‘അവന്’ ക്ഷേത്രത്തില്‍ പോകാമെങ്കില്‍ ‘അവള്‍ക്കും’ പോകാം.  

പല വികസിത സമൂഹങ്ങളിലും വിദ്യാസമ്പന്നരായ സ്ത്രീകള്‍ സാമൂഹ്യോല്‍പാദനപ്രക്രിയയില്‍ നേരിട്ടിടപെടുന്ന സ്വതന്ത്ര്യവ്യക്തികളായി മാറുമ്പോള്‍ കേരളത്തിലെ സ്ത്രീകളില്‍ വലിയശതമാനവും ബോണ്‍സായ് വൃക്ഷങ്ങളെപോലെ മുരടിച്ചുപോയത് നമ്മുടെ ഈ കാപട്യം കാരണമാണ്. അല്ലെങ്കില്‍ ജൈവപ്രക്രിയയുടെ പേരില്‍ സ്ത്രീകള്‍ രണ്ടാംതരം പൗരന്മാരല്ലെന്ന് കോടതി പറയുമ്പോള്‍ ഞങ്ങളെ രണ്ടാംതരക്കാരായും   ‘ശുദ്ധി’യില്ലാത്തവരായും കണക്കാക്കിയാല്‍ മതിയെന്ന് വിളിച്ചുപറയാനായി മാത്രം തെരുവിലിറങ്ങുന്ന സ്ത്രീകളെ വേറെ ഏതു രാജ്യത്താണ് കാണാന്‍ കഴിയുക? പന്തളം രാജകൊട്ടാരത്തിനും രാഹുല്‍ ഈശ്വര്‍ എന്ന വിഡ്ഢി നമ്പൂതിരിക്കും ഹിന്ദുത്വ രാഷ്ട്രീയം കളിക്കാനിറങ്ങിയിരിക്കുന്ന ബി.ജെ.പിയ്ക്കും ഇത്രയും സ്ത്രീകളെ അവര്‍ക്കെതിരെതന്നെ മുദ്രാവാക്യം വിളിക്കാനായി തെരുവില്‍ ഇറക്കാന്‍ കഴിയുന്നെങ്കില്‍, അത് കാണിക്കുന്നത് പരിതാപകരമാണ് കേരളീയ സ്ത്രീകളുടെ മാനസികാടിമത്തം എന്നാണ്.  

പ്രസന്നകുമാർ ടി എൻ എഴുതുന്നു

സുപ്രീംകോടതി വിധിക്കെതിരെ ബി.ജെ.പി.യും ചില ഹൈന്ദവ സംഘടനകളും സ്ത്രീകളെ പങ്കെടുപ്പിച്ച് കേരളത്തില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത് 1987 ല്‍ രാജസ്ഥാനിലെ ജയ്പൂരില്‍ ഹിന്ദു രജപുത്രവിഭാഗങ്ങള്‍ സംഘടിപ്പിച്ച സതി അനുകൂല റാലികളെയും സതി മാതാവിന് ജയ് വിളിച്ച് നടത്തപ്പെട്ട ആരതികളെയുമൊക്കെയാണ്.

1987 സെപ്റ്റംബര്‍ 4 നാണ് രാജസ്ഥാനിലെ ദിയോറല ഗ്രാമത്തില്‍ 18 വയസ്സ് മാത്രം പ്രായമുള്ള രൂപ് കന്‍വാര്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി സതി അനുഷ്ഠിക്കുന്നത്. പാട്രിയാര്‍ക്കിയുടെ ക്രൂരമായ ഈ ആചാരത്തെ അനുകൂലിക്കാനും സംരക്ഷിക്കപ്പെടണമെന്ന് വാദിക്കാനും അന്നും ധാരാളം പേര്‍ തെരുവിലിറങ്ങി. സതി ഹിന്ദുസ്ത്രീകളുടെ ധര്‍മ്മമാണെന്നും ആചാരമാണെന്നും രജ്പുത്ര സംസ്‌കാരത്തിന്റെ പാരമ്പര്യമാണെന്നും, ഹിന്ദു വിധവകളടെ ഫ്രീ ചോയ്‌സാണെന്നുമൊക്കെ സതിയെ അനുകൂലിക്കുന്നവര്‍ വാദിച്ചു. സ്ത്രീകള്‍ക്ക് വിവാഹകാര്യത്തില്‍പോലും സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമില്ലാത്തിടത്താണ് മരണം അവരുടെ സ്വതന്ത്ര തിരഞ്ഞെടുപ്പാകുന്നത്! കുറച്ച് സ്ത്രീഗ്രൂപ്പുകളും മനുഷ്യാവകാശ സംഘടനകളുമാണ് സതിക്കെതിരെ ജയ്പൂരില്‍ അന്ന് പ്രകടനം നടത്തിയതെങ്കില്‍, സതിക്കനുകൂലമായി തെരുവിലിറങ്ങിയത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എഴുപതിനായിരത്തോളം വരുന്ന ആളുകളാണ്.

ഗവണ്‍മെന്റും കോടതിയും ആചാരവിശ്വാസങ്ങളില്‍ ഇടപെടരുതെന്നുതന്നെയാണ് സതി അനുകൂലികള്‍ അന്ന് വാദിച്ചത്. ഇന്ന് കോടതിവിധിക്കെതിരെ സ്ത്രീകളെ തെരുവിലിറക്കി കളിക്കുന്ന ഹിന്ദുത്വവര്‍ഗ്ഗീയവാദികള്‍ പറയുന്ന അതേ വാദങ്ങള്‍. ഭര്‍ത്താവിന്റെ ചിതയില്‍ തള്ളിയിട്ട് കൊന്ന രൂപ്കന്‍വറെ ദേവിയാക്കി മാറ്റി, അവര്‍ക്കുവേണ്ടി ക്ഷേത്രം പണിതു, അതിനുവേണ്ടി ലക്ഷക്കണക്കിനു രൂപ സംഭാവനയായി ലഭിച്ചു.

1988 ല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ‘Sati (Prevention) Act, 1987.’ എന്ന നിയമം കൊണ്ടുവന്നത് ഈ സംഭവങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. 1829 ലെ ബംഗാള്‍ സതി നിരോധനത്തിനുശേഷം ആദ്യമായാണ് ഈ വിഷയത്തില്‍ ഇന്ത്യയില്‍ വീണ്ടുമൊരു നിയമമുണ്ടാകുന്നത്. പൗരാവകാശസംഘടനകളും സ്ത്രീസംഘടനകളും നിയമനിര്‍മ്മാണത്തിനുവേണ്ടി കോടതിയില്‍ കേസിനുപോയതുകൊണ്ടാണ് നിയമം ഉണ്ടായത്. സ്വന്തം ഇഷ്ടപ്രകാരം സതി ആചരിക്കുന്നതും സതിക്കനുകൂലമായി പ്രസംഗിക്കുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും, കൂട്ടപ്രാര്‍ത്ഥനകളോ, ആരതികളെ സംഘടിപ്പിക്കുന്നതും അമ്പലം പണിയുന്നതും അതിനുവേണ്ടി ഫണ്ട് ശേഖരിക്കുന്നതും ഈ നിയമം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങളാക്കി.

സതിക്കുവേണ്ടി വാദിക്കുന്നവര്‍ ഈ നിയമത്തിന്റെ കോപ്പികള്‍ തെരുവില്‍ കത്തിച്ച് പ്രതിഷേധിച്ചുവെങ്കിലും അതിനുശേഷം പരസ്യമായ മറ്റൊരു സതി അനുഷ്ഠാനം സംഭവിക്കാതിരുന്നതിനു കാരണം ആചാരങ്ങളില്‍ ഗവണ്‍മെന്റും കോടതിയും മതപരിഷ്‌കരണവാദികളും സ്ത്രീസംഘടനകളും ഇടപെട്ടതുകൊണ്ടാണ്. സതിക്കനുകൂലമായ പ്രചരണങ്ങളെപോലും കുറ്റകൃത്യമായി കണക്കാക്കുന്ന കര്‍ശനമായ നിയമം കൊണ്ടുവന്നതുകൊണ്ടാണ്.

ഔപചാരിക വിദ്യാഭ്യാസം മതാന്ധതയില്‍നിന്ന് മനുഷ്യരെ മോചിപ്പിക്കാന്‍ സഹായിക്കണമെന്നില്ല. രൂപ് കന്‍വറോ അവരുടെ വീട്ടുകാരോ നിരക്ഷരരായിരുന്നില്ല. രാജസ്ഥാനിലെ ദിയോറല ഗ്രാമം ഡല്‍ഹിയില്‍നിന്ന് അഞ്ചുമണിക്കൂര്‍ ബസ്സില്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരാവുന്ന സ്ഥലമാണ്. ഗ്രാമീണരില്‍ എഴുപതുശതമാനവും വിദ്യാഭ്യാസമുള്ളവരാണ്. പട്ടണത്തില്‍ പോയി വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടിയായിരുന്നു രൂപ് കന്‍വാര്‍. അവരുടെ ഭര്‍ത്താവാകട്ടെ സയന്‍സ് ഗ്രാജുവേറ്റായിരുന്നു. ഭര്‍ത്താവിന്റെ അച്ഛന്‍ അധ്യാപകനും സഹോദരങ്ങളെല്ലാം ഉന്നത വിദ്യാഭ്യാസമുള്ളവരും ബിസിനസുകാരുമായിരുന്നു.

ജീവശാസ്ത്രപരമായ പ്രത്യേകതകളുടെ പേരില്‍ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്യം നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണെന്ന വിധിക്കെതിരെ കേരളത്തില്‍ തെരുവിലിറങ്ങിയിട്ടുള്ളവര്‍ ഭൂരിപക്ഷവും നിരക്ഷരരാവാന്‍ വഴിയില്ല. പക്ഷേ, മതാന്ധത ബാധിച്ചവരാണ്.

മറ്റൊരുകാര്യം, കേരളത്തിലെ കുടുംബസംവിധാനങ്ങള്‍ അത്രമേല്‍ യാഥാസ്ഥികമാണ് എന്നതാണ്. സ്ത്രീസമത്വ ആശയങ്ങളൊന്നും വീടിനകത്തേക്ക് കയറ്റാന്‍ കൊള്ളാത്ത കാര്യമായാണ് കേരളത്തിലെ ‘പുരോഗമന’ക്കാര്‍ പോലും കരുതുന്നത്. വിശ്വാസത്തിന്റെ കാര്യത്തിലും ഈ കാപട്യം തുടരുന്നവരാണ് ഭൂരിഭാഗവും. പല വികസിത സമൂഹങ്ങളിലും വിദ്യാസമ്പന്നരായ സ്ത്രീകള്‍ സാമൂഹ്യോല്‍പാദനപ്രക്രിയയില്‍ നേരിട്ടിടപെടുന്ന സ്വതന്ത്ര്യവ്യക്തികളായി മാറുമ്പോള്‍ കേരളത്തിലെ സ്ത്രീകളില്‍ വലിയശതമാനവും ബോണ്‍സായ് വൃക്ഷങ്ങളെപോലെ മുരടിച്ചുപോയത് നമ്മുടെ ഈ കാപട്യം കാരണമാണ്. അല്ലെങ്കില്‍ ജൈവപ്രക്രിയയുടെ പേരില്‍ സ്ത്രീകള്‍ രണ്ടാംതരം പൗരന്മാരല്ലെന്ന് കോടതി പറയുമ്പോള്‍ ഞങ്ങളെ രണ്ടാംതരം പൗരികളായും ‘ശുദ്ധി’യില്ലാത്തവരായും കണക്കാക്കിയാല്‍ മതിയെന്ന് വിളിച്ചുപറയാനായി മാത്രം തെരുവിലിറങ്ങുന്ന സ്ത്രീകളെ വേറെ ഏതു രാജ്യത്താണ് കാണാന്‍ കഴിയുക? പന്തളം രാജകൊട്ടാരത്തിനും രാഹുല്‍ ഈശ്വര്‍ എന്ന വിഡ്ഢി നമ്പൂതിരിക്കും ഹിന്ദുത്വ രാഷ്ട്രീയം കളിക്കാനിറങ്ങിയിരിക്കുന്ന ബി.ജെ.പിയ്ക്കും ഇത്രയും സ്ത്രീകളെ അവര്‍ക്കെതിരെതന്നെ മുദ്രാവാക്യം വിളിക്കാനായി തെരുവില്‍ ഇറക്കാന്‍ കഴിയുന്നെങ്കില്‍, അത് കാണിക്കുന്നത് പരിതാപകരമാണ് കേരളീയ സ്ത്രീകളുടെ മാനസികാടിമത്തം എന്നാണ്.

ബാബറി മസ്ജിദ് ഹിന്ദുത്വവര്‍ഗ്ഗീയവാദികള്‍ക്ക് തുറന്നുകൊടുത്തും ഷബാനുകേസില്‍ മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ റദ്ദ് ചെയ്യുന്ന ബില്ല് കൊണ്ടുവന്നും അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് കളിച്ച വര്‍ഗ്ഗീയപ്രീണന വോട്ടുബാങ്ക് രാഷ്ട്രീയം ബി.ജെ.പിയുടെ വളര്‍ച്ചയെ എങ്ങനെ സഹായിച്ചുവെന്ന ചരിത്രം കോണ്‍ഗ്രസ് നേതാക്കള്‍ അറിയാത്തതാണോ? അതോ അവര്‍ അതില്‍നിന്ന് ഒന്നും പഠിക്കാത്തതാണോ? കോടതി വിധിയ്‌ക്കെതിരെ സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകള്‍ ലജ്ജാകരമാണ്. അത്രമേല്‍ ചരിത്രബോധമില്ലായ്മയാണ് അവര്‍ പ്രകടിപ്പിക്കുന്നത്. അയിത്തത്തിനും ക്ഷേത്രപ്രവേശനത്തിനും സമരം ചെയ്ത ആദ്യകാല കോണ്‍ഗ്രസ് ചരിത്രത്തെപോലും നിരാകരിക്കുന്നതാണ്.

വിശ്വാസപരമായ ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നീ ഘടകങ്ങളേക്കാള്‍ രാജ്യത്ത് പ്രാധാനം ഭരണഘടന അതിന്റെ പൗരന് ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളാണ്. നിയമത്തിനു മുന്നിലെ തുല്യതയും ലിംഗസമത്വവും ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന ഉറപ്പുകളാണ്. അത്തരം വ്യക്തിസ്വാതന്ത്ര്യവും പൗരത്വസങ്കല്‍പങ്ങളും രാജ്യത്ത് എഴുതിവെക്കപ്പെട്ട നിയമങ്ങളുടെ അടിത്തറയിലാണ് നിലനില്‍ക്കുന്നത് അല്ലാതെ ആചാര-വിശ്വാസങ്ങളുടെ മൂല്യമണ്ഡലത്തിനകത്തല്ല. ആചാരങ്ങളും പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും തമ്മില്‍ വൈരുദ്ധ്യം വരുകയാണെങ്കില്‍, സ്റ്റേറ്റിന്റെ നിയമപരമായ ചുമതല ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലായിരിക്കണം.

Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

കേരളത്തിലെ ഭൂരിപക്ഷം വിശ്വാസികളും അംഗീകരിച്ചില്ലെങ്കിലും ഈ നിയമം സാവധാനം നടപ്പിലാക്കാനുള്ള നടപടികള്‍തന്നെയാണ് ഗവണ്‍മെന്റ് സ്വീകരിക്കേണ്ടത്. ജനാധിപത്യം എന്നത് ചില മൂല്യങ്ങള്‍കൂടിയാണ്. പെട്ടെന്നൊരു ദിവസം ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടായതല്ല ആ മൂല്യങ്ങള്‍. ഒരു രാജ്യത്തെ ഭരണഘടന എന്നത് ജനാധിപത്യമൂല്യങ്ങള്‍ സാധ്യമാക്കിയ രേഖയാണ്. അതിനോടാണ് ഏതു മതവിശ്വാസസംഹിതകളെക്കാള്‍ ഒരു രാജ്യത്ത് ജീവിക്കുന്ന പൗരന്റെയും സ്റേറ്റിന്റെയും  പ്രാഥമിക ഉത്തരവാദിത്വം. അതുകൊണ്ട് വോട്ടെടുപ്പ് നടത്തി പരിഹരിക്കാന്‍ കഴിയുന്ന കാര്യവുമല്ല ഇത്. ഭൂരിപക്ഷം ഹിന്ദു സ്ത്രീകള്‍ കോടതിവിധിയോട് വിയോജിച്ചാലും അത് പ്രസക്തമായ കാര്യമേയല്ല. രൂപ്കന്‍വാര്‍ സതി അനുഷ്ഠിച്ച സമയത്ത് രാജസ്ഥാനിലെ രജപുത്രരുടെയിടയില്‍ വോട്ടെടുപ്പ് നടത്തിയാൽ ഭൂരിപക്ഷവും സതിയെ അനുകൂലിക്കുമായിരുന്നു. ഹിറ്റ്‌ലറുടെ കാലത്ത് വോട്ടെടുപ്പ് നടന്നിരുന്നെങ്കില്‍ അയാളെ മാത്രമല്ല, ജൂതരെ ഇല്ലാതാക്കാന്‍ ഹിറ്റ്‌ലര്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങളെപോലും ഭൂരിപക്ഷം ആളുകളും പിന്തുണയ്ക്കുമായിരുന്നു. ഇന്ത്യന്‍ ഭരണഘട രൂപംകൊള്ളുന്ന കാലത്ത് അയിത്താചാരണത്തെക്കുറിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ അഭിപ്രായസര്‍വ്വേ നടത്തിയാല്‍ ഭൂരിഭാഗവും അയിത്തം ദൈവഹിതമായ കാര്യമാണെന്നേ പറയൂ. പക്ഷേ, ഭരണഘടന അത് കുറ്റകൃത്യമായി എഴുതിവെച്ചു. സ്ത്രീപുരുഷതുല്യതയുടെ കാര്യവും അതുതന്നെ.

ജനാധിപത്യപൂര്‍വ്വ കാലത്ത് സാമൂഹ്യപരിഷ്‌കരണങ്ങള്‍ ഉദ്ബുദ്ധരായ ഭരണകര്‍ത്താക്കള്‍ കാണിച്ച ധൈര്യത്തില്‍നിന്ന് ഉണ്ടായതാണ്. പക്ഷേ, ജനാധിപത്യം ഭരണഘടനാപരമായ നിബന്ധനകള്‍ കൂടിയുള്ളതാണ്. പ്രാകൃതമായ പല ആചാരങ്ങളും നിയമംമൂലം നിരോധിച്ചുകൊണ്ടുതന്നെ സാമൂഹ്യപരിഷ്‌കരണത്തിന് ആക്കം കൂട്ടാന്‍ ബാധ്യസ്ഥരാണ് നാം.

ജന്‍ഡറിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ നിര്‍മാര്‍ജനം ചെയ്യപ്പെടുകതന്നെ വേണം. അതിനെ എതിര്‍ക്കാന്‍ വിശ്വാസത്തില്‍ തപ്പിനടന്നിട്ട് കാര്യമില്ല. ‘അവന്’ ക്ഷേത്രത്തില്‍ പോകാമെങ്കില്‍ ‘അവള്‍ക്കും’ പോകാം. പന്തളം കൊട്ടാരം
കാര്യങ്ങള്‍ തീരുമാനിക്കണമെങ്കില്‍ ഇവിടെ രാജ്യഭരണമായിരിക്കണം. തന്ത്രിമാര്‍ മാത്രം തീരുമാനിക്കണമെങ്കില്‍ മതരാഷ്ട്രമായിരിക്കണം. അതുരണ്ടുമല്ല കഷ്ടകാലത്തിന് ജനാധിപത്യമാണ്. അപ്പോ ഭരണഘടനയ്ക്കാണ് പ്രധാനം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യമയുടെ ഒരു വായനശാലാ വിപ്ലവം 

വിടാനുള്ളതാണ് വീട് എന്നാണ് ടി എൻ ജോയ് വിശ്വസിച്ചത്…