in ,

ഐഎഫ്എഫ്കെ: വിശദവിവരങ്ങളുമായി സാംസ്‌കാരിക വകുപ്പ്

തിരുവനന്തപുരം: ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന 22-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFK) ഔപചാരികമായ ഉദ്ഘാടനച്ചടങ്ങും അനുബന്ധ പരിപാടികളും ഒഴിവാക്കുമെന്ന് സാംസ്‌കാരിക വകുപ്പ് വ്യക്തമാക്കി. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്.

മുഖ്യവേദിയായ ടാഗോര്‍ തീയേറ്ററില്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ നടത്താനിരുന്ന കലാസാംസ്‌കാരിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ സിനിമകളുടെ പ്രദര്‍ശനം മുൻപ് നിശ്ചയിച്ചതുപ്രകാരം നടക്കും.

ഡിസംബര്‍ എട്ടിന് വൈകുന്നേരം ആറുമണിക്ക് ഉദ്ഘാടന ചിത്രമായ ‘ഇന്‍സള്‍ട്ട്’ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തിനു തൊട്ടുമുൻപ് ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമര്‍പ്പിക്കും. ഫെസ്റ്റിവെല്ലിന്റെ മുഖ്യ അതിഥിയായ ബംഗാളി നടി മാധവി മുഖര്‍ജിയും ഫെസ്റ്റിവെല്‍ ഗസ്റ്റ് ഹോണറായ നടന്‍ പ്രകാശ് രാജും നിശാഗന്ധിയില്‍ സന്നിഹിതരാകും.

വിവിധ അന്താരാഷ്ട്ര മേളകളുടെ ഡയറക്ടറും വിഖ്യാത ചലച്ചിത്ര നിര്‍മാതാവുമായ മാര്‍ക്കോ മുള്ളര്‍ ആണ് ഈ ഫെസ്റ്റിവെല്ലിന്റെ ജൂറി ചെയര്‍മാന്‍. സംവിധായകന്‍ ടി.വി ചന്ദ്രന്‍, കൊളംബിയന്‍ നടന്‍ മര്‍ലന്‍ മൊറീനോ, ്രഫഞ്ച് എഡിറ്റര്‍ മേരി സ്റ്റീഫന്‍, ആ്രഫിക്കന്‍ ചലച്ചിത്ര
പണ്ഡിതന്‍ അബൂബക്കര്‍ സനാഗോ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

65 രാജ്യങ്ങളില്‍ നിന്നായി 190 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവയില്‍ 40 ഓളം ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവേദി കൂടിയാണ് ഈ മേള.

വിവിധ വിഭാഗങ്ങളുള്ള മേളയിലെ മത്സരവിഭാഗത്തിൽ 14 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
പ്രേംശങ്കര്‍ സംവിധാനംചെയ്ത ‘രണ്ടുപേര്‍’, സഞ്ജു സുരേന്ദ്രന്റെ ‘ഏദന്‍’ എന്നിവയാണ് മല്‍സര വിഭാഗത്തിലുള്ള മലയാളചിത്രങ്ങള്‍.

ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും മലയാള സിനിമ ഇന്ന് വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ടംപററി മാസ്‌റ്റേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗത്തിൽ
ചാഡ് എന്ന ആഫ്രിക്കന്‍ രാജ്യത്തുനിന്നുള്ള സംവിധായകന്‍ മഹമ്മദ് സാലിഹ് ഹറൂണ്‍, മെക്‌സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാങ്കോ എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

റെക്‌ട്രോസ്പക്റ്റീവ് വിഭാഗത്തിൽ ഇത്തവണ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കുന്നത് വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിനെയാണ്. അദ്ദേഹത്തിന്റെ ആറു ചിത്രങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും.

ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, കെ.പി കുമാരന്‍ എന്നിവരുടെ റെട്രോ സ്‌പെക്ടീവും മേളയില്‍ ഉണ്ടായിരിക്കും. ഐഡന്റിറ്റി ആന്റ് സ്‌പേസ് വിഭാഗത്തിൽ ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

സമകാലിക ഏഷ്യന്‍ സിനിമ, ജാപ്പനീസ് അനിമേഷന്‍, റിസ്‌റ്റോര്‍ഡ് ക്ലാസിക്‌സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റു വിഭാഗങ്ങള്‍. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യമുള്ള മലയാള സിനിമകളും ഒരു വിഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വര്‍ഷം വിട്ടുപിരിഞ്ഞ സംവിധായകരായ കെ.ആര്‍. മോഹനന്‍, ഐ.വി ശശി, കുന്ദന്‍ഷാ, നടന്‍ ഓംപുരി, നടി ജയലളിത എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചു കൊണ്ട് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇവരുടെ സ്മരണാഞ്ജലി ചടങ്ങില്‍ പി.വി ഗംഗാധരന്‍, കെ.പി കുമാരന്‍, ടി.വി ചന്ദ്രന്‍, സത്യന്‍ അന്തിക്കാട്, സീമ, വി.കെ ശ്രീരാമന്‍ എന്നിവര്‍ പങ്കെടുക്കും.

15 തീയേറ്ററുകളിലാണ് ഇത്തവണത്തെ പ്രദര്‍ശനങ്ങൾ നടക്കുക. കലാഭവന്‍, കൈരളി, ശ്രീ, നിള, ധന്യ, രമ്യ, ന്യൂ തീയേറ്റര്‍ – സ്‌ക്രീന്‍ 1, സ്‌ക്രീന്‍ 2, സ്‌ക്രീന്‍ 3, ടാഗോര്‍, ശ്രീപത്മനാഭ, അജന്ത, നിശാഗന്ധി, കൃപ, ഏരീസ് പ്ലക്‌സ് എന്നിവയാണ് തീയേറ്ററുകള്‍.

ഏരീസ് പ്ലക്‌സില്‍ ജൂറിക്കും മാധ്യമ്രപവര്‍ത്തകര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് പ്രദര്‍ശനം. എല്ലാ തീയേറ്ററുകളിലുമായി 8848 സീറ്റുകളാണുള്ളത്.

സുരക്ഷാ കാരണങ്ങളാലും തീയറ്ററുകള്‍ മുന്നോട്ടുവെച്ച നിബന്ധന പ്രകാരവും സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ തീയേറ്ററുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സീറ്റിന്റെയും തീയേറ്ററുകളുടെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്.

ആദ്യഘട്ടത്തില്‍ 10000 പാസുകളാണ് അനുവദിച്ചിരുന്നത്. പൊതുവിഭാഗത്തില്‍ 7000, വിദ്യാര്‍ഥികള്‍ക്കും സിനിമ, ടി.വി പ്രൊഫഷനലുകള്‍ക്കും 1000 വീതം, മീഡിയക്കും ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്കും 500 വീതം പാസുകൾ നല്‍കി.

എന്നാല്‍ മേളയിലെ പതിവു പ്രതിനിധികളില്‍ പലര്‍ക്കും പാസു കിട്ടിയില്ലെന്ന പരാതി പരിഗണിച്ച് 1000 പാസുകള്‍ കൂടി ഡിസംബര്‍ 5-ന് അനുവദിച്ചു. 800 സീറ്റുകളുള്ള അജന്ത തീയേറ്റര്‍ കൂടി ലഭ്യമായതുകൊണ്ടാണ് ആയിരം സീറ്റ് വര്‍ദ്ധിപ്പിച്ചത്. അങ്ങനെ ആകെ 11000 പാസുകള്‍ ഇത്തവണ അനുവദിച്ചിട്ടുണ്ട്.

ഫെസ്റ്റിവെല്ലിലെ പ്രധാന ചിത്രങ്ങള്‍ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. 2500 പേര്‍ക്ക് അവിടെ സിനിമ കാണാനാകും. മൂന്ന് പ്രദര്‍ശനങ്ങള്‍ അവിടെയുണ്ടാകും. മത്സരവിഭാഗം ചിത്രങ്ങള്‍ വലിയ തീയേറ്ററുകളായ ടാഗോര്‍, അജന്ത, ധന്യ, രമ്യ എന്നീ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.

ഡിസംബര്‍ 6 മുതല്‍ ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്‍വഴി പാസുകളുടെ വിതരണം തുടങ്ങി. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസുകള്‍ ഡിസംബര്‍ ഏഴു മുതല്‍ വിതരണം ചെയ്യും.

മേളയോടനുബന്ധിച്ച് തല്‍സമയ ശബ്ദലേഖനം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിക്കും. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ജി.അരവിന്ദന്‍ സ്മാരക പ്രഭാഷണം നടത്തുന്നത് പ്രമുഖ ബംഗാളി ചലച്ചിത്രകാരി അപര്‍ണാസെന്‍ ആണ്.

ചലച്ചിത്രസംവിധായകരാവാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി ദ്വിദിന ശില്‍പ്പശാലയും സംഘടിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 12, 13 തീയതികളിലാണ് ശില്‍പ്പശാല. കലാസാംസ്‌കാരിക രംഗങ്ങളിലെ വിമതശബ്ദങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സംസാരിക്കുന്ന ‘ട്രഡീഷന്‍ ഓഫ് ഡിസന്റ്’ എന്ന സംവാദവും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

തീയേറ്ററുകളില്‍ പതിവു പോലെ റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 60 ശതമാനം സീറ്റുകള്‍ റിസര്‍വു ചെയ്യാം. അംഗപരിമിതരെയും 70 വയസ്സുകഴിഞ്ഞവരെയും (സീനിയര്‍ സിറ്റിസണ്‍) ക്യൂവില്‍ നിര്‍ത്താതെ പ്രവേശനം നല്‍കും. അംഗപരിമിതര്‍ക്ക് വാഹനം പാര്‍ക്കുചെയ്യാന്‍ പ്രത്യേക സ്ഥലം ലഭ്യതക്കനുസരിച്ച് അനുവദിക്കും.

മൂന്നാംലോക രാജ്യങ്ങളിലെ, പ്രത്യേകിച്ച് ആഫ്രോ-ഏഷ്യന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സിനിമകള്‍ക്കാണ്‌ ഐഎഫ്എഫ്കെ പ്രാമുഖ്യം നല്‍കുന്നത്. മല്‍സരവിഭാഗത്തില്‍ ഈ മേഖലയില്‍നിന്നുള്ള ചിത്രങ്ങള്‍ക്കു മാത്രമേ ഐഎഫ്എഫ്കെ പ്രവേശനം നല്‍കാറുള്ളൂ.

സിനിമയുടെ ആസ്വാദനമൂല്യത്തിനും വിനോദമൂല്യത്തിനും ഊന്നല്‍ നല്‍കുകയും രാഷ്ട്രീയ സിനിമകളെ അവഗണിക്കുകയുംചെയ്യുന്ന ലോകത്തെ പല വന്‍കിട ചലച്ചിത്ര മേളകളില്‍ നിന്നും ഐഎഫ്എഫ്കെയെ ഈ നിലപാട് വ്യത്യസ്തമാക്കുന്നതായി സാംസ്കാരിക വകുപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

മദ്യോപയോഗം: പ്രായപരിധി 23 ആക്കാൻ തീരുമാനം

ഫ്‌ളാഷ് മോബ്: അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മീഷന്‍