ദുരിതാശ്വാസ ധനസമാഹരണം: ഹാഫ് മാരത്തോണുമായി പ്രവാസി മലയാളി

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്‍റെ പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങേകാന്‍  പ്രവാസി മലയാളി ഗണിത ശാസ്ത്രജ്ഞന്‍ കേരളത്തിലുടനീളം ഹാഫ് മാരത്തോണ്‍ ഓടുന്നു. സര്‍ക്കാരിന് തന്‍റെ ഉടമസ്ഥതയിലുള്ള 20 സെന്‍റ് സംഭാവന ചെയ്തശേഷമാണ് എഴുപത്തൊന്നുകാരനായ ഡോ. ജോര്‍ജ് ആര്‍ തോമസിന്‍റെ ഈ യജ്ഞം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കാന്‍ പ്രവാസികളോട് ആഹ്വാനം ചെയ്യുന്ന ഹാഫ് മാരത്തോണ്‍ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ  നവംബര്‍ 7 ബുധനാഴ്ച രാവിലെ 8.30 ന് ഫ്ളാഗ് ഓഫ് ചെയ്യും.  സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന മാരത്തോണ്‍ യജ്ഞം കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഡിസംബര്‍ 6 ന് അവസാനിക്കും. ഓരോ ദിവസവും 21 കിലോമീറ്ററാണ് ഈ പ്രായത്തിലും അദ്ദേഹം ഓടിതീര്‍ക്കുന്നത്. 27 കേന്ദ്രങ്ങളിലായി ഒരു ദിവസം പോലും മുടങ്ങാതെയാണ് ഓട്ടം.

 തനിക്ക് ഏറ്റവും പ്രിയപ്പെട്ട ജډനാടിനെ ജീവിതത്തില്‍നിന്ന് ഒരിക്കലും അടര്‍ത്തിമാറ്റാനാവില്ലെന്നും പ്രതിസന്ധിഘട്ടത്തില്‍ നാം തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടവരാണെന്നും ദീര്‍ഘകാലം  അമേരിക്കയിലും  ചൈനയിലും ഗണിതാ ധ്യാപകനായിരുന്ന കനേഡിയന്‍ പൗരനായ അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ കാല്‍ നൂറ്റാണ്ടോളം വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതപാഠങ്ങള്‍ പകര്‍ന്നുകൊടുത്ത അദ്ദേഹം തന്‍റെ ഓട്ടത്തിനിടെ കേരളത്തിലും കോളജുകളിലും സ്കൂളുകളിലും ക്ളാസുകളെടുക്കും.

തന്‍റെ ഗ്രാമത്തില്‍ അദ്ദേഹം ലൈബ്രറി, അംഗന്‍വാടി, കുട്ടികളുടെ കളിസ്ഥലം, കാര്‍ പാര്‍ക്കിംഗ് എന്നിവയ്ക്കായി സ്വദേശമായ കടമ്പനാട്ട് 20 സെന്‍റ് സ്ഥലവും സംഭാവനയായി നല്‍കുന്നുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്)യും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

പ്രവാസിയായ ഗണിതശാസ്ത്രജ്ഞന്‍ തന്‍റെ  ഹൃദയവിശാലതയും  ഉദാരമനസ്ഥിതിയുമാണ് ഹാഫ് മാരത്തോണിലുടെ പ്രകടിപ്പിക്കുന്നതെന്ന്  ടൂറിസം മന്ത്രി ശ്രീ  കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളീയര്‍ നാട്ടിലായാലും പുറത്തായാലും  സഹായമനസ്കതയുടെ പേരിലാണ് അറിയപ്പെടുന്നത്.  സന്നദ്ധപ്രവര്‍ത്തന ലക്ഷ്യത്തോടെയാണ് ഹാഫ് മാരത്തോണ്‍ നടക്കുന്നത്. കേരളത്തിന്‍റെ പുനഃസൃഷ്ടിയില്‍ പ്രവാസി മലയാളികള്‍ക്ക് കൈകോര്‍ക്കാന്‍ ഈ ഉദ്യമം ആക്കംകൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

 ഡോ ജോര്‍ജ് തോമസിന്‍റെ സംരംഭം അനുകരണീയമാണെന്നും  പ്രളയം ഗ്രസിച്ച കേരളത്തെ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണെന്നും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു.

 പ്രളയാനന്തര കേരളത്തിന്‍റെ പുനഃസൃഷ്ടിയില്‍ പ്രവാസി മലയാളികളുടെ ഐക്യദാര്‍ഢ്യം ഉറപ്പിക്കലിനാണ് മാരത്തോണ്‍ സഹായിക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ ചൂണ്ടിക്കാട്ടി.

പ്ലാസ്റ്റിക് കത്തിക്കുന്നതുകൊണ്ടുണ്ടാകുന്ന വിപത്തുകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനായി 2008 ല്‍ ഡോ. ജോര്‍ജ് ആര്‍ തോമസ് കന്യാകുമാരി മുതല്‍ കര്‍ണ്ണാടകയിലെ മൂകാംബിക ക്ഷേത്രത്തിലേക്ക് മാരത്തണ്‍ നടത്തിയിട്ടുണ്ട്.  തന്‍റെ പുതുയജ്ഞം ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന വര്‍ദ്ധിപ്പിക്കുന്നതിനു കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദുരന്തത്തിന്‍റെ ഓര്‍മ്മ നാം പെട്ടെന്ന് വിസ്മരിക്കരുതെന്നും അദ്ദേഹം  പറഞ്ഞു.

പ്രവാസി മലയാളികള്‍ക്ക് ഉദാരമായി സംഭാവന നല്‍കുന്നതിന് മാരത്തോണ്‍   പ്രചോദനമേകുമെന്നും മലയാളിയെ നിര്‍വ്വചിക്കാവുന്ന ഊഷ്മളമായ കൂട്ടയ്മകളുടേയും ഒത്തൊരുമയുടേയും വേദികൂടിയാണിതെന്നും കെഎടിപിഎസ് സിഇഒ  മനേഷ്  ഭാസ്കര്‍ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദൃശ്യാനുഭവങ്ങള്‍ വിവരിച്ച് വിഖ്യാത ഫോട്ടോഗ്രാഫര്‍ വിക്കി റോയി

സംസ്ഥാനത്തെ ഐ ടി ഐ കള്‍ ഹരിതസ്ഥാപനങ്ങളാവുന്നു