ഐ ആം ഫോര്‍ ആലപ്പി: ‘സ്നേഹസ്പര്‍ശ’വുമായി കേരള ഫീഡ്സ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രളയബാധിത ക്ഷീരകര്‍ഷകര്‍ക്കുള്ള സൗജന്യ പശു പദ്ധതിയില്‍ പെട്ടവര്‍ക്ക് ആദ്യ ഘട്ടത്തില്‍ കുറഞ്ഞത് രണ്ട് ചാക്ക് കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്ന് കേരള ഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. പ്രളയബാധിത ക്ഷീരകര്‍ഷകര്‍ക്കായി കേരള ഫീഡ്സ് നടപ്പാക്കി വരുന്ന സ്നേഹസ്പര്‍ശം പദ്ധതിയുടെ ആലപ്പുഴ ജില്ലയിലെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ ജില്ലയിലെ പ്രളയബാധിതരെ സഹായിക്കുന്നതിനു വേണ്ടി സബ്കളക്ടര്‍ കൃഷ്ണ തേജയുടെ നേതൃത്വത്തില്‍ തുടങ്ങിയ ‘ഐ ആം ഫോര്‍ ആലപ്പി പദ്ധതിയനുസരിച്ച്  പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യമായി കറവപ്പശുക്കളെ നല്‍കി വരുന്നു. ജില്ലയില്‍ ഇതു വരെ 40 കര്‍ഷകര്‍ക്ക് പശുവിനെ നല്‍കിക്കഴിഞ്ഞു. 131 പേരെയാണ് ഈ പദ്ധതിക്കായി ക്ഷീര സഹകരണ സംഘങ്ങളും ക്ഷീരവികസന വകുപ്പും സംയുക്തമായി രൂപം നല്‍കിയ സമിതി തെരഞ്ഞെടുത്തത്.

പ്രളയദുരിതം നേരിടുന്നതിനു വേണ്ടി 5.17 കോടിയില്‍പരം രൂപയുടെ കാലിത്തീറ്റയാണ് കേരള ഫീഡ്സ് സൗജന്യമായി നല്‍കിയതെന്ന് കേരള ഫീഡ്സ് ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായര്‍ ചൂണ്ടിക്കാട്ടി. സ്നേഹസ്പര്‍ശം പദ്ധതിയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 52 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും ജനങ്ങളോടുള്ള പ്രതിബദ്ധത കേരള ഫീഡ്സ് ഉയര്‍ത്തിപ്പിടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രളയസമയത്ത് 12000 കന്നുകാലികളെയാണ് ആലപ്പുഴ ജില്ലയില്‍ രക്ഷപ്പെടുത്തിയതെന്ന് സബ്കളക്ടര്‍ ചൂണ്ടിക്കാട്ടി. കേരള ഫീഡ്സ് വിതരണം ചെയ്ത സൗജന്യ കാലിത്തീറ്റ കൊണ്ടാണ് 20 ദിവസത്തോളം കാലികള്‍ക്ക് തീറ്റ നല്‍കാന്‍ സാധിച്ചത്. കാലികളുടെ ജീവനോടൊപ്പം അവയെ ആശ്രയിച്ചു കഴിയുന്ന 12000 ജനങ്ങളുടെ ജീവിതം തിരികെ പിടിക്കാനാണ്  കേരള ഫീഡ്സ് സഹായിച്ചതെന്ന് ശ്രീ കൃഷ്ണ തേജ ചൂണ്ടിക്കാട്ടി.

കേരള ഫീഡ്സിന്‍റെ സ്നേഹസ്പര്‍ശം പദ്ധതിയെ ഐ ആം ഫോര്‍ ആലപ്പി പദ്ധതിയുമായി സഹകരിപ്പിക്കണമെന്ന് സബ്കകളക്ടറുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ കര്‍ഷകര്‍ക്ക് രണ്ട് ചാക്ക് കാലിത്തീറ്റ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതെന്ന് കേരള ഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു.

ലാഭേച്ഛയേക്കാള്‍ ജനങ്ങളോടുള്ള പ്രതിബദ്ധതയ്ക്കാണ് പൊതുമേഖല സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ഡോ. ശ്രീകുമാര്‍ പറഞ്ഞു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും സൗജന്യ കാലിത്തീറ്റ വിതരണം നടത്താന്‍ സാധിക്കുന്നത് ഇതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള ഫീഡ്സ് കാലിത്തീറ്റയെക്കുറിച്ചുള്ള ക്ഷീരകര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ക്ക് ഡോ. ശ്രീകുമാര്‍ മറുപടി നല്‍കി. ഏതു ക്ഷീരകര്‍ഷക സഹകരണ സംഘങ്ങള്‍ക്കും കേരള ഫീഡ്സിന്‍റെ കാലിത്തീറ്റ നിര്‍മ്മാണ പ്ലാന്‍റ് സന്ദര്‍ശിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘ഡൊണേറ്റ് എ കാറ്റില്‍’ പദ്ധതിയുടെ ഭാഗമായി ആറ് കറവപ്പശുക്കളെ ചടങ്ങില്‍ വിതരണം ചെയ്തു. സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റയും മിനറല്‍ മിശ്രിതവും തെരഞ്ഞെടുക്കപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് വിതരണം ചെയ്തു.

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജി ശ്രീലത, അഡി. ഡയറക്ടര്‍മാരായ ആര്‍ അനീഷ് കുമാര്‍, സി ഡി ശ്രീലേഖ, കേരള ഫീഡ്സ് ഡെപ്യൂട്ടി മാനേജര്‍ ഷൈന്‍ എസ് ബാബു, വിവിധ ക്ഷീരസഹകരണ സംഘം പ്രസിഡന്‍റുമാര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ലൈഫ് മിഷന്‍: മുടങ്ങിക്കിടന്ന 48,197 വീടുകള്‍ പൂര്‍ത്തിയായി

ഔഷധസസ്യ കൃഷി വ്യാപിപ്പിക്കണം: മുഖ്യമന്ത്രി