ഉത്തരവാദിത്ത വിനോദസഞ്ചാരത്തില്‍ നാഴികക്കല്ലായ വൈക്കത്തിന് പ്രശംസ

കോട്ടയം: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ ഉത്തരവാദിത്ത വിനോദസഞ്ചാര മിഷനുകീഴില്‍ പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ ആവിഷ്കരിച്ച ‘പെപ്പര്‍’ പദ്ധതിക്ക്  സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്ന ആശയം ലോകത്താദ്യമായി  മുന്നോട്ടുവച്ച ഡോ ഹരോള്‍ഡ് ഗുഡ്വിന്നില്‍ നിന്നും പ്രശംസ.

ലോകത്ത് ഈ പ്രസ്ഥാനം വിജയം വരിച്ച രണ്ടാമത്തെ സ്ഥലമാണ് കേരളമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സ്പെയിനിലെ ബാര്‍സിലോണയാണ് ലോകത്തില്‍ ഉത്തരവാദിത്ത വിനോദസഞ്ചാര രംഗത്ത് വിജയം കൈവരിച്ച മറ്റൊരു പ്രദേശം.

വൈക്കം തീരപ്രദേശത്തിലേയും കോട്ടയം ജില്ലയിലെയും ജനങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ പെപ്പര്‍ പദ്ധതിയിലൂടെ വിജയകരമായി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളെ ആദ്ദേഹം പ്രകീര്‍ത്തിച്ചു. 2017 നവംബറില്‍ ആവിഷ്കരിച്ച ‘പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിംഗ് ആന്‍ഡ് എംപവര്‍മെന്‍റ് ത്രൂ റെസ്പോണ്‍സിബിള്‍ ടൂറിസം’ എന്ന പെപ്പര്‍ പദ്ധതിയുടെ വിജയത്തെയാണ് യു കെ ആസ്ഥാനമായുള്ള റെസ്പോണ്‍സിബിള്‍ ടൂറിസം പാര്‍ട്ണര്‍ഷിപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹരോള്‍ഡ് ഗുഡ്വിന്‍ പ്രശംസിച്ചത്.

താഴെത്തട്ടു മുതലുള്ള  കരുത്തുറ്റ ഭരണസംവിധാനവും കാര്യക്ഷമതയുമാണ് ഈ വിജയത്തിന് കാരണമെന്ന് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പങ്ക് ചൂണ്ടിക്കാട്ടി മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റിയിലെ എമിറേറ്റസ് പ്രൊഫസറായ അദ്ദേഹം  പറഞ്ഞു. ലോകത്ത് ടൂറിസത്തിന് അനാവശ്യ പ്രധാന്യം നല്‍കാത്ത ആദ്യ സ്ഥലം കേരളമാണെന്ന് പെപ്പര്‍ പദ്ധതിയുടെ പങ്കാളികളുമായി വൈക്കത്ത് നടന്ന ആശയവിനിമയത്തില്‍ അദ്ദേഹം പറഞ്ഞു. വര്‍ണവിവേചന വാഴ്ചയുടെ അവസാനമായ 1994 മുതല്‍ ദക്ഷിണാഫ്രിക്ക ഉത്തരവാദിത്ത വിനോദസഞ്ചാരത്തില്‍ മുന്നേറാന്‍ ശ്രമിക്കുകയായിരുന്നു. പ്രോത്സാഹനജനകമായ ഫലങ്ങള്‍ അവിടെ നിന്ന് വരാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള ഉത്തരവാദിത്ത വിനോദസഞ്ചാര മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ അദ്ധ്യക്ഷനായിരുന്ന പരിപാടിയില്‍ 78 പങ്കാളികള്‍ പങ്കെടുത്തു. കേരളത്തിലെ രണ്ട് തനത് കലകളായ തിരുവാതിരയ്ക്കും വില്ലടിച്ചാന്‍പാട്ടിനും  പരിപാടി വേദിയായി.

ഉത്തരവാദിത്ത വിനോദസഞ്ചാരം നടപ്പിലാക്കാന്‍ തീരുമാനിച്ച 2007 മുതല്‍ കേരളത്തിലെ സ്ഥിരം സന്ദര്‍ശകനാണ് ഡോ. ഗുഡ്വിന്‍. മാലിന്യവര്‍ദ്ധനവ്,  വിനോദസഞ്ചാരത്തിന്‍റെ മെച്ചം നാട്ടൂകാരിലേയ്ക്ക് എത്താത്തത്  എന്നീ വെല്ലുവിളികളെ അതിജീവിക്കുവാന്‍ കേരളത്തിനു സാധിച്ചു. വിനോദസഞ്ചാരമെന്നത് എവിടെയെങ്കിലും മടിപിടിച്ച് ദിവസം തള്ളി നീക്കലാണെന്ന പഴയകാല പറച്ചിലുകള്‍ മാറിയതായും ലണ്ടനില്‍ ഉത്തരവാദിത്ത വിനോദസഞ്ചാര പരിപാടി നടത്തുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിന്‍റെ ഉപദേശകനായ അദ്ദഹം പറഞ്ഞു.

ഒന്‍പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുള്ള വൈക്കത്ത് റിസോഴ്സ് മാപ്പിംഗ് നടത്തുക എന്ന ശ്രദ്ധേയ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി കെ. രൂപേഷ് കുമാര്‍ പറഞ്ഞു.  ലോകത്താദ്യമായി പ്രാദേശിക സമൂഹ കേന്ദ്രീകൃത വിനോദസഞ്ചാരം നടപ്പിലാക്കുന്ന സ്ഥലം വൈക്കമാണ്. സംസ്ഥാനത്ത് 22 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുള്‍പ്പെടുന്ന ബൃഹദ് പദ്ധതിയായി പെപ്പര്‍ മാറിക്കഴിഞ്ഞു. വിനോദസഞ്ചാര വികസനത്തിനു സാധ്യമായ മേഖലകളെ കണ്ടെത്തുന്നതിന് വൈക്കത്തെ പെപ്പര്‍ പദ്ധതി സഹായകമായി. പ്രദേശത്തേക്കുള്ള യാത്രാ പാക്കേജുകള്‍ രൂപപ്പെടുത്തുന്നതിനും ഹോംസ്റ്റേ കേന്ദ്രീകൃത താമസ സൗകര്യ വികസനത്തിനും പ്രദേശത്തിന്‍റെ വൈവിധ്യത്തെ അനാവരണം ചെയ്യുന്ന പ്രൊമോഷണല്‍ വീഡിയോകളുടെ രൂപീകരണത്തിനും ഇത് വഴിതെളിച്ചു. ഗ്രാമസഭകളുടെ രൂപീകരണത്തിനുശേഷം 700 പേരെ റിസോഴ്സ് വ്യക്തികളായി പരിശീലിപ്പിച്ചു.

പെപ്പര്‍ പദ്ധതിയിലെ പ്രദേശത്തിന്‍റെ ആതിഥേയ, പരമ്പരാഗത കലാ, കരകൗശല മേഖലകളിലേയും മത്സ്യബന്ധനം, കൃഷി, നെയ്ത്ത്, ഓലമെടയല്‍, കക്ക നീററല്‍, കള്ളു ചെത്തല്‍, ലോഹമുരുക്കു വിദ്യ, സ്വര്‍ണ്ണപ്പണി, മണ്‍പാത്ര നിര്‍മ്മാണം, ഓയില്‍ പ്രസ്, കയര്‍-ബാഗ് നിര്‍മ്മാണം എന്നീ തൊഴില്‍മേഖലകളിലേയും ചില സ്ഥലങ്ങള്‍ ഡോ. ഹരോള്‍ഡ് ഗുഡ്വിന്‍ സന്ദര്‍ശിച്ചു.

വിനോദസഞ്ചാരികള്‍ക്ക് പ്രത്യേകാനുഭവം പ്രദാനം ചെയ്യുന്നതിനു പുറമേ പ്രാദേശിക സാമ്പത്തിക വളര്‍ച്ചയും ഉറപ്പുവരുത്തുന്നുണ്ട്. അന്തര്‍ദേശീയ വിനോദസഞ്ചാര ഭൂപടത്തില്‍ തീര്‍ത്ഥാടനം  മുതല്‍ സാഹസിക വിനോദസഞ്ചാരത്തിനുവരെ സാധ്യതകളുളള പ്രദേശമാണ് വൈക്കം. വിപുലമായ അടിസ്ഥാന സൗകര്യങ്ങളും പ്രാഥമിക സൗകര്യങ്ങളും  മാലിന്യനിര്‍മാര്‍ജനവും  വിനോദസഞ്ചാരമേഖലയിലെ പ്രമുഖരുമായുള്ള ബന്ധവുമാണ് ഇനി വേണ്ടതെന്നും രൂപേഷ് കുമാര്‍ വ്യക്തമാക്കി. പെപ്പര്‍ പദ്ധതിയിലെ പങ്കാളികള്‍ക്കായി തിങ്കളാഴ്ച തിരുവനന്തപുരത്ത് സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

ജനാധിപത്യത്തില്‍ പൊലീസ് ജനങ്ങളുടെ സേനയാണ്, മത – രാഷ്ട്രീയാധികാരങ്ങളുടെ സ്വകാര്യ സൈന്യമല്ല 

ചെറിയ കലാകാരന്മാർക്ക് ബിനാലെ നല്‍കുന്നത് വലിയ വേദി: യെച്ചൂരി