IFFK, comments, allegations, open forum, WCC,famous personalities, movies,audience, workshop, Women in Cinema Collective ,WCC, opinion, Rima, Parvathy, State Chalachitra Academy Chairman, Kamal ,
in ,

ഐഎഫ്എഫ്കെ: ആരോപണങ്ങളും അഭിപ്രായങ്ങളുമായി പ്രമുഖർ

തിരുവനന്തപുരം: ആണ്‍-പെണ്‍-ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് (IFFK) നടന്ന ഓപ്പണ്‍ ഫോറത്തിൽ (open forum) ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ (WCC) അഭിപ്രായപ്പെട്ടു. സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി പരാതിപ്പെട്ടു.

സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്നും സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയില്‍പ്പോലും മുന്‍നിര നടന്‍മാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമമെന്നുമായിരുന്നു റിമ കല്ലിങ്കലിന്റെ ആരോപണം. അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ സ്ത്രീ പ്രേക്ഷകരും മടി കാണിക്കുന്നുണ്ടെന്ന് റിമ അഭിപ്രായപ്പെട്ടു.

ഭരതനും പത്മരാജനുമൊക്കെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം മറക്കാനാവില്ലെന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഓര്‍മ്മിപ്പിച്ചു. സദസ്സുകൂടി ഇടപെട്ട ഓപ്പണ്‍ ഫോറത്തില്‍ ചൂടേറിയ ചര്‍ച്ച നടന്നു. സംവിധായിക സുമ ജോസന്‍, വിധു വിന്‍സന്റ്, ഛായാഗ്രകരായ ഫൗസിയ ഫാത്തിമ, മാഹീന്‍ മിര്‍സ, ദീദി ദാമോദരന്‍, സജിതാ മഠത്തില്‍, ജെ ദേവിക എന്നിവര്‍ പങ്കെടുത്തു.

സിനിമകളുണ്ടാവുന്നത് പലപ്പോഴും നല്ല സൗഹൃദങ്ങളില്‍ നിന്നാണെന്നും ഇരുപതോളം നിര്‍മ്മാതാക്കള്‍ തിരസ്‌കരിച്ച തന്റെ സിനിമ യാഥാര്‍ഥ്യമായതിനു പിന്നില്‍ തന്റെ സുഹൃത്തുക്കളാണെന്നും ഇറാന്‍ സംവിധായകന്‍ ഖസിം മൊല്ല വ്യക്തമാക്കി.

ഇറാനിലെ സ്വതന്ത്ര സിനിമ സംരംഭങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് ചലച്ചിത്ര മേളയുടെ ഭാഗമായ ‘മീറ്റ് ദി ഡയറക്ടര്‍സ്’ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. ഖസിം സംവിധാനം ചെയ്ത ‘കുപല്‍’ കഴിഞ്ഞ ദിവസം മേളയില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു.

കംഫര്‍ട്ട് സോണില്‍ നിന്ന് മാറി സിനിമ ചെയ്യുകയെന്നത് വെല്ലുവിളിയാണെന്നും അതുകൊണ്ടു തന്നെ പരമ്പരാഗത സങ്കല്പങ്ങളില്‍ നിന്ന് വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി പറഞ്ഞു.

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രം ‘ഏദന്റെ” സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, സലിം കുമാര്‍ സംവിധാനം ചെയ്ത ചിത്രം ‘കറുത്ത ജൂതന്റെ’ നിര്‍മിതാവ് മാധവന്‍ ചെട്ടിക്കല്‍ എന്നിവര്‍ മീറ്റ് ദ ഡയറക്‌ടേഴ്‌സില്‍ പങ്കെടുത്തു.

ആസ്‌ട്രേലിയന്‍ കലയ്ക്ക് ഇപ്പോഴും കൊളോണിയല്‍ സ്വഭാവമാണെന്നും അത് കൊളോണിയല്‍ പാരമ്പര്യത്തില്‍ നിന്ന് ഇപ്പോഴും വിമുക്തമായിട്ടില്ലെന്നും സിനിമാ നാടക പ്രവര്‍ത്തകനായ ട്രെവര്‍ ജമീസണ്‍ വെളിപ്പെടുത്തി. മേളയോടനുബന്ധിച്ച് നിളയില്‍ നടന്ന ഇന്‍ കോണ്‍വര്‍സേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളനിവത്കരിച്ചവര്‍ അംഗീകരിച്ചാല്‍ മാത്രമേ ഇന്നും രാജ്യത്ത് പരമ്പരാഗത കലാരൂപങ്ങളെ മുഖ്യധാര മാധ്യമങ്ങള്‍ ശ്രദ്ധിക്കുകയുള്ളൂ എന്നും നൂതന സാങ്കേതിക വിദ്യകള്‍ പാരമ്പര്യ കലാരൂപങ്ങളെ സംരക്ഷിക്കുവാനും പുതുതലമുറകളിലേക്ക് കൈമാറാനും ഏറെ സഹായകമാണെന്നും ട്രെവര്‍ ജമീസണ്‍ പറഞ്ഞു.

അധികമാരും ശ്രദ്ധിക്കപ്പെടാത്തതും രാഷ്ട്രീയ സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളാണ് താന്‍ സിനിമയിലും നാടകത്തിലും കൈകാര്യം ചെയ്തതെന്നും നാടക വേദികള്‍ സുപരിചിതരല്ലാത്ത ദക്ഷിണ ആസ്‌ട്രേലിയന്‍ ഗോത്രവര്‍ഗ്ഗത്തിന്റെ കഥ പറയാന്‍ അവരെ തന്നെ അഭിനേതാക്കളാക്കി നാടകത്തിലേക്ക് തിരഞ്ഞെടുത്തത് വിഷയത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കാനാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

വര്‍ഷം കഴിയുംതോറും ഗോവയെക്കാള്‍ കേരളത്തിലെ രാജ്യാന്തര ചലച്ചിത്രമേള കൂടുതല്‍ കൂടുതല്‍ ജനകീയമാകുകയാണെന്നും ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെയും സിനിമകളേയും പരിചയപ്പെടാന്‍ ലഭിക്കുന്ന ലോകവേദിയാണിതെന്നും പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ എല്ലാ സ്ത്രീകള്‍ക്കുമുള്ള വാക്കാണ് ‘അവള്‍ക്കൊപ്പം’ എന്നും സ്ത്രീയെ ചൂഷണം ചെയ്യാത്ത ഒരു തൊഴിലിടവും ഇല്ലെന്നും അവർ വ്യക്തമാക്കി.

ഇന്‍ഡിപെന്‍ഡന്റ് സിനിമകള്‍ക്ക് ഇടം ലഭിക്കുന്നു എന്നതാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രത്യേകതയെന്നും അതിനു തെളിവാണ് മത്സര വിഭാഗത്തില്‍ ഇടം ലഭിച്ച രണ്ടു മലയാള സിനിമകളെന്നും സംവിധായകനായ വി കെ പ്രകാശ് അറിയിച്ചു. നല്ല സിനിമകളും മോശം സിനിമകളും എന്ന രണ്ടു വിഭാഗങ്ങളെ സിനിമയില്‍ ഉള്ളു എന്നും പ്രേക്ഷകരുടെ അഭിരുചി നോക്കി സിനിമകള്‍ ചെയ്യുകയെന്നത് ഒരു സ്വതന്ത്ര കലാകാരന് പ്രയാസമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പണ്ടൊക്കെ ഫെസ്റ്റില്‍ വരുന്നവര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആയിരുന്നു എന്നും ഇന്ന് പക്ഷെ വരുന്നവരില്‍ പകുതി പേരും ഷോ ഓഫ് ആണെന്നും നടനായ മണിയന്‍ പിള്ള രാജു അഭിപ്രായപ്പെട്ടു.
മലയാള സിനിമകളില്‍ നല്ല സിനിമകള്‍ വരുന്നുണ്ടെന്നും ടേക്ക് ഓഫ് ഇതിനു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

പല സിനിമകളേയും ചലച്ചിത്രമേളകളിലും പുറത്തും നിരോധിക്കുമ്പോള്‍ അതിന്റെ പ്രയാസങ്ങള്‍ സംവിധായകന്‍ നേരിടേണ്ടി വരുന്നതായും പ്രശസ്തമായ പുരസ്‌കാരങ്ങള്‍ ലഭിക്കേണ്ട ചിത്രങ്ങളാണ് സെന്‍സറിംഗിന്റെ പേരില്‍ തിരസ്‌കരിക്കപ്പെടുന്നതെന്നും നടി രജിഷാ വിജയന്‍ വ്യക്തമാക്കി

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK, Animation film, The Tale of Princess Kaguya,

അനിമേഷന്‍ ചിത്രം ദ ടെയില്‍ ഓഫ് ദ പ്രിന്‍സസ് കഗ്ഗുയായുടെ പ്രദര്‍ശനം ഇന്ന്

ചീഫ് ജസ്റ്റിസ് വിമര്‍ശിച്ച രാജീവ് ധവാന്‍ അഭിഭാഷകവൃത്തി അവസാനിപ്പിച്ചു