ഫോർമാനെ ആദരിക്കുമ്പോൾ നമ്മൾ കോപ്പിയടിച്ച സിനിമ കൂടി പ്രദർശിപ്പിക്കണമെന്ന് ഡോ. ബിജു 

കവിതാ മോഷണ വിവാദം കത്തിപ്പടരുന്നതിനിടെ ചലച്ചിത്രോത്സവ നാളുകളിൽ വിവാദമാകാനിടയുള്ള ഒരു കോപ്പിയടി  പരാമർശവുമായി ഡോ. ബിജു. കഴിഞ്ഞ ഏപ്രിലിൽ അന്തരിച്ച ചെക് ഫിലിം ഡയറക്ടർ മിലോസ് ഫോർമാനെ ഇത്തവണത്തെ  മേളയിൽ ആദരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഡോ ബിജുവിന്റെ ഇക്കാര്യത്തിലുള്ള ഫേസ് ബുക്ക് പോസ്റ്റ് വന്നിട്ടുള്ളത്.

ദ ഫയർ മെൻസ് ബോൾ, ഹെയർ, ടേക്കിങ് ഓഫ്, ദ പീപ്പിൾ വേഴ്സസ് ലാരി ഫ്ലിന്റ്, തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്ത ഫോർമാന്റെ ‘വൺ ഫ്ള്യൂ ഓവർ ദ കുക്കൂസ് നെസ്റ്റ് ‘ എന്ന ചിത്രത്തെ പറ്റിയാണ് അദ്ദേഹത്തിന്റെ ഒളിയമ്പുകൾ.

ഡോ. ബിജു

കെൻ കെസെയുടെ കൾട്ട് നോവലിനെ അധികരിച്ച് അതേപേരിൽ തന്നെ 1975 ൽ പുറത്തിറങ്ങിയ ഫോർമാന്റെ ചിത്രത്തിന്റെ കോപ്പിയടിയാണ് 1986 ൽ പുറത്തിറങ്ങിയ പ്രിയദർശന്റെ  താളവട്ടം എന്ന ആരോപണം നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ താളവട്ടത്തിന്റെ പേരെടുത്തു പറയാതെ, 1986 ൽ പുറത്തിറങ്ങിയ ചിത്രം എന്ന സൂചന  മാത്രമാണ് പോസ്റ്റിലുള്ളത്.

ഒറിഗോണിലെ ഒരു മാനസികാരോഗ്യ ആശുപത്രിയെ പശ്ചാത്തലമാക്കി മനുഷ്യ മനസ്സിനെയും മെഡിക്കൽ എത്തിക്സിനെയുമെല്ലാം ആഴത്തിൽ അപഗ്രഥിക്കുന്ന ചിത്രമാണ് ഫോർമാന്റെ ‘വൺ ഫ്ള്യൂ ഓവർ ദ കുക്കൂസ് നെസ്റ്റ് ‘. പ്രിയദർശനെതിരെ ഇപ്പോൾ പൊന്തിവന്നിട്ടുള്ള ഈ ആരോപണം എന്തായാലും ചലച്ചിത്രവൃത്തങ്ങളിൽ ചർച്ചചെയ്യപ്പെടും എന്നത് ഉറപ്പാണ്.


ഡോ. ബിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം  

പ്രശസ്ത ചെക്ക് – അമേരിക്കൻ സംവിധായകൻ മിലൊസ് ഫോർമാന് കേരള ചലച്ചിത്ര മേളയിൽ ആദരം.

എന്നാലും ഇതിച്ചിരി കടുത്തു പോയി അക്കാദമി …

1986 ൽ പുറത്തിറങ്ങി മലയാളത്തിൽ ഏറ്റവും വലിയ വിജയമായ ഒരു സിനിമ 1975 ൽ കോപ്പിയടിച്ചു One Flew Over the Cuckoo’s Nest എന്ന പേരിൽ സിനിമ നിർമിച്ച ആ സംവിധായകനെ തന്നെ കേരളത്തിൽ വിളിച്ചു ആദരിച്ചു കളഞ്ഞല്ലോ..

കോപ്പിയടിക്ക് ഒന്നും ഒരു വിലയില്ല അല്ലേ.. ഇതാ പറയുന്നത് സിനിമയിൽ കോപ്പിയടി ഒന്നും ഒരു വിഷയമേ അല്ലെന്ന്.

എന്നാലും ചലച്ചിത്ര അക്കാദമീ ഇതൊരു വല്ലാത്ത പരിപാടി ആയിപ്പോയി. One Flew Over the Cuckoo’s Nest ഏതായാലും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ടല്ലോ.

അതോടൊപ്പം നമുക്ക് 1986 ലെ ആ ഗംഭീര മലയാള സിനിമ കൂടി പ്രദർശിപ്പിച്ചാലോ?. മിലോസ് ഫോർമാന്റെ ആത്മാവിന് ആ സിനിമ പതിനൊന്നു കൊല്ലം മുൻപേ 1975 ൽ കോപ്പി അടിച്ചതിന് കുറ്റബോധം ഉണ്ടാകട്ടെ..അല്ല പിന്നെ മലയാളികളോടാ കളി…കോപ്പിയടി ആണത്രേ …നമ്മൾ ഇതെത്ര കണ്ടതാ..അന്തസ്സായിട്ടാ ഞങ്ങൾ കോപ്പി അടിക്കുന്നത്.കോപ്പി അടിച്ചാലും വൃത്തിക്കല്ലേ ചെയ്യുന്നത്.

പ്രിയദർശൻ

ഏതായാലും ഈ ആദരം രണ്ടു മൂന്ന് വർഷം മുൻപ് ആയിരുന്നെങ്കിൽ ഉഷാറായിരുന്നു.

മിലോസ് ഫോർമാനെ ആദരിക്കുന്ന സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പഴയ ചെയർമാന് തന്നെ മീലൊസ് ഫോർമാനോട് നേരിട്ട് ചോദിക്കാമായിരുന്നു എന്റെ സിനിമ പതിനൊന്ന് വർഷം മുന്നേ നിങ്ങൾ എന്തിനാണ് കോപ്പി അടിച്ചതെന്ന്.

അന്ന് മീലൊസ് ജീവിച്ചിരിപ്പുണ്ടായിരുന്നു..ലേശം വൈകിപ്പോയി…ശോ കഷ്ടായി…

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബംഗാളില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍

കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്