയളവിലാണ്. ആയതിനാൽ ഈ രംഗത്ത് മതവും രാഷ്ട്രീയവും ഇടകലർത്താതെ കുട്ടികളുടെ നന്മ മാത്രം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് ഏവരും പിന്തുണയേകുമ്പോൾ വിദ്യാഭ്യാസ രംഗം കൂടുതൽ പവിത്രീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ശാലിനി വി എസ് നായർ
Comments
0 comments