മാധ്യമപ്രവർത്തകർ ഒന്നടങ്കം അതിദേശീയതയുടെ യുദ്ധവെറി നിർലജ്ജം ഏറ്റെടുത്തിരിക്കുന്നു

പ്രമോദ് പുഴങ്കര

അർണാബ് ഗോസ്വാമിയെയോ, രാഹുൽ കൻവാളിനെയോ ഭൂപേന്ദ്ര ചൗബേയെയോ പോലുള്ള പ്രഖ്യാപിത മോദി ഭക്തരും ഹിന്ദുത്വ അതിദേശീയത വാദികളും യുദ്ധവെറിയുടെ ഉന്മാദത്തിൽ വാർത്താവതാരകർ എന്ന നിലയിൽ മാത്രമല്ല തങ്ങളുടെ വ്യക്തിപരമായ നിലയിലും വ്യോമാക്രമണത്തിൽ ആഘോഷിക്കുന്നതും യുദ്ധഭ്രാന്തിൽ വളരുന്നതും ആരെയും അമ്പരപ്പിക്കുന്നില്ല. എന്നാൽ ബർഖ ദത്തിനെയും, രാജ്ദീപ് സർദേശായിയെയും പോലുള്ള, സംഘപരിവാറുകാർ ദേശദ്രോഹികൾ എന്ന് വിളിക്കുന്ന മാധ്യമപ്രവർത്തകർ ഇതേ വഴിയിൽ വ്യക്തിഗത ആനന്ദം പ്രകടിപ്പിക്കുമ്പോൾ അത് മറ്റൊരു രാഷ്ട്രീയ, സാമൂഹ്യ അജണ്ടയുടെ വ്യാപനത്തെയാണ് കാണിക്കുന്നത്.

യുദ്ധവെറിയുടെ അന്തരീക്ഷത്തിൽ  ഇന്ത്യൻ മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും പൊള്ളത്തരവും ഹീനമായ വർഗതാത്പര്യങ്ങളും ഒരിക്കൽക്കൂടി പുറത്തുവന്നിരിക്കുന്നുവെന്ന്   പ്രമോദ് പുഴങ്കര യുടെ ശ്രദ്ധേയമായ ഫേസ് ബുക്ക് പോസ്റ്റ്  


മോദി സർക്കാരിന്റെയും സംഘ്പരിവാറിന്റെയും അതിദേശീയതയുടെ യുദ്ധവെറി നിർലജ്ജം ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യയിലെ മാധ്യമങ്ങളാണ്. പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങൾ. വായിക്കുന്ന യുദ്ധത്തിനെക്കാളേറെ കാണുന്ന, കേൾക്കുന്ന യുദ്ധത്തിനാണ് വിപണിയെന്നത് അതിലെ മറ്റൊരു വിഷയമാണ്. കോർപ്പറേറ്റ് മാധ്യമങ്ങളുടെ മോദി-അതിദേശീയത അജണ്ട വളരെ കൃത്യമായ ഘടനയുള്ള, തന്ത്രങ്ങളുള്ള ഒന്നാണ്. അതിലവർക്ക് സംശയങ്ങളൊന്നുമില്ല. അതിൽ മുഖം മൂടികളുമില്ല. എന്നാൽ ഉദാര ജനാധിപത്യവാദികൾ എന്ന് പൊതുവെ ജനം തെറ്റിദ്ധരിക്കാനിടയുള്ള മാധ്യമപ്രവർത്തകർ പോലും തങ്ങളുടെ ദേശാഭിമാന ഉന്മാദം പ്രകടിപ്പിക്കുന്നത്, എത്ര വേഗമാണ് അവർക്കത്, ആ ഭാഷ വഴങ്ങുന്നത് എന്ന് കാണിക്കുന്നു.

അർണാബ് ഗോസ്വാമിയെയോ, രാഹുൽ കൻവാളിനെയോ ഭൂപേന്ദ്ര ചൗബേയെയോ പോലുള്ള പ്രഖ്യാപിത മോദി ഭക്തരും ഹിന്ദുത്വ അതിദേശീയത വാദികളും യുദ്ധവെറിയുടെ ഉന്മാദത്തിൽ വാർത്താവതാരകർ എന്ന നിലയിൽ മാത്രമല്ല തങ്ങളുടെ വ്യക്തിപരമായ നിലയിലും വ്യോമാക്രമണത്തിൽ ആഘോഷിക്കുന്നതും യുദ്ധഭ്രാന്തിൽ വളരുന്നതും ആരെയും അമ്പരപ്പിക്കുന്നില്ല. എന്നാൽ ബർഖ ദത്തിനെയും, രാജ്ദീപ് സർദേശായിയെയും പോലുള്ള സംഘപരിവാറുകാർ ദേശദ്രോഹികൾ എന്ന് വിളിക്കുന്ന മാധ്യമപ്രവർത്തകർ ഇതേ വഴിയിൽ വ്യക്തിഗത ആനന്ദം പ്രകടിപ്പിക്കുമ്പോൾ അത് മറ്റൊരു രാഷ്ട്രീയ, സാമൂഹ്യ അജണ്ടയുടെ വ്യാപനത്തെയാണ് കാണിക്കുന്നത്. സൈനിക നടപടിയിൽ ആവേശം പ്രകടിപ്പിക്കുന്ന ബർഖ ദത്തിനോട്  (Ref; her Tweets ) The Independent ഇന്റെ മുൻ ഇന്ത്യ ലേഖകൻ, “വലിയ സ്വാധീനമുള്ള, സ്വതന്ത്ര ചിന്താഗതിയുള്ള ഒരു മാധ്യമപ്രവർത്തക ഒരു സൈനിക നടപടിയെ ഇങ്ങനെ ആർപ്പുവിളിക്കുന്നത് ശരിയാണോ?” എന്ന് ചോദിച്ചപ്പോൾ “മുന്നണിയിൽ നിന്നും യുദ്ധം റിപ്പോർട് ചെയ്യുന്ന ഒരു ഇന്ത്യൻ മാധ്യമ പ്രവർത്തകയാണ് ഞാൻ. പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകൾ പതിറ്റാണ്ടുകളായി നടത്തുന്ന തരംതാണ യുദ്ധത്തിനെതിരെ എൻ്റെ രാജ്യം പൊരുതുമ്പോൾ എനിക്കതിൽ കപട നിഷ്പക്ഷതയില്ല. സേനയ്ക്ക് എൻ്റെ എല്ലാ പിന്തുണയും. ഇത് യുദ്ധവെറിയല്ല. നീതിയാണ്” എന്നാണ് ബർഖ ദത്ത് മറുപടി നൽകിയത്.

അങ്ങനെ അർണബ് ഗോസ്വാമിയുടെയും ബർഖ ദത്തിന്റെയുമൊക്കെ നീതിയുടെ ഭാഷ ഒന്നാകുന്ന ഒരു കാലത്തിൽ മാധ്യമങ്ങളുടെ വർഗ്ഗസ്വഭാവം എന്നൊന്നുണ്ടെന്ന് നാം വീണ്ടുമോർക്കുന്നു. സൈന്യത്തെ വിശുദ്ധവത്കരിക്കുന്ന പരിപാടി NDTV അടക്കമുള്ള എല്ലാ ദൃശ്യമാധ്യമങ്ങളും ഏറെക്കാലമായി ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ഏതൊരു പ്രശ്നത്തിലും സൈന്യം ഇടപെട്ടുകഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ചൊന്നും മിണ്ടരുതെന്നത് ഒരു പൗരബാധ്യതയായി നമുക്ക് മേൽ അടിച്ചേൽപ്പിക്കുകയാണ്. അതുകൊണ്ടാണ് സർക്കാരിന്റെ വാർത്താകുറിപ്പുകളും വിശദീകരണങ്ങളും പ്രതിധ്വനിപ്പിക്കുന്ന വെറും ആർപ്പുവിളി സംഘമായി മാധ്യമങ്ങൾ മാറിയത്.

യുദ്ധവിമാനങ്ങളുടെ വർണന, മുൻ പട്ടാളക്കാരെ കൊണ്ടുവന്നുള്ള വീരസ്യം പറച്ചിൽ, വസ്തുതകളുടെ വക്രീകരണവും അതിനെ എത്രയോ മടങ്ങു പെരുപ്പിച്ചു കാണിക്കുകയും ചെയ്യുന്ന animation videos, വാർത്തയിൽ ഉപയോഗിക്കുന്ന വാക്കുകൾ ഇതെല്ലാം രാജ്യം ഒരു ആഘോഷത്തിൽ കടന്നുപോകുന്ന പോലെയാണ് മാധ്യമങ്ങൾ കാണിക്കുന്നത്. Times Now ഉപയോഗിക്കുന്ന scroll പോലും India Celebrates എന്നാണ്.

ആഭ്യന്തര സുരക്ഷയിൽ ഗുരുതരമായി പരാജയപ്പെട്ട ഒരു സർക്കാരിനോട് ഒന്നും ചോദിക്കാതിരിക്കുന്ന മാധ്യമങ്ങളുടെ അജണ്ട വ്യക്തമാണ്. വളരെ അപകടകരമായ ഒരു ആഭ്യന്തര അവസ്ഥയാണിത്. രാജ്യം എന്ന് പറഞ്ഞാൽ ഒരു ഏകശില ദേശീയതയുടെ പ്രതിരൂപമാവുകയും ആ ദേശീയതയെ പ്രതിനിധാനം ചെയ്യുന്ന ഒരു സർക്കാർ ഉണ്ടാവുകയും സൈന്യം എന്നത് ആ ദേശീയതയുടെ സൈന്യമാവുകയും ആ സൈന്യത്തിന്റെ ഓരോ നീക്കവും സർക്കാരിന്റെയും അത് പ്രതിനിധാനം ചെയ്യുന്ന ദേശീയതയുടെയും ആക്രോശമാവുകയും അത് ആ ദേശരാഷ്ട്രാതിർത്തിക്കുള്ളിലെ ജനതയുടെ മുഴുവൻ ആക്രോശമാണെന്ന് അവിടെയുള്ള മാധ്യമങ്ങൾ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ അത് മറ്റെല്ലാ യുക്തിവിചാരങ്ങളെയും വ്യവഹാരസാധ്യതകളെയും ഇല്ലാതാക്കുകയാണ്.

ഇന്ത്യ പോയിക്കൊണ്ടിരിക്കുന്നത് അത്തരത്തിലൊരു പരിണതിയിലേക്കാണ്. അതുണ്ടാക്കിയെടുക്കുന്നത് രണ്ടു മാസങ്ങൾക്കകം നടക്കാൻ പോകുന്ന ദേശീയപൊതുതെരഞ്ഞെടുപ്പിൽ മറ്റൊരു രാഷ്ട്രീയ പോരാട്ടത്തിനും അവസരം ഇല്ലാതാക്കാനാണ്. അതിനു വേണ്ടത് സാധാരണക്കാരായ മനുഷ്യർക്ക് ഒരു തരത്തിലും സ്വാധീനം ചെലുത്താൻ കഴിയാത്ത അതിർത്തിയിലെ സംഘർഷമാണ് എന്നവർക്ക് നന്നായറിയാം. ‘Incremental dosage of nationalistic war euphoria ‘ ഒരു രാജ്യത്തിനു നൽകാനുള്ള ഏറ്റവും നല്ല വഴി അതിനെ ഒരു നിഷ്പക്ഷ വികാരമായി അവതരിപ്പിക്കുകയാണ്. മാധ്യമങ്ങളാണ് അതിനുള്ള ഏറ്റവും പറ്റിയ ദല്ലാളുകൾ. ഇന്ത്യൻ മാധ്യമങ്ങളും അത്യപൂർവം ചിലരൊഴിച്ചുള്ള മാധ്യമപ്രവർത്തകരും ചെയ്യുന്നത് അതാണ്. ഇന്ത്യൻ മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും പൊള്ളത്തരവും ഹീനമായ വർഗതാത്പര്യങ്ങളും ഒരിക്കൽക്കൂടി പുറത്തുവന്നിരിക്കുന്നു.

വസ്തുതകളെന്ന വ്യാജേന നിങ്ങളോട് വിശ്വാസം ആവശ്യപ്പെടുന്നതോടെ അത് വാർത്തയല്ലാതാകുന്നു. വാർത്തകളോട് പ്രതിബദ്ധതയാവശ്യമില്ല, ചോദ്യങ്ങൾ മാത്രമാണ് ഉണ്ടാകേണ്ടത്. നിങ്ങൾ ചോദിക്കാതെ പോകുന്ന ഓരോ ചോദ്യവും ഒരു നുണയെ വസ്തുതയാക്കി മാറ്റും. അതുകൊണ്ട് വിശ്വാസികളുടെ പ്രാർത്ഥനയല്ല വാർത്ത. അത് നിരന്തരമായ ചോദ്യങ്ങളുടെ വഴി മാത്രമാണ്. വിശ്വാസികളാണ് കുരിശുയുദ്ധങ്ങൾ നടത്തിയിട്ടുള്ളത്. ചോദ്യങ്ങളും സംശയങ്ങളും ഉള്ളവരാണ് വിപ്ലവങ്ങൾ നടത്തിയത്. വാർത്തകളിൽ നിങ്ങൾ വിശ്വാസികളോ സംശയാലുക്കളോ?

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തിരുവനന്തപുരം വേൾഡ് ട്രേഡ് സെന്ററിന് ധാരണാപത്രം ഒപ്പുവച്ചു

യുദ്ധമരുത്. യുദ്ധം അരുത്. യുദ്ധമേയരുത്