അഞ്ചു കോടി ഉപയോക്താക്കളുമായി ഹെലോയുടെ ഒന്നാം വാർഷികം
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഹെലോ ഒരു വർഷം പൂർത്തിയാക്കുമ്പോൾ ഉപയോക്താക്കളുടെ എണ്ണം അഞ്ചു കോടി കടന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500ഓളം ഉള്ളടക്ക സൃഷ്ടാക്കളുടെ യോഗവും സംഘടിപ്പിച്ചു.
ദേശീയവും പ്രാദേശികവുമായ ഉള്ളടക്കങ്ങളുടെ പിന്തുണയോടെ ഉപയോക്താക്കളുടെ അടിത്തറയിൽ നൂറു ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിലെ 2.5 കോടിയിൽ നിന്നും അഞ്ചു കോടിയായി ഉപയോക്തൃ അടിത്തറ വളർന്നു. ഉപയോഗിക്കാനുള്ള എളുപ്പവും 14 പ്രാദേശിക ഭാഷകളിലെ ലഭ്യതയുമാണ് അവതരണത്തിന്റെ ആദ്യ മാസം തന്നെ ഉപയോക്താക്കളുടെ എണ്ണം 10 ലക്ഷത്തിലധികം എത്തിച്ചത്. 2-3 തലത്തിലുള്ള പട്ടണങ്ങളിൽ കൂടി ഇതിന്റെ പ്രചാരണം വ്യാപകമായി. വിവിധ വിവരങ്ങളുടെ ലഭ്യതക്കായി 500ലധികം മാധ്യമങ്ങളുമായും ഹെലോ സഹകരിക്കുന്നുണ്ട്.
ആഗോള തലത്തിലുള്ള ഇന്ത്യക്കാരെ പ്രാദേശികമായി ബന്ധപ്പെടുന്നതിനും ഹെലോ സഹായിക്കുന്നുണ്ട്. യുഎസ്എ, കാനഡ, സിംഗപൂർ, മലേഷ്യ, സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈറ്റ്,ഖത്തർ, നേപ്പാൾ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഹെലോ ലഭ്യമാണ്. ഉപയോക്താക്കളുടെ സൃഷ്ടികളായ ഉള്ളടക്കങ്ങളാണ് ഹെലോ വാഗ്ദാനം ചെയ്യുന്നത്. 14 ഇന്ത്യൻ ഭാഷകളിൽ ഇത് സാധ്യമാണ്. ഹെലോ സൂപ്പർ സ്റ്റാർ , ഹെലോ ഫണ്ണികിംഗ്, ഹെലോ ഫുഡ്ഫീവർ എന്നിങ്ങനെ പോകുന്നു പരിപാടികൾ .
പ്രതീക്ഷകൾക്കപ്പുറമായിരുന്നു കഴിഞ്ഞ ഒരു വർഷത്തെ സ്വീകരണമെന്നും, പ്ലാറ്റ്ഫോമിൽ പോസ്റ്റുചെയ്ത 85% യഥാർത്ഥ ഉപയോക്തൃ-നിർമ്മിത ഉള്ളടക്കം, അവരുടെ പ്രാദേശിക ഭാഷയിൽ ഉള്ളടക്കം സൃഷ്ടിക്കാനും പങ്കിടാനും കണ്ടെത്താനും അവരെ പ്രാപ്തരാക്കുന്ന ഒരു പ്രധാന പ്ലാറ്റ്‌ഫോമായി ഇന്ത്യയുടെ പ്രാദേശിക ഭാഷാ കമ്മ്യൂണിറ്റികൾ തങ്ങളെ വ്യാപകമായിഅംഗീകരിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണിത്. 2019 അവസാനത്തോടെ ഉപയോക്താക്കളുടെ എണ്ണം 10 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹെലോ കണ്ടന്റ് ഓപറേഷൻസ് മേധാവി ശ്യാമാംഗ ബറൂഹ പറഞ്ഞു.