കുട്ടി കർഷകർക്ക് ആവേശം പകർന്ന് ഹരിതബാല്യം പദ്ധതി

​തിരുവനന്തപുരം: സോനയ്ക്ക് സ്‌കൂൾ വിട്ടാൽ വീട്ടിലേക്കെത്താൻ തിരക്കാണ്. പക്ഷേ കളിക്കാനല്ല. അവൾ നട്ടു പിടിപ്പിച്ച പച്ചക്കറികൾക്ക് വെള്ളവും വളവും നൽകാനാണ് ഈ തിരക്ക്. അണ്ടൂർക്കോണം പഞ്ചായത്തിൽ താമസിക്കുന്ന സോനയുടെ കൃഷിയോടുള്ള താത്പര്യത്തിന് കരുത്ത് പകരാൻ പഞ്ചായത്തിലെ കുടുംബശ്രീയും കൂട്ടിനുണ്ട്.

കൃഷിയുടെ നന്മ കുട്ടികളിൽ എത്തിക്കുക, അവരെ കൃഷിയോടടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ അണ്ടൂർക്കോണം പഞ്ചായത്തിൽ ആരംഭിച്ച ഹരിത ബാല്യം പദ്ധതിയിൽ ഇതിനോടകം നിരവധി കുട്ടികൾ അംഗങ്ങളായിക്കഴിഞ്ഞു.   കുടുംബശ്രീയുടെ സഹായത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്.  പഞ്ചായത്തിലെ 43 ബാലസഭകളിൽ നിന്നും കൃഷിയിൽ താത്പര്യമുള്ള കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ നൽകി. ഇതോടൊപ്പം കാർഷിക പരിപാലന രീതികളെക്കുറിച്ചും ക്ലാസുകൾ നൽകിവരുന്നു.

സോനയെക്കൂടാതെ ഉണ്ണി, ബിച്ചു, അനന്തു, വിഷ്ണു, സജീന എന്നിവരും തങ്ങളുടെ വീട്ടുവളപ്പിൽ പച്ചക്കറി കൃഷി നടത്തുന്നുണ്ട്. വീട്ടുവളപ്പിലെ പരിമിതമായ സ്ഥലത്തും ടെറസിലുമൊക്കെയാണ് ഈ കുട്ടികൾ കൃഷി ചെയ്യുന്നത്. തക്കാളി, പച്ചമുളക്, പാവൽ, വെണ്ട, ചീര തുടങ്ങിയവയാണ് പ്രധാനമായും നട്ടുവളർത്തുന്നത്. ചിലർ മുല്ല, തെറ്റി തുടങ്ങിയ പൂച്ചെടികളും  കൂട്ടത്തിൽ വളർത്തുന്നുണ്ട്. ഗ്രോ ബാഗുകളിലും ചെറിയ ചട്ടികളിലുമൊക്കെയായിട്ടാണ് ഇവരുടെയെല്ലാം കൃഷി.

കൃഷിഭവനിൽനിന്നാണ് ആവശ്യമായ വിത്തുകൾ ലഭിച്ചത്.  കൃഷി ചെയ്യുന്ന കുട്ടികൾക്ക് പ്രോത്സാഹനം നൽകാനും മറ്റു കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്യുന്ന കുട്ടിയെ വിജയിയായി തെരഞ്ഞെടുക്കും. ഇതിനായി ഒരോ കുട്ടിയുടെയും കൃഷി വിലയിരുത്താൻ ഒരു വിദഗ്ദ്ധ സംഘത്തെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇവരാകും വിജയിയെ നിശ്ചയിക്കുക.

നിലവിൽ ആറു കുട്ടികളാണ്  വീട്ടുവളപ്പിൽ ഇത്തരത്തിൽ കൃഷി ചെയ്യുന്നതെങ്കിലും കൃഷിയിൽ  താൽപര്യമുള്ള കുടുതൽ കുട്ടികൾ ഈ സംരംഭത്തിൽ താൽപര്യം പ്രകടിപ്പിച്ചെത്തുന്നതായി അണ്ടൂർകോണം കുടുംബശ്രീ ചെയർ പേഴ്സൺ ബീന അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആര്‍ദ്രം ദൗത്യരേഖ മന്ത്രി പ്രകാശനം ചെയ്തു

എക്‌സൈസ് മന്ത്രി രാജിവച്ച് അന്വേഷണം നേരിടണം: മുല്ലപ്പള്ളി