പകര്‍ച്ചവ്യാധി പ്രതിരോധം: കരുതലുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: രക്ഷാ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലായതോടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വിവിധ വിഭാഗങ്ങള്‍ ഏകോപിപ്പിച്ചായിരിക്കും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

ഇതിന്റെ ഭാഗമായി വലിയ ക്യാംപയിന്‍ സംഘടിപ്പിക്കുന്നതാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി വ്യക്തമായ പ്ലാന്‍ ഉണ്ടാക്കി ഒരാഴ്ച മുമ്പേതന്നെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തനം തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികളെപ്പറ്റി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വരുന്ന 30 ദിവസത്തേക്കുള്ള പദ്ധതികളാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂമും കോള്‍ സെന്ററും പ്രവര്‍ത്തിച്ചു തുടങ്ങി. വിവിധ മെഡിക്കല്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം തുറന്നത്. 18001231454 എന്നതാണ് കണ്‍ട്രോള്‍ റൂം നമ്പര്‍.

സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ ക്യാമ്പുകളിലേയും ഏകോപനം നടക്കുന്നത് ഇവിടെയാണ്. ക്യാമ്പുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ജീവനക്കാരുടെ കുറവ്, മരുന്നുകളുടെ കുറവ് എന്നിവ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചാലുടന്‍ തന്നെ സത്വര നടപടികളെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഇതുകൂടാതെ വാട്‌സ്ആപ്, ഫേസ്ബുക്ക്, ദൃശ്യ, ശ്രവ്യ, പത്ര മാധ്യമങ്ങളില്‍ വരുന്ന ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും സത്വര നടപടികളെടുക്കുന്നതാണ്. ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലെ പൊതുജനങ്ങള്‍ക്കും ചികിത്സാ സൗകര്യങ്ങള്‍ക്കായി ഈ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനം ലഭ്യമാക്കാന്‍ നടപടികളെടുക്കുന്നതാണ്. ഇതോടൊപ്പം ആരോഗ്യ സംബന്ധമായ സംശയങ്ങളും ചോദിക്കാവുന്നതാണ്. ഇതുകൂടാതെ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളും തുറന്നു.

3 ജില്ലകളായി തരം തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചില ജില്ലകളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളപ്പൊക്കം എറ്റവും കൂടുതലായി ബാധിച്ച 8 ജില്ലകളാണുള്ളത്. വയനാട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവയാണവ. കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ എന്നീ ജില്ലകളെ വലുതായി വെള്ളംപ്പൊക്കം ബാധിച്ച ജില്ലകളായും തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് എന്നീ ജില്ലകളെ സാരമായി വെള്ളപ്പൊക്കം ബാധിച്ച ജില്ലകളായും തരംതിരിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം നോഡല്‍ ഓഫീസര്‍മാരേയും നിയമിച്ചിട്ടുണ്ട്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് മാലിന്യനിര്‍മാര്‍ജനം ദ്രുതഗതിയില്‍ സാധ്യമാക്കുന്നതാണ്. ഇതിന് നേതൃത്വം നല്‍കാന്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കക്കൂസ് മാലിന്യം, മൃഗങ്ങളുടെ ശവശരീരങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുക എന്നിവയുള്‍പ്പെടെ കൃത്യമായ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്.

വെള്ളം കയറിയ സ്ഥലങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലുകളെടുക്കും. ഇതിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരും സഹായിക്കും.

ക്യാമ്പില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ചു വരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും വലിയ ബുദ്ധിമുട്ടുണ്ടായാല്‍ ഉടന്‍ തന്നെ അവരെ ആശുപത്രികളിലെത്തിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചിക്കന്‍പോക്‌സ് തുടങ്ങിയ പകര്‍ച്ച വ്യാധിയുള്ളവരെ മാറ്റി പ്രത്യേകമായിരിക്കും ചികിത്സ നല്‍കുക. എവിടെയെങ്കിലും പകര്‍ച്ച വ്യാധികളുടെ ലക്ഷണം കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രിയില്‍ നിന്നുള്‍പ്പെടെ നിരവധി ഡോക്ടര്‍മാര്‍ സേവനത്തിനെത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളും സന്നദ്ധത അറച്ചിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും ഡോക്ടര്‍മാരും നഴ്‌സുമാരും എത്തിയിട്ടുണ്ട്.

മരുന്നിന് ഒരു കുറവും ഉണ്ടായിട്ടില്ല. ആവശ്യത്തിലധികം മരുന്ന് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. എവിടെയെങ്കിലും മരുന്നിന് കുറവുണ്ടെങ്കില്‍ അതറിയിച്ചാല്‍ ഉടന്‍ പരിഹരിക്കുന്നതാണ്. പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്. അവയ്ക്ക് പകരം സ്ഥലത്ത് ആശുപത്രികള്‍ പ്രവര്‍ത്തിക്കും. ഇതോടൊപ്പം പുതിയ താത്ക്കാലിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും തുടങ്ങുന്നതാണ്.

നേരത്തെയുണ്ടായിരുന്ന വാര്‍ഡ് സാനിറ്ററി കമ്മിറ്റിയും ആരോഗ്യരക്ഷാ സേനയും പുനരുദ്ധരിക്കും. എല്ലാ വീടുകളും സന്ദര്‍ശിച്ച് എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ഉടനടി റിപ്പോര്‍ട്ട് ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യും. ഇതോടൊപ്പം ശുദ്ധജലം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗവും രംഗത്തുണ്ട്.

പാമ്പുകടിയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ താലൂക്കാശുപത്രിക്ക് മുളകളിലോട്ടുള്ള ആശുപത്രികളില്‍ അതിനുള്ള മരുന്ന് ലഭ്യമാക്കും.

ക്യാമ്പുകളിലെ ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരംതിരിച്ച് ശേഖരിച്ചു വരുന്നു.

എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ വലിയ അളവുവരെ പ്രതിരോധിക്കാനാവുന്നതാണ്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് നല്‍കുന്ന സന്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. പറഞ്ഞു. മൂന്ന് റീജിയണല്‍ സ്റ്റോറുകളിലായി മരുന്നുകള്‍ സംഭരിച്ചിട്ടുണ്ട്. എവിടെയെങ്കിലും സ്റ്റോക്കിന് കുറവ് വന്നാല്‍ പെട്ടെന്ന് തന്നെ എത്തിക്കാന്‍ കഴിയുന്നതാണ്. ഓരോ ദിവസത്തേയും പ്രശ്‌നങ്ങള്‍ അന്നന്ന് തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

red alert, Kerala, heavy rain, KSRTC, bus, Chennithala, Govt, Monsoon

മഴക്കു ശമനം; കൂടുതല്‍ പേര്‍ വീടുകളിലേക്ക്

പിണറായി സർക്കാർ പ്രളയം നേരിട്ട രീതി പ്രശംസ പിടിച്ചു പറ്റി