in ,

അഭ്രകാവ്യങ്ങൾ മാറ്റുരയ്ക്കുമ്പോൾ

ലോക ചലച്ചിത്രങ്ങളുടെ മാമാങ്കത്തിന്  [ IFFK 2017 ] ഡിസംബർ എട്ടിന് തിരുവനന്തപുരത്ത് കൊടിയേറുമ്പോൾ, നവീകരിച്ച തീയേറ്ററുകളുടെ തിരശീലകളിൽ മികവിന്റെ മാസ്മരികത നിറഞ്ഞു തുളുമ്പും. മത്സരത്തിനിറങ്ങുന്ന ചലച്ചിത്രകാവ്യങ്ങൾ ഓരോന്നും വമ്പൻ പ്രതീക്ഷയാണ് ഉണർത്തുന്നത്.

ഐ സ്റ്റിൽ ഹൈഡ് റ്റു സ്‌മോക്ക്

റെയ്ഹാന / ഫ്രാൻസ് -അൾജീരിയ-ഗ്രീസ്/ 90 / അറബിക് -ഫ്രഞ്ച് / 2017

അൾജിയേഴ്സിലെ ഒരു ഹമ്മാമിൽ മസ്സാജ് തെറാപ്പിസ്റ്റാണ് ഫാത്തിമ. മാനസികമായി കരുത്തുള്ള ഒരു സ്ത്രീ. 1995-ൽ സ്ഥിതിഗതികൾ വലിയ തോതിൽ സംഘർഷഭരിതമായ സമയം. ആ ദിവസം ഫാത്തിമയ്ക്കും കൂട്ടുകാർക്കും വളരെ തിരക്ക് പിടിച്ചതാണ്. ഒരു തീവ്രവാദി ആക്രമണത്തിനും അവൾ ദൃക്‌സാക്ഷിയാകുന്നു. ഹമ്മാമിലെ അവളുടേതായ കൊച്ചു ലോകത്തും സുഖകരമല്ല കാര്യങ്ങൾ. കാര്യങ്ങളൊന്നും കൈപ്പിടിയിൽ വരുന്ന മട്ടിലല്ല. ഗർഭിണിയായ 16-കാരി മെരീം സഹോദരനെ പേടിച്ച് അവിടെ അഭയം തേടിയെത്തിയിയിരിക്കുന്നു.

അൾജീരിയൻ സംവിധായിക റെയ്ഹാനയുടെ ‘പുക വലിക്കാൻ ഞാൻ ഇപ്പോഴും ഒളിച്ചിരിക്കുന്നു’ എന്ന ചിത്രത്തിൽ സ്ത്രീകൾ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ‘ലെമൺ ട്രീ’, ‘ദ വിസിറ്റർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഇസ്രായേലി-പാലസ്തീനിയൻ നടി ഹിയാം അബ്ബാസാണ് പ്രധാന വേഷത്തിൽ. ഗ്രീസിലെ തെസ്സലോനിക്കി ചലച്ചിത്രോത്സവത്തിൽ ഈ ചിത്രം ഓഡിയൻസ് അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

ഏദൻ, ഗാർഡൻ ഓഫ് ഡിസയർ

സഞ്ജു സുരേന്ദ്രൻ /ഇന്ത്യ / 130 /മലയാളം / 2017

aedan
പ്രണയം, പക , മരണം എന്നിങ്ങനെ ജീവിതത്തിന്റെ വൈവിധ്യങ്ങളും വൈരുധ്യങ്ങളുമാണ് ‘ഏദൻ, കാമനകളുടെ പൂന്തോട്ടം’ ചിത്രീകരിക്കുന്നത്. പരാജയപ്പെട്ട ഒരു എഴുത്തുകാരൻ, ബംഗളൂരു നഗരത്തിൽ നിന്ന് പിതാവിന്റെ മൃതശരീരവുമായി നാട്ടിലേക്കു തിരിക്കുന്ന ഒരു നഴ്‌സ്‌, യേശുദേവനെ കണ്ടു മാനസാന്തരം സംഭവിക്കുന്ന ഒരു തെരുവ് ചട്ടമ്പി എന്നിവരിലൂടെ കഥകൾക്കിടയിൽ കഥ നെയ്തു നെയ്തു പോകുന്ന രീതി അവലംബിച്ചിരിക്കുന്നു. ചെറുകഥാകൃത്ത് എസ്.ഹരീഷിന്റെ രചന.

‘കപില’ എന്ന ചിത്രത്തിലൂടെ 62-മത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ രജതകമലം നേടിയ സംവിധായകനാണ് സഞ്ജു സുരേന്ദ്രൻ. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനത്തിൽ ബിരുദം നേടിയിട്ടുണ്ട്.

ഡാർക്ക് വിൻഡ്

നിള മാധവ് പാണ്ഡെ /ഇന്ത്യ / 95 / 2017


രാജസ്ഥാനിലെ മഹുവ മേഖല. പണ്ട് കാർഷികവൃത്തിക്ക് പേരുകേട്ട സ്ഥലമായിരുന്നു. ഇന്നിപ്പോൾ ഒരു ചാറ്റൽ മഴ കിട്ടിയിട്ടുപോലും കാലമേറെയായി. കർഷകർ കടക്കെണിയിലാണ്. കൃഷി ചെയ്യാനും കടം വീട്ടാനും നിവൃത്തിയില്ലാതെ പലരും ആത്‍മഹത്യയിൽ അഭയം പ്രാപിച്ചിരിക്കുന്നു. അന്ധനായ ഹെദുവിനും കർഷകനായ മകനെക്കുറിച്ചോർത്ത് സ്വസ്ഥതയില്ല.

ആളുകൾ ‘മരണദേവൻ’ എന്ന് പേരിട്ടു വിളിക്കുന്ന ബാങ്ക് ഏജൻറ് ഗുണ ബാബ താൻ മൂലം ആത്‍മഹത്യ ചെയ്തതായി പറയുന്നവരുടെ ഒരു നീണ്ട ലിസ്റ്റുമായി അയാളുടെ വീട്ടിലെത്തുന്നു. തീരദേശത്തെ താമസത്താൽ അടിക്കടിയുള്ള വെള്ളപ്പൊക്കവും ചുഴലിക്കാറ്റും മൂലം പൊറുതി മുട്ടി നിൽക്കുന്ന ആളാണ് ഗുണ ബാബ.

“അവരവരുടെ ജീവിതമാണ് ഓരോരുത്തർക്കും വലുത്. അത് സംരക്ഷിക്കപ്പെടണം. പ്രകൃതിയെക്കുറിച്ചുള്ള ഗൗരവ ചിന്തയാണ് ഈ സിനിമയ്ക്കാധാരം. കാലാവസ്ഥ മാറ്റം ഒരു യാഥാർഥ്യമാണ്. നാമെല്ലാവരും അംഗീകരിക്കേണ്ട വസ്തുത. എല്ലാവർക്കും അതിൽ ഉത്തരവാദിത്തമുണ്ട്. ലോകം മുഴുവൻ ഈ സന്ദേശം എത്തിക്കാനുള്ള ശ്രമമാണ് ‘കരിങ്കാറ്റ്’. ‘ ഐ ആം കലാം’ എന്ന തന്റെ മുൻചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ പറയുന്നു.

മലിലാ, ദ ഫെയർവെൽ ഫ്‌ളവേഴ്‌സ്

അനുച ബൂന്യവാദന / തായ്‌ലൻഡ് / 96 /തായ് 2017

സ്വവർഗ പ്രണയവും ബുദ്ധിസ്റ്റ് ദർശനവുമാണ് ‘മലിലാ, വേർപാടിന്റെ പൂക്കൾ’ എന്ന ചിത്രത്തിന്റെ പ്രമേയവും സ്വാധീനവുമാകുന്നത്. ഒരിക്കൽ പ്രണയബദ്ധരായിരുന്ന പിച്ചെയും ഷെയിനും അതിന്റെ വേദന മറക്കാനുള്ള ശ്രമത്തിലാണ്. ഇലകളും പൂക്കളുമെല്ലാം ചേർത്ത് വച്ച് ആകർഷകമായ ഒരിനം പരമ്പരാഗത തായ് ആഭരണം അവർ ഉണ്ടാക്കുന്നു.

പ്രണയത്തിന്റെ വിശുദ്ധിയാണ് അതിലൂടെ പ്രതീകവൽക്കരിക്കുന്നത്. പിച്ചെ മരണത്തോടടുക്കുകയാണെന്നു മനസിലാക്കുന്ന ഷെയിൻ സന്ന്യാസം സ്വീകരിക്കാൻ തീരുമാനിക്കുന്നു. സ്വവർഗ പ്രണയത്തിന്റെ ഇരുണ്ട തലങ്ങളെ സർഗാത്മകമായി അവതരിപ്പിച്ച ‘ദി ബ്ലൂ അവർ’ എന്ന 2015-ലെ സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനാണ് അനുച ബൂന്യവാദന എന്ന തായ്‌ സംവിധായകൻ.

ന്യൂട്ടൺ

അമിത് മസൂർക്കർ /ഇന്ത്യ / 106 / ഹിന്ദി / 2017

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം മറ്റൊരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. എണ്ണൂറു മില്യൺ വോട്ടർമാർക്ക് വേണ്ടി ഒൻപതു ദശലക്ഷം പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. റൂക്കിയിലെ സർക്കാർ ഗുമസ്തനായ ന്യൂട്ടൺ കുമാർ പ്രത്യക്ഷത്തിൽ എളുപ്പമുള്ള ഒരു ദൗത്യ നിർവ്വഹണത്തിനായി നിയോഗിക്കപ്പെടുന്നു.

മധ്യേന്ത്യയിലെ വിദൂരമായ ഒരു ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ദശകങ്ങളായി ഭരണകൂടവുമായി സായുധ സമരത്തിലേർപ്പെടുന്ന കമ്മ്യൂണിസ് ഒളിപ്പോരാളികളുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. ‘സ്വതന്ത്രവും നീതിപൂർവ്വകവുമായി” ഒരു തിരഞ്ഞെടുപ്പ് നടത്തുക ഇവിടെ അത്ര എളുപ്പമല്ല എന്ന് വഴിയേ ന്യൂട്ടൺ തിരിച്ചറിയുന്നു. എന്നാൽ പിന്മാറാൻ പ്രേരിപ്പിക്കുന്ന ഉപദേശങ്ങളെയും പതിയിരിക്കുന്ന അപകടങ്ങളെയും വകവെയ് ക്കാതെ കൃത്യ നിർവ്വഹണവുമായി മുന്നോട്ടു പോകാൻ ന്യൂട്ടൺ നിശ്ചയിക്കുന്നു. എന്നാൽ കാര്യങ്ങൾ വിചാരിക്കുന്നതുപോലെ അത്ര പന്തിയല്ല .

മുംബൈ സ്വദേശിയായ അമിത് മസൂർക്കർ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ച് ഇരുപതാം വയസ്സിൽ സിനിമയിലേക്ക് ഇറങ്ങിത്തിരിച്ചയാളാണ്. 2013-ൽ ‘സുലൈമാനി കേട’ എന്ന കോമഡി ഫിലിം ചെയ്തുകൊണ്ടാണ് അദ്ദേഹം ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്നത്. ഓസ്കാർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു ന്യൂട്ടൺ. രാജ്‌കുമാർ റാവു, പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീൽ, രഘുബർ യാദവ് എന്നിവർ മുഖ്യ വേഷങ്ങൾ ചെയ്തിരിക്കുന്നു.

പോംഗ്രാനേറ്റ് ഓർച്ചാഡ്‌

ഇൽഗർ നജാഫ് /അസർബൈജാൻ/ 90 /അസർബൈജാൻ-റഷ്യൻ / 2017

മാതളനാരങ്ങാ തോട്ടത്തിനു നടുവിലുള്ള തന്റെ വീട്ടിലേക്ക് പന്ത്രണ്ടു വർഷത്തിന് ശേഷം ഗബിൽ മടങ്ങി വരുന്നു. നീണ്ടകാലത്തിനിടയിൽ ഒരിക്കൽ പോലും അയാൾ ആരെയും ബന്ധപ്പെട്ടിട്ടിരുന്നില്ല. വീട്ടുകാരെ തന്റെ കൂടെക്കൂട്ടി റഷ്യയിലേക്ക് മടങ്ങാനാണ് അയാളുടെ തീരുമാനം. എന്നാൽ കാര്യങ്ങൾ മാറിമറിയുന്നു. എളുപ്പത്തിൽ മായ്ച്ചു കളയാനാവാത്ത വൈകാരികമായ ഓർമ്മകളുടെ പാടുകൾ ഇപ്പോഴും അവർക്കിടയിൽ അവശേഷിക്കുന്നു.

അയാളുടെ വരവ് സ്വതവേ ശാന്തവും സ്വച്ഛവുമായ ഗ്രാമീണ ജീവിതത്തിൽ ആധുനികത കൊണ്ട് വരുന്ന അസ്വാസ്ഥ്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആന്റൺ ചെക്കോവിന്റെ ചെറി ഓർച്ചാർഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നജാഫ് ‘മാതള നാരങ്ങ തോട്ടം’ ചെയ്തിട്ടുള്ളത്.

റീട്ടേണീ

സാബിത് ഖുർമൻബെക്കോവ് /കസാഖ്സ്താൻ / 95 /കസാഖ് / 2017

returnee2

അഫ്ഗാനിസ്ഥാനിൽ നിന്നും ജന്മനാടായ കസാഖ്സ്ഥാനിലേക്കു യാത്രതിരിക്കുകയാണ് സപർകുൽ കുടുംബം. യുദ്ധഭൂമിയിൽ നിന്നും ശാന്തിയുടെ പറുദീസ തേടിയുള്ള മാർഗം പക്ഷെ, കുഴപ്പം പിടിച്ചതാണ്. നിർഭാഗ്യവശാൽ ജന്മനാട്ടിലെത്തുമ്പോൾ ആരും തന്നെ അവരെ തിരിച്ചറിയുന്നില്ല. സാമൂഹ്യ പ്രശ്നങ്ങൾ ഉടലെടുക്കുന്നു.

ജീവിതരീതിയിൽ വരുന്ന മാറ്റം അതേപടി അംഗീകരിക്കാൻ കുടുംബത്തിനാവുമോ? അനിവാര്യമായ അതിജീവനത്തിനായി മനുഷ്യൻ സാഹചര്യങ്ങളോട് ഇണങ്ങിച്ചേർന്നേ മതിയാവൂ. തന്റെ സമുദായത്തെ സേവിക്കാനും അതുവഴി അവരെ കയ്യിലെടുക്കാനും സപർകുലിന് അപ്രതീക്ഷിതമായ ഒരവസരം കൈവരുന്നു.

സെക്കെർ, റ്റർമോയിൽ, ലാസ്റ്റ് സ്റ്റോപ്പ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സാബിത് ഖുർമൻബെക്കോവ് ഒരു മികച്ച അഭിനേതാവ് കൂടിയാണ്. പ്രവാസത്തിന്റെ മുറിവുകളാണ് ‘തിരിച്ചെത്തുന്നവർ’ ചിത്രീകരിക്കുന്നത്.

സിംഫണി ഓഫ് അന

ഏണസ്റ്റോ അർഡീടോ/ അർജന്റീന / 119 /സ്പാനിഷ് / 2017

ഗാബി മീക്കിന്റെ ഇതേ പേരിലുള്ള നോവലാണ് ഏണസ്റ്റോ അർഡീടോയുടെ ‘സിംഫണി ഓഫ് അന’ എന്ന ചിത്രത്തിനാധാരം. 1970-കളിലാണ് കഥ നടക്കുന്നത്. തന്റെ ഉറ്റ ചങ്ങാതി ഇസയ്ക്കൊപ്പം കഴിയുന്ന അന സന്തോഷവതിയാണ്. പ്രണയവും കലാപവും നിറഞ്ഞ കാലം. എന്നാൽ ലിതോയെ കണ്ടുമുട്ടുന്നതോടെ കാര്യങ്ങൾ മാറിമറിയുന്നു.

അവനിൽ നിന്ന് അകന്നു മാറാനുള്ള സുഹൃത്തുക്കളുടെ സമ്മർദ്ദം ഒരുവശത്ത്. കന്യകാത്വം കൈവെടിയാനുള്ള ഭയവുമുണ്ട്. സംഘർഷം അവളെ എത്തിക്കുന്നത് കാമിലോയുടെ അടുക്കലാണ്. ദുരൂഹമായ വ്യക്തിത്വമാണ് കാമിലോയുടേത്. മരണവും ഭീതിയും ഏകാന്തതയും നിഴലിക്കുന്ന പട്ടാള ദുർഭരണം ജീവിതത്തെ ദുരിതത്തിലാഴ്ത്തുമ്പോൾ പതിനഞ്ചുകാരി അനയ്ക്ക് രണ്ടിലൊന്ന് തീരുമാനിക്കണം.

ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്നത് കൈവെടിയേണ്ടിവരുമോ? ജീവിതത്തെ നേരിട്ടേ തീരൂ. പതിനെട്ടോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഏണസ്റ്റോ അർഡീടോ ഏറ്റവും ശ്രദ്ധേയനായ അർജന്റീനിയൻ സംവിധായകനാണ്. ഡോക്യുമെന്ററി രംഗത്തും ഒട്ടേറെ ബഹുമതികൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ജൂറിയായിരുന്നു അദ്ദേഹം .

ദ വേൾഡ് വി ഡ്രീം ഡു നോട്ട് എക്സിസ്ററ്

അയൂബ് ക്വാനിർ /യു എസ് എ -മംഗോളിയ /103/ ഇംഗ്ലീഷ് / 2016


മംഗോളിയൻ പുൽമേടുകളിലെ ഖുവ്സ്‌കുൾ ഗ്രാമത്തിൽ തലമുറകളായി കഴിയുന്ന ഒരു കുടുംബം. വൃദ്ധനായ ഷാമന് ഉണ്ടാകുന്ന സ്വപ്നദർശനം അനുസരിച്ച് മഹത്തായ ഒരു യാത്രയാണ് മുന്നിൽ. അബദ്ധത്തിൽ കൂണുകൾ കഴിക്കുന്ന അയാളുടെ ചെറുമകന് വിഷബാധയേൽക്കുന്നു. പൂർവ്വികരുടെ സഹായമാണ് അയാൾ തേടുന്നത്.

കുടുംബാംഗങ്ങളിൽ ഓരോരുത്തരെയും അവരുടെ ദൈനംദിന പ്രവർത്തനങ്ങളിലൂടെയും സ്വകാര്യ നിമിഷങ്ങളിലൂടെയും പിന്തുടരുന്ന പ്രേക്ഷകന് മുന്നിൽ മറ്റൊരു ലോകം തുറന്നു കിട്ടുന്നു. ചെറിയ ചെറിയ നിമിഷങ്ങളോരോന്നും ഭൂതകാലത്തിലേക്കും പരസ്പര ബന്ധങ്ങളിലേക്കും നീണ്ട് ജീവിതവുമായി കണ്ണി ചേരുന്നു. ‘നാം സ്വപ്നം കാണുന്ന ലോകം നിലവിലില്ല’ എന്ന് ചിത്രം പ്രവചിക്കുന്നു.

രണ്ടു പേർ

പ്രേം ശങ്കർ/ ഇന്ത്യ/ 110 /മലയാളം / 2017

randuper2
അഞ്ചു വർഷത്തെ ബന്ധം ഒറ്റ രാത്രികൊണ്ട് അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോൾ അയാൾ അങ്ങേയറ്റം അസ്വസ്ഥനാണ്. അത് മറികടക്കാൻ ഒളിക്യാമറകൾ വച്ച് ആ രാത്രിയിലെ സംഭവങ്ങൾ മുഴുവൻ ചിത്രീകരിക്കാൻ അയാൾ തീരുമാനിക്കുന്നു. ഒരു സിനിമ ചെയ്യണം എന്ന ദീർഘ കാലത്തെ നിറവേറാത്ത ആഗ്രഹവും അയാളുടെ ചെയ്തികൾക്ക് പിന്നിലുണ്ട്. എന്നാൽ ആ രാത്രി സംഭവബഹുലമാണ്. രാജ്യത്ത് അപ്രതീക്ഷിതമായി നോട്ടു നിരോധനം നടപ്പിലായ അതേ രാത്രിയിലാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്.

വാജിബ്

ആൻമേരി ജാസിർ / പലസ്തീൻ -ഫ്രാൻസ് -ജർമ്മനി -കൊളംബിയ -നോർവെ -ഖത്തർ -യു എ ഇ / 96 /അറബിക് / 2017

wajjib

അറുപതു കഴിഞ്ഞ അബു ഷാദി വിവാഹ മോചിതനായ സ്കൂൾ ടീച്ചറാണ്. നസ്രേത്തിൽ താമസിക്കുന്നു. ഒരു മാസത്തിനുള്ളിൽ മകളുടെ വിവാഹം കൂടി കഴിയുന്നതോടെ അയാൾ തീർത്തും ഏകാകിയാകും. ആചാരമനുസരിച്ച് വിവാഹ ക്ഷണപത്രിക കുടുംബത്തിലെ അംഗം ഓരോ അതിഥിക്കും നേരിട്ട് നൽകണം. അതിനായി അയാളുടെ ആർക്കിടെക്റ്റ് ആയ മകൻ ഷാദി റോമിൽ നിന്ന് വരുന്നു. അകൽച്ചയും ബന്ധങ്ങൾക്കിടയിലെ വിള്ളലും വ്യത്യസ്തമായ ജീവിതരീതികളും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

‘അൺടിൽ വെൻ’, ‘എ ഫ്യൂ ക്രംബ്സ് ഫോർ ദ ബേഡ്സ്‌’ , ‘പോസ്റ്റ് ഓസ്‌ലോ ഹിസ്റ്ററി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ആൻമേരി ജാസിർ ഒരു കവയിത്രി കൂടിയാണ്. അവരുടെ ഹ്രസ്വ ചിത്രം ‘ലൈക് ട്വന്റി ഇമ്പോസ്സിബിൾസ്’ ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കാനിൽ ഔദ്യോഗിക വിഭാഗത്തിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെടുന്ന അറബ് ഹ്രസ്വ ചിത്രം കൂടിയായിരുന്നു ‘ലൈക് ട്വന്റി ഇമ്പോസിബിൾസ് ‘ .

വൈറ്റ് ബ്രിഡ്ജ്

അലി ഗാവിതാൻ /ഇറാൻ / 80 / ഫർസി / 2017

അധ്യയന വർഷം ആരംഭിച്ച് അൽപ്പ നാളുകൾക്കുള്ളിൽ ഒരു ആക്സിഡന്റിൽ പെട്ട് ബഹാരേയ്ക്ക് ശാരീരിക വൈകല്യം സംഭവിക്കുന്നു. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചട്ടപ്രകാരം അവൾക്കിനി പഠിച്ചിരുന്ന സ്കൂളിൽ തുടരാനാവില്ല. അംഗഭംഗം സംഭവിച്ചവർക്കുള്ള സ്പെഷ്യൽ സ്കൂളിൽ ചേരണം.

എന്നാൽ ബഹാരേ അതിനു തയ്യാറല്ല. തന്നെ വീണ്ടും സ്കൂളിൽ എടുക്കണം എന്ന് അവൾ അധികൃതരോട് ആവശ്യപ്പെടുന്നു. നിയമം അനുവദിക്കാത്തതിനാൽ അവർ അതിനു തയ്യാറാവുന്നില്ല. സ്കൂളിൽ നിന്ന് ബഹാരേ സസ്‌പെൻഡ് ചെയ്യപ്പെടുന്നു. അവൾക്കും അമ്മയ്ക്കും ഈ പ്രശ്നം പരിഹരിച്ചേ തീരൂ.

2012-ൽ ചെയ്ത ‘ഫ്ലൈറ്റ് ഓഫ് ദ കൈറ്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അലി ഗാവിതാൻ ‘മദർസ് ബ്ലൂ സ്കൈ’, ‘ബർത്ത് ഡേ ചാൻഡ്’, ‘സൺലൈറ്റ് -മൂൺലൈറ്റ് -എർത്’, ‘റണ്ണിങ് എമങ് ദ ക്‌ളൗഡ്‌സ് ‘ തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്

കാൻഡിലേറിയ

ജോണി ഹെന്റിക്സ് /കൊളംബിയ / ജർമ്മനി/ നോർവേ/ അർജന്റീന /ക്യൂബ / 87 /സ്പാനിഷ് / 2017


90-കളിലെ ക്യൂബ. കാൻഡിലേറിയയും വിക്ടർ ഹ്യൂഗോയും ജീവിക്കാനുള്ള ബദ്ധപ്പാടിലാണ്. ഭക്ഷണത്തിനുള്ള വക കണ്ടെത്തണം. അവശേഷിക്കുന്ന ബൾബ് കേടാവാതെ നോക്കണം. രണ്ടാൾക്കും എഴുപതു വയസ്സ്‌ കഴിഞ്ഞെങ്കിലും അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താൻ കാര്യമായി അധ്വാനിക്കേണ്ടിയിരിക്കുന്നു.

വിക്ടർ ഹ്യൂഗോയ്ക്ക് ഒരു സിഗാർ ഫാക്ടറിയിലാണ് ജോലി; കാൻഡിലേറിയയ്ക്ക് ഒരു ഹോട്ടലിലെ ലോൺഡ്രിയിലും. രാത്രിയിൽ ഒരു ജാസ് ബാറിൽ പാടാനും പോകും. ഒരു ദിവസം ഹോട്ടൽ മുറികളിലൊന്നിലെ കിടക്കവിരികൾക്കിടയിൽ നിന്ന് ക്യാൻഡിലേറിയയ്ക്ക് ഒരു വീഡിയോ ക്യാമറ കിട്ടുന്നതോടെ അവരുടെ ജീവിതം മാറിമറിയുകയാണ്.

ഗ്രെയ്ൻ

സെമിഹ് കപ്ലാനോഗ്ലു / തുർക്കി -ജർമ്മനി-നോർവെ-സ്വീഡൻ / 127 /ഇംഗ്ലീഷ് / 2017


ഖുറാനിലെ ഒരധ്യായമാണ് സിനിമയ്ക്ക് പ്രചോദനം. സർവ്വനാശത്തിനു ശേഷമുള്ള കാലം. അതിജീവിച്ച മനുഷ്യർ നാഗരാവശിഷ്ടങ്ങൾക്കിടയിലും കൃഷി ഭൂമിയിലുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇരു പ്രദേശങ്ങളുടെയും ഭരണം കോർപ്പറേറ്റുകളുടെ കയ്യിലാണ്. ‘ചാവു ഭൂമികൾ’ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് ജനിതക വ്യതിയാനം സംഭവിച്ച മനുഷ്യർ വരൾച്ച കൊണ്ടും പകർച്ചവ്യാധികൾ കൊണ്ടും നരകിക്കുന്നു. അദാന, സാരായാവോ, ടോക്കിയോ ചലച്ചിത്രോത്സവങ്ങളിൽ ഏറ്റവും മികച്ച ചിത്രമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

cracked heels, natural ways, treat , foot, prevent, cracked,heels , major causes ,lack ,adequate moisture content, skin,affected area, Honey , water ,therapy, dry, Massage , turmeric , oil,Wear cotton socks, barefoot, exposes, bacteria, dirt, protect, feet, pollution, dust, good air circulation, Comfortable footwear, foot care cream

സുന്ദരമായ പാദങ്ങൾക്ക് ഏഴ് നൈസർഗിക മാർഗ്ഗങ്ങൾ

പാറമട അപകടം: മാരായിമുട്ടത്തെ പാറമടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ