
തിരുവനന്തപുരം: അറിവിന്റെ ജനാധിപത്യവത്കരണത്തിന് വഴിതെളിക്കുന്ന സ്വതന്ത്ര സോഫ്റ്റവെയറിന്റെ (Free Software) ഉപയോഗം സംസ്ഥാനത്തെ ഗ്രാമങ്ങളിലേക്കും സാധാരണക്കാരിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വയംഭരണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ (ICFOSS) സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം ‘സ്വതന്ത്ര 17’ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുത്തക സോഫ്റ്റ്‌വെയറുകളില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ ഇതുവരെ സാങ്കേതികവിദ്യയുമായി ബന്ധമില്ലാതെയിരിക്കുന്ന ആയിരക്കണക്കിന് പാവപ്പെട്ടവരിലേക്ക് പദ്ധതികളുടെയും മറ്റും പ്രയോജനം എത്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഈ അറിവ് എത്തിക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഈ മേഖലയില്‍ മറ്റ് പല സംസ്ഥാനങ്ങളേക്കാളും കൂടുതലായി കേരളം മുന്നോട്ടു പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിവര സാങ്കേതികവിദ്യാ നയത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനോടുള്ള ഐക്യദാര്‍ഡ്യം സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അറിവിന്റെ ആകാശം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ- ഫോണ്‍ പദ്ധതിയും പൊതുഇടങ്ങളില്‍ വൈഫൈ സൗകര്യം നല്‍കുന്ന പദ്ധതിയുമെല്ലാം സര്‍ക്കാരിന്റെ ഈ നയം എടുത്തുകാട്ടുന്നതാണെന്നും സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളം നടത്തിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായ പഠന സമ്പ്രദായം രാജ്യത്തിനു തന്നെ മാതൃകയായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കൂടുതല്‍ വിപുലമായ രീതിയില്‍ ഇതു മുന്നോട്ടു കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദൈനംദിന ജീവിതത്തില്‍ നിര്‍ണായകമായ ഉപകരണങ്ങളില്‍ കുത്തക സോഫ്റ്റ് വെയറുകള്‍ തുടര്‍ന്നും ഉപയോഗിക്കുകയാണെങ്കില്‍ ഭാവിയുടെ നല്ലതും മോശവുമായ വശങ്ങള്‍ മനസിലാക്കാന്‍ സാധിക്കുകയില്ലെന്ന് സമ്മേളനത്തിലെ മുഖ്യപ്രഭാഷകയും സോഫ്റ്റ്‌വെയര്‍ ഫ്രീഡം കണ്‍സെര്‍വന്‍സി എന്ന ആഗോള സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കാരന്‍ സാന്‍ഡ്‌ലര്‍ അഭിപ്രായപ്പെട്ടു.
സ്വതന്ത്ര സോഫ്്റ്റ്‌വെയറിനെ പിന്തുണയ്ക്കുന്ന നയമാണ് കേരളം കഴിഞ്ഞ പത്തുപന്ത്രണ്ടു വര്‍ഷമായി തുടര്‍ച്ചയായി സ്വീകരിച്ചുപോരുന്നതെന്ന് ഐടി സെക്രട്ടറി ശ്രീ. എം. ശിവശങ്കര്‍ അറിയിച്ചു. ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച ഐടി നയത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ സര്‍ക്കാര്‍ മേഖലയില്‍ പ്രചരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മേഖലയില്‍ സംസ്ഥാനത്തിന് മികച്ച മനുഷ്യശേഷിയുണ്ടെന്നും എന്നാല്‍ ഈ രംഗത്ത് നിക്ഷേപങ്ങള്‍ ഇനിയും വലിയ തോതില്‍ വന്നുതുടങ്ങിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഐസിഫോസ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് നന്ദി പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മേഖലയിലെ ലോകപ്രശസ്തരായ വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനം മാസ്‌കറ്റ് ഹോട്ടലിലെ മൂന്ന് വേദികളിലായാണ് നടക്കുന്നത്. ശാരീരികമായ ഭിന്നശേഷിയുള്ളവരെ സഹായിക്കാനുള്ള സാങ്കേതിക വിദ്യയായ അസിസ്റ്റിവ് ടെക്‌നോളജിയ്ക്കുള്ള പ്രാധാന്യം സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്.
ഐടി മേഖലയിലെ നാനൂറോളം പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സൗജന്യ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ് വെയര്‍, ആനിമേഷന്‍, ഇന്ററാക്ടിവ് മീഡിയ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയ്ക്കു വിധേയമാകും.